Wednesday, August 02, 2006

ഉദയസൂര്യന്റെ നാട്ടില്‍ - ഊര്‍ജ്ജതന്ത്രം

URL:http://nilavathekozhi.blogspot.com/2006/08/blog-post.htmlPublished: 8/2/2006 8:03 PM
 Author: വക്കാരിമഷ്ടാ
ആശയദാരിദ്ര്യം മൂലം ചുമ്മാ ഒരു പോസ്റ്റ്. വലിയ കാര്യമൊന്നുമില്ല.

ഞായറാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗൂഡ് മോണിംഗ് പറഞ്ഞ് എഴുന്നേറ്റ് എന്നാപ്പിന്നെ കുറച്ചുനേരം കൂടി കിടന്നേക്കാം എന്നും വിചാരിച്ച് കിടക്കുന്ന വഴിക്ക് ഡിസ്‌കവറി ചാനല്‍ ഇട്ടപ്പോള്‍ കിട്ടിയ വിജ്ഞാനമാണിത്. എങ്ങിനെയൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കാമെന്നുള്ള ഊര്‍ജ്ജതന്ത്രമാര്‍ഗ്ഗങ്ങള്‍. സംഗതി കുറച്ച് പഴയതാണ്. എങ്കിലും പലതും എനിക്ക് പുതുമയായിരുന്നു.

വായിക്കാന്‍ താത്‌പര്യമുള്ളവര്‍ ഞാനിന്റെ ബ്ലോഗും കൂടി വായിക്കുക. ഇത്തരം കുറെ കാര്യങ്ങള്‍ അവിടേയും പറഞ്ഞിട്ടുണ്ട് (അദ്ദേഹം തലക്കെട്ടില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കരുതുന്നത് നന്നായിരിക്കും:) ).

1. ബാറ്ററി കാര്‍

വലിയ പുതുമയൊന്നുമില്ല. ബാറ്ററി കാറെന്ന് കേട്ടാല്‍ നമ്മുടെയൊക്കെ മനസ്സില്‍ വരുന്നത് നിരങ്ങി നിരങ്ങി പോകുന്ന, സ്പീഡ് ഒട്ടുമേ ഇല്ലാത്ത കാറുകളാണല്ലോ. പക്ഷേ ഈ ബാറ്ററി കാറിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ നാലു സെക്കന്റ് കൊണ്ട് 100 km/hour സ്പീഡ് ഇതെടുക്കും എന്നുള്ളതാണ് (ഇപ്പോഴത്തെ അടിപൊളി സ്പോര്‍‌ട്ട്‌സ് കാറിനേക്കാളും വേഗത). ഇത് ഇപ്പോള്‍ 370 km/hour വേഗത വരെ കൈവരിച്ചു. ഇവനെ 400 km/hour കൂടുതല്‍ വേഗത്തില്‍ പറത്താനാണ് ഇതിന്റെ ഉപജ്ഞാതാക്കളായ ജപ്പാനിലെ കെയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹിരൊഷി ഷിമിസുവും കൂട്ടരും ശ്രമിക്കുന്നത്.

എലിക്ക (Eliica) എന്ന് പേരുള്ള ഈ കാറില്‍ ലാപ് ടോപ് കമ്പ്യൂട്ടറിലും പല ഡിജിറ്റല്‍ ക്യാമറകളിലുമൊക്കെ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററികളുടെ ഗുണങ്ങളായ ഭാരക്കുറവ്, ചാര്‍ജ്ജ് നഷ്ടപ്പെടാതിരിക്കല്‍ മുതലായവ ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നു (ലിഥിയം അയണ്‍ ബാറ്ററിക്കുള്ള ഒരു പ്രധാന കുഴപ്പം അതിന്റെ ലൈഫ് ആണ്. 25 ഡിഗ്രി സെല്‍‌ഷ്യസില്‍ ഇരിക്കുന്ന ഒരു ബാറ്ററിയുടെ കപ്പാസിറ്റി ഒരു കൊല്ലത്തില്‍ 20 ശതമാനത്തോളം കുറയുമെന്നാണ്-നമ്മള്‍ ബാറ്ററി ഉപയോഗിച്ചാലും ഇല്ലെങ്കിലും. ഈ നഷ്ടം ബാറ്ററി ഉണ്ടാക്കുന്ന സമയം മുതല്‍‌ക്കാണ് തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ വിക്കിപീഡിയ ലേഖനത്തില്‍). ബാറ്ററി ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞാല്‍ 200 കിലോമീറ്റര്‍ വരെ ഓടും. ഈ കാറിന്റെ തന്നെ വേഗത കുറഞ്ഞ മറ്റൊരു മോഡല്‍ 320 കിലോമീറ്റര്‍ ഒരു ചാര്‍ജ്ജിംഗില്‍ ഓടും.

കുഴപ്പം അപാരമായ വിലയാണ്. അത് കുറയ്ക്കാമായിരിക്കും. വേറൊരു കുഴപ്പം ബാറ്ററിയുടെ വില. നാല്‍‌പതോ മറ്റോ വലിയ ലിഥിയം അയണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പിന്നെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്‌നങ്ങളെല്ലാമുണ്ട്. എങ്കിലും ഇവിടുത്തെ ഗവേഷകര്‍ വലിയ പ്രതീക്ഷയിലാണ്.

എലിക്കയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും

ഔദ്യോഗിക പേജ് ഇവിടെ. വീഡിയോയുമുണ്ട് അവിടെ. അതിന്റ് പടം കണ്ടിട്ട് ഏതാണ്ടുപോലെ. എട്ടുകാലിയാണ് സംഗതി.

2. കാറ്റ് കാര്‍

ഫ്രാന്‍‌സിലെ അണ്ണന്മാര്‍ വെറുതേയിരിക്കുമോ. ജപ്പാനില്‍ ബാറ്ററിയൊക്കെ വെച്ച് കാറോടിക്കുമ്പോള്‍ ഫ്രാന്‍സില്‍ വെറും വായുകൊണ്ട് കാറോടിക്കാമോ എന്നാണ് അണ്ണന്മാരുടെ പരീക്ഷണം. കാറ്റുകൊണ്ടോടുന്ന കാര്‍ അവര്‍ അവിടെ ഉണ്ടാക്കിക്കഴിഞ്ഞു. കമ്പ്രസ്സ്‌ഡ് എയര്‍ ആണ് ഇത്തരം കാറുകളില്‍ ഉപയോഗിക്കുന്നത്. കമ്പ്രസ്സ്‌ഡ് എയര്‍ വെച്ച് മോട്ടോറിനെ കറക്കും. ടയറില്‍ അടിക്കുന്ന കാറ്റിന്റെ നൂറ്റമ്പത് ഇരട്ടി പ്രഷറാണ് വേണ്ടത്. കാറില്‍ തന്നെയുള്ള എയര്‍ കമ്പ്രസ്സര്‍ വെച്ച് നാലുമണിക്കൂര്‍ കൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം. അല്ലെങ്കില്‍ അവര്‍ വികസിപ്പിച്ചെടുത്ത വേറൊരു ടെക്‍നോളജി കൊണ്ട് മൂന്നുമിനിറ്റുകൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം-പെട്രോള്‍ പമ്പുകള്‍ പോലുള്ള ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിന്നും. ഇതൊക്കെ പക്ഷേ ഉണ്ടായി വരണം.

അന്തരീക്ഷ മലിനീകരണം ഇല്ല എന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറില്‍ 60 കി.മീ സ്പീഡില്‍ പോകും. അത് കഴിഞ്ഞ് വേണമെങ്കില്‍ പെട്രോളിലേക്ക് മാറുകയുമാവാം. വില ഏഴായിരം ഡോളറോളം മാത്രം. സിറ്റിയിലെ ഡ്രൈവിംഗിനൊക്കെ ഉപയോഗിക്കാമായിരിക്കും.

എയര്‍ ഫ്രാന്‍‌സിനെപ്പറ്റി ഇവിടെയും ഇവിടെയും. സംഗതി കുറച്ച് പഴയതാണെങ്കിലും ഞാന്‍ അറിഞ്ഞത് ഇപ്പോള്‍ മാത്രം.

3. കാറ്റാടി.

ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. പക്ഷേ ഇവിടെ കാറ്റാടി നദിയുടെ അടിത്തട്ടിലാണെന്ന് മാത്രം. നദിയുടെ അടിത്തട്ടില്‍ കാറ്റാടിയുടെ ബ്ലേഡുകള്‍ പിടിപ്പിച്ചിട്ട് വെള്ളം ഒഴുകുന്ന ബലത്തില്‍ അവനെ കറക്കി അതില്‍‌നിന്നും വൈദ്യുതി ഉണ്ടാക്കുക എന്നുള്ള പരീക്ഷണമാണ് പ്രാപ്രയുടെ ന്യൂയോര്‍ക്കില്‍ നടക്കുന്നത്. വെള്ളത്തിനടിയിലായതുകാരണം ഇവനെ വേണമെങ്കില്‍ ജലാടിയെന്നോ വെള്ളാടിയെന്നോ വിളിക്കാം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് റിവറില്‍ ഇപ്പോള്‍ തന്നെ 6 ബ്ലേഡുകള്‍ വെച്ച് പരീക്ഷണം തുടങ്ങി. പതിനെട്ടു മാസം പരീക്ഷിച്ചിട്ട് സംഗതി വിജയിക്കുകയാണെങ്കില്‍ മുന്നൂറോ മറ്റോ ബ്ലേഡുകള്‍ പിടിപ്പിക്കാനാണ് പ്ലാന്‍.

നന്ദിയുടെ പ്രതലത്തില്‍ നിന്നും ഒമ്പതോ പത്തോ മീറ്റര്‍ അടിയിലായിട്ടാണ് ഈ ജലാടികള്‍ പിടിപ്പിക്കുന്നത്. കാറ്റിനേക്കാളും സാന്ദ്രത വെള്ളത്തിനുള്ളതുകാരണം കൂടുതല്‍ വൈദ്യുതി ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കാമെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ പ്രതീക്ഷ. ഇപ്പോള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും പാര്‍ക്കിംഗ് സ്പേസും ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു. യു.എന്‍. ആസ്ഥാനം തുടങ്ങി പലരും ഈ വൈദ്യുതി ഉപയോഗിക്കുന്നതില്‍ താത്‌പര്യം പ്രകടിപ്പിച്ചുണ്ട്.

ഇതിലെ ഒരു അപകടം മീനുകളൊക്കെ ഈ ബ്ലേഡില്‍ തട്ടി ചത്തുപോകുമോ എന്നുള്ളതാണ്. പക്ഷേ അത്രയ്ക്ക് സ്പീഡില്‍ കറങ്ങാത്തതുകൊണ്ടും ബ്ലേഡുകള്‍ ആ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതുകൊണ്ടും മീനുകള്‍ക്കൊന്നും പ്രശ്‌നം വരില്ല എന്നാണ് വിലയിരുത്തല്‍. വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാന്‍ മാത്രം ശക്തിയുള്ള ബ്ലേഡുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും.

4. എന്തിനധികം...

നടത്തത്തില്‍നിന്നുപോലും പോലും കറണ്ടുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മുടെ പുറം സഞ്ചിയില്‍ ഒരു മുപ്പതുകിലോ കട്ടി സ്പ്രിംഗില്‍ കെട്ടിത്തൂക്കിയിടുക. എന്നിട്ട് അത് നടക്കുമ്പോള്‍ മുകളിലോട്ടും താഴോട്ടും ചലിക്കത്തക്ക രീതിയില്‍ വെക്കുക. നടക്കുമ്പോള്‍ ഉള്ള ഊര്‍ജ്ജം (കൈനെറ്റിക് എനര്‍ജി)മൂലം സ്പ്രിംഗ് വടി മുകളിലേക്കും താഴേക്കും ചലിക്കും. ആ ചലനം കൊണ്ട് സഞ്ചിയിലുള്ള ഒരു ചെറിയ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും അങ്ങിനെ വൈദ്യുതി ഉല്‍‌പാദിപ്പിക്കും ചെയ്യും. ഈ വൈദ്യുതി സെല്‍‌ഫോണ്‍, ഐപ്പോഡ് ഇവയൊക്കെ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബാറ്ററിയില്‍ ശേഖരിക്കാം. കുറച്ച് നേരാംവണ്ണം നടന്നാല്‍ 7 വാട്ട് കറന്റുവരെ ഉത്‌പാദിപ്പിക്കാം. സെല്‍‌ഫോണൊക്കെ പ്രവര്‍ത്തിക്കാന്‍ ഒരു വാട്ട് കറന്റൊക്കെ മതിയാവും.

ഇത്തരം വൈദ്യുതികൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. പട്ടാളക്കാര്‍ക്കൊക്കെ വളരെ വിദൂര സ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവരുടെ അനുസരണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം. അതുപോലെ എന്തെങ്കിലുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ വൈദ്യുതിയില്ലെങ്കിലും അത്യാവശ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പറ്റും. ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകരുടെ സഞ്ചികള്‍ക്ക് നാല്‍‌പതു കിലോവരെയൊക്കെ ഭാരമുണ്ട്. അതില്‍തന്നെ നല്ലൊരു ഭാഗം ബാറ്ററികളുടെ ഭാരമാണ്. അങ്ങിനെയൊക്കെയുള്ളവര്‍ക്ക് ഇത് സൌകര്യമായിരിക്കും.

നടവൈദ്യുതിയെപ്പറ്റി ഇവിടെ

മിന്നല് പുറപ്പെട്ട് പാഞ്ഞുപോയപ്പോള്‍ ഇതുപോലൊരു സഞ്ചിയും കെട്ടിത്തൂക്കിക്കൊണ്ടാണ് ഓടിയിരുന്നെങ്കില്‍, അതുപോലെ മിന്നലിനെ പിടിക്കാന്‍ പോയ ഇടിവാളിന്റെ പുറത്തും പുറകെ പോയ അച്ഛന്റെ പുറത്തും ഇതുപോലുള്ള സഞ്ചികള്‍ ഉണ്ടായിരുന്നെങ്കില്‍ വെങ്കിട് ഭാഗത്ത് ഒരാഴ്‌ചത്തേക്കുള്ള കറന്റ് ഫ്രീയായി കിട്ടിയേനെ.

ദിവസവും ജോഗ്ഗിംഗ് ശീലമാക്കിയ ദേവേട്ടനും ഗന്ധര്‍വ്വനും ഒരു സഞ്ചിയും കെട്ടിത്തൂക്കി നടന്നാല്‍ ദുബായിയില്‍ മൊത്തം വേണ്ട് കറന്റ് അവരുടെ സഞ്ചിയില്‍നിന്നും ഉത്‌പാദിപ്പിക്കാം. ചില പരിപാടികള്‍ക്കിടയില്‍ ചിലരുടെ നടത്തവും വെപ്രാളവും കണ്ടാല്‍ അവരുടെ “സഞ്ചി”യില്‍ നിന്നാ‍ണ് ആ പരിപാടിക്കുള്ള മൊത്തം കറന്റും ഉണ്ടാക്കുന്നത് എന്ന് തോന്നില്ലേ.

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 9:57 AM

0 Comments:

Post a Comment

<< Home