Tuesday, August 01, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - ചുവപ്പ്

URL:http://naalukettu.blogspot.com/2006/08/blog-post.htmlPublished: 8/2/2006 8:57 AM
 Author: Inji Pennu
“പായല്‍ കീ ചും ചും”

രണ്ട് കയ്യിലേയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള കുപ്പിവളകള്‍ നോക്കി, കൈ രണ്ടും തലക്കു മീ‍തെ ഉയര്‍ത്തി പായല്‍ പൊട്ടിച്ചിരിക്കുകയാണ്. എന്തുമാത്രമാ ഇട്ട് തന്നത് ? നീട്ടിവെച്ചിരുന്ന കാലുകള്‍ തടവിക്കൊണ്ടിരുന്ന ബഹന്‍ അവളുടെ കൊല്ലുസകളിലെ ചെറിയ മണികളെ തൊട്ടു കിലുക്കിക്കൊണ്ട് പറഞ്ഞു,

“പായല്‍ കീ പായല്‍...ദോനോം ചും ചുമാത്തി”

ഇനിമുതല്‍ കുസൃതികളൊന്നും പാടില്ലാ കേട്ടൊ. അതിനാ ഇത്രയും വളകള്‍ ഇട്ടത്. അപ്പുറത്തെ മുറിയില്‍ ഉള്ളവരൊക്കെ കേള്‍ക്കും രണ്ടാളും കണ്ണ് വെട്ടിച്ചാല്‍. ബഹന്‍ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.

“ച്ചീ...ചുപ്..” അവളുടെ ചുവന്ന കവിള്‍ത്തടങ്ങളിലെ ചുവപ്പ് കൂടുതല്‍ തിളങ്ങി. ജനലിനു പുറത്തെ ഗോതമ്പു വയലുകളില്‍ സൂര്യന്‍ താഴ്ന്നിറങ്ങിയതിനേക്കാളും ചുവപ്പ്. ഇത്തവണ പായല്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

ഇനിമുതല്‍ ദാദിമായാണ് കിടക്കാന്‍ കൂട്ട് വരിക. ജബീന്ദരുടെ കൂടെ ഒന്ന് പുറത്ത് പോകാനും അവന്റെ തുറന്ന ജീപ്പില്‍ ഒന്ന് കറങ്ങാനും അവള്‍ക്ക് പെട്ടെന്ന് ഒരാഗ്രഹം. പക്ഷെ, ഇനിയിപ്പോ അതൊക്കെ ചെയ്യണമെങ്കില്‍ മാസങ്ങള്‍ പലതും കഴിയണം.

സൂര്യന്‍ കറുപ്പിന് വഴി മാറിയിരിക്കുന്നു. ചുവപ്പ് മാറി, പായലിന്റെ മുഖം വിളറിയിരിക്കുന്നു. ക്ഷീണം കൊണ്ട് തളര്‍ന്ന് മയങ്ങുന്നുണ്ടെങ്കിലും പുറത്തെ ജബീന്ദറുടെ നേരിയ കിതപ്പ് അവള്‍ക്ക് കേള്‍ക്കാം. കുഴിവെട്ടുകയാണ്. കുറച്ച് മുമ്പ് ദാദിമാ അടുക്കളയില്‍ നിന്ന് ഗോതമ്പ് മണികള്‍ കൊണ്ടു വന്നിരുന്നു. ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം. പായല്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.

കുഴിച്ച കുഴി നന്നായി മണ്ണിട്ട് മൂടി, അതില്‍ കാലു കൊണ്ട് നല്ലപോലെ അമര്‍ത്തി ചവിട്ടിക്കൊണ്ട് പ്രസാദ്, നിവര്‍ന്ന് നിന്ന്, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. ഒരു ഉണങ്ങിയ തെങ്ങോല അവന്‍ അതിന് മുകളില്‍ വിരിച്ചു. കയ്യിലെ മണ്‍വെട്ടി അവന്‍ പാടത്തിലെ വെള്ളത്തില്‍ കഴുകി.

തോളത്ത് ഇട്ടിരുന്ന നനഞ്ഞ കട്ടി തോര്‍ത്തിലേക്ക് നോക്കി അവന്‍ കുറച്ചു സമയം നിര്‍ന്നിമേഷനായി നിന്നു. തോര്‍ത്തില്‍ അങ്ങിങ്ങായി ചുവന്ന പാടുകള്‍. പിന്നേയും കുഴിക്കരില്‍ ചെന്ന് പതുക്കെ തെങ്ങോല മാറ്റി, മണ്ണ് പതുക്കെ ഒതുക്കി, കുഴിയിലേക്ക് ആ തോര്‍ത്തും അവന്‍ ഉപേക്ഷിച്ചു.

കുറച്ച് പ്രാ‍വശ്യം കൂടി അവന്‍ മുഖവും കയ്യും പിന്നെ മണ്‍വെട്ടിയും കഴുകി. എത്ര കഴുകിയിട്ടും തീരാത്ത പോലെ. പിന്നെ, തീരെ ശബ്ദമുണ്ടാക്കാതെ, പാടത്തില്‍ വഴുക്കി വീഴാതെ ഇരുട്ടിന്റെ മറ പറ്റി അവന്‍ വീട് ലക്ഷ്യമാക്കി നടന്നു.

“മുടിഞ്ചതാ”

“...അഹ്....ആ.....ആമാങ്കെ” അപ്പനെ അവന്‍ ഇരുട്ടില്‍ കണ്ടതേയില്ല.

“അവ എന്നാ പണ്ണറാ?”

“തൂംഗിറേന്‍...”

ഭര്‍ത്താവ് മുറ്റത്ത് സംസാരിക്കുന്ന ശബ്ദം സെല്‍വിക്ക് കേള്‍ക്കാം. അവന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പണമെന്ന് അവള്‍ക്ക് തോന്നി. കട്ടിലിന്റെ തലക്ക് ഇറുക്കെ പിടിച്ച്, കരഞ്ഞ് ചുവന്ന കണ്ണുകള്‍ ഇറുക്കി പൂട്ടി അവള്‍ ഉറക്കം നടിച്ചു. പാടത്തിലെ ചെളിയില്‍ ചുവപ്പ് പടരുന്നത് അവള്‍ക്ക് കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും വ്യക്തമായി കാണാ‍മായിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:18 PM

0 Comments:

Post a Comment

<< Home