Gurukulam | ഗുരുകുലം - പാത്രമറിഞ്ഞ വിദ്യാര്‍പ്പണം
URL:http://malayalam.usvishakh.net/blog/archives/168 | Published: 8/2/2006 3:31 AM |
Author: ഉമേഷ് | Umesh |
ബിന്ദുവിന്റെ കമന്റാണു് ഈ ശ്ലോകത്തെ ഓര്‍മ്മിപ്പിച്ചതു്. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തില്‍ നിന്നൊരു മുത്തുമണി:
പാത്രവിശേഷേ ന്യസ്തം
ഗുണാന്തരം വ്രജതി ശില്പമാധാതുഃ
ജലമിവ സമുദ്രശുക്തൌ
മുക്താഫലതാം പയോദസ്യ
അര്‍ത്ഥം:
പാത്രവിശേഷേ ന്യസ്തം ശില്പം | : | ഗുണമുള്ള പാത്രത്തില്‍ നിക്ഷേപിച്ച ശില്പം |
ആധാതുഃ ഗുണാന്തരം വ്രജതി | : | ഉണ്ടാക്കിയവന്റേതിനെക്കാള്‍ വ്യത്യസ്തമായ ഗുണത്തെ പ്രാപിക്കുന്നു |
സമുദ്രശുക്തൌ | : | കടല്‍ച്ചിപ്പിയില്‍ (വീണ) |
പയോദസ്യ ജലം | : | മേഘത്തിന്റെ ജലം |
മുക്താഫലതാം ഇവ | : | മുത്തുമണിയാകുന്നതു പോലെ. |
വിദ്യ നല്ല ആളുകള്‍ക്കു കൊടുത്തിട്ടേ കാര്യമുള്ളൂ എന്നര്‍ത്ഥം. എത്ര നല്ല അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥി നന്നല്ലെങ്കില്‍ പ്രയോജനമില്ല.
രണ്ടു പരിഭാഷകള്‍ ഓര്‍മ്മയുള്ളതു താഴെച്ചേര്‍ക്കുന്നു. ഇതു രണ്ടും ആര്യ എന്ന വൃത്തത്തിലുള്ള മൂലശ്ലോകത്തിനു് അതേ വൃത്തത്തില്‍ത്തന്നെയുള്ള പരിഭാഷകളാണു്.
- ഏ. ആര്‍. രാജരാജവര്‍മ്മ:
സത്പാത്രത്തില്‍ കലകളെ-
യര്‍പ്പിച്ചാല്‍ ഗുണമവയ്ക്കു വായ്ക്കുന്നു;
ചിപ്പിയില്‍ മുകില്‍ മഴവെള്ളം
ചേര്‍പ്പതു മുത്തായിടും പോലെ. - കുണ്ടൂര്‍ നാരായണമേനോന്‍:
കല സത്പാത്രം ചേര്‍ന്നാല്‍
കലരും മുന്‍കൈവരാത്തൊരന്യഗുണം;
ജലദജലം ചിപ്പിയില്‍ മുന്‍-
നില പോയ് മുത്തായിടും പോലെ.
“വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം” എന്ന പ്രസിദ്ധമായ തത്ത്വം വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കാവ്യത്തിലും കാണാം:
മകന്‍ പരിക്കേറ്റു കിടക്കിലെന്തു്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ?
രാമന്‍ ജഗത്സത്തമനാണു പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!
ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമനെപ്പറ്റി പാര്‍വ്വതി ശിവനോടു പറയുന്ന ഈ വാക്കു് കുത്തുവാക്കാണെന്നു മാത്രം.
0 Comments:
Post a Comment
<< Home