Tuesday, August 01, 2006

മണ്ടത്തരങ്ങള്‍ - ടാക്സിയില്‍ പോയി എഴുതിയ പരീക്ഷ

അന്നു ഞാന്‍ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ പഠിക്കുകയായിരുന്നു.

വിശാലേട്ടന്‍ പറഞ്ഞപോലെ വീട്: കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പഠനം. ഡെയിലി പോയി വരും.

ഇരുപത് കിലോമീറ്ററും ചില്വാനവും വരുമായിരുന്നു വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം. പകുതി ദൂരം യൂനിവേര്‍സിറ്റി ബസ്സിലും പിന്നെയുള്ള ദൂരം പ്രൈവറ്റ് ബസ്സിലും, അങ്ങിനെ ആയിരുന്നു എന്റെ സഞ്ചാരം. യൂനിവേര്‍സിറ്റി ബസ്സ് വൈറ്റിലയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട്, എറണാകുളം പട്ടണം മുഴുവന്‍ കറങ്ങി (ഇത്തിരി കുറയ്ക്കാം വേണമെങ്കില്‍, മുഴുവന്‍ കറങ്ങില്ല, എം.ജി. റോഡ് വഴി കറങ്ങും) യൂനിവേര്‍സിറ്റിയില്‍ ഒന്‍പതിനു ശേഷമുള്ള ഏതെങ്കിലും സമയത്ത് എത്തും. കുറ്റം പറയരുതല്ലോ, മിക്ക ദിവസവും ഒന്‍പതിനു തന്നെ എത്താറുണ്ട്.

അങ്ങനെ ഇരിക്കുന്ന ഒരു സമയത്തിങ്കല്‍, എന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വരവായി. പഠനം ഒക്കെ അതിന്റെ വഴിക്ക് നടന്നു (ഞാന്‍ എന്റെ വഴിക്കും). എന്റെ പരീക്ഷക്കാര്യത്തിലും പഠനകാര്യത്തിലും വീട്ടില്‍ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല എന്നതായിരുന്നു അന്നത്തെ സ്ഥിതി. പാസ്സായാലും ജയിച്ചാലും നിനക്കു കൊള്ളാം എന്ന ആറ്റിറ്റ്യൂഡ് മാതാപിതാക്കള്‍ക്ക്. വൈകീട്ടത്തെ ഫുട്ബോള്‍ കളിയും, രാത്രിയത്തെ കോമഡീ സീരിയലുകളും, പിന്നെ ഒരിത്തിരി പഠനവും കഴിഞ്ഞ് അലാറം വച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ അലാറം അടിച്ചു. ഞാന്‍ എഴുന്നേറ്റു. റെഡിയായി. ബസ്സ് കേറി വൈറ്റിലയെത്തി. യൂനിവേര്‍സിറ്റി ബസ്സ് കാത്ത് നില്‍ക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ എട്ട് മണി ആകുന്നതേയുള്ളൂ.

പതിനഞ്ച് മിനിറ്റോളം നിന്നു ഞാന്‍ അവിടെ. ഇത്ര നേരം കഴിഞ്ഞിട്ടും ബസ്സ് വരുന്നില്ല. എട്ടേകാല്‍ വരെ സാധാരണ ബസ്സ് വൈകാറില്ല.

അപ്പോഴാണ് ഞാന്‍ മറ്റൊന്നും കൂടെ ശ്രദ്ധിച്ചത്. വൈറ്റിലയില്‍ സാധാരണ ഇതേ ബസ്സ് കാത്ത് ഒരു പത്തോളം പേര്‍ അവിടെ നില്‍ക്കാറുണ്ട്. അന്ന് ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു. ബസ്സ് പോയിക്കാണുമോ? സംശയമായി, അതിലുമുപരി പേടിയായി ഒന്നും കൂടെ വാച്ച് നോക്കി.

ഉറക്കച്ചടവ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വേറെ എന്ത് കാരണമാണ് എനിക്ക് പറയാനുള്ളത്, ഇത്ര നേരവും ഒന്‍പതേകാലിനെ എട്ടേകാല്‍ എന്നും വിചാരിച്ച് ആ ബസ്സ്‌സ്റ്റോപ്പില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കാന്‍?

എന്റെ ജീവന്‍ പാതി പോയി. അലാറം വച്ചത് ഒരു മണിക്കൂര്‍ മാറിപ്പോയി എന്നറിഞ്ഞ് കരയണോ നിലവിളിക്കണോ എന്നറിയാത്ത ഒരു സിസ്റ്റുവേഷന്‍. ഇനി ആകെ കാല്‍ മണിക്കൂര്‍ മാത്രം പരീക്ഷ തുടങ്ങാന്‍. വൈറ്റിലയില്‍ നിന്ന് നേരിട്ട് കളമശ്ശേരിയിലേക്ക് ബൈപ്പാസ് വഴി ബസ്സ് ഇല്ല. പാലാരിവട്ടത്ത് ഇറങ്ങി, വേറെ ബസ്സ് പിടിച്ച് പോകണം. എന്തിരുന്നാലും യൂനിവേര്‍സിറ്റിയില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കാം, രാവിലെ ആ തിരക്കുള്ള സമയത്ത്.

അടുത്ത ഓപ്‌ഷന്‍ ഓട്ടോ ആണ്. പത്ത് കിലോമീറ്ററില്‍ കൂടുതല്‍ ഉണ്ട് വൈറ്റിലയില്‍ നിന്ന് യൂനിവേര്‍സിറ്റിയിലേക്ക്. ഓട്ടോ പിടിച്ചാലും അരമണിക്കൂര്‍ കുറഞ്ഞത് എടുക്കും. ഇനി സമയത്ത് എത്തണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗം, ടാക്സി.

വൈറ്റിലയില്‍ ടാക്സിസ്റ്റാന്റ് ഉണ്ട്. അവിടെ ആദ്യം നിന്ന വണ്ടിയില്‍ കയറി യൂനിവേര്‍സിറ്റിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു ഡ്രൈവറോട്. എന്റെ പരീക്ഷ ആണെന്നും വൈകിപ്പോയി എന്നും വേഗം പോകൂ എന്നും പറഞ്ഞപ്പോള്‍ ഡ്രൈവറുടെ മുഖത്ത് വന്ന ചിരി ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.

ടാക്സി ഡ്രൈവറുടെ ശുഷ്കാ‍ന്തിയുടെ സഹായത്താല്‍ യൂനിവേര്‍സിറ്റിയില്‍ പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തി. ടാക്സി ഡ്രൈവര്‍ ട്രാഫിക്കിനിടയിലൂടെ ആംബുലന്‍സ് ഓടിക്കുന്ന മട്ടിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ അത്യസന നിലയിലും ആയിരുന്നല്ലോ.

എന്റെ ക്ലാസ്സിന്റെ മുന്നില്‍ വരെ ഞാന്‍ പോയില്ല ടാക്സിയില്‍. ടാക്സിയില്‍ ഒക്കെ പരീക്ഷയ്ക്ക് വന്നിറങ്ങുന്നത് കണ്ടാല്‍ ഞാന്‍ ഒരു പണക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതോടെ എന്റെ കഷ്ടകാലവും തുടങ്ങും. അത് കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ക്കിപ്പുറം നിര്‍ത്തി ഞാന്‍ ഇറങ്ങി. കൂലിയായി നൂറ്റമ്പത് രൂപ കൊടുക്കേണ്ടി വന്നു. അത് എന്റെ വെപ്രാളം കണ്ട് അയാള്‍‍ കൂടുതല്‍ വാ‍ങ്ങിയതാണോ സഹതാപത്തിന്റെ പുറത്ത് കുറച്ച് തന്നിരുന്നോ, അതോ അതാണോ ശരിയായ കൂലി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഞാന്‍ ആകെ എന്റെ ജീവിതത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് ടാക്സിക്ക് കാശ് കൊടുത്തിട്ടുള്ളത് അന്നാണ്.

പിന്നെ ഒരോട്ടമായിരുന്നു. രാവിലെ നല്ല വെയിലും ഉണ്ടായിരുന്നു. അഞ്ച്-പത്ത് മിനുട്ടോളം ഓടി ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഞാന്‍ ആകെ വിയര്‍ത്ത് കുതിര്‍ന്നിരുന്നു. രാവിലത്തെ ടെന്‍ഷനും, ഓട്ടവും, അനാവശ്യമായി കാശ് ചിലവായ വിഷമവും എല്ലാം കൊണ്ട് എനിക്കപ്പൊഴേക്കും തലവേദനിച്ചും തുടങ്ങി. ഈ ഒരു മാനസികാവസ്ഥയില്‍ മനസ്സമാധാനമായി ഇരുന്ന് പരീക്ഷ നന്നായി എഴുതാം എന്നൊരു പ്രതീക്ഷയും അപ്പോഴുണ്ടായിരുന്നില്ല. വന്ന സ്ഥിതിക്ക് എഴുതിക്കളയാം എന്ന് മാത്രം.

ആകെ ക്ഷീണിതനായി ക്ലാസ്സില്‍ എത്തിയപ്പോള്‍ അവിടേയും ആരുമില്ല. എന്താ ഇന്ന് ഞാന്‍ പോകുന്നിടത്തൊന്നും ആളില്ലാത്തത്? ഇനി രാവിലെ ഒരു മണിക്കൂര്‍ വൈകിയത്, ഈ സമയം കൊണ്ട് മൂന്ന് മണിക്കൂറായോ, എല്ലാവരും പരീക്ഷ കഴിഞ്ഞ് പോയോ എന്ന് പേടിയായി. വാച്ചില്‍ പല‌ആവര്‍ത്തി നോക്കി. ഇല്ല തെറ്റിയിട്ടില്ല. സമയം ശരി തന്നെ.

ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് കരുതിയിട്ട്‍ ആരെയും കാണാനുമില്ലായിരുന്നു അവിടെങ്ങും. വേഗം നോട്ടിസ് ബോര്‍ഡില്‍ ചെന്ന് നോക്കി. പരീക്ഷ എങ്ങാനും മാറ്റിവച്ചതാണോ?

നോട്ടീസ് ബോര്‍ഡിലെ പരീക്ഷാ കലണ്ടറും ചുമരില്‍ തൂക്കിയിട്ടിരുന്ന സാധാ കലണ്ടറും ഒത്ത് നോക്കിയപ്പോള്‍ പോയ ബോധം എപ്പോള്‍ വന്നു എന്ന് എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നില്ല.

കാരണം, എനിക്കന്ന് അലാറം വച്ചപ്പോള്‍ മാറിപ്പോയത് ഒരു മണിക്കൂര്‍ മാത്രമല്ല, ഒരു ദിവസം കൂടെ ആയിരുന്നു.

അന്ന്, അന്ന്, ... അന്നൊരു ഞായറാഴ്ച ആയിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:35 AM

0 Comments:

Post a Comment

<< Home