Tuesday, August 01, 2006

Gurukulam | ഗുരുകുലം - ദ്രുതകാകളിയും സര്‍പ്പിണിയും

URL:http://malayalam.usvishakh.net/blog/archives/160Published: 8/2/2006 12:10 AM
Attachment: var1.mp3
Attachment: dantham.mp3
Attachment: var2.mp3
Attachment: var3.mp3
Attachment: kallola.mp3
Attachment: innente.mp3
Attachment: yuddhaveeran.mp3
Attachment: guru1.mp3
Author: ഉമേഷ് | Umesh

സന്തോഷിന്റെ ദന്തമോതുന്നു… എന്ന കവിത വായിച്ചല്ലോ. നല്ല പരിഭാഷ, അല്ലേ?

ഇതെഴുതിയിരിക്കുന്നതു ജ്ഞാനപ്പാനയുടെ രീതിയിലാണു്.

ദന്തമോതുന്നു നാവിനോടിന്നഹോ:
“എന്തുവേണം നിനക്കടങ്ങീടുവാന്‍‍?
ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ-
ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!”
download MP3

“പാന” എന്നും “കീര്‍ത്തനം” എന്നും സാധാരണ വിളിക്കുന്ന ഈ രീതിക്കു പറ്റിയ ലക്ഷണം ഏ. ആര്‍. രാജരാജവര്‍മ്മ കൊടുക്കുന്നതു സര്‍പ്പിണി എന്ന വൃത്തത്തിനാണു്.

ദ്വ്യക്ഷരം ഗണമൊന്നാദ്യം
ത്ര്യക്ഷരം മൂന്നതില്‍പ്പരം
ഗണങ്ങള്‍ക്കാദി ഗുരുവാം
വേറൊന്നും ത്ര്യക്ഷരങ്ങളില്‍
മറ്റേതും സര്‍വ്വഗുരുവായ്
വരാം കേളിതു സര്‍പ്പിണി.

ഗുരുവില്‍ ആരംഭിക്കുന്ന ഗണങ്ങള്‍ 2, 3, 3, 3 എന്നീ അക്ഷരങ്ങളുള്ളവ ഒരു വരിയില്‍, മൂന്നക്ഷരമുള്ള ഗണങ്ങളില്‍ വേറേ ഒരു ഗുരുവും കൂടി വേണം, രണ്ടക്ഷരമുള്ളതില്‍ രണ്ടാമത്തേതു ഗുരുവോ ലഘുവോ ആകാം എന്നര്‍ത്ഥം.

ഈ ഗണങ്ങള്‍ ചൊല്ലിയ രീതിയില്‍ നിന്നു വ്യക്തമാണു്.

ദന്ത… മോതുന്നു…നാവിനോ….ടിന്നഹോ

എന്നു പാന രീതിയില്‍ ചൊല്ലിനോക്കിയാല്‍ എന്താണുദ്ദേശിച്ചിരിക്കുന്നതു് എന്നു മനസ്സിലാകും.

ഇതിനെ സ്കൂളുകളില്‍ സാധാരണ പഠിപ്പിച്ചുവരുന്നതു ദ്രുതകാകളി എന്നാണു്. അദ്ധ്യാപകരുടെ തെറ്റല്ല. സാക്ഷാല്‍ ഏ. ആറിനു വരെ ഈ തെറ്റു പറ്റിയിരുന്നു. ഏ. ആര്‍. ദ്രുതകാകളിക്കു കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും യഥാര്‍ത്ഥത്തില്‍ സര്‍പ്പിണിയാണു്. അതു തെറ്റാണെന്നു പിന്നെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാന ചൊല്ലുന്നതു കാകളിയുടെ രീതിയിലല്ല. അക്ഷരങ്ങള്‍ രണ്ടിനും പതിനൊന്നാണെന്നു മാത്രം. എന്താണു വ്യത്യാസമെന്നു നമുക്കു നോക്കാം.

മൂന്നക്ഷരവും അഞ്ചു മാത്രയും - അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും - അടങ്ങിയ ഗണങ്ങള്‍ നാലെണ്ണം ഒരു വരിയിലുള്ള വൃത്തമാണു കാകളി. ഉദാഹരണം:

വാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
download MP3

ഇവിടെ, കാകളിയുടെ രണ്ടു വരിയിലും അവസാനത്തില്‍ ഓരോ അക്ഷരം കുറയുന്നതാണു ദ്രുതകാകളി.

വാരണവീരന്‍ തലയറ്റു വില്ലും
വീരന്‍ ഭഗദത്തന്‍ തന്റെ തലയും
download MP3

എന്നായാല്‍ ദ്രുതകാകളിയായി. ഇതു പാനയല്ല. പാനരീതിയില്‍ ഇതു ചൊല്ലിയാല്‍ വികൃതമാകും. നോക്കുക:

വാരണവീരന്‍ തലയറ്റു വില്ലും
വീരന്‍ ഭഗദത്തന്‍ തന്റെ തലയും
download MP3

അപ്പോള്‍പ്പിന്നെ ദ്രുതകാകളി എന്നൊരു വൃത്തം എങ്ങും കാണില്ലേ? ഉണ്ടല്ലോ. കുഞ്ചന്‍ നമ്പ്യാരുടെ

കല്ലോലജാലം കളിക്കുന്ന കണ്ടു
കനകമണി നിറമുടയ കമലമതു കണ്ടു
download MP3

എന്ന കാവ്യഭാഗത്തിന്റെ ആദ്യത്തെ വരി ദ്രുതകാകളി ആണു്. മൊത്തം ദ്രുതകാകളിയായ കവിതയ്ക്കു് കെ. കെ. വാദ്ധ്യാര്‍ ഉദാഹരണമായി പറയുന്നതു്

ഇന്നെന്റെ മാരന്‍ വരുമെന്നു ചൊല്ലി
കാമുറിത്തേങ്ങാ കടം വാങ്ങി വെച്ചു
download MP3

എന്ന നാടന്‍‌പാട്ടാണു്. ഇതു പാന രീതിയില്‍ ചൊല്ലാന്‍ പറ്റില്ല എന്നു തീര്‍ച്ചയാണു്.

ഒമ്പതാം ക്ലാസ്സില്‍ “താണവരും വ്യഥിതരും മര്‍ദ്ദിതര്‍..” എന്ന പദ്യം ദ്രുതകാകളി ആണെന്നും, “ദാഹിക്കുന്നു ഭഗിനി കൃപാരസ..” എന്നതു സര്‍പ്പിണിയാണെന്നും ടീച്ചര്‍ പഠിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു് (രണ്ടിന്റെയും വൃത്തം ഒന്നുതന്നെ) ഗവേഷണം നടത്തിയപ്പോഴാണു് ഇതൊക്കെ മനസ്സിലായതു്.

അദ്ധ്യാപകര്‍ക്കു പഠിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പു് ഒരു ഹാന്‍ഡ്‌ബുക്കു കൊടുക്കുമായിരുന്നു. (ഇപ്പോഴുണ്ടോ എന്നറിയില്ല) അതില്‍ നോക്കിയാണു് അവര്‍ ഓരോന്നിന്റെയും വൃത്തമേതു്, അലങ്കാരമേതു്, വ്യാകരണനിയമമേതു്, ഏതു പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണു്, സൂചിതകഥയെന്താണു് എന്നൊക്കെ മനസ്സിലാക്കുന്നതു്. (മലയാളം മാഷന്മാരൊക്കെ സര്‍വ്വജ്ഞരാണെന്നാണു നിങ്ങള്‍ വിചാരിച്ചതു്, അല്ലേ? :-) ) ഇതിലെ അബദ്ധങ്ങള്‍ കണ്ടുപിടിക്കുന്നതു് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിനോദമായിരുന്നു. അമ്മ മലയാളാദ്ധ്യാപികയായിരുന്നതുകൊണ്ടു് (മുകളില്‍ പറഞ്ഞ ടീച്ചര്‍ അമ്മ തന്നെ) ഈ ഹാന്‍ഡ്‌ബുക്കു വായിക്കാന്‍ എനിക്കു് അവസരം കിട്ടിയിരുന്നു. ശരിയായ അലങ്കാരങ്ങള്‍ പറയുന്നതിലും, ഉദ്ധരണികളുടെ യഥാര്‍ത്ഥപ്രഭവസ്ഥാനം കണ്ടുപിടിക്കുന്നതിലും അതു ഭീമാബദ്ധങ്ങള്‍ വരുത്തിയിരുന്നു. രണ്ടുദാഹരണങ്ങള്‍ താഴെ:

  1. പത്താം ക്ലാസ്സില്‍ ഉള്ളൂരിന്റെ പ്രേമസംഗീതം (“ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…”) പഠിക്കാനുണ്ടായിരുന്നു. അതില്‍ “പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും…” എന്നുണ്ടു്. ഇതില്‍ ‘പരാര്‍ദ്ധം’ എന്ന വാക്കിനു ഹാന്‍ഡ്‌ബുക്കിലെ അര്‍ത്ഥം ഇങ്ങനെയാണു്:

    നാല്പത്തിമൂന്നുകോടി ഇരുപതുലക്ഷം മനുഷ്യവര്‍ഷമാണു് ദേവന്മാരുടെ ഒരു ചതുര്‍‌യുഗം. ആയിരം ദേവചതുര്‍യുഗം ചേര്‍ന്നതിനെ ഒരു മഹായുഗമെന്നു പറയുന്നു. ഒരു മഹായുഗം ബ്രഹ്മാവിന്റെ ഒരു പകലാണു്. ബ്രഹ്മാവിന്റെ ആയുസ്സു നൂറു വര്‍ഷമാണു്. ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതിയാണു പരാര്‍ദ്ധം.

    പരാര്‍ദ്ധം എന്ന വാക്കിനു് ഈ അര്‍ത്ഥമുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഇവിടെ ഉള്ളൂര്‍ ഉദ്ദേശിച്ചിരിക്കുന്നതു് ഒരു സംഖ്യയാണു്. ഒന്നെഴുതി പതിനേഴു പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയെ പരാര്‍ദ്ധം (ഇതു നോക്കുക) എന്നാണു പറയുന്നതു്. അനന്തമെന്നര്‍ത്ഥത്തിലാണു് ഉള്ളൂര്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇവിടെ സംഖ്യാവാചിയായി പറഞ്ഞിരിക്കുന്ന ഈ വാക്കിനെ കാലവാചിയാക്കി അര്‍ത്ഥം പറഞ്ഞതു് “കല്യാണം കഴിഞ്ഞിട്ടു ഒരുപാടു പ്രകാശവര്‍ഷങ്ങള്‍ കഴിഞ്ഞതുപോലെ തോന്നുന്നു” എന്നു പറയുന്നതു പോലെയാണു്. ഒരു കൊല്ലം കൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണു പ്രകാശവര്‍ഷം (light year). അതു ദൂരത്തിന്റെ അളവാണു്, സമയത്തിന്റെയല്ല.

  2. ഒന്‍‌പതാം ക്ലാസ്സില്‍ കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി”യില്‍ നിന്നൊരു ഭാഗം പഠിക്കാനുണ്ടായിരുന്നു. അതിലെ
    ഒരു ഭാഗത്തിലെ അലങ്കാരം “അന്യാനിദര്‍ശന” ആണെന്നായിരുന്നു ഹാന്‍ഡ്‌ബുക്കില്‍ ഉണ്ടായിരുന്നതു്. ലക്ഷണവും കൊടുത്തിരുന്നു:

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാനിദര്‍ശന

    “അന്യാനിദര്‍ശന” എന്ന അലങ്കാരം ‘ശബ്ദതാരാവലി’യില്‍ ഒരു വാക്കായോ ‘ഭാഷാഭൂഷണ’ത്തിന്റെ സൂചികയിലോ കാണാന്‍ കഴിയാതെ ഞാന്‍ ഭാഷാഭൂഷണം വായിച്ചുനോക്കിയപ്പോഴാണു കാര്യം പിടികിട്ടിയതു്. ‘നിദര്‍ശന’ എന്നൊരു അലങ്കാരമുണ്ടു്. അതിന്റെ ലക്ഷണവും ഉദാഹരണങ്ങളും എഴുതിയതിനു ശേഷം ഏ. ആര്‍. മുകളില്‍ കൊടുത്ത ലക്ഷണം കൊടുത്തിട്ടു് ഇങ്ങനെ പറയുന്നു.

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാ നിദര്‍ശന
    വെണ്മതിക്കുള്ള സൌഭാഗ്യം
    കാണ്മതുണ്ടിഹ നിന്മുഖേ

    ഉപമാനധര്‍മ്മം ഉപമേയത്തില്‍ കാണുന്നതായി പറയുന്നതു മറ്റൊരു മാതിരി നിദര്‍ശന. ഇതിനു ‘പദാര്‍ത്ഥവൃത്തിനിദര്‍ശന’ എന്നു പേര്‍. ജയദേവന്‍ ഇതിനെ ഉപമയുടെ വകഭേദമായി ഗണിച്ചു് ‘ലളിതോപമ’ എന്നു വിളിക്കുന്നു…

    അപ്പോള്‍ “അന്യാ നിദര്‍ശന” എന്നു വച്ചാല്‍ “വേറേ ഒരു തരം നിദര്‍ശന” എന്നര്‍ത്ഥം. അലങ്കാരം നിദര്‍ശന തന്നെ. അന്യാനിദര്‍ശന അല്ല. വേണമെങ്കില്‍ പദാര്‍ത്ഥവൃത്തിനിദര്‍ശന എന്നോ ലളിതോപമ എന്നോ വിളിക്കാം. ഹാന്‍ഡ്‌ബുക്കെഴുതിയ പണ്ഡിതനു ഭാഷാഭൂഷണം വായിച്ചിട്ടു മനസ്സിലായില്ല എന്നര്‍ത്ഥം.



ഇതെഴുതിക്കഴിഞ്ഞിട്ടാണു് പി. നാരായണക്കുറുപ്പിന്റെ മലയാളവൃത്തപഠനം എന്ന പുസ്തകത്തില്‍ (ഇതു് ഒന്നര വര്‍ഷം മുമ്പു നാട്ടില്‍ പോയപ്പോള്‍ വാങ്ങിയതാണു്. വായിക്കാന്‍ ഇതുവരെ തരമായില്ല) ഇതിനെപ്പറ്റിയുള്ള ഭാഗം വായിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായം:

വൃത്തമഞ്ജരിയില്‍ ദ്രുതകാകളി (പാന) എന്നു പേരിട്ടു ലക്ഷണം പറഞ്ഞ വൃത്തം വലിയ ചിന്താക്കുഴപ്പമുണ്ടാക്കി. കാകളീപാദാന്ത്യത്തില്‍ ഓരോ അക്ഷരം കുറയ്ക്കണം എന്നദ്ദേഹം പറഞ്ഞ ലക്ഷണത്തെ, കാകളീപാദാദ്യത്തിലെ ഓരോ അക്ഷരം കുറയ്ക്കണം എന്നു തിരുത്തിയാല്‍ കുഴപ്പമെല്ലാം തീരും.

ഇതു കൊള്ളാമല്ലോ! ഞാന്‍ എനിക്കറിയാവുന്ന കാകളിയൊക്കെ ചൊല്ലി നോക്കി. എല്ലാം ശരിയാകുന്നുണ്ടു്. ഉദാഹരണമായി, മുകളില്‍ കൊടുത്ത പദ്യം തന്നെ നോക്കുക.

യുദ്ധവീരന്‍ തലയറ്റു വില്ലറ്റു
വന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
download MP3

കൂടുതല്‍ ആലോചിച്ചപ്പോള്‍ ഇതെങ്ങനെ ശരിയാകുന്നു എന്നു മനസ്സിലായി. അഞ്ചു മാത്രയും മൂന്നക്ഷരവുമുള്ള ഗണങ്ങളാണല്ലോ കാകളിക്കുള്ളതു്. അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും. അതു് യ (v - -), ര (- v -), ത(- - v) എന്നു മൂന്നു വിധം വരാം. ഇവയില്‍ ആദ്യത്തേതു കാകളിക്കു വരില്ല. മറ്റു രണ്ടും നോക്കിയാല്‍ ആദ്യത്തേതു ഗുരു, രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരങ്ങളില്‍ ഒരെണ്ണവും ഗുരു എന്നര്‍ത്ഥം. ഇതു തന്നെയാണു സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). ആദ്യഗണത്തിലെ ആദ്യാക്ഷരം പോയാല്‍ v - എന്നോ - v ആവാം. ഇവിടെ മാത്രമേ സര്‍പ്പിണിയുടെ ലക്ഷണവുമായി ഭേദമുള്ളൂ. സര്‍പ്പിണിക്കു് ആദ്യത്തെ അക്ഷരം ഗുരുവാകണമെന്നു പറഞ്ഞിട്ടുണ്ടു്. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ പാനയ്ക്കു് ഇതു ശരിയല്ലെന്നു കാണാം. ജ്ഞാനപ്പാനയിലെ ആദ്യത്തെ നാലുവരിയായ

ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍
download MP3

പാടുമ്പോള്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ അക്ഷരം നീട്ടാമല്ലോ.

നിഗമനം: ഏ. ആര്‍ ദ്രുതകാകളിക്കു കൊടുത്ത ലക്ഷണം (കാകളിയുടെ)

രണ്ടു പാദത്തിലും പിന്നെ-
യന്ത്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ

എന്നതു്

രണ്ടു പാദത്തിലും പിന്നെ-
യാദ്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ

എന്നു മാറ്റിയാല്‍ പാനയുടെ വൃത്തം ദ്രുതകാകളി എന്നു പറയാം. (ഇനി ഇങ്ങനെയാണോ ഏ. ആര്‍. ആദ്യം എഴുതിയതു്? പിന്നീടു് അച്ചടിപ്പിശാചു കടന്നുകൂടിയതാണോ?) സര്‍പ്പിണിയെ ഒഴിവാക്കുകയും ചെയ്യാം.

“ഇന്നെന്റെ മാരന്‍…” എന്ന പാട്ടിന്റെ വൃത്തത്തെ നാരായണക്കുറുപ്പു് “ഊനകാകളി” എന്നാണു വിളിക്കുന്നതു്.


ഇ-മെയിലില്‍ക്കൂടി ചര്‍ച്ച ചെയ്ത ഈ കാര്യം ഒരു പോസ്റ്റായി ഇടാന്‍ പ്രേരിപ്പിച്ച സന്തോഷിനു നന്ദി.

posted by സ്വാര്‍ത്ഥന്‍ at 12:12 PM

0 Comments:

Post a Comment

<< Home