Sunday, April 09, 2006

varthamaanam - ::ഒരു മരം നടുമ്പോള്‍ ::

രു മരം നടുമ്പോള്‍ സംഭവിക്കുന്നത്‌ എന്ത്‌ എന്നത്‌, ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോള്‍ നേരം കളയാനുള്ള്‌ ഒരു സംഗതിയൊന്നും അല്ല. മരം ഒരു വരം .. മഴ പെയ്യാന്‍ മരം വേണം .. എന്നൊക്കെ ചൊല്ലി പഠിച്ച കാലത്ത്‌ അലോചിച്ചിട്ടില്ലാത്ത കാര്യം, മനസ്സില്‍ മഴ പെയ്യാന്‍ എന്ത്‌ മരം നടണം, എത്ര മരം നടണം എന്നതാണ്‌. ഒരു മരം നടുമ്പോള്‍ നമ്മള്‍ വെറും ഒരു വിത്ത്‌ നട്ട്‌ വലുതാക്കുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുക്‌ മാത്രമല്ല ചെയ്യുന്നത്‌, ഒരു മരം നടുന്നത്‌ ഒരു കുഞ്ഞിനെ ഉണ്ടാക്കി വളര്‍ത്തി വലുതാക്കുന്നത്‌ പോലെ മഹത്തായ ഒരു സംഗതി തന്നെയാണ്‌. ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത്‌ എന്താണെന്ന് പോലും നമ്മളില്‍ പലരും മറന്ന് പോയിരിക്കുന്നു എന്നത്‌ ഇന്നത്തെ കാലത്തിന്റെ ഒരു വലിയ ദുരന്തമാണെന്ന് തോന്നുന്നു. പലപ്പോഴും ആനുകാലികങ്ങളില്‍ കാണുന്നത്‌ പോലെ തന്നെ എന്റെ കുഞ്ഞും ആയിരുന്നെങ്കില്‍ എന്ന് നമ്മള്‍ അറിയാതെയെങ്കിലും മോഹിച്ച്‌ പോകുന്നുണ്ട്‌. ഇത്‌ ഒരു വലിയ തെറ്റൊന്നുമല്ല - അത്‌ അങ്ങനെ ആയി തീര്‍ന്നതാണ്‌. ഒരു നിമിഷം പോലും ഇരുന്ന് സമാധാനമായി ലോകകാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാന്‍ നമുക്ക്‌ കഴിയാത്ത അത്രയും ജീവിതം ഇന്ന് സങ്കീര്‍ണമായിരിക്കുന്നു എന്നതാണ്‌ വര്‍ത്താമാനകാലത്തിന്റെ ഒരു പ്രത്യേകത. ശസ്ത്ര-സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിക്കുമ്പോള്‍, ജീവിതം കൂടുതല്‍ എളുപ്പമാകും എന്ന് ഒരു തരം വ്യാമോഹം നമുക്കെല്ലാമുണ്ട്‌. എന്നാല്‍ ഇന്ന് ജീവിതം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

കുഞ്ഞിനെകുറിച്ച്‌, നമ്മുടെ ഏറ്റവും വലിയ ആശങ്ക, വിദ്യാഭ്യാസത്തെ കുറിച്ചാണ്‌. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ ആശങ്ക പലപ്പോഴും, കുഞ്ഞിനെ അറിവുള്ളവനാക്കുക എന്നതിനെക്കാള്‍, അവനെ ഭാവിയില്‍ ഒരു ജോലി കിട്ടാന്‍ പ്രാപ്തനാക്കുക എന്നതാണ്‌. കുഞ്ഞിന്റെ അഭിരുചികളെ കുറിച്ചോ, കുഞ്ഞിന്റെ വാസനകളെകുറിച്ചോ, പലപോഴും നമ്മള്‍ ആലോചിക്കാറില്ല.
വിദ്യാഭ്യാസത്തെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഏറ്റവും പ്രധാനമായ സംഗതി, വിദ്യാഭ്യാസം ഏത്‌ സമൂഹത്തെ ഉന്നം വെച്ചുള്ളാതാണെന്നതാണ്‌ - ഏത്‌ ഭാവിയെ ഭാവന ചെയ്ത്‌ കൊണ്ടുള്ളാതാണെന്നുള്ളാതാണ്‌. എല്ലാവരും എല്ലാം പഠിച്ചാല്‍ എല്ലാ പ്രശ്നവും തീരും എന്നുള്ളാത്‌ ഒരു വെറും വ്യമോഹം മാത്രമാണ്‌. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം ആ സമൂഹത്തിന്റെ ആവശ്യങ്ങളെ ആ സമൂഹം ആയിത്തീരേണ്ടതിന്റെ പൂര്‍ത്തീകരണമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ പ്രധാനപെട്ട ഒരു ലക്ഷ്യം പുതിയതെന്തെങ്കിലും കന്‍ഡെത്തുക, പുതിയ എവിടെയെങ്കിലും എത്തിച്ചേരാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്‌. അങ്ങനെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുമ്പോള്‍ മാത്രമേ, പുതിയ ഒരു സാമൂഹ്യ നിര്‍മിതി ഉണ്ടാവുന്നുള്ളൂ.. career oriented ആയി ജീവിതത്തില്‍ പാഠങ്ങള്‍ ചൊല്ലി പഠിച്ചവര്‍ ഒന്നും ലോകത്തിന്‌ വേണ്ടി ഏറെ ഒന്നും ചെയ്തിട്ടില്ല എന്നത്‌ ഒരു വസ്തുതയാണ്‌. സമൂഹത്തില്‍ പുതിയ എന്തെങ്കിലും ഉണ്ടാക്കുമ്പോഴാണ്‌, മനുഷ്യന്‍ ചരിത്രം നിര്‍മിക്കുന്നത്‌.ആധുനികതയെകുറിച്ച്‌ വചാലരാവുമ്പോള്‍ പോലും ഇന്ന് കണ്ടു വരുന്ന പ്രവണത, പഴയതിനെ തിരഞ്ഞ്‌ പിടിക്കുകയും, വാരിപുണരാന്‍ ശ്രമിക്കുന്നതുമാണ്‌. പഴയതെല്ലാം തെറ്റായിരുന്നുവെന്നല്ല അതിന്നര്‍ത്ഥം. അവ ഒക്കെയും തന്നെ നമ്മെ ഗൃഹാതുരത്വത്തിന്റെ വലയില്‍ തളച്ചിടുന്നു എന്നതാണ്‌ ഇതിന്റെ ഒരു വലിയ ദുരന്തം. ഇത്‌ ഒരു വലിയ രാഷ്ട്രീയമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ആയുര്‍വേദത്തെ വാനോളം പുകഴ്ത്തുന്ന നമ്മള്‍ ഇന്ന് വെറും ഒരു മരുന്നുണ്ടാക്കുന്നവര്‍ ആയി മാറിയിരിക്കുന്നു എന്നത്‌ നമ്മള്‍ ശ്രദ്ധിക്കാത്ത ഒരു സംഗതിയാണ്‌. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ അന്നത്തെ ആവശ്യത്തിനുള്ള സംഗതികള്‍ ഉണ്ടാക്കിയിരുന്നു. കലയും ഉപരണങ്ങളും ഒക്കെ അങ്ങനെ ആവശ്യങ്ങള്‍ക്ക്‌ അനുസ്യൂതമായി ഉണ്ടായി വന്നതാണ്‌. പൌരാണിക കാലത്തെ കല ( claassiccal art ) വലിയൊരളവോളം മതപരം കൂടിയായിരുന്നു എന്നും പറയാം. വ്യവസായ വല്‍ക്കരണം ആണ്‌ നമ്മുടെ കലാ സങ്കല്‍പം കൂടി മാറ്റി മറിച്ചത്‌. വ്യവസായ വല്‍കൃത യുഗത്തില്‍, കല പോലും ലാഭത്തിന്റെ അളവുകോലില്‍ ആണ്‌ നിര്‍വചിക്കപ്പെടുന്നത്‌. കള്ളുഷാപ്പിന്റെ ഉല്‍ഘാടനത്തിന്‌, ചെണ്ടമേളം സംഘടിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. വ്യവസായം - അല്ലെങ്കില്‍ വ്യവസായ വല്‍ക്കരണം തെറ്റെന്നല്ല, മറിച്ച്‌, സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി, സമൂഹത്തില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന എന്തും എതിര്‍ക്കപ്പെടേണ്ടതാണ്‌ എന്നതാണ്‌ ഇവിടത്തെ സാമാന്യ തത്വം. മദ്യശാലകളുടെ പരസ്യബോര്‍ഡില്‍ പതിക്കുന്നതിനുള്ള ചിത്രങ്ങളാണ്‌ കഥകളിയും, തെയ്യവും എന്ന തോന്നല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാവുന്നെങ്കില്‍, അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്‌.
ഇവയെല്ലാം പറഞ്ഞത്‌, ആധുനിക ലോകത്ത്‌ കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ നമുക്കുണ്ടായിരിക്കേണ്ട ജാഗ്രതയെ ഓര്‍മിച്ചപ്പോഴാണ്‌. കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍ എന്ത്‌ പഠിപ്പിക്കണം, എത്ര പഠിപ്പിക്കണം എപ്പോള്‍ പഠിപ്പിക്കണം എന്ന് അറിയാതെ, ചെയ്താല്‍, അത്‌ സമൂലമായ മാറ്റത്തെക്കാള്‍, ആശയപരമായ നിഷ്ക്രിയത്തിലേക്ക്‌ ആണ്‌ കുഞ്ഞുങ്ങളെ കൊണ്ടു ചെന്നെത്തിക്കുക എന്നത്‌ നമ്മള്‍ ഓര്‍ക്കാതെ പോകരുത്‌. ഒരു മരം നമ്മള്‍ നടുമ്പോള്‍, ലോകത്തിനു വേണ്ടി ഒരു കര്‍മ്മം ചെയ്യുകയാണ്‌. മരം പുറത്ത്‌ വിടുന്ന ഓക്സിജന്‍, ഒരിക്കലും നമ്മള്‍ നമുക്കു വേണ്ടി സംരക്ഷിച്ചു വെക്കുന്നില്ല. മരം ലോകത്തിന്റെ സമ്പത്താണ്‌. ആര്‍ക്കും അതിന്റെ പൂവിനെ കാണാം. ആര്‍ക്കും അതിന്റെ പൂവിന്റെ ഗന്ധം കേള്‍ക്കാം. ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോഴും നമ്മള്‍ മനസ്സില്‍ കാരുതേണ്ട ഒരു സംഗതിയും ഇതു തന്നെയാണ്‌. കുഞ്ഞ്‌ ലോകത്തിന്‌ വെളിച്ചമായി വളരട്ടെ. നമ്മള്‍ ചെയ്യേണ്ടത്‌ അതിനുള്ള വെള്ളം നനച്ചു കൊടുക്കുക എന്നത്‌ മാത്രം. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു ബോധം, സൌന്ദര്യത്തെകുറിച്ചുള്ള സങ്കല്‍പ്പം, അനന്തമായ അഭിരുചികള്‍, ഇവയൊക്കെ പ്രധാനമാണ്‌. ഈ ലോകത്തില്‍ ഓരോ മനുഷ്യനും അപരിമിതമായ സാധ്യതകള്‍ ആണുള്ളത്‌. ഈ സാധ്യതകള്‍ എന്നത്‌ 8 ലക്ഷം രൂപയുടെ ജോലിയോ 15 ലക്ഷം രൂപയുടെ ജോലിയോ അല്ല. അങ്ങനെയാണെന്ന് കരുതുമ്പോള്‍ നമ്മള്‍ കൊട്ടിയടക്കുകയാണ്‌ വാതിലുകള്‍. അത്രയും കൊണ്ട്‌ തൃപ്തരാവുന്നവര്‍ ലോകത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതാണ്‌ വാസ്തവം.
വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റത്തെക്കുറിച്ച്‌ ഗാന്ധിജി മുന്നേ തന്നെ ചിന്തിക്കുകയും ആളുകളെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരന്റെ ശരാശരി വരുമാനം 28 പൈസയാണെന്നത്‌ കൊണ്ട്‌ വാര്‍ധയിലെ ചെലവുകളും 28 പൈസയില്‍ ഒതുക്കണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചത്‌, ജീവിതത്തിലെ മുന്‍ഗണനകളെക്കുറിച്ചുള്ള പാഠം ആശ്രമത്തില്‍ തന്നെ പഠിക്കണം എന്നുള്ളത്‌ കൊണ്ടാണ്‌.

0 Comments:

Post a Comment

<< Home