തുളസി - അനാവശ്യചിന്തകള്‍
http://kevinsiji.goldeye.info/?p=70 | Date: 4/8/2006 12:08 PM |
Author: Administrator |
കല്ലുകെട്ടിയ മതില്‍, ഗേറ്റൊന്നും ഇല്ല. ഒരു പൊളിവിലൂടെ അകത്തു കടക്കാം. ഒന്നുകൂടി
ഓര്‍ത്തുനോക്കി, അതൊരു തീവണ്ടിയാപ്പീസു തന്നെയായിരുന്നോ? തീവണ്ടികളോ പാളങ്ങള്‍ തന്നെയോ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ തീവണ്ടി പിടിക്കാനായിരുന്നല്ലോ, അവിടേയ്ക്കു കാറോടിച്ചു പാഞ്ഞുചെന്നതു്.
അവിടെ ചെന്നപ്പോ കേട്ടതോ, ഇനി അടുത്ത മാസമേ തീവണ്ടിയുള്ളത്രേ. എവിടേയ്ക്കു പോകാനാണു്, ഒരോര്‍മ്മയും കിട്ടുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടു വരുന്ന വണ്ടി,
അതെവിടേയ്ക്കുള്ളതായിരിക്കും? അങ്ങിനെയൊരു വണ്ടിയും അങ്ങിനെയൊരു ലക്ഷ്യവും ഇതുവരെ കേട്ടിട്ടുകൂടിയില്ല. പക്ഷേ അവിടെ കാത്തുകിടന്നുവല്ലോ, എത്രദിവസം, അറിയില്ല. എവിടേയും പോകാതെ, അവിടെ, ആ ചെത്തിതേയ്ക്കാത്ത പ്രാകൃതത്വം തോന്നിപ്പിയ്ക്കുന്ന ചെങ്കല്‍മതിലിനുള്ളില്‍, കാറു നിര്‍ത്താതെ, അതെ ഇപ്പോഴത്ഭുതം തോന്നുന്നു, എഞ്ചിന്‍ നിര്‍ത്താതെ അതിനകത്തിരിയ്ക്കുകയായിരുന്നു.
എന്നിട്ടു തീവണ്ടി വന്നോ? ആര്‍ക്കറിയാം, അപ്പോഴേയ്ക്കും നേരം വെളുത്തെന്നു തോന്നുന്നു.
ഇതെങ്ങിനെ അവളോടു പറയും? അവളെന്നും ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുമ്പോള്‍, കാലത്തെണീറ്റുടന്‍ രാത്രികണ്ട സ്വപ്നത്തെക്കുറിച്ചു പറയുമ്പോള്‍ പുച്ഛമായിരുന്നു. അനാവശ്യചിന്തകള്‍ കുറേകൂടുന്നുണ്ടു് അല്ലാതെ വേറൊന്നുമല്ല എന്നെല്ലാം. പിന്നെപിന്നെ സ്വപ്നങ്ങളില്‍ നിന്നവളേല്ക്കുന്ന മുറിവുകള്‍ പുറത്തുകാട്ടാതായി.
അതുപോലെയല്ലല്ലോ, ഇതാദ്യമായിട്ടാണല്ലോ, ഒരു സ്വപ്നം, അതും വിചിത്രമായതു്. അവള്‍ പറയാറുള്ള സ്വപ്നകഥകളും വിചിത്രമായിരുന്നില്ലേ.
ഇതെങ്ങിനെ അവളോടു പറയും? സ്വപ്നം കണ്ടുവെന്നു പറകയോ, മോശമാവില്ലേ.
ഒരു കാര്യം ചെയ്യാം, ബ്ലോഗാം, അവള്‍ ചിലപ്പോള്‍ വായിയ്ക്കയുണ്ടാവില്ല. എന്നാലും എന്നെങ്കിലും ആരെങ്കിലും ഈ സ്വപ്നത്തെക്കുറിച്ചു പറഞ്ഞേക്കും….
തീര്‍ച്ചയായും………………
0 Comments:
Post a Comment
<< Home