Saturday, April 08, 2006

കല്ലേച്ചി - അപ്രിയ സത്യങ്ങള്‍

http://kallechi.blogspot.com/2006/04/blog-post_08.htmlDate: 4/8/2006 11:20 PM
 Author: കല്ലേച്ചി|kallechi
ചിരിക്കരുത്‌.
ഇന്നലെ വരെ മതശാസനകളെന്നും മാറ്റാന്‍ പാടില്ലാത്തതെന്നും ഗ്രന്ഥങ്ങളേയും മാമൂലുകളെയും കൂട്ടുപിടിച്ച്‌ ശഠിച്ചിരുന്ന പലകാര്യങ്ങളും മാറ്റേണ്ടിവരികയും ഇവമാറ്റേണ്ടതിലേക്കായി ഇതേഗ്രന്ഥങ്ങളില്‍ നിന്നുതന്നെ തിരിച്ചും മറിച്ചും സിവിലായും അണ്‍സിവിലായും ഉദ്ധരിക്കേണ്ടിവരികയോ അല്ലെങ്കില്‍ അങ്ങനേയൊന്ന്‌ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടേയില്ല എന്നു കുമ്പസാരിക്കേണ്ടിവരികയോ ചെയ്യുന്നതുകാണുമ്പോള്‍ ചിരിക്കരുത്‌. അതായത്‌ ശരിയും തെറ്റും ഒരേവാചകത്തില്‍നിന്ന്‌, ശരിയും തെറ്റും ദൈവത്തില്‍ നിന്നെന്ന പോലെ. അപ്പോള്‍ ശരി, തെറ്റുകളെ എങ്ങനെയാണ്‌ വ്യാഖ്യാനിച്ചെടുക്കുന്നത്‌?

സൌദി അറബ്യ വളരെ ദ്രുതഗതിയില്‍ വിപ്ലവകരമായ ചില തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലാണ്‌. ഇതധികവും സ്ത്രീകളെ സമ്പന്ധിച്ചാണ്‌. അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാനായിരുന്നല്ലൊ എല്ലാ സമൂഹങ്ങളും സ്‌മൃതികളും ഉദ്ധരണികളും ഉണ്ടാക്കിയത്‌. ഈ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്‌ പരിമിതമായെങ്കിലും വകവെച്ചു കൊടുക്കേണ്ടിവരുന്നത്‌. ഒരുസമൂഹത്തിലെ പകുതിയിലധികം വരുന്ന അംഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട്‌ ഒരു സമൂഹത്തിനും മുന്നോട്ടു പോവുക സാദ്ധ്യമല്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതു തന്നെ വലിയ കാര്യമാണ്‌. ഇതു സംബന്ധിച്ച്‌ ധാരാളം ചര്‍ച്ചകളും തീരുമാനങ്ങളും വന്നു കഴിഞ്ഞു. കൂട്ടത്തില്‍ ഇവ അട്ടിമറിക്കാന്‍ ശ്രമങ്ങളും നടക്കുന്നുണ്ട്‌. അതൊന്നും അനാരോഗ്യകരമായി കാണേണ്ടതില്ല. ഇത്തരം സമരങ്ങളിലൂടെ തന്നെയേ പുതിയ കാര്യങ്ങളുണ്ടാവുകയുള്ളു. എന്തൊക്കെയായാലും ശരീഅത്തിലൂന്നിയ (ഇസ്ലാമിക നിയമ വ്യവസ്ഥ) പുതിയ പരിഷ്കാരങ്ങള്‍ക്ക്‌ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അബ്ദുള്ള രാജാവ്‌ അരുളിച്ചെയ്തുകഴിഞ്ഞു.

ഇവ്വിഷയകമായി സൌദിയില്‍ നടന്ന പല പൊതു ചര്‍ച്ചകളിലും പുരുഷ മേധാവിത്വത്തിന്റെ ഭര്‍ത്സനങ്ങളെ നേരിടേണ്ടിവന്നതിനാല്‍ ഡോക്റ്റര്‍ വഫയെ പോലുള്ള മഹതികള്‍ കരഞ്ഞാണ്‌ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. ഏന്നാല്‍ ശ്ലാഘനീയമായ കാര്യം ഇവരെ പ്രതിരോധിച്ചു കൊണ്ട്‌ പുതിയ തലമുറയിലുള്ള പുരുഷന്മാര്‍ രംഗത്തു വന്നു എന്നതാണ്‌.സൌദി പാര്‍ല്യമെന്റില്‍ സ്ത്രീകളുടെ പ്രാധിനിത്യം വേണമെന്നതാണ്‌ ഒരു ആലോചന. ഇതിനെ അട്ടിമറിക്കുന്നതിന്‌ പാര്‍ലിമെന്റു തന്നെ സ്ത്രീകള്‍ക്ക്‌ വേറെ സ്ഥാപിക്കാം എന്ന വാദമാണ്‌ ഉന്നയിക്കപ്പെടുന്നത്‌. ഇക്കാര്യത്തില്‍ സൌദി ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. (അമ്പത്‌ ശതമാനത്തില്‍ കൂടുതല്‍ വരുന്ന സ്ത്രീകള്‍ക്ക്‌ 33 ശതമാനം എന്ന പരിമിതമായ സംവരണം പോലും അട്ടിമറിക്കാന്‍ ഇന്ത്യയെപോലൊരു രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ നടന്ന പരിഹാസ്യ നാടകങ്ങള്‍ നാം മറക്കാറായിട്ടില്ല. അതിനായി നമ്മുടെ പാര്‍ല്ല്യമെന്റിന്റെ അംഗസംഖ്യ 33% വര്‍ദ്ധിപ്പിക്കാമെന്നും മറ്റും. എന്നാലും ഉള്ളതില്‍ നിന്നു കൊടുക്കുകയില്ല. 33 ശതമാനം സംവരണം എന്നത്‌ ജനാധിപത്യത്തിന്റെ എന്തു കണക്കാണെന്ന്‌ എനിക്കിതുവരെ ബോധ്യമായിട്ടില്ല എന്നതു വേറെക്കാര്യം. സംവരണം ചെയ്യപ്പെടേണ്ടുന്ന ഒരു അവസ്ഥ ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. സംവരണമെങ്കില്‍ ചുരുങ്ങിയത്‌ ജനാധിപത്യപരമായെങ്കിലും വേണ്ടേ?) ഇങ്ങനെ ബേങ്ക്‌, ആശുപത്രി, എന്നുവേണ്ട ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കൊടുത്തു തുടങ്ങിയാല്‍ സ്ത്രീകള്‍ക്കായി റോഡുകളും, സ്ത്രീകള്‍ക്ക്‌ ജീവിക്കാന്‍ അവരുടെ ഒരു ലോകം തന്നെ പണിയാനാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. അതങ്ങനെ തന്നെയായിരുന്നു എന്ന്‌ അനുഭവമുള്ളവര്‍ക്കറിയാം. സത്യത്തില്‍ സ്ത്രീയും പുരുഷനും എന്ന ദ്വന്ദ്വം മനുഷ്യന്‍ എന്ന ഏകത്വത്തിലെ രണ്ടു വശങ്ങളല്ലെ? ഇവ ഒരാളില്‍ തന്നെ ചേര്‍ത്തായിരുന്നു സൃഷ്ടിപ്പെങ്കില്‍ എന്തു ചെയ്യുമായിരുന്നു? മനുഷ്യന്‍ എന്ന ഇരുചക്ര വാഹനത്തിലെ ഒരുചക്രം ചലിക്കാത്ത അവസ്ഥയിലാണ്‌. ഇന്ത്യയില്‍ സ്ത്രീ സ്വതന്ത്ര വാദികള്‍ ഒരു ചക്രത്തിനെ മറ്റേതിന്റെ നേരെ എതിര്‍ ദിശയില്‍ ചലിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌.

തങ്ങള്‍ പിടിച്ചെടുത്തനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളില്‍ ഒന്നു പോലും വിട്ടുകൊടുക്കാന്‍ ഈ പുരുഷമേധാവിത്വം തയ്യാറാകുന്നില്ല. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നല്‍കുന്ന കാര്യത്തിലാണ്‌ ദയനീയമായ ഏറ്റുപറച്ചില്‍ കണ്ടത്‌. അന്യപുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരുടെ കൂടെ സ്ത്രീകളെ അപരിചിതമായ സ്ഥലങ്ങളിലേക്ക്‌ അയയ്ക്കുന്നതോ അതല്ല സ്വയം ഡ്രൈവ്‌ ചെയ്യാന്‍ അവരെ പര്യാപ്തമാക്കുന്നതോ ഏതാണ്‌ മതപരമായി ശരി എന്ന്‌ പല പന്‍ഡിതന്മാരും വിളിച്ചു ചോദിച്ചു. മാത്രമാല്ല WTOയില്‍ അംഗത്വം ലഭിച്ച സ്ഥിതിക്ക്‌ സ്ത്രീകളായ വ്യവസായികളും കച്ചവടക്കാരും എങ്ങനെ ഇവിടെ അവരുടെ പ്രവര്‍ത്തനം നടത്തും എന്നതും ചര്‍ച്ചാവിഷയമായി.

മുസ്ലിങ്ങള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നബി (സ) യുടെ പാത എന്തായിരുന്നു എന്ന്‌ അന്വേഷിക്കാറുണ്ട്‌. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇങ്ങനെ പ്രവാചക പാതയുടെ ഒരു പിന്തുടര്‍ച്ച ദര്‍ശിക്കാവുന്നതാണ്‌. ഇതിനെ സുന്നത്ത്‌ എന്നു വിളിക്കുന്നു. വാഹനങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഈ സുന്നത്ത്‌ നോക്കുകയാണെങ്കില്‍ നബി(സ)യുടെ കാലത്ത്‌ അക്കാലത്തെ വാഹനങ്ങളായ ഒട്ടകം, കുതിര തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ സ്ത്രീകള്‍ക്ക്‌ വിലക്കുണ്ടായിരുന്നില്ല. അവയുപയോഗിച്ച്‌ അവര്‍ യുദ്ധം നയിച്ചിരുന്നു, കച്ചവടം ചെയ്തിരുന്നു. പ്രവാചക പത്നിമാര്‍ പോലും ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു. മൃഗങ്ങളുടെ സ്ഥാനത്തു യന്ത്രങ്ങള്‍ വന്നു എന്നല്ലാതെ അതേ പ്രവര്‍ത്തനം തന്നെയാണ്‌ ആധുനിക മോട്ടോര്‍ വാഹനങ്ങളും നിര്‍വഹിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പിന്റെ ആവശ്യമില്ല.മതപരമായ എന്തെങ്കിലും നിയന്ത്രണം ഇക്കാര്യത്തില്‍ ഉള്ളതായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ നാമെന്തിനേയാണ്‌ ഭയക്കുന്നത്‌. മതപരമായ യാതൊരു നിയന്ത്രണങ്ങളും ഇക്കാര്യത്തിലില്ല എന്ന് പല പ്രധാനികളും പ്രതികരിച്ചു കഴിഞ്ഞു. അപ്പോള്‍ പോലും പുരുഷ മേധാവിത്വത്തിന്‌ ആവശ്യത്തിന്‌ ഇടം കൊടുത്തുകൊണ്ടാണ്‌ ഈ പ്രതികരണങ്ങള്‍. "അവരുടെ രക്ഷിതാക്കള്‍ അതാഗ്രഹിക്കുന്നെങ്കില്‍" എന്നൊരു നിബന്ധന അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഇവിടെ രക്ഷിതാവ്‌ എന്ന തലത്തിലേക്ക്‌ വളരാന്‍ സ്ത്രീകള്‍ക്ക്‌ സാധ്യമല്ല. അതെല്ലായ്പോഴും ഒരു പുരുഷനായിരിക്കും. അതായത്‌ സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കലല്ല മറിച്ച്‌ ഈനിയന്ത്രണങ്ങളുടെ ചരട്‌ സര്‍ക്കാറില്‍ നിന്ന് അതാതു വീടുകളിലെ പുരുഷന്മാര്‍ക്ക്‌ കൈമാറലാണ്‌. റോഡില്‍ സുരക്ഷിതത്വം കുറവായിരിക്കും എന്നതാണ്‌ ചിലരുടെ ആശങ്ക. അതു തല്‍ക്കലികവും പുരുഷന്മാര്‍ ഒന്നു ശ്രദ്ധിച്ചാല്‍ കുറയ്ക്കാവുന്നതുമാണ്‌. പരിചയമാകുമ്പോള്‍ തീരാവുന്ന നിസ്സാരമായ സങ്കേതിക പ്രശ്നം മാത്രമാണത്‌. കൂടാതെ സൌദി ഒഴിച്ചുള്ള സകല ഗല്ഫ്‌ രാജ്യങ്ങളിലും വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സുണ്ട്‌. സൌദിസ്ത്രീകള്‍ക്കായി 1500 ലൈസന്‍സ്‌ ബഹറൈന്‍ ഇഷ്യൂ ചൈയ്തു നല്‍കിയതായി അവിടത്തെ ട്രാഫിക്ക്‌ അധികാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ലണ്ടനില്‍ നിന്നുള്ള അബീറിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. യാതൊന്നു നമുക്കില്ലയോ നാമതേപറ്റി ചര്‍ച്ചചെയ്തുകണ്ടിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പൊതുവേയുള്ള അവരുടെ അഭിപ്രായം ഇതായിരുന്നു. സൌദി സ്ത്രീകള്‍ എല്ലാ കാര്യത്തിനും തങ്ങളുടെ രക്ഷിതാക്കളുടെ കയ്യില്‍ നിന്നും അനുമതി പത്രം വങ്ങേണ്ടതുണ്ടത്രെ പിതോ രക്ഷതി കൌമാരേ??.. എന്ന ക്രമത്തില്‍. ജിദ്ദയില്‍ മദ്രസ്സയിലുണ്ടായ അഗ്നിബാധയില്‍ പന്ത്രണ്ടു പെണ്‍കുട്ടികള്‍ തീപ്പെട്ടുപോയത്‌ പുറത്തു പോവാന്‍ അവര്‍ക്ക്‌ അനുമതി കിട്ടാതിരുന്നതിനാലാണത്രെ. ഇതു നമ്മെ ഞെട്ടിക്കുന്നു. എന്തായാലും ഇത്തരം ഇടപെടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഫലമുണ്ടായി. സ്ത്രീകള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാന്‍ പോകുന്നു എന്നൊരു തീരുമാനം സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നു. അതും പുരുഷന്മാരുടെ സക്ഷ്യപത്രമില്ലാതെ. ഇതോടുകൂടി പലകാര്യങ്ങളിലും അവര്‍ക്ക്‌ സ്വയം തീരുമാനമെടുക്കാനാവും. സ്വയം തീരുമാനങ്ങളെടുക്കുക്കയും അതു നടപ്പിലാക്കുകയും ചെയ്യുക എന്നതു തന്നെയാണ്‌ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം. ഫലത്തില്‍ അയല്‍ രാജ്യങ്ങളിലെ സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക്‌ അവരെ മോചിപ്പിക്കുകയാണ്‌ സര്‍ക്കാര്‍. സര്‍ക്കാര്‍ എന്ന പദം ബോധപൂര്‍വമാണ്‌. കാരണം മനുഷ്യരുടെ പല അവകാശങ്ങളും സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണത്തിലൂടെ നല്‍കാവുന്നതല്ല. അവ സമൂഹത്തിലുയര്‍ന്നു വരുന്ന സംസ്കാരത്തിന്റേയും പെരുമാറ്റത്തിന്റേയും ഭാഗമായി അനുഭവിക്കേണ്ടതാണ്‌. ഇവിടെയുള്ള പ്രശ്നം പ്രാഥമികമായ തിരിച്ചറിയല്‍ ആര്‍ക്കായാലും അവരുടെ മുഖം നോക്കിയാണ്‌ സാധ്യമാകുന്നത്‌. അന്ന്യ പുരുഷനെ മുഖം കാണിച്ചു കൂട എന്ന മതനിര്‍ദ്ദേശത്തിലും അപ്പോള്‍ പണ്ഡിതന്മാരുടെ ഇടപെടല്‍ ആവശ്യമാണ്‌. അല്ലെങ്കില്‍ മറ്റ്‌ എന്തെങ്കിലും ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്‌.
നിഷ്കളങ്കമായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നു വരാം. അതു വളരെ നേര്‍ത്തതാണ്‌. എങ്കിലും ഒരു ചോദ്യം ചോദ്യമായിരിക്കുന്നേടത്തോളം അതു ചോദിക്കപ്പെടേണ്ടതുണ്ട്‌.
എങ്കില്‍ ഇത്രയും കാലം എന്തിന്‌ ഇതൊക്കെ......?

ഫലിതം
സ്വാതന്ത്ര്യം അനുഭവിക്കുന്ന ചില വനിതകളുടെ പ്രതികരണം കേള്‍ക്കുക രസാവഹമായിരിക്കും.
(ഈയാഴ്ചത്തെ സൂപ്പര്‍ കുമ്പസാരം)
"ഇറാഖിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക്‌ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്‌" കൊണ്ടലീസ റൈസ്‌
കല്ലേച്ചി യുടെ കമന്റ്‌.
"ഇന്നലെ ചെയ്തോരബദ്ധം, മൂഢര്‍ക്കിന്നത്തെ ആചാരമാകാം.നാളത്തെ ശാസ്ത്ര??

"ചാരിത്ര്യ ശുദ്ധിയില്‍ സംശയം തോന്നിയ ഒരു പാക്കിസ്ഥാനി ഭാര്യയുടെ മൂക്കുമുറിച്ചു (വാര്‍ത്ത-മലയാളം ന്യൂസ്‌)
"വെറുതെയല്ല ചില പാകിസ്ഥാനികള്‍ക്ക്‌ വിവരമില്ലെന്നു പറയുന്നത്‌"

റിയാദില്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 5 സ്ത്രീകള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായി. പുരുഷമേധാവിത്വത്തെ നേരിടാനാണത്രെ ഈ വിദ്യ. (വാര്‍ത്ത-അറബ്‌ ന്യൂസ്‌-3/4/06)
(മുയലുകള്‍ക്കൊപ്പം ഓടുന്നതാണോ വേട്ടനായ്ക്കള്‍ക്കൊപ്പം കൂടുന്നതാണോ ഏറെ മെച്ചം എന്നതാണ്‌ സമസ്യ)
നമ്മുടെ നാട്ടിലെ പുരുഷവേഷം കെട്ടുന്ന ചില സ്ത്രീവാദികള്‍ക്ക്‌ പറ്റിയ മാതൃക

posted by സ്വാര്‍ത്ഥന്‍ at 11:49 AM

0 Comments:

Post a Comment

<< Home