Monday, August 14, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - ആനക്കാര്യം.

അതിരാവിലെ കല്യാണിയെ സ്കൂളില്‍ വിട്ടിട്ട്‌ പത്രവും വായിച്ചിരുന്നപ്പോള്‍ താഴെ റോഡില്‍ ഇടതു വശത്തുള്ള വളവില്‍ പതിവില്ലാത്ത ഒച്ചകളും ചങ്ങല കിലുക്കവും കേട്ടു. മടി മനസിനോട്‌ പറഞ്ഞു, തിരിഞ്ഞുനോക്കണ്ട, അതിങ്ങുവരും അപ്പോള്‍ നോക്കാം. ഒരു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ ആ ഇരുപ്പിനെ കാത്തിരിപ്പാക്കി.

ശബ്ദം അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഞാന്‍ ഞെട്ടി.
ഒഴുക്കിലെന്നപോലെ വരുന്ന ഒരു ആനക്കാരന്‍.
അയാളുടെ കാലുകള്‍ക്കിടയില്‍ ഒരു ആന.

ഞാന്‍ ഓടി. ക്യാമറാബാഗിന്റെ സിബ്‌ കീറി ക്യാമറ പുറത്തെടുത്ത്‌ വീണ്ടും ബാല്‍ക്കണിയിലേക്ക്‌.

ഒന്നു ക്ലിക്കി.

എന്റെ ആക്രാന്തം കണ്ടിട്ടാവണം ആനക്കാരന്‍ ബ്രേക്ക്‌ ചവിട്ടി. ഒരു റോഡ്‌ റോളര്‍ പോലെ ആന നിന്നു. ഞാന്‍ ക്യാമറ ആനയെ വെടിവയ്ക്കാന്‍ ഒരു തോക്ക്‌ എന്ന പോലെ ലോഡ്‌ ചെയ്തു നിര്‍ത്തി.

ആനക്കാരന്‍ ചെറുതായി വളച്ച് റിവേഴ്സ്‌ എടുത്തു. പിന്നെ ക്ലച്ച്‌ ചവിട്ടി ലെഫ്റ്റിലേക്ക്‌ തിരിച്ചു. എന്നിട്ട്‌ ഇന്നാ എടുത്തോ എന്ന മട്ടില്‍ നിര്‍ത്തി. തുമ്പിക്കയ്യില്‍ പിടിച്ചിരുന്ന പച്ചയോലകള്‍ ആന നിലത്തിട്ടു.
ക്യാമറ എന്റെ കണ്ണുമറച്ചു. അതിനുള്ളിലൂടെ ഞാന്‍ കണ്ടു, ആനക്കാരന്‍ അരയില്‍ കൈവച്ച്‌ ഒരു പോസ്‌ സൃഷ്ടിക്കുന്നത്‌. ഒരു ഉത്സവത്തിന്റെ ക്ഷീണം ആനയുടെ കണ്ണില്‍.

ഔട്ട്‌ ആയാലോ? ഷേക്ക്‌ ആയാലോ? ലൈറ്റ്‌ പോരെങ്കിലോ? ആ നില്‍പ്പില്‍ തന്നെ ഞാന്‍ മൂന്നു വെടി പൊട്ടിച്ചു.
ക്യാമറ താണു. ആന അതിന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ തുമ്പിയില്‍ ചുരുട്ടി എടുത്തു.
ഞാന്‍ ഓര്‍ത്തു, സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌? ലഞ്ച്‌ ബോക്സ്‌ ചുമക്കുന്ന മനുഷ്യനല്ലാത.

ആനക്കാരനു ഞാന്‍ നന്ദി പുരട്ടിയ ചിരി താഴേക്ക്‌ എറിഞ്ഞുകൊടുത്തു. അയാള്‍ എനിക്ക്‌ തിരിച്ച്‌ അതുപോലൊന്ന് മുകളിലേക്കും.

വളവു കഴിഞ്ഞു ആന അപ്രത്യക്ഷമായി. കുറേ കഴിഞ്ഞപ്പോള്‍ അതിന്റെ ചങ്ങലകിലുക്കവും. ഞാന്‍ വീണ്ടും പത്രത്തിലേക്ക്.

posted by സ്വാര്‍ത്ഥന്‍ at 11:51 AM

0 Comments:

Post a Comment

<< Home