Monday, August 14, 2006

::സാംസ്കാരികം:: - മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു

മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു
വര്‍ക്കല ഗോപാലകൃഷ്‌ണന്‍

മൃതഭാഷയെന്ന്‌ കണക്കാക്കപ്പെട്ടിരുന്ന 'ഹീബ്രു' ഇന്നൊരു ജീവല്‍ഭാഷയാണ്‌. ബൈബിള്‍ എഴുതപ്പെട്ട ഭാഷയെന്ന മാഹാത്‌മ്യമുള്ള 'ഹീബ്രു' യഹൂദജനത ലോകമെമ്പാടും ചിതറിപ്പോയതോടെ നാശോന്മുഖമാവുകയുണ്ടായി. ഭാഷാചരിത്രവും ഭാഷാശാസ്‌ത്രവും അതിനെ മൃതഭാഷയെന്ന്‌ ഗണിച്ചത്‌ അങ്ങനെയാണ്‌.


എന്നാല്‍, വിവിധ രാജ്യങ്ങളിലായി കഴിയേണ്ടിവന്ന ജൂതജനത തങ്ങള്‍ എത്തിപ്പെട്ട രാജ്യങ്ങളിലെ ഭാഷകള്‍ സ്വായത്തമാക്കിയപ്പോഴും മാതൃഭാഷയുടെ വിത്തുകള്‍ ഉണങ്ങിപ്പോകാതെതന്നെ സൂക്ഷിച്ചു. 1948-ല്‍ ഇസ്രയേല്‍ രാഷ്‌ട്രം നിലവില്‍ വന്നതോടെ നൂറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരുന്നവര്‍ ഒരിടത്ത്‌ കേന്ദ്രീകരിക്കപ്പെട്ടു. അതോടെ 'ഹീബ്രു' ഭാഷ പുനര്‍ജനിക്കുകയായിരുന്നു.
ഒരു ഗവണ്‍മെന്റിന്റെയും ജനതയുടെയും തീവ്രമായ അഭിലാഷത്തിന്റെ ഫലമാണ്‌ 'ഹീബ്രു' ഭാഷയുടെ രണ്ടാം ജന്മം. എങ്കിലും നിയമത്തിന്റെ പ്രേരണാശക്തികൂടി അതിന്റെ പിന്നിലുണ്ടെന്നുള്ളത്‌ വിസ്‌മരിച്ചുകൂടാ. ഇസ്രയേലില്‍ ഇന്ന്‌ ഹീബ്രുഭാഷ നിര്‍ബന്‌ധവും അത്‌ പഠിക്കാതിരിക്കുന്നത്‌ ശിക്ഷാര്‍ഹവുമാണ്‌. ഇരുപതുവര്‍ഷം കഴിയുമ്പോഴേക്കും ഹീബ്രു ഭാഷ അറിയാത്തവരായി ഒരാള്‍പോലും ഇസ്രയേലില്‍ ഉണ്ടായിരിക്കുകയില്ലെന്ന്‌ അവര്‍ തീര്‍ത്തും അവകാശപ്പെടുന്നു. ആത്‌മാര്‍ത്ഥതയും ഇച്ഛാശക്തിയുമുള്ള ഒരു ഗവണ്‍മെന്റ്‌ സ്വന്തം മണ്ണിന്റെയും രക്തത്തിന്റെയും ഗന്‌ധമറിയാവുന്ന ഒരു ഭാഷയുടെ ജീവനാളത്തെ സംരക്ഷിക്കുന്നത്‌ ഇങ്ങനെയാണ്‌.


ഇനി മലയാളഭാഷയുടെ കാര്യമെടുക്കുക. ശരിയായ കണക്കെടുത്താല്‍ 'ഹീബ്രു' ഭാഷയെക്കാള്‍ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനാവുന്ന ഭാഷയാണ്‌ മലയാളം. തമിഴകത്തിന്റെ അതിപുരാതന സാഹിത്യസമ്പത്തായ സംഘസാഹിത്യത്തിന്റെ നല്ലൊരു ഭാഗം കേരളനാട്ടില്‍വച്ചാണ്‌ എഴുതപ്പെട്ടത്‌. ചേരനാട്ട്‌ രാജാക്കന്മാരെക്കുറിച്ചുമാത്രമുള്ള വീരാപദാനങ്ങളാണ്‌ 'പതിറ്റുപ്പത്ത്‌' എന്ന കൃതിയുടെ ഉള്ളടക്കം. 'പതിറ്റുപ്പത്തി'ലെ ഭാഷ അന്നത്തെ കേരളഭാഷയാണ്‌. ബി.സി മൂവായിരത്തിനും മുന്‍പേതന്നെ സൈന്‌ധവനാഗരികതയുമായും സുമേരിയന്‍ സംസ്കാരവുമായും കേരളീയര്‍ക്ക്‌ വിപുലമായ വ്യാപാരബന്‌ധങ്ങളുണ്ടായിരുന്നു. യഹൂദരുടെ ആദിപിതാവായ അബ്രഹാം കല്‍ദയരുടെ പട്ടണമായ 'ഊറി'ല്‍ നിന്ന്‌ (ഇന്നത്തെ ഇറാക്ക്‌) വാഗ്‌ദത്ത ഭൂമിയിലേക്ക്‌ പുറപ്പെടുന്നത്‌ ബി.സി 2100-ലാണെന്ന്‌ ഡോ. ബാബുപോള്‍ 'വേദശബ്‌ദരത്‌നാകരം' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നോര്‍ക്കണം. ബി.സി ആയിരാമാണ്ടില്‍ യരുശലേം ഭരിച്ചിരുന്ന 'ശാലോമോന്‍' (സോളമന്‍) രാജാവിന്റെ കൊട്ടാരത്തിലേക്ക്‌ കേരളത്തില്‍നിന്ന്‌ കയറ്റിയയച്ചിരുന്ന വസ്തുക്കളെപ്പറ്റി ബൈബിള്‍ പഴയ നിയമത്തില്‍ 'രാജാക്കന്മാര്‍' എന്ന ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത്‌ "ഓഫീരില്‍ നിന്ന്‌ പൊന്നുകൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഓഫീരില്‍നിന്ന്‌ അനവധി ചന്ദനവും രത്‌നവുംകൊണ്ടുവന്നു. രാജാവ്‌ ചന്ദനംകൊണ്ട്‌ യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്ക്‌ കിന്നരങ്ങളും വീണകളും ഉണ്ടാക്കി. അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ (അതായത്‌ ബൈബിള്‍ ആദ്യമായി എഴുതുന്നതുവരെ) വന്നിട്ടില്ല, കണ്ടിട്ടുമില്ല... രാജാവിന്‌ സമുദ്രത്തില്‍ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശീശ്‌ കപ്പലുകള്‍ ഉണ്ടായിരുന്നു. തര്‍ശീശ്‌ കപ്പലുകള്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പൊന്ന്‌, വെള്ളി, ആനക്കൊമ്പ്‌, കുരങ്ങ്‌, മയില്‍ എന്നിവകൊണ്ടുവന്നു."
'ഓഫീര്‍' തെക്കന്‍ കേരളത്തിലെ 'പൂവാര്‍' ആണെന്നും അതല്ല 'ബേപ്പൂര്‍' ആണെന്നും ചരിത്രകാരന്മാര്‍ക്ക്‌ അഭിപ്രായങ്ങളുണ്ട്‌. അതെന്തായാലും കയറ്റി അയയ്ക്കപ്പെട്ട വിഭവങ്ങള്‍ തനി കേരളീയമാണെന്ന്‌ സംശയിക്കേണ്ടതില്ല. മൂന്നുവര്‍ഷം എന്നത്‌ അന്നത്തെ കടല്‍സാഹചര്യങ്ങളില്‍ യരുശലേമില്‍നിന്ന്‌ കേരളത്തില്‍ വന്നുപോകാനുള്ള സ്വാഭാവിക കാലാവധിയാണ്‌. ഇത്രയും വിപുലമായ വാണിജ്യം ഉണ്ടാവണമെങ്കില്‍ ക്ഷമതയും ശക്തിയുറ്റതുമായ ഒരു ഭാഷയുടെ അടിത്തറയും ഉണ്ടാവണം.
1948-നുശേഷം അമ്പതുവര്‍ഷംകൊണ്ട്‌ 'ഹീബ്രു' ഭാഷ പുനര്‍ജനിച്ചുവെങ്കില്‍ 1947-നുശേഷം മലയാള ഭാഷയുടെ അവസ്ഥയെന്താണ്‌? ആഗോളവത്കരണംമൂലം മറയാന്‍ സാദ്ധ്യതയുള്ള ഭാഷകളില്‍ ഒന്നാണ്‌ മലയാളമെന്നു പറയപ്പെടുന്നു. അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ 'ഹീബ്രു' അറിയാത്തവരായി ഒരു വ്യക്തിപോലും ഇസ്രയേലില്‍ ഉണ്ടായിരിക്കുകയില്ലെന്ന ഉറച്ച വിശ്വാസം അവര്‍ക്കുള്ളപ്പോള്‍ അന്ന്‌ നമ്മുടെ വരുംതലമുറയില്‍ എത്രപേര്‍ക്ക്‌ മലയാളം അറിയാമായിരിക്കുമെന്ന്‌ കണ്ടറിയണം.

എന്തുകൊണ്ട്‌ മലയാളഭാഷ നിര്‍ബന്‌ധമാക്കുന്നില്ല എന്ന പഴയ ചോദ്യം ആവര്‍ത്തിക്കാം. ഉത്തരവാദപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും ആരാണ്‌ തടയുന്നത്‌? മാതൃഭാഷയുടെ കാര്യത്തില്‍ അങ്ങനെയൊരു തടയല്‍ ഉണ്ടാവാന്‍ പാടുണ്ടോ? ഒരേയൊരു മണിക്കൂര്‍കൊണ്ട്‌ ഏകകണ്ഠമായി പാസാക്കാവുന്നതല്ലേയുള്ളൂ കേരളത്തിലെ സകലവിദ്യാര്‍ത്ഥികളും പത്താം ക്‌ളാസ്‌ വരെ ഒന്നാം ഭാഷയായി മലയാളം പഠിച്ചിരിക്കണം എന്ന നിയമം? കഴിഞ്ഞ അമ്പതുവര്‍ഷമായി എന്തുകൊണ്ട്‌ അതിനു കഴിയുന്നില്ല? സ്വാതന്ത്യ്‌രംകിട്ടി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍തന്നെ ഭരിക്കാന്‍ തുടങ്ങിയതാണോ മലയാളഭാഷയുടെ ദുരന്തമായി തീര്‍ന്നത്‌?

മലയാളഭാഷ മരിച്ചുപോവുമല്ലോ എന്ന്‌ ഒ.വി. വിജയന്‍ സങ്കടപ്പെട്ടപ്പോള്‍, ഒരിക്കലും മരിക്കില്ലെന്ന്‌ എം. കൃഷ്‌ണന്‍നായര്‍ സാന്ത്വനപ്പെടുത്തിയിട്ടുണ്ട്‌. തൊഴിലാളികളും സാധാരണക്കാരും ഉള്ളകാലംവരെ മലയാളം മരിക്കില്ലെന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും ആശ്വാസം കൊള്ളുന്നു. പക്ഷേ, ചരിത്രം അനുകൂലമല്ല. ക്ഷമയോടും ചിട്ടയോടും പ്രവര്‍ത്തിച്ച്‌ വര്‍ഷങ്ങള്‍കൊണ്ട്‌ നാഗന്മാരുടെ മാതൃഭാഷ ഇല്ലാതാക്കുകയും പകരം ഇംഗ്ലീഷിനെ കുടിയിരുത്തി ഉറപ്പിച്ചെടുക്കുകയും ചെയ്ത അനുഭവം നമ്മുടെ കണ്‍മുന്നിലുണ്ട്‌. എഴുപതു ശതമാനം ജനങ്ങള്‍ ഒരു ഭാഷ സംസാരിക്കാന്‍ തുടങ്ങിയാല്‍ ബാക്കി മുപ്പതു ശതമാനം അറിയാതെതന്നെ അടിപ്പെട്ടുപോവും. 'ഒരു കവിത' എന്നത്‌ 'oru kavitha' എന്നെഴുതിക്കാണുമ്പോള്‍ തീര്‍ച്ചയായും നാം ആശങ്കപ്പെടണം. ലിപിസമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ഏര്‍പ്പാടാണത്‌.
മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു എന്നു നമുക്ക്‌ പറയേണ്ടിവരുമോ?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home