Tuesday, August 01, 2006

Gurukulam | ഗുരുകുലം - തേളും ബ്ലോഗറും

URL:http://malayalam.usvishakh.net/blog/archives/155Published: 7/22/2006 3:19 AM
 Author: ഉമേഷ് | Umesh

സുഭാഷിതത്തിലെ വിചിത്രമായ വധം എന്ന ലേഖനം എഴുതിയപ്പോള്‍ ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ശ്ലോകം മുഴുവന്‍ അറിയില്ലായിരുന്നു. അക്ഷരശ്ലോകഗ്രൂപ്പില്‍ നിന്നു തപ്പിയെടുക്കേണ്ടി വന്നു.

നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.

കീടഃ കശ്ചന വൃശ്ചികഃ, കിയദയം പ്രാണീ, കിയച്ചേഷ്ടതേ,
കോ ഭാരോ ഹനനേऽസ്യ, ജീവതി സ വാ കാലം കിയന്തഃ പുനഃ
നാമ്‌നാപ്യസ്യ കിയദ്‌ ബിഭേതി ജനതാ ദൂരേ കിയദ്‌ ധാവതി
കിം ബ്രൂമോ ഗരളസ്യ ദുര്‍വ്വിഷഹതാം പുച്ഛാഗ്രശൂകസ്പൃശഃ?

അര്‍ത്ഥം:

വൃശ്ചികഃ കശ്ചന കീടഃ : തേള്‍ വെറുമൊരു കീടം മാത്രമാണു്
അയം പ്രാണീ കിയത് : അതു് എന്തൊരു ചെറിയ പ്രാണിയാണു്?
കിയത് ചേഷ്ടതേ : അതു് എന്തു ചെയ്യും?
അസ്യ ഹനനേ കഃ ഭാരഃ : അതിനെ കൊല്ലാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
സ കിയന്തം കാലം ജീവതി? : എത്ര കാലം അതു ജീവിച്ചിരിക്കും?
പുനഃ : പിന്നെ (എന്നാലും),
ജനതാ അസ്യ നാമ്നാ അപി കിയത് ബിഭേതി : ജനത്തിനു് അതിന്റെ പേരു കേട്ടാല്‍ എന്തൊരു പേടിയാണു്?
കിയത് ദൂരേ ധാവതി : (കണ്ടാല്‍) എന്തൊരു ഓട്ടമാണു്?
പുച്ഛാഗ്രശൂകസ്പൃശഃ ഗരളസ്യ : വാലിന്റെ അറ്റത്തെ മുനയിലുള്ള വിഷത്തിന്റെ
ദുര്‍വിഷഹതാം കിം ബ്രൂമഃ? : തീക്ഷ്ണതയെപ്പറ്റി എന്തു പറയാന്‍!

ഇവിടെ പറയുന്നതു തേളിനെപ്പറ്റിയാണെങ്കിലും വിവക്ഷ അതല്ലെന്നു വ്യക്തമാണു്. തേളിന്റെ വാല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഏഷണിക്കാരന്റെ നാക്കാണു്. യാതൊരു വിധത്തിലുള്ള കഴിവുമില്ലാത്തവനായാലും ഏഷണിക്കാരനെ ആളുകള്‍ പേടിക്കുന്നു.

ഇങ്ങനെ പറയേണ്ട കാര്യം പറയാതെ മറ്റൊരു കാര്യം വ്യംഗ്യമായി പറയുന്നതിനെ കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം എഴുതിയ അപ്പയ്യദീക്ഷിതര്‍ അന്യാപദേശം എന്നു വിളിക്കുന്നു. ഭാഷാഭൂഷണത്തില്‍ ഏ. ആര്‍. രാജരാജവര്‍മ്മ ഇതിനെ അപ്രസ്തുതപ്രശംസ എന്ന അലങ്കാരത്തിന്റെ ഒരു വകഭേദമായി മാത്രമേ കരുതുന്നുള്ളൂ.

അന്യാപദേശരീതിയിലുള്ള ശ്ലോകങ്ങളുടെ സമാഹാരങ്ങളായ കാവ്യങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമുണ്ടു്. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം അതിലൊന്നാണു്.

“വാല്‍” എന്നതിനു പകരം “ബ്ലോഗ്” എന്നോ “പത്രം” എന്നൊന്നു് ആലോചിച്ചുനോക്കൂ. ഇതു വളരെ പ്രസക്തമല്ലേ? യാതൊരു കഴിവുമില്ലാത്തവനും ഒരു ബ്ലോഗ്/പത്രം കൈവശമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടി ആളുകള്‍ പേടിക്കുന്നവന്‍/ള്‍ ആകാമല്ലോ? (ആരെയും ഉദ്ദേശിച്ചിട്ടില്ല എന്നൊരു മുന്‍‌കൂര്‍ ജാമ്യമെടുക്കുകയാണു് :-) ).


അന്യാപദേശശതകത്തിലെ ഞാന്‍ കണ്ടിട്ടുള്ള ശ്ലോകങ്ങളെല്ലാം ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിലാണു്. ആ കാവ്യത്തെ കുസുമമഞ്ജരീവൃത്തത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. കേരളവര്‍മ്മയുടെ ഏറ്റവും നല്ല പരിഭാഷയാണതു്. സംസ്കൃതപക്ഷപാതിത്വം കൂടുതലുണ്ടായിരുന്ന അദ്ദേഹം അതു വിട്ടു് നല്ല മലയാളത്തില്‍ നന്നായി എഴുതിയ പുസ്തകമാണിതു്. ദ്വിതീയാക്ഷരപ്രാസവാദത്തിനു ശേഷമായതുകൊണ്ടു് ഇതിലെ ശ്ലോകങ്ങള്‍ക്കെല്ലാം നല്ല സജാതീയദ്വിതീയാക്ഷരപ്രാസവുമുണ്ടു്.

മേല്‍ക്കൊടുത്ത ശ്ലോകത്തിനു കേരളവര്‍മ്മയുടെ പരിഭാഷ താഴെച്ചേര്‍ക്കുന്നു..

തേളു തുച്ഛമൊരു കീടകം; പരമിതെന്തുചെയ്യു? മൊരെറുമ്പിനെ-
ക്കാളുമില്ല പണി കൊല്ലുവാനിതിനെ, വാഴുമെത്രയിതു വാഴ്കിലും?
ആളുകള്‍ക്കു പുനരെന്തുപേടി? യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!

(രാജേഷ് വര്‍മ്മയ്ക്കു തത്കാലം പണിയില്ല. മറ്റൊരു വര്‍മ്മ നൂറു കൊല്ലം മുമ്പേ അതു ചെയ്തു :-) )

posted by സ്വാര്‍ത്ഥന്‍ at 6:05 AM

0 Comments:

Post a Comment

<< Home