Tuesday, August 01, 2006

നെടുമങ്ങാടീയം - വെളയാടല്‍.

"ഇക്കൊല്ലം നീ തുള്ളണം"

ഓലമേഞ്ഞ വീടിന്റെ മുന്നിലെ ദ്രവിച്ചുതുടങ്ങിയ കഴുക്കോലില്‍ പിടിച്ചു തൂങ്ങി ശ്വാസം വലിച്ചുവിട്ടുകൊണ്ട്‌ പപ്പനാവന്‍ അചാരി മകനോട്‌ പറഞ്ഞു.
"ഇക്കൊല്ലംമുതല്‍ മാടന്‍ വെളയാടണനത്‌ നീയാണ്‌. എന്നെക്കൊണ്ടിനി വയ്യ. ഒറഞ്ഞു വരണ മാടന്‍ തമ്പുരാനെ താങ്ങിനിര്‍ത്താനൊള്ള കെല്‍പ്പൊന്നും എന്റെ വെറയ്ക്കണ കാലിനില്ല അരവിന്ദാ.."


വായിച്ചുകൊണ്ടിരുന്ന പുസ്തകം അവജ്ഞയോടെ മടക്കി അരവിന്ദന്‍ എണീറ്റ്‌ പോയി. പപ്പനാവന്‍ അചാരിയുടെ കണ്ണുകള്‍ അടുത്ത പറമ്പിലേക്ക്‌ നീണ്ടു. പതിവുപോലെ യക്ഷിപ്പനയുടെ മുകളില്‍ ഒരുനിമിഷം കണ്ണുടക്കി. പിന്നെ താഴേയ്ക്ക്‌. ഉത്സവം അടുക്കാറായതു കൊണ്ട്‌ അമ്പലം മോടിപിടിപ്പിക്കല്‍ തകൃതിയില്‍ നടക്കുന്നു.
തലമുറകളായി കൈമാറിവന്ന കുടുംബക്ഷേത്രം. കാലാകാലം ഉത്സവം നടത്താനും പൂജാ കര്‍മ്മങ്ങള്‍ ചെയ്യാനും വരുമാനം ഇല്ലാതായപ്പോള്‍ വച്ചുവാഴിച്ചുപോന്ന രാജരാജേശ്വരിയെ ട്രസ്റ്റിനു വിട്ടുകൊടുക്കുകയായിരുന്നു. എങ്കിലും ദേവിയെ പൂജിക്കാനും വര്‍ഷംതോറും ഉത്സവത്തിനു മാടന്‍ തമ്പുരാനെ ശരീരത്തില്‍ കയറ്റി ഉറയാനുള്ള അവകാശവും അചാരി സൂക്ഷിച്ചു പോന്നു. അയാളുടെ ചിന്തകളില്‍ പഴയകാലത്തിന്റെ മേളം ഒരു നിമിഷം മുറുകി.കൊതിപ്പിക്കുന്ന വിറ പെരുവിരലില്‍ നിന്നും കയറി. അതു നെഞ്ചിലെത്തിയപ്പോള്‍ ഒരു ചുമ അതിനെ തടഞ്ഞു. ചുമയെ തടുക്കാനാവാത്ത ക്ഷീണിച്ച ശ്വാസകോശം വിങ്ങി. അതു കുറുകി. അചാരി മണ്ണിന്റെ അരച്ചുവരില്‍ ഇരുന്നു. നെഞ്ചിലെ കുറുകല്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ ഇറങ്ങി നടന്നു.


വേലിക്കല്ലില്‍ കൈതൊട്ട്‌ വണങ്ങി അയാള്‍ അമ്പലപറമ്പിലേക്ക്‌ കടന്നു. ചുവരില്‍ ദ്വാരപാലകന്റെ ചിത്രം വിട്ടുള്ള ഭാഗത്ത്‌ വെള്ള പൂശിക്കൊണ്ടിരിക്കുന്ന സതീശന്‍ പപ്പനാവന്‍ അചാരിയോട്‌ ചോദിച്ചു,
"പൂയാരിയേയ്‌ എന്തരായി കാര്യങ്ങള്‌? ഇത്തവണ പൊങ്കാലവെളയാടലും ഗുരുസിയും പൂപ്പടയും നമക്ക്‌ കലക്കണം. ഒന്ന് അറയണം. മഞ്ഞീരാട്ട്‌ കൊറച്ചൂടെ വെളുത്തിറ്റ്‌ മതി. എന്നാലെ വൊരു പൊലിപ്പൊള്ളൂ"

അചാരി കല്‍തൂണില്‍ കൈ ചാരി നിന്നു. എന്നിട്ട്‌ പറഞ്ഞു,
"പഴേ പോലൊന്നും ഒറയാന്‍ വയ്യ ചെല്ലാ. ഇത്തവണേങ്കിലും മാടനെ ആവാഹിച്ചുവരാന്‍ അരവിന്ദനോട്‌ പറഞ്ഞിട്ടൊണ്ട്‌. അവന്‍ ചെയ്യൂല. പുതിയ പിള്ളേരല്ലീ അവന്മാര്‍ക്ക്‌ നാണക്കേടായിരിക്കും."


ഉത്സവം അടുക്കും തോറും അചാരിയുടെ മനസു പിടച്ചു, മാടന്‍ തമ്പുരാന്‍ കാലിടറിയോ ശ്വാസം മുട്ടിയോ മറ്റോ നിലത്തുവീഴുമോ? എന്തായാലും വരുന്നത്‌ വഴിക്ക്‌ കാണാം എന്നു മനസില്‍ പറഞ്ഞ്‌ അചാരിയുടെ ജീവിതം ഒരു പൂജാരിയിലേക്ക്‌ വഴിമാറി തുടങ്ങി.
ഉത്സവ ദിവസം രാവിലേയും അരവിന്ദനോട്‌ അചാരി കേണു,
"നീ പൊങ്കാല കോരണ്ട, മഞ്ഞനീരാടണ്ട, ഒറഞ്ഞു തുള്ളണ്ട, വൊന്നും ചെയ്യണ്ട. ചൂരലും പിടിച്ചോണ്ടു കൂടെ നടന്നാ മതി."
ഭാര്‍ഗ്ഗവിത്തള്ളയും പറഞ്ഞു, “അരവിന്ദാ മക്കളേ എന്തരാണെടാ
നെനക്കൊന്ന് മാടന്‍ അനുഗ്രഹിച്ചാല്‍? നീയല്ലീ ഇനി അതു ചെയ്യാനൊള്ളത്‌. അല്ലങ്കീ, ചെല്ലക്കിളീ ദൈവഗോപം ഒണ്ടാവുമെടാ"

കമ്മ്യൂണിസവും പുരോഗമന വാദവും തലയില്‍ പിടിച്ച അരവിന്ദന്‍ പുകയുന്ന വെറുപ്പോടെ പറഞ്ഞു,
"ഞാന്‍ എത്ര തവണപറഞ്ഞു, എന്നക്കൊണ്ട് പറ്റൂലെന്ന്. ഹും, ദൈവകോപം പോലും! കോപിക്കാത്ത ദൈവം എന്തരൊണ്ടാക്കി തന്നു പപ്പനാവന്‍ പൂജാരിക്ക്‌ ഇത്രേം കാലം കൊണ്ട്‌? ദൈവ കോപം. ഫൂ!"
അരവിന്ദന്‍ ഒരു കൊടുംകാറ്റുപോലെ ഇടവഴിയിലേക്ക്‌ ഇറങ്ങി നടന്നു. പൂച്ചയുടേയും മത്തങ്ങയുടേയും രൂപത്തിലുള്ള ബലൂണുകള്‍ വീര്‍പ്പിച്ചു കുത്തിയ വാഴത്തടയുമായി ഉത്സവ പറമ്പിലേക്ക്‌ കയറിയ ഒരു കച്ചവടക്കാരന്റെ ചുമലില്‍ അരവിന്ദന്റെ ചുമലിടിച്ചു. ഉത്സവപറമ്പില്‍ പൊടി ഉയര്‍ന്നു. കോളാമ്പിയില്‍ നിന്ന് ചലച്ചിത്രഗാനങ്ങളും.


പറമ്പിനോട്‌ ചേര്‍ന്നുള്ള വീട്ടില്‍ പപ്പനാവന്‍ ആചാരി ശ്വാസം ബുദ്ധിമുട്ടി വലിച്ച് മകനുവേണ്ടി കാത്തിരിന്നു. സന്ധ്യകഴിയുമ്പോളെങ്കിലും എത്തും എന്ന് അയാള്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല.
"നീ ഇങ്ങനെ ഇരുന്നാലെങ്ങനെ പപ്പനാവാ..? രണ്ടുതൊട്ടിവെള്ളവും കോരി ഒഴിച്ചോണ്ട്‌ നീ തെക്കതിലോട്ട്‌ കേറ്‌."
ഈ ഒരു വാക്കിനു കാത്തിരുന്ന പോലെ പപ്പനാവന്‍ അചാരിയുടെ കാലുകള്‍ നിവര്‍ന്നു. അരയില്‍ ഒരു പട്ടു ചുറ്റി. അയാള്‍ കിണറ്റിനരുകിലേക്ക്‌ നടന്നു.


പാര്‍ട്ടി ഓഫീസില്‍ പുസ്തകം വായിച്ചിരുന്ന അരവിന്ദന്‍ പെട്ടന്ന് പുറത്തേക്കിറങ്ങി, ഒരു വെളിപാട് പോലെ. പാര്‍ട്ടി ഓഫീസിന്റെ പടികള്‍ അവന്‍ ഓടി ഇറങ്ങി. ബസ്‌ സ്റ്റാന്റും കടന്ന് ചന്തമുക്കിലേക്ക്‌ അവന്‍ നടന്നു. മങ്ങിയ ഇരുട്ടില്‍ ബാറിന്റെ മുന്നില്‍ അവന്റെ കാലുകള്‍ ലക്ഷ്യം കണ്ടു.
ഇടുങ്ങിയ മുറിയില്‍ ചെറിയ ടേബിളിനു മുന്നില്‍ ഇരുന്ന് അവന്‍ ഓര്‍ഡര്‍ കൊടുത്തു.
"രണ്ട്‌ ഓസിയാര്‍. തണുത്ത സോഡയും"


ചെറിയ കാറ്റില്‍ പപ്പനാവന്‍ അചാരിക്ക്‌ തണുത്തു. അയാള്‍ തണുത്ത പട്ട്‌ ഒന്നു ഇറക്കി ഉടുത്തു. മേളം മുറുകുന്നു. ദേഹമാസകലം സിന്ദൂരം വാരിപ്പൂശുമ്പോള്‍ അചാരി പ്രാര്ത്ഥിച്ചു, മേളത്തിനൊത്ത്‌ തന്റെ കാലുകളെ ചലിപ്പിച്ചുതരണേ!.


ഓര്‍ഡര്‍ കൊടുത്ത സാധനം റ്റേബിളില്‍ എത്താന്‍ താമസിക്കും തോറും അരവിന്ദന്‍ അസ്വസ്തനായി. ഇരുണ്ട വെളിച്ചം അവന്റെ കണ്ണില്‍ ഇരുട്ട്‌ പാകി. രൂക്ഷഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ പുകച്ചു. അവന്റെ ചിന്തകളില്‍ അസ്വസ്തതയുടെ ചെണ്ട മുറുകി. അരവിന്ദന്‌ തലവേദനിച്ചു. അവന്റെ കാലുകള്‍ വിറച്ചു. ഉള്ളില്‍ ഒരു കൊടുങ്കാറ്റിന്റെ കെട്ടിളകി. അരവിന്ദന്‍ അലറിവിളിച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാള്‍ പുറത്തേക്ക്‌ ഇറങ്ങി ഓടി.
അലറിവിളിച്ചുകൊണ്ടോടുന്ന അരവിന്ദന്‍ ശരിക്കും കെട്ടഴിച്ചുവിട്ട ഒരു കൊടുംകാറ്റായി മാറി. ബാങ്ക്‌ മുക്കും കടന്ന് അരവിന്ദന്‍ പുതിയ റോഡിലൂടെ പാഞ്ഞു,നെടുമങ്ങാടിന്റെ ജനത ഒന്നും മനസിലാകാതെ നോക്കി നിന്നു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ചിലരൊക്കെ തിരിച്ചറിഞ്ഞു അരവിന്ദനെ.


പാടം കടന്നു ഒരു അലര്‍ച്ചയോടെ വന്ന അരവിന്ദന്റെ പിന്നില്‍ കാര്യമറിയാത്ത ഒരു പുര്‍ഷാരം തന്നെ ഉണ്ടായിരുന്നു. ഉത്സവപറമ്പില്‍ അയാള്‍ ഉറക്കെ അലറി. അലര്‍ച്ചയില്‍ ഉത്സവ പറമ്പു തരിച്ചു. ഉച്ഛഭാഷിണി അല്ലാതെ എല്ലാ ശബ്ദവും നിലച്ചു. വേലിക്കല്ലും കടന്നുവന്ന അരവിന്ദന്‍ മാടന്റെ നടയില്‍ ഒന്നു നിന്നു. പുരുഷാരം പിന്നില്‍ നിന്നു. അരവിന്ദന്‍ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവര്‍ത്തി അംബലത്തിനകത്തേക്ക്‌ തെറിക്കുകയായിരുന്നു.
ആകാംഷപൂണ്ട മുഖങ്ങള്‍ക്ക്‌ മുന്നില്‍ വാതിലടഞ്ഞു.
അകത്ത്‌ ഉണ്ടായിരുന്ന പപ്പനാവന്‍ അചാരി ഒന്നും മിണ്ടിയില്ല.സ്വന്തം കാലില്‍ നിന്നും ചിലമ്പൂരി മകന്റെ കാലിലണിയിച്ചു. അരവിന്ദന്‍ ഒന്നുകൂടി അലറി. താഴ്‌ന്നു തളര്‍ന്ന ശബ്ദത്തില്‍ അചാരിയും ഒപ്പം അലറി. പുറത്ത്‌ ഭാനുവിന്റെ ചെണ്ട ഉറഞ്ഞു. മണി ഒച്ചയില്‍ വാതില്‍ തുറന്നു. വായില്‍ ഒരു പന്തവും കടിച്ച്‌ പിടിച്ച്‌ മുതുകിലൂടെ ഒരു ചങ്ങലയും ചുറ്റി വീതിയുള്ള ചൂരന്‍ കാലിന്റെ പെരുവിരലിനിടയില്‍ കുത്തി, ശരീരം മുഴുവന്‍ സിന്ദൂരം പൂശി. അരവിന്ദന്‍ പുറത്തുവന്നു.
അയാളുടെ വായിലിരുന്ന പന്തത്തിലേക്ക്‌ അചാരി കുന്തിരിക്കം ഏറിഞ്ഞു. മുഖത്തിനു മുന്നില്‍ തീയാളി. ചുവന്നു തുടുത്ത അരവിന്ദമുഖം കണ്ട്‌ ജനം കൈകൂപ്പി.
ചെണ്ട മുറുകി. അരവിന്ദന്റെ ശരീരം മുഴുവന്‍ വിറച്ചു. അയാള്‍ ഒന്നുകൂടി അലറി. ഓരോ അലര്‍ച്ചയിലും അവന്റെ ശക്തി വര്‍ദ്ധിച്ചു. അയാള്‍ ചങ്ങല ചുഴറ്റി ശരീരത്തില്‍ അടിച്ചു. ഭാര്‍ഗ്ഗവിത്തള്ള കണ്ണുപൊത്തി. പപ്പനാവന്‍ അചാരിയുടെ കണ്ണുനിറഞ്ഞു.


വിരിയിച്ച ഒരു കമുകിന്‍ പുക്കുല അരവിന്ദന്റെ കയ്യിലേക്ക്‌ ശിവരത്തിനം പിള്ള തിരുകിക്കൊടുത്തു. അമ്പലമുറ്റത്തെ പണ്ടാരഅടുപ്പില്‍ തിളച്ചു മറിയുന്ന പൊങ്കാലയില്‍ ആ പൂക്കുല മുങ്ങി. പിന്നെ അത്‌ അരവിന്ദന്റെ മുഖത്തേക്ക്‌. ഒന്നല്ല ഒരുപാട്‌ തവണ. അയാളുടെ മുഖത്തു നിന്നും ആവിപൊങ്ങി. ശരീരമാസകലം തിളച്ച പായസം.
അരവിന്ദനു മതിയായില്ല.
ഭാനു ഒരു ലഹരിയോടെ ചെണ്ടയില്‍ തന്റെ മാസ്റ്റര്‍ പീസായ 'കൊച്ചു ചക്കറം കൊല്ലത്തെ ചക്കറം' കയറ്റിറക്കത്തോടെ വായിച്ചു. വീണ്ടും വീണ്ടും പൂക്കുല പായസത്തില്‍ മുങ്ങി. അതിന്റെ ലഹരി മൂത്തപ്പോള്‍ പൂക്കുല വലിച്ചെറിഞ്ഞ്‌ കൈകള്‍കൊണ്ട്‌ തിളച്ചുകൊണ്ടിരിക്കുന്ന പൊങ്കാല കോരി അവന്‍ മുഖത്ത്‌ പൂശി.

ഒരിക്കല്‍ കൂടി അലറിവിളിച്ചു അരവിന്ദന്‍. പിന്നെ പിന്നിലേക്ക്‌ മറിഞ്ഞു. ചെണ്ടയുടെ താളം അയഞ്ഞു. ശിവരത്തിനം പിള്ള അരവിന്ദനെ വാരിയെടുത്ത്‌ മടിയില്‍ ഇട്ടു.

പായസത്തില്‍ മുങ്ങിക്കിടക്കുന്ന പുരോഗമനവാദിയുടെ ചുറ്റും ഭക്തജനം തൊഴുകയ്യോടെ നിന്നു. കൂട്ടത്തില്‍ പ്രായം ചെന്ന മാധവന്‍മൂത്താശാരി പറഞ്ഞു,
"വെളയാടല്‍! ഇതാണ്‌ വിളയാടല്!‍"


പായസം വറ്റിക്കിടന്ന കണ്‍പോളകള്‍ക്കിടയിലൂടെ, അതിന്റെ ചൂടോടെ അരവിന്ദന്‍ അഛനെ നോക്കി. പപ്പനാവന്‍ അചാരിയുടെ കണ്‍പോളകളില്‍ കണ്ണീര്‍ നിറഞ്ഞുകിടന്നു. ഒരുവിളയാടലിന്റെ ആലസ്യത്തില്‍ അരവിന്ദന്‍ ഓര്‍ത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ എന്നാണ്‌.


വേറൊരു അടുപ്പില്‍ മഞ്ഞനീരാട്ടിനുള്ള വെള്ളം തിളയ്ക്കുന്നു. അരവിന്ദന്‍ അതിന്റെ കനലിന്റെ ചുവപ്പ്‌ നോക്കിക്കിടന്നു. ചിന്തകളില്‍ മറ്റൊരു ചുവപ്പ്‌ കറുത്തുതുടങ്ങിയിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 5:16 AM

0 Comments:

Post a Comment

<< Home