Wednesday, August 02, 2006

അശ്വമേധം - നീല

URL:http://ashwameedham.blogspot.com/2006/08/blog-post.htmlPublished: 8/3/2006 2:38 AM
 Author: Adithyan
“യോര്‍ ഫസ്റ്റ് ബിഗ് പ്രോജക്‌ട്”

പബ്ബില്‍ നിറഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു കൊണ്ട് പോള്‍ ശ്രീരാമിനോടു പറഞ്ഞു. അഭിമാനവും സന്തോഷവും ഗര്‍വ്വും എല്ലാം കലര്‍ന്ന് ഒരു ചിരി മാത്രം ശ്രീ മറുപടിയായി നല്‍കി. ഇതു വരെ സ്വപ്നം പോലും കാണാനാവാത്തത്ര പണമാണ് ഈ ഒരു അസൈന്മെന്റിനു ബോണസ്സായി പോള്‍ അര മണിക്കൂര്‍ മുന്‍പെ കൈയില്‍ വെച്ച് കൊടുത്തത്. ആ ബ്രീഫ്‌കെയ്സിന്റെ ഹാന്‍ഡിലില്‍ തൊട്ടുതലോടിക്കൊണ്ട് പോള്‍ തുടര്‍ന്നു.


“യു ഗോണാ മെയ്ക്ക് ഇറ്റ് ബിഗ് മാന്‍... നൌ, ഒണ്‍സ് യു ഡൂ ദാറ്റ്, യു മൈറ്റ് വാണ ഫൊര്‍ഗെറ്റ് ദോസ് പൂവ ഗേള്‍സ്”

പോള്‍ ഡാ‍ന്‍സ് ചെയ്തവരെ ചൂണ്ടിയാണവന്‍ അത് പറഞ്ഞത്. ഇനി ഇത്തരം കുസൃതികളൊന്നും പാടില്ലത്രെ. വലിയ വലിയ കോണ്ടാക്‌ട്സ് ആവുമ്പോള്‍ പഴയവ മറക്കണം എന്ന ഉപദേശം.

“ഹേയ് കമോണ്‍ മാന്‍, ഷട്ടപ്പ്‌!!!..” ശ്രീ ഉറക്കെച്ചിരിച്ച് കൊണ്ട് പറഞ്ഞു. കൈയിലിരുന്ന മദ്യചഷകം ഉയര്‍ത്തിയപ്പോള്‍ അവന്റെ റ്റൈമെക്സ് വാച്ചിന്റെ നീല ഡയല്‍ പബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍ ഒന്നു കൂടി തിളങ്ങി. സ്റ്റേജില്‍ നിന്നുള്ള് നീലവെളിച്ചം ഒന്നുകൂടി തെളിച്ചമാര്‍ന്ന പോലെ.

ഇനിമുതല്‍ അക്കൌണ്ട് മാനേജേഴ്സിന്റെ കൂടെ ആയിരിയ്ക്കും ഊണും ഉറക്കവും. എപ്പോഴും ബഹളവുമായി നടക്കുന്ന ഡെവലപ്പര്‍ കുട്ടികളുടെ കൂടെത്തന്നെ ലഞ്ചിനു പോകാനും അവരുടെ കമന്റടിയിലും മറ്റു ബഹളങ്ങളിലും പങ്കു ചേരാനും ശ്രീയ്ക്ക് പെട്ടെന്നൊരു കൊതി. ഇനി അതൊന്നും നടക്കുമെന്നു തോന്നുന്നില്ല.

ആഴ്ചകള്‍ക്കു ശേഷം... പബ്ബുകളിലെ നീല വെളിച്ചം ശ്രീയ്ക്ക് അന്യമായി. അവന്റെ വാച്ച് ഡയലിന്റെ നീല നിറവും മങ്ങിത്തുടങ്ങി എന്നു തോന്നി. ഉറങ്ങിയിട്ട് ദിവസം മൂന്നായിരുന്നതിനാല്‍ ഉറക്കം തളം കെട്ടിക്കിടക്കുന്ന കണ്ണൂകളുമായി ശ്രീ ഡെസ്ക്കില്‍ അല്‍പ്പ നേരം തല ചായ്ച്ചു. അടുത്ത ക്യാബിനില്‍ പോള്‍ ശാപവാക്കുകള്‍ ഉച്ചരിയ്ക്കുന്നത് അവ്യക്തമായി കേള്‍ക്കാം. കോണ്ട്രാക്ട് റിവോക്കിംഗ് ഫോമുകളിലും ലെ-ഓഫ് ഫോമുകളിലും ഒപ്പ് ഇടുകയാണെന്ന് പെന ഉരയുന്ന ശബ്ദം കൊണ്ട് മനസിലാക്കാം. കുറച്ച് മുന്‍പെ ശ്രീയുടെ കമ്പനിയുടെ അറ്റോര്‍ണി വന്നിരുന്നു, ഡെവലപ്പ്മെന്റ് പ്രോജക്ടായിരിയ്ക്കും എന്നു കരുതി ടീം ബില്‍ഡിംഗ് നടത്തിയതിന്റെ കണക്കുകളുടെ ഫയലും മാറത്തടക്കി. കൂടെ കൊണ്ടു വന്ന ശ്രീയുടെ അപ്രൈസല്‍ ഫോമില്‍ ഒരുപാട് നീല വരകള്‍ വീണുകാണും. ശ്രീ കണ്ണുകള്‍ ആഞ്ഞു തിരുമ്മി.


അതുവരെ എഴുതിക്കൊണ്ടിരുന്ന മുകളില്‍ ഇടതു വശത്ത് ഫോട്ടോയുള്ള വെളുത്ത ഫോമില്‍ അവസാന കോളവും പൂരിപ്പിച്ച്, അമര്‍ത്തി ഒരു കുത്തും ഇട്ട് നാഗരാജ് പേന കോണ്‍ഫറന്‍സ് റൂമിന്റെ മേശപ്പുറത്തേയ്ക്ക് ശബ്ദത്തോടെ ഇട്ടു. റ്റൈ ഒന്ന് അയച്ചു, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. എന്നിട്ടാ ഫോം താഴെയുള്ള ഷെല്‍ഫില്‍ വെച്ച് ഭദ്രമായി പൂട്ടി.

പിന്നെ എഴുതിക്കൊണ്ടിരുന്ന പേന കൈയില്‍ എടുത്ത് അത് വിരലുകള്‍ക്കിടയിലിട്ട് കറക്കാന്‍ തുടങ്ങി. ലാബ്രഡോറെറ്റ് എന്ന നീല രത്നം പതിപ്പിച്ച അതിന്റെ ടോപ്പ് നീല പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. രത്നത്തിനു ചേരാന്‍ എന്ന പോലെ പേനയില്‍ അങ്ങിങ്ങായി ചില നീല പൊട്ടുകള്‍. പിന്നെ പതിയെ അവന്‍ ആ ഷെല്‍ഫ് വീണ്ടും തുറന്ന് പേന അതില്‍ നിക്ഷേപിച്ചു.

പിന്നെ നേരെ റെസ്റ്റ് റൂമിലേയ്ക്ക് പോയി. ഓട്ടോമാറ്റിക് ടാപ്പിലെ വെള്ളത്തില്‍ മുഖവും കൈയും മാറിമാറി കഴുകി. എത്ര കഴുകിയിട്ടും തൊട്ടു മുന്നെ പുതിയ ട്രെയിനി വിക്രമിന്റെ ഫോമില്‍ അവനെ ടെസ്റ്റിങ്ങ് ടീമിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഒപ്പിട്ടതിന്റെ കറ കൈയില്‍ നിന്നും മാറാത്തതു പോലെ. കൈത്തണ്ടയിലെ ഒരു നീല ഞരമ്പ് ഒന്നു പിടഞ്ഞു. പിന്നെ ഗ്രാഫൈറ്റ് തറയില്‍ വഴുക്കാതെ, തീരെ ശബ്ദമുണ്ടാക്കാതെ റിസോഴ്സ്‌ അലോക്കെഷന്‍ മാനെജരുടെ ക്യാബിനിലെയ്ക്കു നടന്നു.

“ആയിത്താ?”

“...അഹ്....ആ.....ആയിത്തു” റിസോഴ്സ് മാനേജരുടെ മുഖത്തു തുറിച്ചു നോക്കിക്കൊണ്ടാണ് നാഗ്‌രാജ് അതു പറഞ്ഞത്.

“അവ ഏനു കെലഷ് മാടിതരെ?”

“കോഡിങ്ങ്”

നാഗ്‌രാജ് ആ പറഞ്ഞത് വിക്രം തൊട്ടടുത്ത ക്യുബിക്കിളില്‍ നിന്നും കേട്ടു. ഇട്ടിരുന്ന ഷൂ ഊരി നാഗരാജിനെ തല്ലണമെന്ന് അവനു തോന്നി. അതുവരെ കോഡ് ചെയ്തു കൊണ്ടിരുന്ന ഡെവലപ്പ്മെന്റ് എന്‍വയണ്മെന്റ് ഒന്നു കൂടി നോക്കി, ഒന്നു നെടുവീര്‍പ്പിട്ട്, പിന്നെആ‍ മോണിറ്ററിന്റെ ഒരു വശത്ത് ഇടത് കൈ കൊണ്ട് മുറുക്കിപ്പിടിച്ച് അവന്‍ കോഡിങ്ങില്‍ മുഴകിയിരിയ്ക്കുകയാണെന്നു നടിച്ചു. അവന്റെ മോണിറ്ററില്‍ അപ്പോള്‍ കാണപ്പെട്ടത് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് ആയിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 3:41 PM

0 Comments:

Post a Comment

<< Home