Wednesday, July 12, 2006

തുളസി - മനുഷ്യത്വം

URL:http://kevinsiji.goldeye.info/?p=91Published: 7/12/2006 7:00 PM
 Author: കെവി

മനുഷ്യത്വം എന്നാലെന്താണു്? ദയ, അനുകമ്പ, സ്നേഹം എന്നിവ മാത്രം ചേര്‍ത്താല്‍ മനുഷ്യസ്വഭാവത്തിന്റെ സ്വത്വമാകുമോ? മാനുഷികമൂല്യങ്ങള്‍ മനുഷ്യരില്‍ മാത്രമേ ഉള്ളോ? മറ്റു ജീവികളും സ്നേഹം ദയ തുടങ്ങിയ ലോലവികാരങ്ങള്‍ മനുഷ്യരേക്കാള്‍ എത്രയോ നന്നായി പ്രകടിപ്പിക്കുന്നു. പിന്നെ മനുഷ്യരേപ്പോലെ ഇത്തരം വികാരങ്ങളുടെ കുത്തകാവകാശം മൃഗങ്ങളിലാരും കൈവശപ്പെടുത്തുന്നില്ലെന്നു മാത്രം.

മാനുഷികമെന്നു പറയുമ്പോള്‍ മുഖ്യമായി കണക്കിലെടുക്കേണ്ട വികാരം സ്വാര്‍ത്ഥതയാണു്. സ്വാര്‍ത്ഥമല്ലാത്ത ഏതൊരു മനുഷ്യമനസ്സുണ്ടു് ഈ ലോകത്തിലിപ്പോള്‍? തന്റേതായ സ്വാര്‍ത്ഥതയെ മറികടക്കുന്ന ദീനാനുകമ്പ മനുഷ്യരില്‍ എത്രപേര്‍ക്കുണ്ട്? ദീനാനുകമ്പയുടെ കുത്തകക്കാരായ മിഷനറികള്‍ പോലും ലക്ഷ്യങ്ങളിലേയ്ക്കുള്ള മാര്‍ഗ്ഗം മാത്രമാണു് തങ്ങളുടെ പ്രകടനപരമായ ദീനാനുകമ്പ എന്ന് രഹസ്യമായെങ്കിലും സമ്മതിക്കും.

മൃഗങ്ങളാണെങ്കില്‍ സ്വന്തം വയറിന്റെ ഒരു നേരത്തെ വിശപ്പിനപ്പുറത്തേയ്ക്കുള്ള സ്വാര്‍ത്ഥത ഒരിക്കലും കാണിക്കില്ല. തനിക്കു പിറക്കാന്‍‍ പോകുന്ന നൂറ്റിപ്പതിനാറു തലമുറയ്ക്കു കൂടി സമ്പാദിക്കുന്ന സ്വഭാവം മനുഷ്യനൊഴിച്ചു് ഒരു ജീവിവര്‍ഗ്ഗത്തിനും കണ്ടിട്ടില്ല. ഒരു നിമിഷത്തിന്റെ ആഹ്ലാദത്തിനു വേണ്ടി ഒരു യുഗത്തിന്റെ മൊത്തം നീക്കിയിരിപ്പും നശിപ്പിക്കാന്‍ മനുഷ്യന്‍ മാത്രമേ തയ്യാറാവൂ. തനിക്കാവശ്യമില്ലെങ്കില്‍കൂടി വേട്ടയാടിനശിപ്പിക്കുന്നതിലെ ഹരത്തിനുവേണ്ടി മാത്രം വേട്ടയാടുന്നതു് മനുഷ്യന്റെ മാത്രം സ്വഭാവമാണു്. മുംബെയില്‍ വേട്ടയാടപ്പെട്ടതു് മനുഷ്യജീവിതങ്ങള്‍ തന്നെ, അതില്‍ ഹരം കൊണ്ടതും മനുഷ്യമനസ്സുകള്‍ തന്നെ.

മനുഷ്യത്വത്തോടെനിക്കു വെറുപ്പാണു്.

posted by സ്വാര്‍ത്ഥന്‍ at 1:30 PM

0 Comments:

Post a Comment

<< Home