Tuesday, July 11, 2006

അശ്വമേധം - നിങ്ങളെന്നെ ക്യാമറ പിടുത്തക്കാരനാക്കി

ക്യാമറ എന്ന വസ്തു പ്രകടമായ സ്വാധീനത്തോടെ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത് എന്റെ പ്രീയൂണിവേഴ്‌സിറ്റി കാലത്തായിരുന്നു. അതു വരെ ക്യാമറ എന്നത് എനിയ്ക്കു വല്ലപ്പൊഴും നോക്കി ചിരിച്ചു കാണിയ്ക്കാനുള്ള, വല്ലവന്റെയും കയ്യിലിരിയ്ക്കുന്ന ഒരു വസ്തു മാത്രമായിരുന്നു. പ്രീയൂണിവേഴ്‌സിറ്റിയിലും ഇതിനു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഉണ്ടായത് എന്റെ പ്രതികരണത്തിലെ മാറ്റമാണ്. ഓരോ തവണ ക്യാമറയുടെ ബട്ടണ് ഞെങ്ങുമ്പോഴും അതിന്റെ മറുവശത്ത് സുസ്മരവദനനായി എത്തിപ്പെടുക എന്നത് ഒരു ജീവിത ലക്ഷ്യമായെന്ന പോലെ വാശിയോടെ ഞാന് അതിനായി പ്രയത്നിച്ചിരുന്നു. ബീച്ചില്‍ പോകുമ്പോഴും കറങ്ങാ‍ന്‍ പോകുമ്പോഴും ഹോസ്റ്റല്/കോളേജ് പരിപാടികളിലും ഒക്കെ ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ വരാനായി ഞങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു. ഈ ഒരു മത്സരം കാരണം ഫോട്ടോ എടുക്കുക എന്ന കലാപരിപാടിയെക്കുറിച്ചു ചിന്തിച്ചിട്ടു തന്നെയില്ലായിരുന്നു.

പിന്നെ കോളേജിലെത്തിയപ്പൊഴാണ് ക്യാമറ എന്ന ഈ മറ കൊള്ളാല്ലോ എന്നു തോന്നിത്തുടങ്ങിയത്. പല കാര്യങ്ങളും ക്ലോസ് റെയിഞ്ചില്‍ നിന്നും വീക്ഷിയ്ക്കാന്‍ ഈ മറ ഉപയോഗിച്ചു ;) അന്നൊക്കെ സാദാ പോയന്റ് ആന്‍ഡ് ക്ലിക്ക് ക്യാമറകളായിരുന്നു ഞങ്ങള് കൂട്ടുകാ‍രുടെ കൈയിലൊക്കെ. ഫിലിം ഒക്കെ പൈസ പിരിവെടുത്തിട്ട്, ഫോട്ടോ പിടിച്ചു, പിന്നെ പിരിവിട്ട് ഡേവലപ്പ് ചെയ്ത്, ആവശ്യമുള്ള കോപ്പികള്‍ മാത്രമെടുത്ത്… അങ്ങനെ അങ്ങനെ. ഈ പരിപാടികളിലൊക്കെ സജീവമായി ഇടപെട്ടു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ പ്രവൃത്തിമേഖല ക്യാമറയുടെ പുറകിലേയ്ക്കു കൂടി വ്യാപിപ്പിച്ചത്. പിന്നെ എന്തു കാര്യം കണ്ടാലും അതു തല തിരിച്ച് ചെയ്യാനുള്ള ഒരു സ്വാഭാവികമായ വാസന എനിക്കുള്ളത് ഞാന്‍ ഫോട്ടോഗ്രാഫിയിലും പ്രയോഗിച്ചു. എന്റെ കയ്യില്‍ കിട്ടിയ ക്യാമറകള്‍ ഒക്കെ ഞാന്‍ തലങ്ങും വിലങ്ങും തിരിച്ചു പിടിച്ചു ഫോട്ടോ എടുത്തു കളിച്ചു. എന്റെ ചിത്രങ്ങളിലെ ചക്രവാളങ്ങള്‍ ഇടത്ത് താഴത്തേ മൂലയ്ക്കു നിന്നും വലത്ത് മേളില്‍ത്തെ മൂലയിലേയ്ക്കു മറ്റും നീണ്ടു നിവര്‍ന്നു കിടന്നു, കടല്‍ ചിലപ്പോ ത്രികോണാകൃതിയില്‍ കാണപ്പെട്ടു. മരങ്ങള്‍ ചെരിഞ്ഞു വളര്‍ന്നു. ആളുകള്‍ ഒരു മൂലയ്ക്കു നിന്നും മറ്റേ മൂലയിലേയ്ക്ക് നീണ്ടു വളര്‍ന്നു. ചിലര്‍ക്ക് തലകളില്ലായിരുന്നു, മറ്റു ചിലര്‍ക്ക് ഉടലുകളും.പിന്നെയും നിളയില്‍ വെള്ളം കുറെ വെറുതെ ഒഴുകി. ഇതിന് എന്റെ ഫോട്ടോഗ്രാഫി കരിയറുമായി ബന്ധമൊന്നുമില്ല. ചുമ്മാ പറഞ്ഞു പോണ വഴിയേ അങ്ങു പറഞ്ഞൂന്നേ ഒള്ളു. പിന്നെ ഈ ഛായാഗ്രഹണം, സിനിമാട്ടോഗ്രാഫി, ഫോട്ടോഗ്രഫി എന്നൊക്കെപ്പറയുമ്പോ ഓരോ മലയാളിയുടേയും മനസിലേയ്ക്ക് നിള കുതിച്ചു പാഞ്ഞ് എത്തിക്കോണം എന്നാണല്ലോ അലിഖിതം. അപ്പോള്‍ പുഴയില്‍ വെള്ളം ഒഴുകിക്കൊണ്ടിരുന്നു, ഞാന്‍ കോളേജുകള്‍ കഴിഞ്ഞ്, ജ്വാലി‍കള്‍ കിട്ടി ബാംഗ്ലൂരുകളില്‍ എത്തുന്നു. അഞ്ചു ദിവസം ഏതോ ഒരു മൃഗത്തെപ്പോലെ പണിയെടുക്കുക പിന്നെ കിട്ടുന്ന പ്രി-സാബത്തും സാബത്തും അലക്കിപ്പൊളിയ്ക്കുക എന്നത് അടുത്ത ‘അലിഖിത‘മായി എഴുതപ്പെട്ടു. ആരോ ഒരുത്തന്‍ നിക്കോണ്‍ കൂള്‍-പിക്സ് വാങ്ങി. മുമ്പേ ഗമിച്ച ഗോവിനെ പോലെ തന്നെ ഗമിക്കാനുള്ള വ്യഗ്രതയില്‍ പിന്നിലുള്ള ഗോക്കളെല്ലാം നിക്കോണ്‍ കടയിലേയ്ക്കോടി. എല്ലാ ആഴ്ച്യവസാനങ്ങളിലും എങ്ങോട്ടേലും തെണ്ടാന്‍ പോകുക, വിരല്‍ വേദനിക്കുന്നതു വരെ ക്യാമറയുടെ ബട്ടണ്‍ ഞെക്കിക്കൊണ്ടിരിയ്ക്കുക, തിരിച്ചു വന്ന് ഫോട്ടോ എല്ലാം കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക എന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി. ഡിജിറ്റല്‍ ആയതു കൊണ്ട് ഡേവലപ്പ് ചെയ്യണ്ട ചിലവുമില്ല. ഹരിഹരന്‍ പിള്ളയും പിന്നെ ഞങ്ങളെല്ലാവരും ഹാപ്പി.

അങ്ങനെ ട്രിപ്പുകളഞ്ചാറു കഴിഞ്ഞപ്പൊഴാണ് ഞങ്ങളാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്. അതായത് ഞങ്ങള്‍ടെ ഒക്കെ വദനങ്ങള്‍ ഫോട്ടോയിലൂടെ വീണ്ടും വീണ്ടും കണ്ടോണ്ടിരിയ്ക്കുക എന്നത് ഒരു ചെറിയ ശിക്ഷ തന്നെയാണ്. അതു മനസിലായതോടെ ഞങ്ങള്‍ ഫോട്ടോകളില്‍ നിന്ന് ഞങ്ങളെത്തെന്നെ ഒഴിവാക്കിത്തുടങ്ങി. എന്തിനാ വെറുതെ ആ നല്ല ബാക്ക്ഗ്രൌണ്ടിന്റെ ഭംഗി കളയുന്നെ എന്ന നിസ്വാര്‍ത്ഥ ചിന്ത. ഞങ്ങള്‍ പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ തുടങ്ങി - അതായത് ആര്‍ക്കോവേണ്ടി തൂങ്ങിക്കിടക്കുന്ന ഒരു പഴക്കുല, എവിടെ നിന്നോ എങ്ങോട്ടോ പറക്കുന്ന ഒരു പക്ഷി, ഇനിയെങ്ങോട്ട് എന്ന് സംശയിച്ചു കാറ്റത്ത് തത്തിക്കളിയ്ക്കുന്ന ഒരില, ആകാശപ്പുശാലയിലെ ഒരു നീല മേഘം തുടങ്ങിയ പ്രകൃതി ദ്രശ്യങ്ങള്‍ ഞങ്ങളുടെ ക്യാമറകള്‍ ഒപ്പിയെടുത്തു തുടങ്ങി. ഇങ്ങനത്തെ ഫോട്ടോകളെ നാറ്റ്-ജിയോ ഫോട്ടോസ് എന്നാണ് ഞങ്ങള്‍ നാമകരണം ചെയ്തത്. നാഷണല്‍ ജ്യോഗ്രഫിക് എന്നതിന്റെ ചുരുക്കം.

എന്റെ ഫോട്ടോഗ്രാഫിയിലെ കസ്സര്‍ത്തുകള്‍ നിര്‍ത്താന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആദ്യമൊക്കെ ഞാന്‍ നേരെ നിന്നു ഫോട്ടോ എടുക്കും ചിത്രങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും പതിയും എന്നു പറഞ്ഞല്ലോ. ഇതിനു ശേഷം സംഗതി നേരെ തിരിഞ്ഞു. അതായത് നാറ്റ് ജിയോ ഫോട്ടോ നേരെ കിട്ടാ‍നായി ഞാന്‍ ചായാനും ചെരിയാനും തുടങ്ങി. നിലത്തു വീണുകിടന്നുള്ള ഫോട്ടോ, ഒറ്റക്കയില്‍ മരത്തില്‍ തൂങ്ങിക്കിടന്നുള്ള ഫോട്ടോ, കയ്യാലപ്പുറത്ത് തല താഴേയ്കാക്കി ഇട്ടോണ്ടേടുത്ത ഫോട്ടോ എന്നൊക്കെയായി എന്റെ ഫോട്ടോയുടെ ക്യാപ്‌ഷനുകള്‍. എന്റെ മറക്കാനാവാത്ത നാറ്റ്-ജിയോ പോസ് ആയിരുന്നു ഞാന്‍ പോണ്ടിച്ചേരി ബീച്ചിലെടുത്ത ചിത്രം. ബീച്ചില്‍ നനഞ്ഞ മണ്ണില്‍ അല്‍പ്പം നീണ്ട് വണ്ണമുള്ള ഒരു കമ്പ് കിടക്കുന്നതു ഞാന്‍ കണ്ടു. ഒരു ചെറിയ വെള്ളാരം കല്ല് അതിനടുത്ത് ഉരുട്ടിയിട്ടു. എന്നിട്ടു നിലത്തു കമഴ്ന്നു കിടന്നു. കമ്പിന്റെ ഒരറ്റത്തോടു ലെന്‍സ് ചേര്‍ത്തു വെച്ചുകൊണ്ട് തിരയും സൂര്യനും മേഘങ്ങളും എല്ലാം പശ്ചാത്തലത്തില്‍ വരുത്തിക്കൊണ്ട് ഞാനൊരു ഉഗ്രന്‍ ഫോട്ടോ പ്ലാന്‍ ചെയ്തു. സമയം എടുത്ത് സൂര്യനെ ഒക്കെ പോസ് ചെയ്യിപ്പിച്ച് ക്ലിക്കും ചെയ്തു. എല്ലാം കഴിഞ്ഞ് എണീറ്റ ഞാന്‍ കണ്ടത് ഒരു ബസ് നിറയെ ഏതോ ലേഡീസ് കോളേജില്‍ നിന്ന് അപ്പോ വന്നിറങ്ങിയ തരുണീമണികള്‍ ഒരു ഭ്രാന്തന്‍ വെറും നിലത്ത് കമഴ്ന്ന് കിടന്ന് ക്യാമറയും കൊണ്ട് തിരിമറി നടത്തുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുന്നതാണ്. രക്ഷയ്ക്കായി ചുറ്റും നോക്കിയ ഞാന് കണ്ടത് അപ്പോള് വരെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന, എല്ലാ പ്രോത്സാഹങ്ങളും തന്നിരുന്ന എന്റെ സുഹൃത്ത്സംഘം ദൂരെ മാറി നിന്ന് ഞാന്‍ മനോഹരമായി ചമ്മുന്ന കാഴ്ച ആസ്വദിയ്ക്കുന്നതാണ്. അവിടുന്ന് എങ്ങന്യാ സ്ഥലം കാലിയാക്കിയതെന്ന് എനിക്കു മാത്രമറിയാം.

അപ്പൊള്‍ പറഞ്ഞു വന്നത് ഞാനെന്ന വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു ആയുധം വേണം. ഈ നീണ്ട അഭ്യാസപാടങ്ങളില്‍ നിന്നൊക്കെ ചന്തുവും ഒന്നു രണ്ടു വാക്കുകള്‍ പഠിച്ചെടുത്തു. മെഗാ പിക്സല് 5-ഓ 6-ഓ എങ്കിലും വേണം. ഓപ്റ്റിക്കല് സൂം 10-ഏലുമില്ലേല് ശരിയാവൂല്ല. പിന്നെ ഫോക്കല് ലെങ്ങ്ത് അതൊരു 30ഓ 40ഓ മുതല് ഒരു 300 , 400 വരെ പോട്ടെ. ഇതൊക്കെ അറിയാവുന്നതു കൊണ്ട് ചന്തു അത്ര എളുപ്പം ഒന്നും തോല്‍ക്കൂല.

ഇതു വരെ പഠിച്ച അറിവുകളും പാഠങ്ങളും വെച്ച് ഞാന്‍ ഇപ്പൊ എത്തിക്കറങ്ങി നില്‍ക്കുന്നത് ഒന്നു രണ്ടു മോഡലുകളുടെ മുന്നിലാണ്. എനിക്കേറ്റവും ഇഷ്ടെപ്പെട്ടത് കാനണ്‍ന്റെ പവര്‍ഷോട്ട് എസ് 2 ഐ എസ് ആണ്. പിന്നെ നോട്ടം ഇവന്റെ ചേട്ടനായ എസ് 3 ഐ എസ്. ഈ വിവരങ്ങള് ഒക്കെ അറിയാവുനന് ശനിയേട്ടന്റെ വകയും കിട്ടി കണ്‍ഫ്യൂഷന് കൂട്ടന് വേണ്ടി ഒരെണ്ണം. സോണിയുടെ സൈബര്‍ഷോട്ട് ഡി എസ് സി എച് -2 .

എസ് 2 -ന്റെ ഒരു കുഴപ്പം കേട്ടത് അതിന് 4 ബാറ്ററി വേണം. ഡി എസ് സി എച് -2 നാണേല് 2 ബാറ്ററി മതി. ഇനി ഇവിടുത്തെ ഫോട്ടോഗ്രാഫി പുലികളേ ഓടി വരൂ, എന്നെ ഒന്നു സഹായിക്കൂ... ഈ പറഞ്ഞ സാധങ്ങള്‍ എങ്ങനെ? ഏതിനേലും എന്തേലും കുഴപ്പമുണ്ടോ? ഇതു ഉപയോഗിയ്ക്കുന്ന ആരേലും ഒണ്ടോ? ഒണ്ടെങ്കിലെങ്ങനെ? ഈ റെയ്ഞ്ചില്‍ ഇതിനേക്കാള്‍ പുലി ക്യാമറ വേറെ ഉണ്ടോ? എസ് 2 -ഇല് നിന്നും എസ് 3-ഇലെക്ക് പ്രധാന വ്യത്യാസം 1 മെഗാപിക്സലിന്റെയാണ്. വേറെ എന്തേലും?

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home