Tuesday, July 11, 2006

അശ്വമേധം - ബോയിംഗ്

“വെല്‍ക്കം എബോര്‍ഡ് സര്‍” ആ സ്വരം പരിചിതമായിരുന്നോ? ഞാന്‍ തലയുയര്‍ത്തി നോക്കിയത് മനം മയക്കുന്ന ചിരിയുമായി നിന്ന എയര്‍ഹോസ്റ്റസ്സിന്റെ മുഖത്തേയ്ക്കായിരുന്നു. ഞെട്ടിയെന്നു പറഞ്ഞാല്‍ അത് മുഴുവനാവില്ല. നെഹാരിക ഗുപതയുടെ സുസ്മിത വദനം ഞാനവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ കണ്ട അവളും ഒന്നു ഞെട്ടിയെന്നുറപ്പാണ്, എന്നാലും പെട്ടെന്നു തന്നെ വശ്യമായ ആ ചിരി വീണ്ടെടുത്ത് എന്നെ വരവേല്‍ക്കാനും പരിചയം ഭാവിക്കാതെ സീറ്റിനു നേരെ ആനയിയ്ക്കാനും‍ അവള്‍ക്കു കഴിഞ്ഞു. അവളുടെ ഹോസ്റ്റസ്സ് ട്രെയിനിംഗ് വെറുതെയായില്ല - ഏത് ആകസ്മിക സംഭവത്തെയും ചിരിയോടെ നേരിടാന്‍ ഹോസ്റ്റസ്സുകളെ പഠിപ്പിക്കാറുണ്ടത്രെ.

ജാലകത്തിനടുത്തുള്ള 9A സീറ്റില്‍ ഞാന്‍ ചെന്നിരുന്നത് ചിന്തകളില്‍ മുഴകിയാണ്. കോളേജിലെ ആദ്യ ദിവസത്തെക്കുറിച്ചായിരുന്നു ഞാന്‍ ഓര്‍മ്മിച്ചത്. ക്ലാസിലെ പെണ്‍കുട്ടികളെ ഒക്കെ പെട്ടെന്നു പരിചയപ്പെടാനുള്ള കസര്‍ത്തുകള്‍ പലതും മാറി മാറി ശ്രമിച്ചതും എല്ലാവരെയും ഓടി നടന്നു പരിചയപ്പെട്ടതുമെല്ലാം… പിന്നെ ക്ലാസിനു വെളിയിലേയ്ക്കു നടന്നപ്പൊഴാണ് ഇതേ മനം മയക്കുന്ന ചിരിയുമായി അവള്‍ എതിരേ വന്നത്. അന്നും ആ കണ്ണുകളില്‍ അലിഞ്ഞു ചേര്‍ന്ന് സ്വയം മറന്ന് കുറെ നേരം നിന്നു - ഇന്നു നിന്ന പോലെ. ജീവിതത്തില്‍ ചില കാര്യങ്ങളുണ്ട് മാറ്റമില്ലാത്തവയായി - നെഹാരികയുടെ ചിരി അവയിലൊന്നാണ്.

“നനഞ്ഞ ടവല്‍, സര്‍” മുഖം തുടയ്ക്കനുള്ള ടവലുമായി നീട്ടിയ അവളുടെ കൈ ആണ് എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. പതിയെ ടവല്‍ വാങ്ങുമ്പോള്‍ ഞാനോര്‍മ്മിച്ചത് കോളേജിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ബാഡ്‌മിന്റണ്‍ കളി കഴിയുമ്പോഴൊക്കെ അവളോടു ടവല്‍ എടുത്തു തരാന്‍ പറയുന്നതായിരുന്നു. നിറഞ്ഞ ചിരിയുമായി അവളെപ്പൊഴും നിരസിയ്ക്കാനുപയോഗിയ്ക്കുന്ന പതിവു വാചകം ഓര്‍മ്മയുണ്ട് “മേരെക്കോ നൌക്ക്‌രാനി സമച്ച്ക്കേ രഖാ ഹൈ ക്യാ?”. ആ ചോദ്യം കേള്‍ക്കാനായി മാത്രം എത്രയോ തവണ ടവല്‍ ചോദിച്ചിരിയ്ക്കുന്നു.

ഫ്ലൈറ്റില്‍ ഊണിന്റെ സമയമാകാന്‍ അധികം താമസിച്ചില്ല. അവള്‍ വീണ്ടും മുന്നില്‍ “ഊണിനെന്താണു സര്‍? വെജിറ്റേറിയന്‍? അതോ നോണ്‌വെജിറ്റേറിയന്‍?”. ഞങ്ങള്‍ ഒന്നിച്ചു ദിവസവുമെന്നോണം ഭക്ഷണത്തിനു പോയിരുന്ന ഒയാസിസ്-നെക്കുറിച്ചാണ്‍ അപ്പോള്‍ ഞാനോര്‍ത്തത്. ഞാനൊരു പരിപൂര്‍ണ്ണ മാംസാഹാരിയാണെന്നും മാംസാഹാരമില്ലാതെ എനിയ്ക്ക് ഊണിറങ്ങില്ലെന്നും നന്നായറിയാവുന്നവള്‍. എന്നെ കളിയാക്കാന്‍ വേണ്ടി എന്നും മുടങ്ങാതെ എനിക്കായി ചില്ലി ബീഫും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തിരുന്നവള്‍. അവളിതാ എന്നോടു ചോദിയ്ക്കുന്നു വെജ്ജാണോന്ന്‌.

ഊണു കഴിഞ്ഞതും അടുത്ത ചോദ്യവുമായി അവളെത്തി “ചായയോ കാപ്പിയോ?”. കയ്യില്‍ രണ്ടു കെറ്റിലുകളും പിടിച്ച് അതേ ചിരിയുമായി. “എനിക്കല്‍പ്പം തണുത്തതെന്തെങ്കിലും കിട്ടുമോ” ഞാന്‍ അന്വേഷിച്ചു. “ക്ഷമിയ്ക്കണം, കേട്ടില്ല” എന്ന്‌ അവള്‍ പറഞ്ഞത് കേട്ടാല്‍ ഞാന് ചായയും കാപ്പിയും കുടിയ്ക്കാറില്ലെന്ന കാര്യം സത്യമായും അവള്‍ക്കറിയില്ലെന്നേ തോന്നൂ. ഞാന്‍ ശ്യാമവര്‍ണ്ണന്‍ ശീതളപാ‍നീയങ്ങള്‍ എപ്പൊഴും അകത്താക്കുന്നതിന് അവളെന്നേ വഴക്കു പറയാത്ത ദിവസങ്ങളില്ലായിരുന്നു. ഓരോ മാസികകളില്‍ വരുന്ന സ്ഥിതിവിവരക്കണക്കുകളും നിരത്തി വാശിയോടെ വാദിയ്ക്കുന്ന അവളുടെ മുഖമായിരുന്നു എന്റെ മനസില്‍. അതൊക്കെ ഓര്‍ത്ത് മറുപടി പറഞ്ഞപ്പോള്‍ എന്റെ സ്വരം അല്‍പ്പം ഉയര്‍ന്നു “ഒരു ഗ്ലാസ്സ് കൊക്കക്കോള”. “ദാ ഒരു നിമിഷം സാര്‍” ആഥിത്യമര്യാദയുടെ അവസാനവാക്കായിരുന്നു അപ്പോളവള്‍. ഏതാനും നിമിഷങ്ങള്‍ക്കകം അവള്‍ മടങ്ങി വന്നു - രണ്ടു കാര്യങ്ങളുമായി - എനിക്കായി ഒരു ഗ്ലാസ്സ് കൊക്കൊക്കോള പിന്നെ ഒരിയ്ക്കലും മങ്ങാത്ത ആ ചിരി.

ബാംഗ്ലൂര്‍ നിന്നും പൂനെയ്ക്കുള്ള ഒരു ഫ്ലൈറ്റ് അനന്തമായി പറന്നു കൊണ്ടിരിയ്ക്കില്ലല്ലോ. “ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ദിസ് ഈസ് ക്യാപ്റ്റന്‍ സഞ്ജീവ് ശര്‍മ്മ… യു ആര്‍ എബൌട്ട് ടു ലാന്റ് അറ്റ് പൂനെ എയര്‍പോര്‍ട്ട്. ദി ഔട്ട്സൈഡ് റ്റെമ്പറേച്ചര്‍ ഈസ് 29 ഡിഗ്രീ…” വിമാനം താഴെയെത്തി. ഞാന്‍ എന്റെ ബാഗെടുത്തു. അവസാനം പുറത്തിറങ്ങിയതു ഞാനായിരുന്നു. അവള്‍ നിന്ന വാതിലാണു ഞാന്‍ തിരഞ്ഞെടുത്തത്. അവള്‍ അവിടെ - ആ മന്ദഹാസവും പിന്നെ പതിവു വാക്കുകളുമായി “ഞങ്ങളോടോപ്പം പറന്നതിനു നന്ദി. ശുഭദിനം”. ഞങ്ങള്‍ അതിനു മുമ്പ് അവസാനമായി കണ്ടതിനെപ്പറ്റിയായിരുന്നു അപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചത്. അന്ന് കോളേജിലെ അവസാന ദിവസമായിരുന്നു. അവള്‍ അവസാനമായി എന്നോടു പറഞ്ഞത് ദില്‍ ചാഹ്ത്താ ഹൈ-യില്‍ അമീര്‍ അഗ്വാഡ കോട്ടയില്‍ ഇരുന്നു സൈഫിനോടും അക്ഷയോടുമായി പറഞ്ഞ വാചകമായിരുന്നു. “ഹമാരാ സിന്ദഗി വോ ജഹാസ് കെ തരഹ് ഹെ… അപ്നെ അപ്നെ മന്‍സില്‍ ഡൂണ്‌ട്കെ നിക്കല്‍ പഡാ ഹെ…സാല്‍ മൈം ഏക് ബാര്‍ ക്യാ ദസ് സാ‍ല്‍ മൈം ഏക് ബാര്‍ ഭീ മില്‍നാ മുശ്‌കില്‍ ഹോഗാ”. ഞങ്ങളുടെ പാതകള്‍ അതിനു മുന്നെ തന്നേ പിരിഞ്ഞു കഴിഞ്ഞിരുന്നെങ്കിലും അതു പറയാന്‍ മാത്രമായി അവളെന്നെ ഒരിയ്ക്കല്‍ കൂടി ഒയാസിസിലേയ്ക്കു വിളിച്ചിരുന്നു. അതു കേള്‍ക്കാന്‍ മാത്രമായി ഞാന്‍ പോവുകയും ചെയ്തിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home