Sunday, April 09, 2006

എന്റെ ലോകം - നുണയന്‍

http://peringodan.blogspot.com/2006/04/blog-post_09.htmlDate: 4/9/2006 11:07 PM
 Author: പെരിങ്ങോടന്‍
നിങ്ങള്‍ക്കു്,
നിങ്ങള്‍ എന്നെഴുതുമ്പോള്‍ തിരിച്ചറിയപ്പെടുന്നതു ചിലപ്പോള്‍ നിങ്ങളില്‍ ചിലരാകും, ഒരു പക്ഷെ നിങ്ങളിലാരുമാകുകയില്ല.

നോക്കൂ, ഞാന്‍ നുണകള്‍ പറയുവാറുണ്ടു്. അതില്‍ നിങ്ങള്‍ക്കു നീരസം തോന്നേണ്ടതുണ്ടോ? അഥവാ അപ്രകാരം തോന്നുകയാണെങ്കില്‍ അതു് ഏകപക്ഷീയമായ ഒരു അഭിപ്രായപ്രകടനമല്ലെ എന്നൊരു ചോദ്യമേ ഈ കുറിപ്പു അവശേഷിപ്പിക്കുകയുള്ളൂ.

നോക്കൂ, ഞാന്‍ നുണകള്‍ പറയുന്നതു് അതു പറയുന്ന ഏവരേയും പോലെ തന്‍‌കാര്യലാഭത്തിനായാണു്. എന്നാലോ വല്ലപ്പോഴും നുണകള്‍ പറയുന്നതു്, ദുര്‍ലഭം ചിലരെപ്പോലെ നുണപറയുന്നതിന്റെ രസത്തിനുകൂടിയാണു്.

ചില ഉദാഹരണങ്ങള്‍ എഴുതാം,

എനിക്കു വളരെ പ്രിയപ്പെട്ട ഒരുവനുണ്ടു്, അവന്‍ തന്നെയാണെന്റെ ഏക തോഴനെന്നും കരുതാവുന്നതു തന്നെ. അവനെ കുറിച്ചു പറയുന്നതിനു മുമ്പു ഞാന്‍ എനിക്കൊരു കമ്പ്യൂട്ടറുണ്ടെന്നുകൂടി പറയട്ടെ. പല വൈകുന്നേരങ്ങളിലും ഞാന്‍ എഴുതുവാനോ വായിക്കുവാനോ കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുമ്പോഴെപ്പോഴെങ്കിലുമാകും അവന്‍ എന്നെ സെല്‍ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നതു്. ഒരു കാര്യം മാത്രമേ അവനറിയേണ്ടുള്ളൂ, ഞാന്‍ എന്റെ റൂമിലുണ്ടോ എന്നുമാത്രം. അവന്‍ വരികയും ഞങ്ങള്‍ തമാശകള്‍ പറഞ്ഞിരിക്കുകയും ചെയ്യുന്നതു സ്വാഭാവികമാണു്. എന്നാലോ ഞാന്‍ വല്ലപ്പോഴും തനിച്ചിരിക്കുവാന്‍ - തനിച്ചിരുന്നു് എഴുതുവാന്‍ മോഹിക്കുമ്പോള്‍ ഞാനവനോടു് ഏതെങ്കിലും തരത്തിലുള്ള നുണകള്‍ പറയും, ഞാനകലെയാണെന്നു ബോധിപ്പിക്കും. ഒരു പക്ഷെ ഞാന്‍ അദൃശ്യനായ ഒരാളോട് “ഹോള്‍ഡ് ഓണ്‍ അ സെക്കന്ഡ് ഞാനീ കാള്‍ ഹങപ്പ് ചെയ്തുവരാമേ” എന്നു പറഞ്ഞു് ഞാനേതോ വലിയ തിരക്കിലാണെന്നു പ്രതിഫലിപ്പിക്കും. എന്നിട്ടെന്തു ചെയ്യും? ഓ പ്രത്യേകിച്ചൊന്നുമില്ല; ഏകാന്തതയ്ക്കു കൊടുക്കേണ്ടുന്ന വില ഒരു നുണയുടെ വിലയാണെന്നു തിരിച്ചറിയും.

രസകരമായ നുണകള്‍ പറയുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്നു തന്നെ തിരിച്ചറിയുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും പലപ്പോഴും “ഒരു രസത്തിനായ്” ഞാന്‍ നുണകള്‍ പറയുന്നതു തുടരുന്നു. ഈയടത്തു പതിവുള്ളൊരു യാത്രയ്ക്കിടെ ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സാരഥി എന്നോടു ചില വ്യക്തിപരമായ കാര്യങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു. സംസാരം ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെ കുറിച്ചായപ്പോഴാണു് എനിക്കു നുണപറയുവാനുള്ള ആ “രസം” കയറി വന്നതു്,

നിങ്ങള്‍ക്കീ എല്‍.എല്‍.സീ എന്നു പറഞ്ഞാല്‍ എന്താണെന്നു് അറിയുമോ? എല്‍.എല്‍.സീകളില്‍ ജോലി ചെയ്യുന്നവര്‍ക്കു ശംബളം കിട്ടാതിരിക്കില്ല. ഗവണ്‍‌മെന്റ് കമ്പനിയുടമകളുടെ പക്കല്‍ നിന്നു് വലിയൊരു തുക കരുതല്‍ നിക്ഷേപം വാങ്ങിവച്ചിരിക്കുന്നു. ഏതെങ്കിലും ജോലിക്കാരനു് പ്രയാസങ്ങളുണ്ടായാല്‍ ഈ തുകകൊണ്ടു് അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നു. വെറുതെയല്ലാ, എല്‍.എല്‍.സീകള്‍ക്കു മാത്രമാണല്ലോ നേരിട്ട് കയറ്റുമതിയും ഇറക്കുമതിയും ചെയ്യുവാനുള്ള അധികാരമുള്ളൂ. ഇതു നുണയല്ലല്ലോ വിഡ്ഢിത്തരമല്ലേ എന്നു നിങ്ങള്‍ക്കു തോന്നിയെങ്കില്‍ എനിക്കാക്ഷേപമില്ല. ശ്രോതാവിനു പ്രസ്തുതവിഷയത്തില്‍ ഗ്രാഹ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞതെല്ലാം വിഡ്ഢിത്തരമായി പരിഗണിക്കപ്പെട്ടേന്നെ. സംഭവവശാല്‍ അങ്ങിനെയായിരുന്നില്ല, പകരം ഞാനൊരു നുണയനായി.

നുണ പറഞ്ഞു ഞാനയാള്‍ക്കു ദ്രോഹം ചെയ്തെന്നോ? ശരിയായിരിക്കും, അയാള്‍ ഇപ്പോഴുള്ള ജോലി കളഞ്ഞു്, ഒരു എല്‍.എല്‍.സീയില്‍ ജോലിയ്ക്കു ശ്രമിക്കുകയാണെങ്കില്‍.

ഇനി ഈ നുണയുടെ പിന്നിലുള്ള വികാരത്തെ ഞാനൊന്നു തിരിച്ചറിയുവാന്‍ ശ്രമിക്കട്ടെ. സത്യത്തില്‍ ഞാനൊരു നുണയനല്ല, ഏകാന്തത കൊതിച്ചിരിക്കുന്ന എന്റെ സ്വകാര്യതയിലേയ്ക്കു ശ്രോതാവും ചോദ്യകര്‍ത്താവുമെല്ലാമായ ആ അന്യന്‍ കടന്നു വന്നതല്ലേ ഈ നുണകള്‍ക്കു കാരണം? എങ്കിലും ഞാന്‍ നുണയെനെന്നു നിങ്ങള്‍ പറയരുതു്, പറഞ്ഞുപരത്തരുതു്. അതെന്നെ വ്യസനിപ്പിക്കുമെന്നു തീര്‍ച്ച.

ഒരു മനോരോഗവിദഗ്ധനോടു ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങളും അദ്ദേഹവുമായുണ്ടാവേണ്ടിയിരുന്ന ഒരു സ്വകാര്യ സംവാദവുമാണല്ലോ ഈവിധം സ്വപ്നസ്ഖലനം നടത്തുന്നവര്‍ക്കുള്ള ഒറ്റമൂലിക്കാരുടെ പരസ്യം പോലെ വെറുങ്ങലിച്ചു കിടക്കുന്നതു് എന്നൊരു സംശയം അവസാനമായി നിങ്ങള്‍ക്കുണ്ടായേക്കാം. ഒരു തരത്തില്‍ ശരി തന്നെ. എന്നാല്‍ തന്നെയും മനോരോഗവിദഗ്ധനെ വിശ്വസിക്കുവാന്‍ കൊള്ളില്ലെന്ന പേരില്‍ ഞാനൊഴിവാക്കുമായിരുന്നു (അവര്‍ ഡയറികള്‍ എഴുതി പ്രസിദ്ധീകരിക്കുന്നുണ്ടെന്നാണു് എന്റെ കേവലമായ അറിവു്.)

മറ്റൊരു പോംവഴി ഒരു കഥയെഴുതുകയായിരുന്നു. ഒരു കാര്യവുമില്ലാതെ (പ്രത്യക്ഷത്തില്‍) നുണപറയുന്ന ഒരു യുവാവിനെ കുറിച്ചും പിന്നെ യാതൊരു കാര്യവുമില്ലാതെ (അതും പ്രത്യക്ഷത്തില്‍) അദ്ദേഹം സ്വയംജീവപരിത്യാഗം ചെയ്യേണ്ടിവരുന്ന അവസ്ഥാന്തരങ്ങളെ കുറിച്ചൊരു കഥയായെങ്കിലോ! അത്തരം കഥകളെഴുതിയാല്‍ സാഹിതീയസംസാരങ്ങളിലെ ഉത്തരാധുനികന്റെ വാലില്‍ തൂങ്ങിയതുപോലെയാണെന്നും, സഹിക്കവയ്യെങ്കില്‍ തലയ്ക്കു കിഴുക്കുമെന്നും ഒരു സുഹൃത്തു ഭീഷണിപ്പെടുത്തിയതിലുമാണു് ഇതിത്രയും ഈ രൂപത്തില്‍ നിങ്ങള്‍ക്കു വായിക്കേണ്ടിവന്നതെന്നു താഴ്മയോടെ അറിയിച്ചുകൊള്ളുന്നു. വൈരുദ്ധ്യങ്ങളില്‍ പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണു്.

posted by സ്വാര്‍ത്ഥന്‍ at 8:32 PM

0 Comments:

Post a Comment

<< Home