Tuesday, August 15, 2006

ഭാഷ്യം - അറബിനാട്ടില്‍ എന്റെ ദേശത്തിന്റെ പതാക




എല്ല വര്‍ഷത്തെപോലെയും ഈ വര്‍ഷവും വണ്ടിയില്‍ കെട്ടാന്‍ ദേശീയ പതാക ഓര്‍ഡര്‍ ചെയ്തു. ഇവിടെ കടകളില്‍ കിട്ടാത്ത ഒരു സാ‍ധനമാണല്ലോ അത്. കൊടി വേണമെന്ന് ഞാന്‍ പാകിസ്ഥാനിയായ കൊടി നിര്‍മ്മാണക്കാരനോടു നേരത്തെതന്നെ പറഞ്ഞിരുന്നു. വളരെ കാലത്തെ പരിചയമുള്ള, എന്റെ വാപ്പയുടെ പ്രായമുള്ള ഒരു വ്യക്തിയാണ് പുള്ളി.ഒരുപാടു ജോലിതിരക്കുള്ള സമയമായിരിന്നിട്ടും നല്ലവനായ ആ മനുഷ്യന്‍ പറഞ്ഞ സമയം തെറ്റിക്കാതെ August 14, രാത്രി 11 നു തന്നെ അഞ്ച് കൊടികളും എനിക്കായി തയ്യാറാക്കി വച്ചിരുന്നു. കാശു വാങ്ങുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു. "എന്തിനാണു താങ്കള്‍ എല്ലാ വര്‍ഷവും 5 കൊടി വീതം ഓര്‍ഡര്‍ ചെയുന്നത്?”
ഞാന്‍ പറഞ്ഞു. "എന്റെ കൊടി കണ്ടിട്ടാരെങ്കിലും കൊടി ചോദിച്ചാലോ?"
അദ്ദേഹം ഒരു നേര്‍ത്ത പുഞ്ചിരിയോടെ: "എന്നിട്ട് ആര്‍ക്കെങ്കിലും ഇതു കൊടുത്തോ?"
ഞാന്‍: "ഇല്ല ഇന്നുവരെ ആരും എന്നോട് ഈ കൊടി അവശ്യപ്പെടുകയോ എവിടെ കിട്ടുമെന്നോ ചോദിച്ചിട്ടില്ല."
അദ്ദേഹം: "നമ്മുടെ ജനം ഇനിയും എത്രയോ ദൂരെ പോകാന്‍ കിടക്കുന്നു."

ഞാന്‍ തിരിച്ചു വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ റേഡിയോയില്‍ "വന്ദേമാതരം". സമയം അര്‍ത്ഥ രാത്രി. അര്‍ത്ഥരാത്രിയില്‍ എനിക്ക് കിട്ടിയ എന്റെ പ്രിയപ്പെട്ട കൊടികള്‍ വലത്തെ സീറ്റില്‍ പ്ലാ‍സ്റ്റിക്‍ ബാഗില്‍ കിടന്നു.
****
August 15 2006
രാവിലെ വണ്ടിയില്‍ കോടികള്‍ കെട്ടി വണ്ടി പുറത്തിറക്കി.
ഒരുപാടു ഭാരതീയര്‍ അതു കണ്ടു അഭിമാനതോടെ കൈ ഉയര്ത്തി "സലാം" കാട്ടി. കൂട്ടത്തില്‍ ഒരു സ്വദേശിയും എന്നെ കണ്ടു വണ്ടിയിലെ കണ്ണാടി താഴ്ത്തി. "മബ്രൂക്‍" (Congratulation) എന്ന പറഞ്ഞു.

പക്ഷേ ഞാന്‍ ഒറ്റക്കായിരുന്നു.
5 ലക്ഷം ഇന്ത്യകാര്‍ വസിക്കുന്ന U.A.E.ല്‍ ദേശീയ പതാക പറത്തുന്ന മറ്റ് ഇന്ത്യകാരെ ഞാന്‍ കണ്ടില്ല. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഞാന്‍ August 15നു വണ്ടിയില്‍ പതാക കെട്ടി പറത്താറുണ്ട്. ഇന്നുവരെ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്തിനു പറയണം? കൂട്ടമായ ആ അപകര്‍ഷതാ ബോധം വീണ്ടും നമ്മെ വേട്ടയാടുന്നുവോ?

World Cup 2006 നടക്കുമ്പോള്‍, വാഹനങ്ങളില്‍ പല രാഷ്ട്രങ്ങളുടേയും കൊടിപറക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഇറാക്കിക്കും, ലെബ്നാനിക്കും, അമേരിക്കനും, പാക്കിസ്ഥാനിക്കും ഒക്കെ പറത്താമെങ്കില്‍ പിന്നെ എനിക്കെന്താ പറത്തിയാല്‍? ഞാന്‍ എന്താ രണ്ടാം ക്കെട്ടിലുള്ളവനാണോ?

അടുത്ത വര്‍ഷമെങ്കിലും എന്റെയൊപ്പം കൊടിപറത്താന്‍ ആരെങ്കിലും ഉണ്ടാവുമോ?

posted by സ്വാര്‍ത്ഥന്‍ at 12:43 PM

0 Comments:

Post a Comment

<< Home