Sunday, April 23, 2006

ചാത്തുണ്ണി സുവിശേഷം... - കാത്തിരുപ്പ്‌ [my first story :-D]

മൊട്ടകുന്നുകള്‍ നിറഞ്ഞ അവിടം എനിക്കു ഇഷ്ടമില്ലായിരുന്നു. എപ്പോഴാണ്‌ അവിടം ഞാന്‍ വെറുത്തു തുടങ്ങിയതെന്ന് ഓര്‍മ്മയില്ല. നാട്ടില്‍ നിന്നും പട്ടണത്തില്‍ പഠിക്കാന്‍ പോയപ്പൊഴാകാം. ഒരു നാട്ടിന്‍പുറത്തുകാരന്റെ ഉള്‍വലിയല്‍ കൊണ്ടു തന്നെ എനിക്കു കൊളേജും ഇഷ്ടമായിരുന്നില്ല. പിന്നേടെപ്പൊഴൊ ഞാന്‍ കൊളേജിനെ ഇഷ്ടപെട്ടു തുടങ്ങി. ഒരുപക്ഷെ ക്ലാസ്സിലെ സുന്ദരിമാര്‍ എന്നെ നോക്കി ചിരിച്ചപ്പൊഴാവാം. അവരാണ്‌ എന്നെ പ്രണയത്തെ പറ്റി ഓര്‍മ്മപ്പെടുത്തിയത്‌. സ്വപ്നങ്ങളില്‍ അവര്‍ സുന്ദരിമാരായ്‌ പെയ്തിറങ്ങാന്‍ തുടങ്ങിയപ്പൊള്‍; പഠിപ്പു കഴിഞ്ഞു എനിക്കു നാട്ടിലേക്ക്‌ മടങ്ങെണ്ടി വന്നു. മൊട്ടകുന്നുകളൊടു അതില്‍ പിന്നെയാകണം എനിക്ക്‌ വെറുപ്പ്‌ തൊന്നിത്തുടങ്ങിയത്‌..

പി.എസ്‌.സി. ക്വസ്റ്റിയന്‍ ബുക്കുകള്‍ വായിച്ചു തളര്‍ന്ന ഇടവെളയിലാണ്‌ ഞാന്‍ സാഹിത്യത്തില്‍ നേരം പൊക്കാനിറങ്ങിയത്‌. "ടൈം മെഷീന്‍", എച്ച്‌.ജി. വെല്‍സ്സ്‌ എഴുതിയ മഹത്തായ കൃതി. ആഗലേയം വായിക്കാന്‍ താല്‍പര്യം തൊന്നിയിരുന്നില്ല... തൊഴില്ലാത്തവന്റെ ഗതികേടിനെ ശപിച്ച്‌, ഇംഗ്ലീഷ്‌ പഠിച്ചു കളയാം എന്നൊര്‍ത്ത്‌, പേജുകള്‍ക്കിടയിലൂടെ ഞാനേന്തി ഏന്തി നടന്നു.. നടന്നു തളര്‍ന്നപ്പൊള്‍ കിടന്നു.. ജനാലകമ്പികള്‍ക്കിടയൂടെ മൊട്ടകുന്നുകള്‍ നൊക്കി കൊണ്ട്‌. എന്റെ നെഞ്ചില്‍ എച്ച്‌.ജി. വെല്‍സ്സിന്റെ മഹത്തായ കൃതി ഉറക്കം പിടിച്ചു..

ആ ഉറക്കത്തിലാണ്‌ ഞാന്‍ അവളെ കണ്ടത്‌.. ഞാന്‍ ടൈം മെഷീനില്‍ യാത്ര ചെയ്യുകയായിരുന്നു..എനിക്കു ചുറ്റും സ്ഥലകാലങ്ങള്‍ മാറുന്നു...മൊട്ടകുന്നുകള്‍ മായുന്നു...മരങ്ങള്‍ വളരുന്നു...മാറ്റങ്ങള്‍ക്ക്‌ വിഭ്രാന്തിയുടെ വേഗമെത്തിയപ്പോള്‍, ഞാന്‍ ടൈം മഷീന്‍ നിര്‍ത്തി. മൊട്ടകുന്നുകള്‍ നിന്നെടുത്ത്‌ നിറയെ വലിയ കെട്ടിടങ്ങള്‍.. എന്റെ വീടിനു തൊട്ടുമുന്നില്‍ ഉള്ള ഫ്ലാറ്റ്‌ പോലെ തൊന്നിക്കുന്ന വലിയ കെട്ടിടത്തില്‍ നിന്നും അവള്‍ ഇറങ്ങി വന്നു..ചിരപരിചതനെ പോലെ എന്നെ നൊക്കി ചിരിച്ചു.. ഞാനും ചിരിച്ചു.. ആ ചിരിയുടെ വളര്‍ച്ച എങ്ങോട്ടാണെന്നു രണ്ടുപേര്‍ക്കും അറിയാമെന്നപോലെ തൊന്നി.. കവിളില്‍ നനവു തട്ടിയപ്പൊഴാണ്‌ ഞാന്‍ ഉണര്‍ന്നത്‌. മെലിഞ്ഞ ഒരു ആട്‌, കണ്ണുകളില്‍ ദൈന്യ ഭാവം..വീട്ടില്‍ നിറയെ ആടാണ്‌. അച്ഛന്‍ മരിച്ച ശേഷം ഇവയാണ്‌ വീട്ടുചിലവിനുള്ള വകയുണ്ടാക്കുന്നത്‌. ശവങ്ങള്‍!!..ഇവ കൂടി ഇല്ലായിരുന്നെങ്കില്‍ എനിക്കു കൂലിപ്പണിക്കു പോകാമായിരുന്നു..

വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കു ജോലി കിട്ടിയപ്പൊഴും അവിടം മാറിയിട്ടില്ലായിരുന്നു.. നീണ്ട അവധികള്‍ക്കു മാത്രമെ ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ.. അമ്മ ആടുവളര്‍ത്തല്‍ ഒരു സമയംകൊല്ലിയായി കാണാന്‍ അപ്പൊഴെക്കും പഠിച്ചിരുന്നു..

അവിടം ആകെ മാറുന്നുണ്ടായിരുന്നു..മൊട്ടകുന്നുകള്‍ക്കു മുകളില്‍ ആരൊക്കെയോ കൊലുകള്‍ കൊണ്ടു അളക്കുന്നതും കണ്ടുകൊണ്ടാണ്‌ ഞാന്‍ ഒരിക്കല്‍ നാട്ടില്‍ നിന്നു പോയത്‌.. തിരിച്ചു വരുമ്പൊള്‍ ബുള്‍ഡൊസറുകള്‍ അവയെ പയ്യെ പയ്യെ തിന്നുന്നു.. ഞാന്‍ വെറുതെ എന്റെ ടൈം മെഷീന്‍ യാത്രയെ പറ്റി ഓര്‍ത്തു. ഈ മാറ്റങ്ങള്‍ ഞാനതില്‍ കണ്ടതുപോലെ തന്നെ ആണോ എന്നു ഓര്‍ത്തു നോക്കാന്‍ ഒരു ശ്രമം നടത്തി...

കുറച്ചു കാലം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എന്റെ കല്യാണക്കാര്യം സംസാരിക്കാന്‍ തുടങ്ങി.. എനിക്കു അറിയാവുന്ന ചില പെണ്‍കുട്ടികളുടെ പേരു പറഞ്ഞു... ആലോചനകള്‍ വരുന്നുണ്ടത്രെ.. എനിക്കെന്തോ ആദ്യമായി ജൊലിക്കാരന്റെ ഒരു വല്ലാത്ത അഭിമാനം, അതൊ അഹന്തയോ? അതു തൊന്നി... ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പൊള്‍ അമ്മ പറഞ്ഞു, വീടിനു മുന്‍പിലുള്ള സ്ഥലം ഏതൊ ഫ്ലാറ്റ്‌ നിര്‍മാണ കമ്പനിക്കാര്‍ വാങ്ങിയത്രെ.. നഗരം വളരുന്നു, നാട്ടാര്‍ മാറുന്നു.. അമ്മ നിശ്വസിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.. ഓര്‍ക്കുകയായിരുന്നു... എച്ച്‌.ജി.വെല്‍സ്സ്‌ ഒരു പ്രവാചകനാണൊ..? "തല്‍ക്കാലം എനിക്ക്‌ കല്യാണം ഒന്നും അലോചിക്കേണ്ട.." കൈ കഴുകുമ്പൊള്‍ ഞാന്‍ അമ്മയോടു പറഞ്ഞു.. ഞാന്‍ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...അമ്മക്ക്‌ എന്തൊ ചോദിക്കാന്‍ ഉണ്ടെന്നു തോന്നി... പക്ഷെ എന്തോ.. ഒന്നും മിണ്ടിയില്ല..

എന്റെ ഒരോ വരവിനും ഞാന്‍ അവിടുത്തെ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കുറച്ച്‌ നാള്‍, ഏതാണ്ട്‌ ഒരു വര്‍ഷം. ഒന്നും നടന്നില്ല. പിന്നീട്‌ പെട്ടെന്നായിരുന്നു.. എന്റെ കൊച്ചു വീടിനു മുന്നില്‍ ഒരു മലയെന്ന പോലെ ഒരു വമ്പന്‍ ഫ്ലാറ്റ്‌ ഉയര്‍ന്നു വന്നു...അവയില്‍ പലതും ആദ്യം തന്നെ ആള്‍ക്കാര്‍ വാങ്ങിയിട്ടുണ്ടത്രെ. പണി കഴിയും മുന്‍പ്‌ തന്നെ അതില്‍ താമസക്കാരും എത്തി തുടങ്ങി... ഞാന്‍ ഓര്‍ത്തു നോക്കുകയായിരുന്നു...സമയയന്ത്രത്തില്‍ ഞാന്‍ കണ്ട അതേ ഫ്ലാറ്റ്‌ തന്നെയല്ലേ ഇത്‌...

നാട്ടിലേക്കുള്ള വരവിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.. മാസങ്ങള്‍ക്കു ശേഷം വന്നപൊഴേക്കും ഫ്ലാറ്റിന്‌ പൂര്‍ണമായും ജീവന്‍ വെച്ചിരുന്നു.. എന്റെ മുറിയിലെ കൊച്ചു ജനാലക്കരികില്‍ തന്നെ ഇരിക്കലായിരുന്നു ഞാനാ ദിവസങ്ങളില്‍.. ഫ്ലാറ്റില്‍ നിന്നും ഇറങ്ങി വരുന്ന ഒരു പെണ്‍കുട്ടിക്കും അവളുടെ ഛായ ഉണ്ടായിരുന്നില്ല.. എങ്കിലും അപ്പൊഴേക്കും ഞാന്‍ എച്ച്‌.ജി.വെല്‍സ്സ്‌ ഒരു പ്രവാചകന്‍ തന്നെ എന്നു വിശ്വസിച്ചു കഴിഞ്ഞിരുന്നു..

അടുത്ത അവധിക്കു വന്നപ്പൊള്‍ ഞാന്‍ ഫ്ലാറ്റിന്റെ വാച്ച്‌മാനുമായി ചങ്ങാത്തം കൂടി.. മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ അയള്‍ക്കു അറിയാവുന്നതിലേറെ കുറ്റം ഒരോ വീട്ടുകാരെ പറ്റിയും പറഞ്ഞു തന്നു.. എന്റെ താല്‍പര്യം ഉടക്കിനിന്നതു രണ്ടാമത്തെ നിലയില്‍ ഇടതുവശത്തുള്ള ഫ്ലാറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു എന്ന അറിവിലായിരുന്നു.. അത്‌ എതോ ഗള്‍ഫുകാരന്‍ വാങ്ങിയതാണത്രെ.. റിട്ടയര്‍ ആയി വരുമ്പൊള്‍ കുടുംബമായി താമസിക്കാന്‍.. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു.. മദ്യം, ചെവിയാണൊ.. അതോ മനസ്സാണൊ..? എന്തിനെയൊക്കെയോ ഉറക്കിക്കിടത്തുന്നു.. ഞാന്‍ ഒന്നും കേള്‍ക്കുണ്ടായിരുന്നില്ല...

പിന്നെയും വര്‍ഷങ്ങള്‍... ഞാന്‍ ആ കഥ മറന്നു തുടങ്ങിയിരുന്നു.. അമ്മയുടെ വിവാഹ അലോചനകള്‍ എന്നെ അലൊസോരപ്പെടുത്തി.. എങ്കിലും അവളെ പറ്റി ഓര്‍മ്മിപ്പിച്ചിരുന്നത്‌ അവയൊക്കെ ആയിരുന്നു.. മുടിയില്‍ നര വീണു തുടങ്ങിയപ്പൊള്‍ അമ്മ വേവലാതിയോടെ എന്തൊക്കെയോ പറഞ്ഞു.. വെള്ളിവരകള്‍ മുടികൂട്ടത്തിനിടയില്‍ അവിടവിടെ എഴുന്ന് നില്‍ക്കുന്നു.. അവയും എന്നെ പോലെ തന്നെ.. വല്ലാണ്ട്‌ ഒറ്റപെട്ടു നില്‍ക്കുന്നു...

ഒരു ഓണത്തിനു ഞാന്‍ വീട്ടില്‍ വന്നപ്പൊള്‍ പതിവു പോലെ ആ ഒഴിഞ്ഞ ഫ്ലാറ്റിലേക്ക്‌ നോക്കി.. ജനാലകള്‍ തുറന്നു കിടക്കുന്നു.. കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്‌.. ഞാന്‍ അവളെ അടുത്ത ദിവസം തന്നെ കണ്ടു.. സമയയന്ത്രത്തില്‍ യാത്ര ചെയ്യുമ്പൊള്‍ കണ്ട അതേ പെണ്‍കുട്ടി.. അടുത്ത തവണ എനിക്കു പെട്ടെന്നു വീട്ടിലേക്കു വരാന്‍ പറ്റി..അമ്മയുടെ പുതിയ കൂട്ടുകാരി ആയി മാറിയിരുന്നു അവള്‍.. അവള്‍ക്ക്‌ ആടുകളെ ഇഷ്ടമാണത്രെ.. എനിക്കു വിശ്വസിക്കുവാന്‍ പറ്റുന്നുണ്ടായിരുന്നില്ല..

എങ്കിലും ആരൊ എഴുതി വെച്ച കഥയിലെന്ന പോലെ ഞങ്ങള്‍ പെട്ടെന്നു അടുത്തു.. പരസ്പരം തേടി നടന്നിരുന്ന രണ്ടു അപരിചിതര്‍ ആയിരുന്നു ഞങ്ങള്‍ എന്നെനിക്ക്‌ തൊന്നി.. എനിക്ക്‌ വീടിനടുത്തുള്ള ഓഫീസിലേക്ക്‌ മാറ്റവും കിട്ടി.. അടങ്ങാത്ത വിശപ്പാണ്‌ പ്രണയം എന്നു പറഞ്ഞയാള്‍ ആരാണെന്നു ഞാനൊര്‍ത്തു.. എനിക്കു പിന്നലെ വസന്തം ഇറങ്ങി വന്ന പോലെ..

എന്റെ മുടികള്‍ക്കിടയിലെ വെള്ളിവരകള്‍ തഴുകിക്കൊണ്ടു അവളിരുന്നപ്പൊള്‍ ഞാനവളുടെ മിഴികളിലെ നീലിമയുടെ ആഴം അളക്കുകയായിരുന്നു.. അവള്‍ പറഞ്ഞു,. അവള്‍ക്ക്‌ ചില കല്യാണാലോചനകള്‍ വരുന്നുണ്ടത്രെ.. ഞാന്‍ അവളുടെ അച്കനെ ഉടന്‍ പോയി കാണണം പൊലും.. കാല്‍പനികതയുടെ സ്വര്‍ഗത്തില്‍ അവള്‍ക്കെങ്ങനെ ഇതുപോലെ ആലോചിക്കാന്‍ കഴിയുന്നു എന്നു വിചാരിച്ചു കൊണ്ട്‌ അലസനായി ഞാനവളുടെ മടിയില്‍ക്കിടന്നു...

പിന്നീടൊരിക്കല്‍ ഞാന്‍ അവളൊടു പറഞ്ഞു.."എനിക്കറിയാം നീ എന്റെതല്ലാതെ മറ്റാരുടെതുമാവില്ല".. "ഞാന്‍ നിന്നെ കാണുന്നതിനു മുന്‍പ്‌ തന്നെ എനിക്കതറിയാമായിരുന്നു".. അവള്‍ പെട്ടെന്നു പറഞ്ഞു.. "മധുര വാക്കുകള്‍ മാത്രം പറയാനറിയാവുന്ന ഒരു സുന്ദരവിഡ്ഡിയാണ്‌ നിങ്ങള്‍"... "നിങ്ങള്‍ക്ക്‌ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കാനറിയില്ല"...പലപ്പൊഴും പറയണമെന്നൊര്‍ത്തിട്ടും പറയാന്‍ കഴിയാത്ത അക്കാര്യം അവളോട്‌ പറയാന്‍ കിട്ടിയ ഒരു അവസരമെത്തിയതായി എനിക്കു തോന്നി.. ഞാന്‍ അവളോടു എച്ച്‌.ജി.വെല്‍സ്സ്‌ പ്രവചകന്റെയും ടൈം മഷീന്റെയും കഥ പറഞ്ഞു.. അപ്പൊള്‍ എന്റെ മനസ്സില്‍ ഞാന്‍ ടൈം മഷീനില്‍ യാത്ര ചെയ്യുമ്പൊള്‍ ഇവളെ കണ്ട രംഗം ചികഞ്ഞെടുക്കുകയായിരുന്നു... ആ രംഗം ഇതു വരെ ഉണ്ടായില്ല എന്നു എനിക്കുറപ്പായിരുന്നു.. അവള്‍ അവിശ്വനീയതയോടു കൂടി എന്റെ കണ്ണുകളില്‍ നോക്കി.. പിന്നെ പറഞ്ഞു.. എനിക്ക്‌ ആ പുസ്തകം വായിക്കാന്‍ വേണം.. എന്റെ അലമാരയില്‍ അതിപ്പൊഴും ചിതലരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു.. ഒരുപക്ഷെ ഞാന്‍ ഇടക്കിടക്ക്‌ എടുത്തു നോക്കുന്നത്‌ കൊണ്ടാവാം...

അവള്‍ അതു വായിക്കാന്‍ കൊണ്ടുപോയി കഴിഞ്ഞ്‌ കുറച്ച്‌ നാള്‍ എനിക്കവളെ കാണാന്‍ കഴിഞ്ഞില്ല..വീണ്ടും ഒരു സ്ഥലം മാറ്റം.. ഞാന്‍ അവധിക്കു വന്നപൊള്‍ ആദ്യദിവസം അവളെ കണ്ടില്ല.. അടുത്ത ദിവസം ഞാന്‍ വീടിനു മുന്നില്‍ ഫ്ലാറ്റിലേക്കു നൊക്കി നില്‍ക്കുമ്പൊള്‍ അവള്‍ ഇറങ്ങി വന്നു...അവള്‍ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..എനിക്ക്‌ പെട്ടെന്ന് ആ രംഗം മനസ്സില്‍ കൊരുത്തു..ഇവിടെ വെച്ചാണ്‌ ഞാന്‍ അവളെ ടൈം മഷീനില്‍ കണ്ടത്‌.. ഞാനും പുഞ്ചിരിച്ചു...

അവളുടെ കയ്യിലെ ബാഗില്‍ നിന്നും അവള്‍ പ്രവാചകന്റെ പുസ്തകം പുറത്തെടുത്തു.. എന്നിട്ടു പറഞ്ഞു.. "ഞാന്‍ വായിച്ചു.. വായിച്ചു വായിച്ചു ഞാന്‍ ഉറക്കം പിടിച്ചപ്പൊള്‍ ഞാനൊരു സ്വപ്നം കണ്ടു.. അന്നു നിങ്ങള്‍ കണ്ടപോലെ".. "ഞാനും ടൈം മഷീനില്‍ യാത്ര ചെയ്യുകയായിരുന്നു".. "ഞാന്‍ യന്ത്രം നിര്‍ത്തിയപ്പൊള്‍ നിങ്ങളുടെ വീട്ടില്‍ ഒരു ശവമടക്കിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു".. "ഞാന്‍ അടുത്തു കണ്ടവരൊട്‌ കാര്യം തിരക്കി".. "നിങ്ങള്‍ മദ്യപിച്ചു വന്നു ഭാര്യയെ തല്ലി കൊന്നതാണത്രെ".. "അതു സത്യമായിരിക്കും എന്നെനിക്കറിയാം".. അവള്‍ പതിയെ പിന്നോട്ടു നടന്നു, തിരിഞ്ഞു ഫ്ലാറ്റിനകത്തേക്കു ഓടി പോയി...

ആടുകള്‍ വീടിന്റെ പിന്നാമ്പുറത്തില്‍ കരയുന്നുണ്ടായിരുന്നു..പ്രവാചകന്റെ സ്വപ്നത്തില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാവാം....

posted by സ്വാര്‍ത്ഥന്‍ at 11:33 PM

0 Comments:

Post a Comment

<< Home