Sunday, April 23, 2006

സര്‍വകലാശാല - കൊട്ടുവിളി

ജൈനിമേട്‌ ഇ.എസ്‌.ഐ. ആശുപത്രിയുടെ കക്കൂസില്‍ വെച്ച്‌ മണിക്കുട്ടന്‍ നായര്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു. പഴമ്പാലക്കോട്‌ വര്‍ഷങ്ങളായി പങ്കു ബിസിനസ്സില്‍ ചായക്കട നടത്തിയിരുന്ന സഹോദരങ്ങള്‍ രാജനും ദേവനും എന്തോ നിസ്സര കാരണത്തിന്‌ വെട്ടും കുത്തുമായി പിരിഞ്ഞു. കടപ്പയില്‍, ഒരു തെലുങ്കത്തിയേയും കെട്ടി അവരുടെ വര്‍ക്‌ക്‍ഷോപ്പും അടിച്ചെടുത്ത്‌, താരതമ്യേന സുഖമായി ജീവിക്കുകയായിരുന്ന കാശുക്കുട്ടന്‍ നായര്‍ക്ക്‌ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടി തെറിച്ച്‌ പൊള്ളലേറ്റു. എന്തിന്‌, കൊച്ചു വെളുപ്പാന്‍ കാലത്ത്‌ പതിവു പോലെ പാലും കൊടുത്ത്‌ ഗജരാജ വിലാസിത മന്ദ മുഖിയായി നടന്നു വരികയായിരുന്ന 17 തികഞ്ഞ രാധികയെ കുണ്ടനിടവഴിയില്‍ വെച്ച്‌ മൂരി കുത്താന്‍ ഓടിക്കുന്ന ലെവല്‍ വരെ വഷളായി കാര്യങ്ങള്‍!!!

ഇങ്ങനെ പുഴങ്കര തറവാട്ടിനെ പലതരത്തില്‍ ചൂഴ്‌ന്നു നില്‍ക്കുന്ന കഷ്ടകാലത്തിന്റെ ഊക്ക്‌ കുറക്കാനാണ്‌ തറവാട്ടു കാരണവരായ രാജശെഖരന്‍ നായര്‍ എന്ന രാശമാമ രാമകൃഷ്ണപണിക്കരെ വിളിച്ചു വരുത്തിയത്‌. തേഞ്ഞ ചെരിപ്പ്‌ മുറ്റത്ത്‌ ഊരി വെച്ച്‌, ശ, ഗു, സ എന്നൊക്കെയെഴുതിയ കളങ്ങള്‍ വരച്ച്‌, ചാണകം മെഴുകിയ ഇറയത്ത്‌ കവിടി അങ്ങോട്ടും ഇങ്ങോട്ടും നിരക്കി രാമകൃഷ്ണപണിക്കര്‍ വെറ്റിലക്കറ പുരണ്ട പല്ലു കാട്ടി ചിരിച്ചു.

" ഓ... വിശേഷായിരിക്കണൂല്ലോ രാശന്നാരേ...."

പണിക്കര്‍ വിശേഷായിരിക്കണു എന്നു പറഞ്ഞാല്‍ അങ്ങേര്‍ക്ക്‌ നാലു ചില്ലി തടയാനുള്ള വകുപ്പ്‌ ഒത്തു വരുന്നതാണെന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്ന രാശമാമ നെടുവീര്‍പ്പിട്ടു.

" എന്താ പണിക്കരേ.. പറയിന്‍.."

" പിതൃക്കള്‍ കോപിച്ചിരിക്കുകയാണ്‌.. ഭഗവതീടെ കടാക്ഷവും കമ്മി.. ഒരു കൊട്ടുവിളി നടത്തിക്കോളിന്‍..."

ഈ കൊട്ടുവിളി എന്നു പറഞ്ഞാല്‍ ചില്ലറ പരിപാടിയല്ല. ആദ്യ ദിവസം ഗണപതി ഹോമം, ദേവീ പൂജ പിന്നെ പിതൃക്കള്‍ക്ക്‌ പുല്ലും വെള്ളവും കൊടുക്കല്‍, തറവാട്ടു തൊടിയില്‍ അവിടവിടെയായി ഇരിക്കുന്ന കുലദൈവങ്ങള്‍ക്ക്‌ കോഴിയും, ചാരായവും, പിന്നെ രണ്ടാം ദിവസം വെളുത്തന്മാര്‍ക്ക്‌ പൂജ, പുള്ളോന്‍ പാട്ട്‌ അങ്ങിനെ രാശമാമയുടെ ഭാഷയില്‍ ചെമ്പ്‌ നന്നായി നീങ്ങിക്കിട്ടുന്ന ഏര്‍പ്പാടാണ്‌.

" പ്രത്യേകിച്ച്‌ ചാത്തുമ്മാമ്മയാണ്‌ കോപപ്പെട്ടിരിക്കണത്‌.. മൂപ്പര്‌ക്ക്‌ ഒരു വിശേഷാല്‍ പൂജ കഴിക്ക്യാ.. വെളിപ്പെട്ട്‌ തൃപ്തനായാല്‍ ആവാഹിച്ച്‌ നാലാമെടത്ത്‌ കുടി വെക്ക്യാ.. എല്ലാം ശരിയാവും നായരേ..."

ചാത്തുമ്മാമ്മയാണ്‌ പുഴങ്കര തറവാടിന്റെ ഐക്കണ്‍. 18-ആം നൂറ്റാണ്ടിലോ മറ്റോ ജീവിച്ചിരുന്ന ഒരു മഹാ മാന്ത്രികന്‍.. മന്ത്ര ശക്തിയാല്‍ ഭഗവതിയെ വരെ അടിമയാക്കി മീന്‍ കുട്ട ചുമപ്പിച്ചവന്‍.. മന്ത്രനൂലും ഉറുക്കും അഴിച്ചു വെച്ച്‌ ചാത്തുമാമ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഭഗവതി അങ്ങേരുടെ കഥ കഴിച്ചുവെന്നും, പുഴങ്കരയില്‍ ആര്‍ക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടാവാതെ പോട്ടെ എന്ന് ശപിച്ചുവെന്നും ഐതിഹ്യം.

ആ ചാത്തുമ്മാമ്മയാണ്‌ കോപിച്ചിരിക്കുന്നത്‌. അനര്‍ത്ഥങ്ങള്‍ വരാന്‍ വേറേ എന്തെങ്കിലും വേണോ?

അങ്ങിനെ കൊട്ടുവിളിയുടെ കാര്യം തീരുമാനമായി. കാരണവര്‍ എന്ന നിലക്കും, തറവാട്ടില്‍ അല്‍പമെങ്കിലും നല്ല സ്ഥിതിയില്‍ കഴിയുന്നവന്‍ എന്ന നിലക്കും ചെമ്പ്‌ നീക്കല്‍ ഉള്‍പ്പടെ ഉത്തരവാദിത്തങ്ങള്‍ എല്ലാം രാശമാമയുടെ തലയില്‍.

പുള്ളോന്‍പാട്ടു വരെ എല്ലാം ഭംഗിയായി കഴിഞ്ഞു. ഇനി പിതൃക്കളും കുലദൈവങ്ങളും, നാഗത്താന്മാരും വെളിപ്പെടും. തറവാട്ടിലെ അംഗങ്ങളുടെ നാവിലൂടെ അവര്‍ തങ്ങളുടെ തൃപ്തിയോ അതൃപ്തിയോ അറിയിക്കും. പരേതാത്‌മാക്കളും ദൈവങ്ങളും ഒക്കെ സംസാരിക്കുന്നത്‌ കേള്‍ക്കാനുള്ള അസുലഭ അവസരമായതിനാല്‍ ചുറ്റുവട്ടത്തുള്ളവരൊക്കെ അവിടെ എത്തിയിരുന്നു. പന്തലിന്റെ തെക്കേ ഭാഗത്ത്‌ വെളിച്ചം കുറഞ്ഞ ഒരു മൂലയില്‍ ആയിരുന്നു ഞാന്‍. കൂട്ടിന്‌ സമപ്രായക്കാരന്‍ ആയിരുന്ന കരുണാകരനും. കരുണക്കും ഉണ്ട്‌ പുഴങ്കരയുമായി മുള്ളിത്തെറിച്ച ബന്ധം.

" എക്കെ പെരട്ടാണ്ടാ.. വേണ്ടീട്ടും വേണ്ടാണ്ടും ഇല്ലാത്ത കാശ്‌ കളയ്യാണ്‌ ഇവര്‌.. നീ നോക്കിക്കോ.. ആരും ഒറയില്ല്യ.. "

പന്തലിന്റെ മൂലക്കല്‍ നിന്ന് വലിച്ചെടുത്ത ഈര്‍ക്കിലി കൊണ്ട്‌ പല്ലിട കുത്തി കരുണ ഉറപ്പ്‌ പറഞ്ഞു. "നീ മിണ്ടാണ്ടിരിക്ക്‌, ദോഷം കിട്ടും" എന്ന് പറഞ്ഞ്‌ വിഷയം മാറ്റി ഞാന്‍.

പക്ഷേ, പിതൃക്കളും ദൈവങ്ങളും വന്നു. ഘണ്ഠാകര്‍ണ്ണന്‍, പേച്ചി, നീലവട്ടാരി എന്നിങ്ങനെ ക്ഷിപ്ര പ്രസാദത്തിന്റെ ഓര്‍ഡര്‍ അനുസരിച്ച്‌ ദൈവങ്ങളും, ഗോവിന്ദ മാമ, ചിന്ന മാമ തുടങ്ങിയ കാരണവന്‍മാരും എത്തി തങ്ങളുടെ തൃപ്തി അറിയിച്ചു. എന്തിന്‌, തറവാട്ടില്‍ ഉള്ളവര്‍ വരെ മറന്നു കഴിഞ്ഞിരുന്ന, പണ്ടെങ്ങോ നാടുവിട്ട്‌ കൊളംബോയിലേക്ക്‌ പോയ വിച്ചമാമ വരെ വന്ന് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്ന് ബെഡ്‌ റെസ്റ്റിലായിരുന്ന മണിക്കുട്ടേട്ടനെ തെക്ക്‌ വടക്ക്‌ ഓടിച്ചു.

പക്ഷേ, ചാത്തുമ്മാമ്മ മാത്രം വന്നില്ല!!!

മണി മൂന്നായി, നാലായി.. പുള്ളോന്‍മാര്‍ നന്തുണി കൊട്ടി തളര്‍ന്നു. ചെമ്പ്‌ വെറുതേ പോയല്ലോടാ ചെക്കന്‍മാരേ എന്ന നിലവിളിയുമായി രാശമാമ ഇറയത്ത്‌ തളര്‍ന്നിരുന്നു. കൂടി നിന്നവര്‍ ഓരോരുത്തരായി പിരിയാന്‍ തുടങ്ങി.

അപ്പോഴാണ്‌ " നാലമെടത്തിലെ കുഞ്ഞൂട്ട്യോളെ..." എന്നൊരലര്‍ച്ച അടുക്കളയില്‍ നിന്ന്.

കട്ടന്‍ ചായ ഇട്ടു കൊണ്ട്‌ നില്‍ക്കുകയായിരുന്ന വേശമ്മച്ചേച്ചി ആയിരുന്നു അത്‌. മുടി മടക്കിക്കെട്ടി, ചാത്തുമ്മാമ്മ ചെയ്തിരുന്നു എന്ന് പറയപ്പെടുന്ന പോലെ നെറ്റിയില്‍ വീണ മുടി ഇടക്കിടക്ക്‌ വലതു കൈ കൊണ്ട്‌ കോരിയെറിഞ്ഞ്‌, ഒരു ആണിന്റെ ഭാവഹാവാദികളും, സ്വരവുമായി വേശമ്മച്ചേച്ചി പന്തലിലേക്കെടുത്തു ചാടി. ജീവന്‍ തിരിച്ചു കിട്ടിയ പോലെ നിന്നിരുന്ന രാശമാമയുടെ രണ്ട്‌ തോളിലും അമര്‍ത്തിപ്പിടിച്ച്‌ "ചാത്തുമ്മാമ്മക്ക്‌ സന്തോഷായി" എന്നറിയിച്ചു. എന്നിട്ട്‌, ചാരായക്കുപ്പി കോര്‍ക്ക്‌ തുറന്ന് വായിലേക്ക്‌ കമഴ്‌ത്തി.

" ഡാ, ഇത്‌ തള്ളടെ പെരട്ടാണ്‌ട്ടാ.. ഇത്ര ആണ്‌ങ്ങള്‍ ഇവിടെ ഇള്ളപ്പോ ചാത്തുമ്മാമ്മ ഒരു പെണ്ണിന്റെ മേലെയാ വര്‌ആ? ആയമ്മ ചാരായം കുടിച്ചത്‌ നീ നോക്കിയോ? വായ തൊറക്കാണ്ടെ എല്ലാം മൊഖത്ത്‌ ഒഴിക്ക്യാ ചീതത്‌" എന്നായി കരുണ.

എനിക്ക്‌ വിശ്വാസമായില്ല. വേശമ്മച്ചേച്ചിയുടെ മകള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിജയലക്ഷ്മിക്ക്‌ പ്രേമലേഖനം കൊടുത്തതിന്‌ " പെണ്ണ്‍ വയസ്സറിയിക്കുന്ന വരേങ്കിലും വെറുതെ വിടടാ ചെക്കാ" എന്ന മുഖവുരയോടെ കുറേ അമേരിക്കന്‍ ഇംഗ്ലീഷ്‌ പദങ്ങള്‍ കേള്‍ക്കേണ്ടി വന്ന കലിപ്പാണ്‌ ഈ കാഫിറിന്‌ എന്നെനിക്കുറപ്പായിരുന്നു. " നീ മിണ്ടാണ്ടിരിക്ക്‌" എന്ന് പറഞ്ഞ്‌ ഞാന്‍ പിന്നേയും അവനെ നിരുത്‌സാഹപ്പെടുത്തി.

ചാരായം കുടിച്ച്‌ കഴിഞ്ഞ്‌ ചാത്തുമ്മാന്‍ മുറുക്കാനുള്ള പുറപ്പാടായി. വെറ്റില നൂറു തേച്ച്‌ കൊടുത്തത്‌ വായില്‍ വെച്ച്‌, താലത്തില്‍ വെച്ചിരുന്ന ഒരു മുഴുവന്‍ കഷണം ജാപ്പാണം പുകയില തിരുകി കയറ്റിയപ്പോള്‍, ചാത്തുമ്മാമാനാണെങ്കില്‍ പോലും എക്കിള്‍ വന്നതില്‍ അത്‌ഭുതം ഇല്ല. അടുത്തിരുന്ന പാനിയില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചത്‌ മതിയാവാതെയാവണം, ചാത്തുമ്മാമ ഒരലര്‍ച്ചയോടെ തെക്കു ഭാഗത്തുള്ള കിണര്‍ ലക്ഷ്യമാക്കി ഓടി. ആവേശം മൂത്ത്‌ ചാത്തുമ്മാമ ആള്‍മറയില്ലാത്ത കിണറ്റില്‍ ചാടണ്ട എന്നു വിചാരിച്ച്‌, കിണറിന്‌ ഏറ്റവും അടുത്തു നിന്നിരുന്ന ഞങ്ങള്‍ പുറകേയും.

"മാമക്ക്‌ കൊറച്ച്‌ വെള്ളം കോരിക്കൊടുക്കടാ കരുണേ" എന്ന രാശമാമയുടെ നിര്‍ദ്ദേശ പ്രകാരം, ദാഹിക്കുന്നു ഭഗിനീ എന്നു പറഞ്ഞു നിന്ന ഉപഗുപ്തന്റെ പോസില്‍ നിന്നിരുന്ന വേശമ്മച്ചേച്ചിക്ക്‌ തൊട്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുമ്പോള്‍ കരുണ ശബ്ദം താഴ്‌ത്തി പറഞ്ഞു.

" നോക്കിന്‍ ചേച്ചി, നിങ്ങള്‌ ഒരുപാട്‌ ആട്ടം കാണിക്കണ്ടാട്ടോളിന്‍.. വയസ്സും പ്രായവുമൊക്കെയായീന്ന്‌ള്ള ഓര്‍മ്മ വേണം. നിര്‍ത്തിക്കോളിന്‍.. എല്ലാരും വിശ്വസിച്ചിട്ട്‌ണ്ട്‌"..

വെള്ളം മുഴുവന്‍ കുടിച്ച്‌ കഴിഞ്ഞ്‌, അഴിഞ്ഞ മുടി വാരിക്കെട്ടി ചാത്തുമ്മാമ്മ കരുണയെ സൂക്ഷിച്ചു നോക്കി. എന്നിട്ട്‌, ചാത്തുമ്മാമ്മയുടെ പുരുഷ ശബ്ദത്തിലല്ലാതെ വേശമ്മ ചേച്ചിയുടെ കളമൊഴിയില്‍ തന്നെ പറഞ്ഞു..

" നീ പോടാ മൈരേ..."

എന്നിട്ട്‌ മുടി വലതു കൈ കൊണ്ട്‌ മാടിയൊതുക്കി, പുരുഷ ശബ്ദത്തില്‍ ഒരലര്‍ച്ചയോടെ പന്തലിലേക്ക്‌ പാഞ്ഞു.

" ഡാ കൃഷ്ണാ,, ചാത്തുമ്മാമ്മക്ക്‌ രണ്ട്‌ എളനീര്‌ വെട്ടടാ" എന്ന ആക്രോശത്തോടെ കിണറ്റിന്‍കരയിലേക്ക്‌ വരുകയായിരുന്ന രാശമാമ " അമ്മേ ഭഗവതീ, പരീക്ഷിക്കരുതേ..." എന്ന നെടുവീര്‍പ്പോടെ തിരിച്ചു പോയത്‌, നീങ്ങിയ ചെമ്പിന്റെ കണക്കോര്‍ത്തിട്ടാവണം.

posted by സ്വാര്‍ത്ഥന്‍ at 4:01 PM

0 Comments:

Post a Comment

<< Home