Monday, April 24, 2006

::സാംസ്കാരികം:: - തടി വെച്ച്‌ തടി വെച്ച്‌ മുന്നോട്ട്‌

തടി വെച്ച്‌ തടി വെച്ച്‌ മുന്നോട്ട്‌
വിനോദ്‌ ജോണ്‍

നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണനു ജൂബാ തയ്ക്കാനുള്ള തുണി വിരിച്ചിടുന്നത്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. തുണി വെട്ടുന്നതു മീറ്ററുകളോളം ഓടിനടന്നും! 142 കിലോ ഭാരവും ആറടി ഉയരവുമുള്ള നടന്‍ എന്‍. എല്‍. ബാലകൃഷ്ണനെ നായകനാക്കി ജൂബാക്കഥ രചിച്ചത്‌ വസത്രാലങ്കാരവിദഗ്ധന്‍ കൂടിയായ നടന്‍ ഇന്ദ്രന്‍സ്‌. കഥയ്ക്ക്‌ പരസ്യം നല്‍കുന്നതു കഥാനായകന്‍ തന്നെ."തടിയന്‍, തടിച്ചി..." തുടങ്ങിയ വിശേഷണങ്ങള്‍ കേട്ട്‌ മുഖത്ത്‌ ഇരുള്‍വീഴുന്നര്‍ക്കു ബാലേട്ടന്റെ നയം വെളിച്ചമാണ്‌. ഇത്തരം കഥകളില്‍ കഥാനായകര്‍ പലരും ചമ്മിപ്പോകുകയാണ്‌ പതിവ്‌. ഊതിവീര്‍പ്പിച്ച ബലൂണിന്‌ തുല്യനായ ബാലേട്ടനെ പക്ഷേ ഇത്തരം കഥകള്‍ ഇന്ദ്രന്‍സിന്റെ വലിപ്പത്തിന്റെയത്രപോലും ഏശാറില്ല. "ആനച്ചന്തം" തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കാന്‍ തുണയായതെന്നു ബാലേട്ടന്‍ പറയുന്നത്‌ അഭിമാനത്തോടെ. ഭക്ഷണകാര്യത്തില്‍ പ്രത്യേക നിയന്ത്രണമില്ല. പഴംചോറാണ്‌ ഇഷ്ടവിഭവം. വണ്ണവും വയറും ഇനിയും കൂടും എന്ന മുന്നറിയിപ്പോടെയാണ്‌ ഭാര്യ നളിനി ഓരോതവണയും പഴംചോറുപാത്രം നിറയ്്ക്കുന്നത്‌. നാലു നേരവും ഇറച്ചിയും മീനും കിട്ടിയാല്‍ ഹാപ്പി.

ഇതൊക്കെയാണെങ്കിലും രാവിലെ അല്‍പസമയം വ്യായാമത്തിനായി കണ്ടെത്താറുണ്ട്‌; ചെമ്പഴന്തിയിലെ ചെമ്മണ്‍പാതയിലൂടെ ട്രാക്ക്‌ സ്യൂട്ടുമിട്ട്‌ പ്രദര്‍ശന നടത്തത്തിനില്ലെന്നു മാത്രം. "പാരമ്പര്യസമ്പാദ്യ"മായ ഈ വലിയശരീരത്തില്‍ വില്ലന്‍രോ ഗങ്ങളൊന്നും കയറിപ്പിടിച്ചിട്ടില്ല. വണ്ണത്തിന്റെ പേരില്‍ സഹിക്കാവുന്ന ബുദ്ധിമുട്ടുകളേയുള്ളൂ എന്നു പറയുന്ന ബാലകൃഷ്ണന്റെ ചോദ്യം ഇന്ദ്രന്‍സിനെപ്പോലെ മെലിഞ്ഞായിരുന്നെങ്കില്‍ എന്തു ഫലം എന്നാണ്‌. എന്‍. എല്ലിനെപ്പോലെയല്ല എല്ലാവരുടെയും കാര്യം. "ദേണ്ടെടാ ഉരുണ്ടുരുണ്ടു വരുന്നു..." എന്നു കേള്‍ക്കുമ്പോള്‍ ആണ്‍കുട്ടികളാണെങ്കില്‍ മൈന്‍ഡ്‌ ചെയ്‌തില്ലെന്നു വരും, ചിലപ്പോള്‍ തകര്‍പ്പന്‍ ഡയലോഗിലൂടെ തിരിച്ചടിക്കും. പെണ്‍കുട്ടികളാണെങ്കിലാണു കഷ്ടം. മുഖം ചുവന്നിട്ടുണ്ടാകും; കണ്ണുംനിറയും. അമിതഭാരമുള്ളവര്‍, ശാരീരികവൈഷമ്യത്തേക്കാളേറെ നേരിടേണ്ടിവരുന്നത്‌ ഈ കളിയാക്കലാണ്‌. ഇതു വിഷാദരോഗത്തിനുവരെ കാരണമാകും. വണ്ണമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരാണെന്ന ധാരണ തെറ്റാണ്‌. വ്യായാമത്തിലൂടെ ദൃഢമായ മാംസപേശികളുണ്ടാകുന്നതു സ്വാഭാവികം. പാരമ്പര്യഘടകങ്ങളാണു പലപ്പോഴും അമിതവണ്ണത്തിനു കാരണം. എന്നാല്‍ ചിലര്‍ക്കെങ്കിലും കയ്യിലിരിപ്പും വയറ്റിലിരിപ്പുമാണ്‌ കെണി.

അധ്വാനത്തിലൂടെ എരിഞ്ഞു പോകുന്നതിലുമേറെ കലോറിമൂല്യം കടക്കുന്നതിലൂടെ കൊഴുപ്പിന്റെ നിക്ഷേപം കുതിച്ചുകയറും. മദ്യസേവയും കാരണമാകാം. പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ-കരള്‍ രോഗങ്ങള്‍, ഉദരഭാഗങ്ങളില്‍ അര്‍ബുദം, എല്ല്‌ തേയ്മാനം തുടങ്ങിയവ അമിതവണ്ണക്കാരെ കാത്തിരിക്കുന്നുണ്ടാവും. ഹൃദ്രോഗത്തിനു കാരണമാകുന്ന എല്‍. ഡി. എല്‍ (ചീത്ത കൊളസ്ട്രോള്‍) കൂടുമ്പോള്‍ രോഗസാധ്യത കുറയ്ക്കുന്ന എച്ച്‌. ഡി. എല്‍ (നല്ല കൊളസ്ട്രോള്‍) കുറയുകയാണു പതിവ്‌. നടക്കുമ്പോഴും പടി കയറുമ്പോഴും കിതപ്പും ശ്വാസംമുട്ടലും പിന്നാലെയുണ്ടാകും. തടി "സെന്‍സെക്സ്‌" പോലെ കുതിച്ചുകയറിയാല്‍ സെക്സിലുള്ള താല്‍പര്യം കുറയും. ഓരോ കിലോ മിതഭാരവും ആയുസിനെ നാലു മുതല്‍ ആറു മാസം വരെ കുറയ്ക്കുമെന്നും വൈദ്യശാസ്‌ത്രം പറയുന്നു. തടി കൂടുതലെങ്കില്‍ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാന്‍ വൈകരുത്‌. പൊണ്ണത്തടിയുടെ പേരില്‍ പുറത്തിറങ്ങാതിരിക്കുന്നതാണു മണ്ടത്തരം. എന്‍. എലിന്റെ ഉപദേശം അമിതവണ്ണക്കാര്‍ക്ക്‌ നല്ലൊരു മരുന്നാണ്‌- ദുഃഖങ്ങള്‍ കൂട്ടുകാരുമായി പങ്കുവച്ച്‌ മനസിന്റെ പിരിമുറുക്കം ഇല്ലാതാക്കണം. അല്ലെങ്കിലാകും ഹാര്‍ട്ടും ലിവറുമെല്ലാം തകരാറിലാകുക.

posted by സ്വാര്‍ത്ഥന്‍ at 9:32 AM

0 Comments:

Post a Comment

<< Home