Tuesday, April 04, 2006

ചിത്രങ്ങള്‍ - പത്രം പതം പറയുമ്പോള്‍

ഇലക്ഷന്‍ 2006 എന്ന പേരില്‍, ദേശാഭിമാനി പത്രമൊരു ലേഖന പരമ്പര തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടി പത്രമാണെങ്കിലും, ഇലക്ഷന്‍ കാമ്പെയ്ന്‍ പതം പറഞ്ഞുള്ളതാകുന്നതെന്നാണ് രസകരം.

എല്ലാവര്‍ക്കും ജീവിക്കണ്ടേ, അല്ലേ?

അടി കൊണ്ട് കരയുന്നവരുടെയും, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെയും ചിത്രം കാട്ടി വോട്ട് മേടിക്കുവാനൊരുമ്പെടുന്നു ദേശാഭിമാനി പത്രം.

ഈ പതം പറഞ്ഞുള്ള കരച്ചില്‍ അവര്‍ക്ക് വോട്ടും കാശുമൊക്കെയാകുമായിരിക്കാം, നല്ല കാര്യം.

പക്ഷെ, പതം പറച്ചില്‍ കൊണ്ട് ചില കുഴപ്പങ്ങളുണ്ട്. അടുത്ത ഇലക്ഷനിലും പ്രതിപക്ഷം (ആരായിരുന്നാലും) പതിവു പോലെ പതം പറയാന്‍ തുടങ്ങും, അവശന്മാരെയും ആര്‍ത്തന്മാരുടെയും ചിത്രം കാട്ടിക്കൊടുത്ത് ലേഖനങ്ങളെഴുതും. അവ വായിച്ചും കണ്ടും ചോരയും മറ്റും തിളയ്ക്കുമ്പോള്‍ ജനാധിപത്യത്തിലെ കാണിക്ക വഞ്ചിയിലേക്ക് തുട്ടുകള്‍ വീണ് തുടങ്ങും.


ഒരു ബീഡിയും തീയും കിട്ടിയിരുന്നെങ്കില്‍ വലിക്കാമായിരുന്നു എന്ന പോലെ, അഞ്ചാറു രക്തസാക്ഷികളുണ്ടായിരുന്നെങ്കില്‍ ഒന്ന് ഭരിക്കാമായിരുന്നു എന്നത് എത്ര നല്ല ചിന്തയാണ്.

രക്തസാക്ഷികളെ അവരുണ്ടാക്കുകയും ചെയ്യും. ചോരയൊലിപ്പിച്ച് കിടക്കുന്നവര്‍ക്കുള്ള ചികിത്സ വൈകിച്ചോ, ആത്മഹത്യ ചെയ്യിപ്പിച്ചോ, പിന്നില്‍ നിന്ന് വെട്ടിയോ -- എങ്ങിനെയായാലും രക്തസാക്ഷികള്‍ വേണം.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബാറ്റണ്‍ പ്രയോഗിക്കുന്ന പോലീസ് എന്ന അടിക്കുറുപ്പോടെ അവരൊരു ചിത്രവും കൊടുത്തിട്ടുണ്ട്. കാഴ്ചക്കുറവാണോ എന്നറിയില്ല, ആ ചിത്രത്തില്‍ ഞാന്‍ കാണുന്നത്, ഫ്രെഞ്ചിയുമിട്ട് നിരത്തില്‍ കിടക്കുന്ന മുപ്പത്തഞ്ച് വയസ്സോളം പ്രായമുള്ള രണ്ടാള്‍ക്കാരെയും സാദാ ലാത്തിയും പിടിച്ച് കുറെ പോലീസുകാരെയുമാണ്.


എന്തുമെഴുതാമെന്നിരിക്കെ, പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന്‌ അവരുടെ ശവശരീരങ്ങള്‍ നീക്കം ചെയ്യുന്നു എന്ന് അവരെഴുതിയില്ലല്ലോ എന്നാശ്വസിക്കാം.

posted by സ്വാര്‍ത്ഥന്‍ at 5:47 PM

0 Comments:

Post a Comment

<< Home