Monday, April 03, 2006

തുളസി - ഡയറിയിലെ തെറ്റു്

ഒരു ചുട്ടനിശ്വാസം പുറത്തുപോകാതെ അവളുടെ ഹൃദയത്തില്‍ കിടന്നു പൊള്ളി. അവള്‍ ഉരുകുന്നൊരു നെരിപ്പോടായി. തിയ്യതിയും മുഹൂര്‍ത്തവുമെല്ലാമുറപ്പിച്ചു് പരസ്പരം ആശംസകള്‍ നേര്‍ന്നവര്‍ വിടചൊല്ലുമ്പോള്‍, ഉള്ളറകളിലൊന്നില്‍ വര്‍ഷം മുറിയാതെ പെയ്തുതുടങ്ങിയിരുന്നു. നെഞ്ചോടു ചേര്‍ത്തുവച്ച ജീവനടര്‍ത്തും പോലെ, പിന്നെയവള്‍ ആ ഡയറിയിലെ ‘തെറ്റു്’ എന്നെഴുതിയ പേജു് വലിച്ചു ചീന്തി. പിന്നീടു് പിന്നീടുള്ള പേജുകളിലെല്ലാം ‘തെറ്റു്’ എന്നു് ആവര്‍ത്തിച്ചെഴുതിയിരിയ്ക്കുന്നു, ഭ്രാന്തമായ വേഗത്തില്‍ ഇതളുകള്‍ പൊഴിഞ്ഞാ ഡയറി അവളുടെ അസ്ഥികൂടമായ് മാറി. ഒരു ഡയറിയിലൊതുങ്ങിയ കാലമെങ്കിലും, തന്റെ ശരീരത്തിലെ ഓരോ അണുവും അയലത്തെ വികൃതിപ്പയ്യന്റെ കുസൃതിത്തരങ്ങള്‍ ഓര്‍മ്മിച്ചു നെടുവീര്‍പ്പിടുന്നതവളറിഞ്ഞു. തെറ്റുകളെല്ലാമൊരു കൂമ്പാരമാക്കി വാരിയെടുത്തവള്‍ മനസ്സിന്റെ പിന്നാമ്പുറത്തിട്ടു തീയിട്ടു. ആ ചാരം വാരിയെടുത്തവള്‍ മേലാസകലം ഉരച്ചുതേച്ചു കുളിച്ചു. പിന്നെ പുതിയൊരു സ്വപ്നത്തിന്റെ പുടവയെടുത്തണിഞ്ഞവളൊരു നവവധുവായു് പുത്തനാംപുതിയ മണിമഞ്ചത്തില്‍ പുതിയ തെറ്റുകരനെത്തുന്നതും കാതോര്‍ത്തുകിടന്നു.


posted by സ്വാര്‍ത്ഥന്‍ at 11:47 AM

0 Comments:

Post a Comment

<< Home