ഗുരുകുലം - ശ്ലോകമോഷണം
http://malayalam.usvishakh.net/blog/archives/106 | Date: 4/4/2006 7:02 AM |
Author: ഉമേഷ് | Umesh |
അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:
“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”
ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:
മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.
പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:
ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.
ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:
മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!
ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)
എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!
( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)
0 Comments:
Post a Comment
<< Home