Tuesday, April 04, 2006

മൊത്തം ചില്ലറ - ഒരു ആഫ്രിക്കന്‍ വീരഗാഥ

ഇംഗ്ലീഷ് എന്ന ഭാഷ, പഠിക്കാന്‍‌ എളുപ്പവും, പറയാന്‍‌ പ്രയാസവും, എഴുതാന്‍‌ ബുദ്ധിമുട്ടും, കേള്‍‌ക്കാന്‍‌ ബഹുകേമവുമായ ഒരു ഭാഷയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ലോകഭാഷയാണെന്നുള്ള ബഹുമതിയുണ്ടെങ്കിലും ഇരിക്കുന്ന കുപ്പിയുടെ അതേ ഷേയ്പ് എടുക്കുന്ന പച്ചവെള്ളത്തിന്റെ സ്വഭാവം ആണ് ഇംഗ്ലീഷിന്. എന്തെന്നു വച്ചാല്‍, ലോകത്തിന്റെ പല കോണുകളിലും ഇംഗ്ലീഷ് പല തരത്തിലാണല്ലോ പറയപ്പെടുന്നത്? അവരവരുടെ മാതൃഭാഷയുമായി മിക്സ് ചെയ്ത ഒരുതരം കോക് ടെയില്‍‌ ഇംഗ്ലീഷാണ് പലപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്നത്. നമ്മള്‍ മലയാളികളുടെ കുപ്രസിദ്ധമായ മംഗ്ലീഷ് പോലെ.

എന്റെ മാനേജര്‍‌ ജര്‍‌മ്മന്‍ ആണ്. ജര്‍‌മ്മന്‍സിന് “ച” എന്നുച്ചരിക്കാന്‍‌ ഇത്തിരി പ്രയാസമാണ്. “ഷ” എന്നേ വരൂ. പോരാത്തതിന് ഇംഗ്ലീഷ് പരിജ്ഞാനവും കമ്മിയാണ്. ഒരു ദിവസം ഓഫീസ്സില്‍‌ എല്ലാവരും കേള്‍ക്കെ ഉറക്കെ എന്റെ അടുത്ത് വന്ന് “അരവിന്ദ്, ക്യാന്‍‌ വീ ഹാവ് എ ക്വിക്ക് ഷാറ്റ് ടുഗതെര്‍‌“ എന്ന് ചോദിച്ചപ്പോള്‍‌ ഞാന്‍ ഞെട്ടിപ്പോയി. “ഒരു കമ്പനിക്ക് വരുന്നോ“ എന്ന് ഗോഡ്‌ഫാദറില്‍ രവി വള്ളത്തോള്‍‌ ചോദിച്ചപ്പോള്‍‌ ജനാര്‍ദ്ദനന്‍‌ അയ്യേ വൃത്തികെട്ടവന്‍ എന്ന പറഞ്ഞുനിന്നപോലെ, ഞാന്‍ മുഖം ചുളിച്ചു പുരികം കൂര്‍പ്പിച്ചു നിന്നു. അടുത്തിരുന്നിരുന്ന വേറൊരുവന്‍‌, തെറ്റിദ്ധരിക്കേണ്ട സഹോദരാ, അങ്ങോര്‍ ഒരു ക്വിക്ക് ചാറ്റിനു വിളിച്ചതാണ്, പേടിക്കാതെ ചെല്ല് എന്നു പറഞ്ഞപ്പോളേ ഞാന്‍ മൂപ്പരുടെ പിന്നാലെ, മടിച്ചാണെങ്കിലും, പോയുള്ളൂ. അന്യദേശമല്ലേ, ഇവിടെ രീതികള്‍‌‌ ഒക്കെ എങ്ങിനെയാകുമെന്ന് ഒന്നും അങ്ങോട്ടുറപ്പിച്ച് പറയാന്‍ പറ്റില്ലേ.

സൌത്ത് ആഫ്രിക്കയിലെ ഇംഗ്ലീഷ് ഏകദേശം ബ്രിട്ടീഷ് ഇംഗ്ലീഷിനോട് സമമായി നില്‍ക്കുന്നതാണ്. എങ്കിലും, ഡച്ച് പ്രഭാവം ധാരാളം ഉള്ളതിനാല്‍‌ ചില പദപ്രയോഗങ്ങള്‍ മനസ്സിലാക്കണമെങ്കില്‍‌ ഇത്തിരി പാടുപെടണം. റിപ്പീറ്റ് ചെയ്യാന്‍‌ പറയാന്‍‌ പറ്റാത്ത സന്ദര്‍‌ഭങ്ങളാണെങ്കില്‍, രണ്ടും കല്‍പ്പിച്ച് യേസ് എന്നോ നോ എന്നോ ഉത്തരം പറഞ്ഞു ഭാഗ്യം പരീക്ഷിക്കാവുന്നതുമാണ്.

ഇവിടുത്തെ ‍തോട്ടങ്ങളില്‍ പണി ചെയ്യാന്‍ പണ്ട് ധാരാളം തമിഴ്‌മക്കള്‍ കപ്പലു കയറി വന്ന സ്ഥലമാണ് സൌത്താഫ്രിക്ക. തമിഴന്മാര്‍ ചുറ്റിനും ധാരാളം ഉണ്ട്. എന്നിട്ടും ഇന്ത്യന്‍/തമിഴ്‌ ഇംഗ്ലീഷിന്റെ ഒരു പ്രഭാവവും ഇവിടെ ഇതു വരെ ഞാന്‍ കേട്ടിട്ടില്ല.

ഏതായാലും, തനി ഇന്ത്യന്‍ ഇംഗ്ലീഷ് പറയുന്ന, നിര്‍‌ദ്ദോഷികളായ ലോക്കല്‍ ഇന്ത്യന്‍ ‘സായിപ്പു‘മാരോടും, ഇലനക്കിയുടെ ചിറിനക്കി എന്ന കണക്ക് നമ്മളോട്‌ ഇംഗ്ലീഷ് എന്നു വിളിക്കാന്‍‌ ബുദ്ധിമുട്ടുള്ള ഒരു ഭാഷ കഷ്ടപ്പെട്ട് പറയുന്ന ഫ്രെഞ്ച് അണ്ണന്മാരോടും പടവെട്ടി ഒരു ബിലോ ആവറേജ് ഇംഗ്ലീഷ് ഭാഷിയായാണ് ഞാന്‍ ആഫ്രിക്കയില്‍ എത്തിയത്.

ഇംഗ്ലീഷ് തട്ടിമുട്ടി പറയുമെന്നല്ലാതെ, നല്ല ഫ്ലുവന്റ് ആയി ഇംഗ്ലീഷ് പറയാനോ, അങ്ങനെ പറയുന്നത് മനസിലാക്കിയെടുക്കാനോ എന്റെ തലച്ചോര്‍ റെഡിയായിരുന്നില്ല.

ഇന്ത്യയിലായിരിക്കുമ്പോള്‍‌ത്തന്നെ, ഒരിംഗ്ലീഷ് പടത്തിനു പോയാല്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒരു ഡയലോഗ് കേട്ട്, തീയറ്ററില്‍‌ ആരെങ്കിലുമൊക്കെ ഉറക്കെ ചിരിക്കും. അപ്പോള്‍‌ കുറേപ്പേര്‍ കൂടെ ചിരിക്കും. ഞാനും വെറുതെ ചിരിക്കും. പറഞ്ഞത് മനസ്സിലായിട്ടൊന്നുമല്ല. ചിരിച്ചില്ലെങ്കില്‍ അടുത്തിരുന്നു ചിരിക്കുന്നവന്‍‌ എനിക്കിംഗ്ലീഷറിയില്ലെന്നു വിചാരിച്ചാലോ.

ഇവിടെയെത്തി, ഇംഗ്ലീഷ് മാത്രം അറിയാവുന്ന ‘മലയാലീ‘സിന്റെ കൂടെ ടി വിയില്‍ ഇംഗ്ലീഷ് സീരിയല്‍‌ കാണാന്‍‌ പെട്ടു പോയാലും സ്ഥിതി തഥൈവ. അവന്മാര്‍ കിടന്നര്‍മാദിക്കുമ്പോള്‍‌ എന്താണ് ദൈവമേ ഈ കാലമാടന്‍ ഇപ്പോള്‍‌ തമാശിച്ചത് എന്നമ്പരന്ന്, ഒരു വളിച്ച ചിരിയോടെ, ചിലപ്പോളൊക്കെ അവരുടെ കൂടെ യാന്ത്രികമായി ചിരിച്ച്കാണിച്ച് ആത്മാഭിമാനം കുളമാകുന്ന ഒരവസ്ഥയില്‍ പലതവണ പെട്ടിട്ടുണ്ട്. പിന്നെയവസാനം ടി വി കാണല്‍ നിര്‍ത്തി. എലിയെ പേടിച്ച് ഇല്ലം ഇടിച്ചു നിരത്തി , വലിച്ചു കീറി ചുട്ടു കരിച്ചു.

പറയാന്‍‌ വന്നത് എന്റെ ഒരു ജോലി ഇന്റര്‍വ്യൂവിന്റെ കഥയാണ്.

ആഫ്രിക്കയില്‍ വന്ന് , ജോലി തപ്പി നടക്കുന്ന കാലം. നല്ല ഒന്നാന്തരം ഒരു സോഫ്റ്റ് വെയര്‍‌ ജോലി ഇന്ത്യയില്‍ ഉണ്ടായിരുന്നത് വലിച്ചെറിഞ്ഞിട്ടാണ് , വെപ്പും കുടിയും ഇങ്ങോട്ട് മാറ്റിയത്. ഇനി ഇവിടെ ഒരു ജോലി കിട്ടിയില്ലെങ്കില്‍….
ഒരു തൊഴില്‍‌രഹിതനുണ്ടായേക്കാവുന്ന എല്ലാ ടെന്‍ഷനും‍ ഇഷ്ടം പോലെ.

അങ്ങനെയിരിക്കുന്നൊരുദിനം‌ ഒരു കമ്പനിയില്‍ നിന്ന് എന്നെ ഇന്റര്‍വ്യൂവിന്‌ വിളിച്ചു. തകര്‍‌പ്പന്‍ കമ്പനിയാണ്. ഒരു ആഗോളഭീമസേനന്‍. ഈ ജോലി കിട്ടിയാല്‍‌ ഡെഫനിറ്റിലി ഊട്ടിയാണ്. സകലദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ച്, വായില്‍ത്തോന്നിയതെല്ലാം നേര്‍ന്ന്, ഇന്റര്‍വ്യൂവിന് പോയി. ആദ്യ റൌണ്ട് വെറുതെ അലവലാതി ചോദ്യങ്ങള്‍‌ ആയിരുന്നു. നിന്റെ ലക്ഷ്യമെന്ത്, ശക്തിയെന്ത്, ദൌര്‍ബല്യങ്ങളെന്ത്, മറ്റേതെന്ത്, മറിച്ചേതെന്ത്..ഇങ്ങനെയുള്ള വെടക്ക് ചോദ്യങ്ങള്‍‌. തട്ടിമുട്ടി എല്ലാത്തിനും ഭാവനക്കനുസരിച്ച് ഉത്തരങ്ങളൊക്കെ കൊടുത്തു. പറഞ്ഞതും ശരിക്കുമുള്ള സ്വഭാവവും തമ്മില്‍ തൊട്ടുതെറിച്ച ബന്ധമില്ലെന്നത് വേറെ കാര്യം.

അവസാനം ഇന്റര്‍വ്യൂ ചെയ്ത തരുണീമണി സ്വീറ്റ് വോയിസില്‍ , ഇംഗ്ലീഷില്‍ ഇങ്ങനെ മൊഴിഞ്ഞു.

“കണ്‍‌ഗ്രാജുലേഷന്‍സ് മിസ്റ്റര്‍ കുട്ടപ്പന്‍‌- ആദ്യ റൌണ്ട് പാസായിരിക്കുന്നു. ടുമോറോ അടുത്ത റൌണ്ട് ഉണ്ടായിരിക്കും. യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍‌ ചീഫ്, ഡി. വേലപ്പന്‍‌.”

പെണ്ണുകാണാന്‍ പോയ ചെറുക്കന്‍, പെണ്ണ്, “ക്കിഷ്ടായി” എന്നു പറഞ്ഞുകേള്‍‌ക്കുമ്പോള്‍‌‍‌ ‍‌ കുളിരണപോലെ ഞാന്‍ അടിമുടി കുളിര്‍ത്തു.

താങ്ക്യൂ, താങ്ക്യൂ..താങ്ക്സ് എ ലോട്ട് എന്ന്‍ വികാരഭരിതനായി പലവട്ടം പറഞ്ഞ് , ഛേ! ഒന്നുകൂടി താങ്ക്സ് പറയാമായിരുന്നു എന്ന നിരാശയോടെ, എന്നാല്‍ വിജയഭാവത്തോടെയും സന്തോഷത്തോടെയും പുറത്തിറങ്ങി.

പക്ഷേ പാലം മുഴുവനും കടന്നിട്ടില്ലല്ലോ. അടുത്ത റൌണ്ട് നാളെയാണ്. ഇന്റര്‍വ്യൂ‍ ചെയ്യുന്നത് അവരുടെ ചീഫ്, ഏതോ ഒരു വേലപ്പനും. മലയാളിയാണോ? മലയാളി അല്ലെങ്കില്‍ തമിഴനാണ്-ഉറപ്പ്. ഇവിടെ തമിഴന്മാര്‍ക്ക് യാതൊരു പഞ്ഞവുമില്ല. ദൊരൈസ്വാമി, ശിങ്കാരവേലു, ചിന്നരാസു, ആണ്ടി, ചാമി ഇമ്മാതിരി തനി തമിഴന്‍‌ ബ്രീഡുകളൊക്കെ ആഫ്രിക്കയില്‍‌ സുലഭം. വേലപ്പന്‍ മലയാളിയോ തമിഴനോ ആണ്. ഇനി അല്ലെങ്കില്‍ തന്നെ, അങ്ങോര്‍ മിനിമം ഒരു ഇന്ത്യന്‍ ആണ്. ആ ഒരു കണ്‍സിഡറേഷന്‍‌ കിട്ടുമായിരിക്കും!?

ആദ്യമായി എന്റെ സ‌ര്‍‌നെയിം കുട്ടപ്പന്‍ എന്നായതില്‍ സന്തോഷം തോന്നി. കുട്ടപ്പന്‍‌ - വേലപ്പന്‍. എന്തൊരു മാച്ച്. സര്‍‌നേയിം തലങ്ങും വിലങ്ങും വീശി, അദ്ദേഹത്തിനെ ഒന്ന് ഇം‌പ്രസ്സ് ചെയ്യാമെന്നു മനസ്സിലുറപ്പിച്ചു. ഒരേ ജാതി, ഒരേ ഗ്രൂപ്പ് എന്നെങ്ങാനും തോന്നി ജോലി തന്നാല്‍‌ തരട്ടെ.

ഇനി ഒന്നുമില്ലെങ്കില്‍ മിനിമം ഒരു സിമ്പതിയെങ്കിലും കിട്ടും. വേലപ്പന്‍ എന്ന പേരു ചുമക്കുന്ന അദ്ദേഹം കുട്ടപ്പന്‍ എന്ന പേരു താങ്ങുന്ന എന്നെ കണ്ട് സിം‌പതറ്റിക്ക് ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

എനിക്കാകെ ഒരു ആത്മവിശ്വാസം തോന്നി. ഈ ജോലി നിനക്കു തന്നെ എന്ന് ഇടക്കിടെ ആരോ എന്റെ മനസ്സിലേക്ക് SMS വിട്ടുകൊണ്ടിരുന്നു.


വീട്ടില്‍‌ ചെന്ന് ഇന്റര്‍വ്യൂ ആദ്യഘട്ടം പാസ്സായ വിവരം ശ്രീമതിയോടും പറഞ്ഞു.
“പക്ഷേ അടുത്ത റൌണ്ട് നാളെയാ..പക്ഷേ കൊഴപ്പമില്ല. ഇന്റര്‍വ്യൂ എടുക്കുന്നത് വണ്‍‌ മിസ്റ്റര്‍ വേലപ്പനാ..മലയാളിയോ, തമിഴനോ, ഏതായാലും ഇന്ത്യക്കാരനല്ലേ, ഒരു പ്രിഫറന്‍സ് കിട്ടാതിരിക്കില്ല. പോരെങ്കില്‍ എന്റെ പേരുമായി നല്ല മാച്ചും..സംഗതി ഒക്കുന്ന ലക്ഷണമാ”
“ശ്ശോ..കിട്ട്യാ മത്യാരുന്നു. വേലപ്പന്‍ ചേട്ടന്‍‌ സഹായിച്ചാല്‍ മത്യാരുന്നു” - ശ്രീമതി.

ങ്ങേ! ഇതു വരെ കണ്ടിട്ടില്ലാത്ത ഒരുത്തനെ , ഉപകാരമൊന്നൊക്കുമെന്നു കണ്ടപ്പോള്‍ ഉടനെ ചേട്ടന്‍‌ ലിസ്റ്റില് ചേര്‍ത്തിരിക്കുന്നു, അവള്‍. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം. ഏതായാലും വേലപ്പന്‍ സാറ്‌ ഒന്നു കനിഞ്ഞാല്‍‌ മതിയായിരുന്നു എന്റെ ഗുരുവായൂരപ്പാ.

ഇന്റര്‍വ്യൂ ദിനം സമാഗതമായി.

രാവിലെത്തന്നെ എഴുന്നേറ്റ് കുളിച്ചു, പ്രാര്‍‌ത്ഥിച്ചു. പ്രൊജെക്റ്റ് റിപ്പോര്‍ട്ടുകളും പ്രോഗ്രാമിംഗ് ടെക്സ്റ്റുകളും എല്ലാം ഒന്നുകൂടെ മറിച്ചു നോക്കി, തൊട്ടു തലയില്‍ വച്ചു നമസ്കരിച്ചു.
പുതിയ ഒരു ചുവന്ന ഷര്‍ട്ടും, ക്രീം കളര്‍‌ പാന്റ്സും ധരിച്ചു. മുടി ചീകി, സെന്റടിച്ചു, മുഖത്ത് വെളുപ്പിനുള്ള ക്രീം പുരട്ടി - റെഡിമണി.

ഡ്രൈവിംഗ് നല്ല നിശ്ചയമില്ലാത്തതു കൊണ്ട് ശ്രീമതിയാണ് ഡ്രൈവര്‍. നേരത്തെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ട്രാഫിക്കില്‍ കുടുങ്ങരുതല്ലോ.

ഒരു മണിക്കൂര്‍ കൊണ്ട് ഇന്റര്‍വ്യൂ സ്ഥലമായ ഓഫീസില്‍‌ എത്തി. ശ്രീമതിയെ കാറില്‍ തന്നെയിരുത്തി, ബെസ്റ്റ് ഓഫ് ലക്ക്, പേടിക്കണ്ടാ‍ട്ടോ ഇത്യാദി പ്രോത്സാഹനങ്ങളൊക്കെ വാങ്ങി പോക്കറ്റിലിട്ട് ഞാന്‍ ലോബിയിലേക്ക് നടന്നു. ഒരു മണിക്കൂറുകൂടെയുണ്ട് , ഇന്റര്‍വ്യൂവിന്. ലോബിയില്‍ പോയിരുന്ന് ഒന്ന് റിലാക്സ് ചെയ്യാം. പിന്നെ വെറുതെ വായിനോക്കാം. ഒത്താല്‍‌ ഇനി ജോലി ചെയ്യണ്ട സ്ഥലമല്ലേ. എല്ലാം ഒന്ന് കണ്ടു വയ്ക്കാം.

ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍‌ നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആയി മാറുമെന്നതിനാലും‍‌ ,സ്വന്തം കഴിവിനാല്‍‌ ഈ വക കടമ്പകള്‍‌ കടക്കുവാന്‍‌ ആവതില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലും, ഓം നമശ്ശിവായ ഒരു 101 വട്ടം അങ്ങു ജപിച്ചേക്കാം എന്നു കരുതി ലോബിയിലെ പതു പതുത്ത ഒരു കുഷ്യന്‍‌ സീറ്റില്‍ പോയിരുന്ന്, മനസ്സില്‍‌ ജപം ആരംഭിച്ചു.
ജപം ഒരു 50-51 ആയിക്കാണും.

“എക്സ്ക്യൂസ് മി സാര്‍”
തൊട്ടടുത്തുനിന്നും, ചിരവിത്തീരാറായ തേങ്ങ യാതൊരു ദാക്ഷണ്യവുമില്ലാതെ ചിരവയിലിട്ടു പിന്നേയും ഉരച്ചാലുണ്ടാവുന്ന പോലെ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.

ടാറു‍വീപ്പക്ക് കൈയ്യും കാലും വച്ചപോലൊരു ആഫ്രിക്കന്‍ മങ്ക എന്നെ നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. ഞാന്‍‌ എഴുന്നേറ്റു നിന്നു സംശയത്തോടെ യേസ് എന്നു പറഞ്ഞു. യാരിവള്‍ കടവുളേ?

“എന്നെ ഒന്നു ഹെല്പ് ചെയ്യാമോ സാര്‍? ആ ഇരിക്കുന്ന പൂച്ചട്ടി ഒന്ന് അകത്തേയ്ക്ക്, കോണ്‍ഫ്രന്‍സ് ഹാളിലേയ്ക്ക് ,എടുത്ത് വയ്ച്ചു തരാമോ? ഒരു കോണ്‍‌ഫ്രന്‍സിനു സ്റ്റെയ്ജ് അറേയ്ജ് ചെയ്യാനാ..രാവിലെ ആയത് കൊണ്ട് ഓഫീസ് ബോയ്സിനെ ആരെയും കാണുന്നുമില്ല..പ്ലീസ് പ്ലീസ്.”

അവള്‍ കൈചൂണ്ടിയ സ്ഥലത്തേയ്ക്ക് ഞാന്‍ നോക്കി. അതു ശരി. എന്നോളം പൊക്കമുള്ള ഒരു ചെടി ഒരു വലിയ പൂച്ചട്ടിയില്‌ ചരലു നിറച്ച് അതില്‍‌ കുത്തി വച്ചിരിക്കുന്നു. അതു താങ്ങിയെടുത്ത് അകത്തെവിടെയോയുള്ള കോണ്‍‌ഫ്രന്‍സ് ഹാളില്‍‌ ഭംഗി കൂട്ടാന്‍ വച്ചു കൊടുക്കണമത്രേ.

അതിനാണ് രാവിലെത്തന്നെ രാമന്റെ(;-)) മുന്നില്‍ ശൂര്‍പ്പണഖ നില്‍ക്കും പോലെ, എന്റെ മുന്നില്‍ ചോക്ക് പൊട്ടുകള്‍ കുത്തി വച്ച പോലെയുള്ള പല്ലുകളും കാട്ടി വശ്യമായി ചിരിച്ചു കൊണ്ട് വന്നിരിക്കുന്നത്.

ഉം! നമ്മള്‍ക്കെന്താ ചേതം..ഇന്റര്‍വ്യൂവിനു വന്നതാണ് എന്നു പറഞ്ഞ് ഒഴിയേണ്ട കാര്യമൊന്നുമില്ല.എന്റെ ബോഡി നല്ല മസില്‍‌ ബോഡി. പിന്നെ ഭാവിയില്‍‌ ഇവിടെ ജോലി ചെയ്യേണ്ടവനും‍‌. ഈ സ്ത്രീ ഇവിടെ വല്ല നല്ല പൊസിഷനിലുമുള്ളവരാണെങ്കില്‍ ഈ ഉപകാരസ്മരണ ഭാവിയില്‍‌ പ്രയോജനപ്പെടും. പിന്നെ ചട്ടിയും പൊക്കി പോകുന്ന വഴിക്ക് വേലപ്പന്‍ സാറെങ്ങാനും കണ്ടാല്‍ ഇമ്പ്രഷനു മേല്‍‌ ഇമ്പ്രഷന്‍‌! എന്റെ ഒരു ടൈം.! ഓം നമശ്ശിവായ!

“ഒഫ് കോഴ്സ് മാഡം, ഒണ്‍‌ലി എ പ്ലഷര്‍‌“ എന്നു പറഞ്ഞു ഞാന്‍ ചട്ടിക്കടുത്തേയ്ക്കു നടന്നു.

ചട്ടിയുടെ ഒരറ്റം പിടിക്കാന്‍‌ ശൂര്‍പ്പണഖയും കുനിഞ്ഞു.

“ഏയ്..ഏയ്..ഞാന്‍ തന്നെയെടുത്തോളാം. ഐ ക്യാന്‍ മാനേജ് മൈ സെല്‍ഫ്!‘ എന്നു പറഞ്ഞു ഞാനവരെ വിലക്കി. ഇന്ത്യന്‍‌ മസിലിനെക്കുറിച്ച് ആഫ്രിക്കക്കാര്‍ക്ക് എന്തറിയാം!

നന്ദിയോടെ അതിലേറെ അത്ഭുതത്തോടെ “ഓക്കെ” എന്നു പറഞ്ഞു അവര്‍‌ മാറി നിന്നു.

ചട്ടിപൊക്കാന്‍‌, ഭാരദ്വാഹകന്‍ ഭാരം പൊക്കാന്‍‌ കുനിയുന്ന പോലെ കുനിഞ്ഞ് , ഞാന്‍ ചട്ടിയുടെ വശങ്ങളില്‍‌ പിടിച്ചു. ചെറിയ ഒരു ബലം കൊടുത്തപ്പോള്‍ “ചട്ടികളെല്ലാം ലൈറ്റല്ല” എന്നെനിക്കു മനസ്സിലായി. ചട്ടിയും, ചരലും, പിന്നതില്‍ വലിയൊരു ചെടിയും. ഒറ്റക്കു മാനേയ്ജു ചെയ്യാമെന്നു പറഞ്ഞതിനു ഞാന്‍ സ്വയം പഴിച്ചു.

സര്‍‌വ്വബലവും കൊടുത്ത് ഞാനവസാനം ആ ചട്ടി പൊക്കി. ചട്ടി താങ്ങി സര്‍വ്വ മസിലുകളും വിറച്ചു നില്‍‌ക്കുമ്പോള്‍ കൈയ്യുകളിലും, തോളിലും, അടിവയറ്റിലും , പിന്നെ പറയാന്‍ കൊള്ളാത്ത ഒരു സ്ഥാനത്തും എല്ലാം ഭയങ്കര ഒരു പ്രഷര്‍‌ അനുഭവപ്പെടുന്നുണ്ടായിരുന്നു.

മുക്കുന്നതിനിടക്ക് സംസാരിക്കുന്ന സ്റ്റൈലില്‍‌ ഞാന്‍ ആ ശൂര്‍പ്പണഖയോട് ചട്ടിയും പൊക്കിപ്പിടിച്ച് നിന്ന് പറഞ്ഞൊപ്പിച്ചു.
“ഷോ.. മീ.. ദ വേ… പ്ലീസ്..”

ശൂര്‍പ്പണഖ വഴികാട്ടിയായി മുന്‍പില്‍. ചട്ടിയും താങ്ങി, അതില്‍ നിന്നു പൊങ്ങി നില്‍ക്കുന്ന ചെടിയുടെ ശാഖകള്‍ തലകൊണ്ട് വകഞ്ഞ് മാറ്റി അതിനിടയിലൂടെ കഷ്ടപ്പെട്ട് വഴി നോക്കി പിറകേ ഞാനും.

അല്പം നടന്നു കഴിഞ്ഞപ്പോള്‍‌ എന്റെ കൈ മസിലുകള്‍‌ പണിമുടക്കാരംഭിക്കുന്നതിന്റെ നോട്ടീസ് തരുകയും ചട്ടി മെല്ലെ മെല്ലെ കൈയ്യില്‍‌ നിന്നയയാനും തുടങ്ങി.

തളര്‍ന്ന കൈകള്‍ക്ക് ഒരു താങ്ങാകട്ടെ എന്നു കരുതി, ഞാന്‍ ചട്ടി അല്പം ചരിച്ച് അതിന്റെ ഒരു വശം എന്റെ അരക്കെട്ടിനു താഴെ ചാരി വച്ചു. ഇപ്പോ ചട്ടിക്കു സപ്പോര്‍ട്ട് എന്റെ കൈകളും പിന്നെ നാഭിയും. നടക്കാനും കുഴപ്പമില്ല.

നാണമില്ലാത്തവന്റെ അവിടെ ഒരാലു മുളച്ചാല്‍‌ അവനതൊരു തണലായിരിക്കും എന്ന പഴം ചൊല്ലിലെ “അവന്‍” ഏതാണ്ട് ഈ ഒരു രൂപത്തിലായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ ശൂര്‍പ്പണഖയുടെ പുറകേ അരയില്‍ ചെടിയും ചാരി വഴികള്‍ താണ്ടി.

“ഇവിടെ വച്ചോളൂ” കേള്‍‌ക്കാന്‍ കാത്തിരുന്ന വാക്കുകള്‍! ചട്ടി , ഒഴിഞ്ഞ കോണ്‍‌ഫ്രന്‍സ് ഹാളില്‍ ഒരു മൂലക്ക് പൊട്ടാതെ ഇറക്കി വച്ചു. ഭാഗ്യം.

കൈകളിലെ പൊടി തട്ടിക്കളഞ്ഞ് , നെറ്റിയിലെ വിയര്‍‌പ്പും തുടച്ച് ശൂര്‍പ്പണഖയുടെ താങ്ക്സും വാങ്ങി തിരിച്ചു പോകാന്‍‌ തുനിയുമ്പോള്‍‌..

താങ്ക്സ് പറയാന്‍‌ എന്റെ നേരെ തിരിഞ്ഞ ശൂര്‍പ്പണഖ എന്റെ അരയ്ക്കു താഴെ പാന്റ്സിന്റെ മുന്‍‌ഭാഗത്തേയ്ക്കു നോക്കുകയും “ അയ്യോ എന്റമ്മോ” എന്ന് ആഫ്രിക്കാന്‍സില്‍ കാറുകയും ചെയ്തു.

എന്റെ ദൈവമേ…രാവിലെ യൂറിന്‍‌ പാസ്സു ചെയ്തിട്ട് പാന്റ്സിന്റെ സിബ്ബടയ്ക്കാന്‍ മറന്നു പോയോ എന്ന്‌ ശങ്കിച്ച്, സോറി പെങ്ങളേ എന്ന് മലയാളത്തില്‍ പറഞ്ഞ്, ഓട്ടോമാറ്റിക്കായി, കൈ രണ്ടും അവിടെ വച്ചു പൊത്തി, കാലുകള്‍ പിണച്ച്, മാമാട്ടിക്കുട്ടിയമ്മ പണ്ട് നോട്ടുബുക്കിന്റെ പുറം ചട്ടയില്‍ നില്‍ക്കണ പോലെ ഒരു നിമിഷം ഞെട്ടി നിന്നു ഞാന്‍.

പൊത്തിപ്പിടിച്ച കൈകളില്‍ പറ്റിയ നനവ് എന്നെ വീണ്ടും കണ്‍ഫ്യൂസ്‌ഡ് ആക്കുകയും, ദൈവമേ ഭാരം ചുമന്ന് മൂത്രം പോയോ എന്നു വണ്ടറടിച്ച് താഴോട്ട് നോക്കി പോവുകയും ചെയ്തു.

അവിടെ കണ്ടു-

സിബ്ബ് ഓക്കെയാണ്. എന്നാല്‍‌ സിബ്ബിന്റെ ഇടത്തെ സൈഡില്‍ നിന്നും, താഴെ കാല്‍‌‍മുട്ടു വരെ വെള്ളം നനഞ്ഞു പോയ നല്ല വീതിയുള്ള ഒരു ചാല്‍‌. കണ്ടാല്‍‌ രണ്ടു മൂന്നു പ്രാവിശ്യം അടുപ്പിച്ചു പാന്റ്സില് യൂറിന്‍‌ ‍‌ പാസ്സു ചെയ്ത പോലെ!

മുക്കിനോക്കി..ഇല്ല..മൂത്രസഞ്ചി കാലിയാണ്. അതു യൂറിനല്ല-സത്യം. പിന്നെന്ത്?

പാന്റ്സിങ്ങനെ നനയാന്‍‌ കാരണം കണ്ടെത്താന്‍ എനിക്ക് ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു. കുറ്റവാളി , ചുമന്നു കൊണ്ടു വന്ന ചട്ടിയാണ്. അരയ്ക്കു താഴെ ചാരിവച്ച്, ചട്ടി കൊണ്ടുവന്നപ്പോള്‍, ചട്ടിയില്‍‌ ചരലിന്നടിയിലുണ്ടായിരുന്ന വെള്ളം, കൂളായി ചരിഞ്ഞ് തൂവി, പാന്റ്സിലായതാണ്.

ശൂര്‍പ്പണഖയെ ഇതു മൂത്രമല്ല, ചട്ടിയിലെ വെള്ളമാണെന്നു പറഞ്ഞു മനസ്സിലാക്കിയപ്പോളേയ്ക്കും സിംപതി പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു.

“ഓ മൈ ഗോഡ്..ഐ ആം സോ സോറി! ഇനി എന്തു ചെയ്യും! ടോയ്‌ലെറ്റില്‍ പോകൂ..അവിടെ ഹാന്‍‌ഡ് ഡ്രൈയര്‍‌ കാണും..അതു വച്ചു പാന്റ്സ് ഉണക്കാന്‍‌ നോക്കൂ..ശ്ശോ ഐ ആം റിയലി സോറി” ശൂര്‍പ്പണഖയുടെ സിംപതിയും ഉപദേശവും.

ഉപദേശം മോശമില്ല. ആണുങ്ങളുടെ ടോയ്‌ലറ്റില്‍‌ കയറിയാല്‍‌ ടിഷ്യൂ പേപ്പറു വച്ചു തുടച്ചോ, ഡ്രൈയര്‍ ഉപയോഗിച്ചോ നനവ് മാറ്റാന്‍‌ ശ്രമിക്കാം. ഇങ്ങനെ എങ്ങിനെ ഇന്റര്‍വ്യൂവിനു പോകും? എനിക്കു മൂത്രസഞ്ചിയില്‍‌ ബലക്ഷയമാണെന്നു വേലപ്പന്‍‌ സാര്‍ തെറ്റിദ്ധരിക്കില്ലേ?

ടോയ്‌ലറ്റ് എവിടെയാണെന്നു ചോദിച്ചു മനസ്സിലാക്കി. ലോബി ക്രോസ്സ് ചെയ്തു പോകണം.

ഓഫീസ് സമയം ആയി വരുന്നതിനാല്‍‌ ലോബിയില്‍ 8-10 ആള്‍ക്കാര്‍. പാന്റ്സിലെ നനവ് അവര്‍ കാണാതെ ഒരു സൈഡ് തിരിഞ്ഞ് നടന്ന്, ടോയ്‌ലറ്റിലേക്കോടിക്കയറി. ഭാഗ്യം, അതിനകത്താരുമില്ല.

ടിഷ്യൂ പേപ്പറെടുത്തുരച്ചു നോക്കി. നോ രക്ഷ. ടിഷ്യൂ പേപ്പര്‍ അലിഞ്ഞു പാന്റ്സില്‍ ഒട്ടിപ്പിടിക്കുന്നു.

ഹാന്‍ഡ് ഡ്രൈയര്‍ വച്ചിരിക്കുന്നത് എന്റെ നെഞ്ചറ്റം ഉയരത്തിലാണ്. അത്രയും എന്റെ അര പൊക്കുന്നതെങ്ങിനെ? ടോയ്‌ലറ്റില്‍‌ ശീര്‍‌ഷാസനം ചെയ്യാന്‍‌ പറ്റുമോ?

എങ്കിലും രണ്ടും കല്‍പ്പിച്ചു, കൊറ്റി ഒറ്റക്കാലില്‍‌ നില്‍‌ക്കുന്നപോലെ ഒരു കാലില്‍‌ ഏന്തിച്ചു നിന്ന്, തല ചുമരില്‍ ചാരി, മറ്റേക്കാല്‍‌ പൊക്കി, അരക്കെട്ടു പൊക്കി ഡ്രയറിന്റെ അടിയില്‍‌ കൊണ്ട് വന്ന് അങ്ങനെ ഒരു വികൃതമായ ഒരു പോസില്‍‌ പാന്റുണക്കിക്കൊണ്ട് നില്‍ക്കുമ്പോളാണ്…

ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നൊരു രൂപം അകത്തേയ്ക്ക് കയറിയത്.

സായിപ്പാണ്. റ മീശയും വച്ച്, ആടിന്റെ ചെവി കിടക്കണപോലെ മുടി നീട്ടി രണ്ടു വശത്തേയ്ക്കും പകുത്തിട്ട ഒരു തടിയന്‍‌!

എന്റെ സംശയാസ്പദമായ പോസ്സ്‌ കണ്ട് അദ്ദേഹം ആദ്യം ഒന്നു ഞെട്ടി-പിന്നെ ഒന്നമ്പരന്നു. ഞാനും തരിച്ചു നിന്നു പോയി. വികൃതാസനത്തില്‍ നിന്നിറങ്ങി, ഇവിടെ ഒന്നും സംഭവിച്ചില്ലാ ട്ടോ എന്ന മട്ടില് ഇളിഞ്ഞു നിന്നപ്പോള്‍‌ സായ്പ്പിന്റെ നോട്ടം എന്റെ പാന്റ്സിലേക്ക് വീഴുകയും അവിടുത്തെ നനവ് കാണുകയും ചെയ്തു.

അങ്ങൊരപ്പോള്‍ എന്റെ നേര്‍ക്ക് നോക്കിയ നോട്ടം ഞാന്‍ ചാവുന്ന വരെ മറക്കില്ല.

അവജ്ഞ, വെറുപ്പ്, ബ്ലഡി ഡേര്‍ട്ടി ഇന്ത്യന്‍‌...കക്കൂസ്സില്‍‌ പോകാന്‍‌ അറിയാത്തവന്‍..ഇത്രയും ഞാന്‍ , വന്ന കാര്യം സാധിക്കാതെ വെട്ടി തിരിഞ്ഞിറങ്ങി പോകുന്നതിനു മുന്‍പേ അദ്ദേഹത്തിന്റെ മുഖത്തു നിന്നും‍ വായിച്ചെടുത്തു.

ഒരു നിമിഷം ഞാന്‍‌ “എന്റെ ദൈവമ്മേ..ഞാനിനി എന്തു ചെയ്യും” എന്നു വിലപിച്ചു പോയി.
പുറത്തു പോയി കാറിലിരിക്കുന്ന ശ്രീമതിയുടെ മിഡി വാങ്ങി ഇട്ടാലോ എന്നു കരുതി. ട്രഡീഷണല്‍‌ ഇന്ത്യന്‍‌ ഡ്രസ്സാണെന്നു കാച്ചാം. പക്ഷേ വേലപ്പന്‍‌ സാറും ഇന്ത്യന്‍ അല്ലേ? കൊല്ലക്കടയില്‍‌ സൂചി വില്‍ക്കണോ?

അടുത്ത നിമിഷം പാന്റ്സുണക്കാന്‍ ഒരു ബ്രില്ല്യന്റ് ഐഡിയ എന്റെ മനസ്സില്‍‌ തോന്നി, ഹുറേ എന്നു വിളിച്ച് ഞാന്‍ പുറത്തേയ്ക്കൊടുകയും(സൈഡ് തിരിഞ്ഞ്) ചെയ്തു.

സ്ഥലം ആഫ്രിക്കയാണ്. പുറത്ത് നല്ല ഒന്നാന്തരം നട്ടപ്പൊരി വെയിലാണ്. എന്നിട്ടാണ് ഞാന്‍ ഡ്രൈയറുടെ ചോട്ടില്‍ ഇത്രയും നേരം കോപ്രായം കാണിച്ചത്.

ഓഫീസിനു പുറത്ത്, ആളൊഴിഞ്ഞ ഒരു കോണു നോക്കി ഞാന്‍ വെയിലു കായാന്‍‌ തുടങ്ങി. കാലുകള്‍ നീട്ടി വച്ച് അങ്ങനെ ഒരു 20 മിനിട്ട് ജീവനുള്ള അയയായി നില്‍‌ക്കേണ്ടി വന്നു എനിക്ക്, പാന്‍സുണങ്ങി കിട്ടാന്‍‌.

പാന്റ്സുണങ്ങിയെങ്കിലും, എന്റെ മുഖവും , കൈകളും എല്ലാം വെന്ത് കരുവാളിക്കുകയും, മുളകു പുരട്ടി വേവിച്ച തന്തൂരി ചിക്കന്‍‌ പീസുകള്‍ പോലെ ആവി പറത്തി മൃദു ആയി വരികയും ചെയ്തു.

എന്തായാലെന്ത്? പാന്റ്സുണങ്ങി. വേലപ്പന്‍‌ സാറിതൊന്നും അറിഞ്ഞിട്ടുമില്ല. ആകെ കൂടി എന്റെ കോലം കണ്ട് തെറ്റിദ്ധരിച്ചത് ആ മന്തന്‍ സായിപ്പാണ്. അവനോട് പോയി പണി നോക്കാന്‍ പറ! പരോപകാരിയായ ഒരു നിരപരാധിയെ തെറ്റിദ്ധരിച്ചതിന് അവന് ദൈവം കൊടുത്തോളും!

ഇന്റര്‍വ്യൂവിന് സമയമായതിനാല്‍‌ ഞാന്‍ ഓഫീസിനകത്തേയ്ക്കൊടി.

വേലപ്പന്‍‌ സാറിനോട് പേശേണ്ട തമിഴ്, ഇന്ത്യന്‍‌ സെന്റിമെന്റ്സ്, കുട്ടപ്പന്‍ എന്ന പേരിന്റെ പ്രയോഗങ്ങള്‍..എല്ലാം ഒന്നു കൂടെ ഓര്‍മ്മിച്ച്, ചിട്ടപ്പെടുത്തി, ഇന്റര്‍വ്യൂ റൂമിന്റെ വാതില്‍ മെല്ലെത്തുറന്നു.

അതിനകത്തിരുന്നവനെ കണ്ട് ഞാന്‍ ആഞ്ഞു ഞെട്ടി.

മുള്ളാന്‍‌ മുട്ടി, കോട്ടയം നാഗമ്പടം ബസ്റ്റാന്‍ഡിന്റെ പൊതു ശൌചാലയത്തില്‍‌ ഓടിക്കയറി വാതില്‍‌ത്തുറന്നകത്തേയ്ക്ക് നോക്കിയ അമേരിക്കന്‍‌ ടൂറിസ്റ്റ് സായിപ്പ് ഞെട്ടുന്നത് പോലെ, കുലുങ്ങി ഞെട്ടി.


റ പോലത്തെ മീശ..ആടിന്റെ ചെവി പോലത്തെ മുടി, ബ്ലാക്ക് കറന്റ് സ്കൂപ്പിനു മുകളില്‍ സ്ടോബറിയുടെ ചെറിയ സ്കൂപ്പ് വച്ച ഡബിള്‍ കോണ്‍‌ ഐസ്ക്രീമിന്റെ പോലെയുള്ള , കറുത്ത സ്യൂട്ടിട്ട ഉരുണ്ട ആകാരം‍.

ബാത്ത്‌റൂമില് രാവിലെ കണ്ട അതേ സായ്‌വ്!

അങ്ങോരും ഞെട്ടി, എന്റെ പാന്‍സിലേക്ക് നോക്കുന്നത് കണ്ടപ്പോള്‍ എല്ലാം ഉറപ്പായി.

ഇനി ഇങ്ങോരാണോ വേലപ്പന്‍? ഞാനൊന്നു ശങ്കിച്ചു . അങ്ങനെയാണെങ്കില്‍‌ വേലപ്പന്റെ അപ്പന്‍ ആളു കൊള്ളാവല്ലോ? മദാമ്മയെ ഒക്കെ വളച്ച്..ഉം ഉം...


രാവിലത്തെ പുച്ഛത്തിന്റെ ബാക്കി പ്രകടമാക്കി അദ്ദേഹം പേരു പറഞ്ഞു.
ഇംഗ്ലീഷ് മരുന്നിന്റെ രാസനാമം പോലെ വായില്‍ കൊള്ളാത്ത ഒരു നീണ്ട പേര്‍.

അല്ല-ഇത് വേലപ്പനല്ല. എല്ലാം പോയി. ബ്ലഡി ഡേര്‍ട്ടി ഇന്ത്യന്‍ , യൂ ആര്‍‌ ഫിനിഷ്‌ഡ്. സായിപ്പിന്റെ കണ്ണുകളിലെ പുച്ഛം “ഇറങ്ങിപ്പോടാ” എന്നെന്നോട് പറയുന്നപോലെ തോന്നി.

ഇന്റര്‍വ്യൂ വെറും പത്ത് മിനിട്ടേയുള്ളായിരുന്നു. സത്യം പറയാലോ, അങ്ങേര്‍ ചോദിച്ചതെന്ത്, ഞാന്‍‌ പറഞ്ഞതെന്ത് എന്നൊന്നും എനിക്കോര്‍മ്മയില്ല! എന്റെ ചിന്ത മുഴുവനും ആറ്റു നോറ്റു കാണാന്‍‌ കാത്തിരുന്ന വേലപ്പന്‍ സാറെവിടെ എന്നായിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞ്, ഗോള്‍ഡന്‍‌ ഡക്കായ ബാറ്റ്സ്മാന്‍‌ തിരിഞ്ഞു നടക്കും പോലെ ലോബി കടന്ന് പാര്‍ക്കിംഗിലേയ്ക്ക് നടക്കുമ്പോഴും അതായിരുന്നു ചിന്ത. മിസ്റ്റര്‍‌ വേലപ്പന് എന്തു പറ്റി?

അഗ്നിപര്‍വ്വതം പൊട്ടി ലാവാ തെറിക്കുന്നപോലെ വേലപ്പന്റെ ഗുട്ടന്‍സ് തെറിച്ചു പൊന്തിവന്നത് പെട്ടെന്നായിരുന്നു.

ആദ്യറൌണ്ട് പാസ്സായപ്പോള്‍ ആ തരുണീ മണി മദാമ്മ പറഞ്ഞ വാചകം ഒന്നു ശരിക്കും പരത്തി നിവര്‍ത്തിയിട്ട്, സ്വയം ചേര്‍ത്ത കുത്തും കോമയൊക്കെ തുടച്ചു മാറ്റി പല പ്രാവിശ്യം ഡീക്കോഡ് ചെയ്തപ്പോള്‍‍..

യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍‌ ചീഫ് ഡി. വേലപ്പന്‍‌
യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍‌ ചീഫ് ഡി വേലപ്പ
യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍‌ ചീഫ് ഡിവേലപ്പ
യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍‌ ചീഫ് ഡിവേലപ്പര്‍ (ഇന്ത്യക്ക് പുറത്ത് അവസാനത്തെ “ര്‍“ നിശബ്ദമാണ്)

അഥവാ ഇന്ത്യന്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍,

യൂ വില്‍‌ ബി ഇന്റര്‍വ്യൂവ്‌ഡ് ബൈ അവര്‍ ചീഫ് ഡെവലപ്പര്‍

അവരുടെ ചീഫ് ഡെവലപ്പര്‍‌ എന്നെ ഇന്റര്‍വ്യൂ ചെയ്യുമെന്ന് അവര്‍ ബ്രിട്ടീഷ് ഇംഗ്ലീഷില്‍ അസ്ഥാനത്ത് നീട്ടി വലിച്ച് പറഞ്ഞതാണ്, എനിക്ക്, അവരുടെ ചീഫ്, ഡി. വേലപ്പന്‍‌ ഇന്റര്‍വ്യൂ ചെയ്യും എന്നു തിരിഞ്ഞു കേട്ടത്.

നടക്കുന്നതിനിടെ നെഞ്ചത്തടിച്ച് അറിയാതെ പറഞ്ഞു പോയി..
‘എന്റമ്മേ!!! എന്നെ കൊല്ല്. കൊല്ല്..”


ദൂരെനിന്ന് ഞാന്‍‌ നടന്ന് വരുന്നത് കണ്ട്, ശ്രീമതി കാറിനു പുറത്ത് ചാടി , ഓടി വന്നു.
“കഴിഞ്ഞോ ചേട്ടാ..വേലപ്പന്‍ ചേട്ടനെ കണ്ടോ ചേട്ടാ? വേലപ്പന്‍ ചേട്ടന്‍ വല്ലതും പറഞ്ഞോ ചേട്ടാ..?”

സത്യമായും അതിനുത്തരം താഴെ എഴുതിയിരിക്കുന്ന വിധം പറഞ്ഞത് ഞാനല്ല. അഥവാ പറഞ്ഞെങ്കില്‍ത്തന്നെ സ്വബോധത്തോടെയായിരുന്നില്ല.

“ഭാ! ***&&^^വളേ..അവളുടെ ഒരു വേലപ്പന്‍ ചേട്ടന്‍! നിന്നെ അങ്ങേര്‍ മടിയിലിരുത്തി പേരിട്ടിരിക്കുന്നോ ചേട്ടാന്ന് വിളിക്കാന്‍! ഒരു വേലപ്പനും കീലപ്പനും! പണ്ടാരടങ്ങാന്‍! കണകുണ പറയാതെ കാറില്‍ കയറെടീ!!“

posted by സ്വാര്‍ത്ഥന്‍ at 1:37 PM

0 Comments:

Post a Comment

<< Home