Monday, April 03, 2006

varthamaanam - :: വി. എസ്‌. ::

കേരള രാഷ്ട്രീയത്തിലെ അടുത്ത കാലത്തുണ്ടായ ഒരു വലിയ സംഭവമാണ്‌ ഒരു പ്രതിപക്ഷ നേതാവിന്‌ വേണ്ടി കേരളത്തിലെ ജനങ്ങളും, പത്രങ്ങളും, പാര്‍ട്ടി ക്കാരും ഒരു പോലെ തെരുവിലിറങ്ങിയത്‌ ..പത്ര ഭാഷയില്‍ പറഞ്ഞാല്‍, ഒടുവില്‍ പാര്‍ട്ടിക്ക്‌ "വഴങ്ങേണ്ടി" വന്നു - പൊതുജനസമ്മര്‍ദ്ദത്തിന്‌ !!
ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെ സമ്പന്ധിച്ചേടത്തോളം വളരെ സന്തോഷമുണ്ടാക്കുന്ന ഒരു സംഗതിയാണിതെങ്കിലും, മാറിനിന്നു നോക്കുമ്പോള്‍, വളരെ ദൂര വ്യാപകമായേക്കാവുന്ന മാനങ്ങള്‍ ഉണ്ട്‌ ഈ നീക്കത്തിന്‌ എന്ന് തോന്നുന്നു.
V S അച്ചുതാനന്ദനെ പോലെ ഇത്രയും ശക്തനായ ഒരു പ്രതിപക്ഷനേതാവിന്‌ മുഖ്യമന്ത്രി ആയി കയറിയാല്‍ ഏറെയൊന്നും കേരളത്തില്‍ ചെയ്യാന്‍ കഴിയില്ല എന്നത്‌ കേരളത്തിന്റെ ഒരു വര്‍ത്തമാന യഥാര്‍ത്ഥ്യമാണ്‌. കേരളം ഇന്ന് മാഫിയകളുടെ കൈയില്‍ അമര്‍ന്നു കഴിഞ്ഞു എന്ന് തന്നെ പറയാം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ മാഫിയ വല്‍കരണത്തിന്റെ പിടിയില്‍ നിന്നും മുക്തമല്ലെന്നതാണ്‌ പ്രബുദ്ധ കേരളത്തിന്റെ ഇന്നത്തെ ദുരന്തം. ഒരു മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ഈ സംവിധാനത്തിന്‌ സമഗ്രമായ മാറ്റം വരുത്തുക എന്നത്‌ ഒരു കിനാവു മാത്രമായിരിക്കും.
ഈ വസ്തുത അറിയാഞ്ഞിട്ടൊന്നും അല്ല പത്ര മാധ്യമങ്ങള്‍ ഇന്നെ V S സ്നേഹം മൂത്ത്‌ താളുകള്‍ നിറച്ച്‌ കൂട്ടുന്നത്‌. ഇവിടെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കാനുള്ള അവാച്യമായ ആഗ്രഹമൊന്നുമല്ല, ഈ ഒരു മനുഷ്യനെ പൊക്കി കൊണ്ടു പോയി താഴെ ഇടുന്നതിലൂടെ കിട്ടുന്ന ഒരു ന്യൂസ്‌ സ്റ്റോറി മാത്രം. V S ഒരു മുഖ്യമന്ത്രി കസേരയില്‍ ഒരു പരാജയമായാല്‍ അത്‌, കേരളത്തിലെ എല്ലാ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും വലിയ തളര്‍ച്ചയായിരിക്കും എന്നത്‌ തീര്‍ച്ച.
ജനകീയ പ്രസ്ഥാനങ്ങളുടെ മുന്നണി പടയാളിയായി ജനപക്ഷത്ത്‌ നിലയുറപ്പിക്കുന്നതാണ്‌ V S എന്ന രാഷ്ട്രീയക്കാരന്‌ ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാനാവുന്നത്‌.

posted by സ്വാര്‍ത്ഥന്‍ at 11:39 AM

0 Comments:

Post a Comment

<< Home