Monday, April 03, 2006

കൂമൻ‍പള്ളി - Police Story 2- ഉത്തരവുകള്‍

പരമാധികാരത്തിന്റെ പ്രഭവസ്ഥാനത്ത്‌ വെറും നിശബ്ദതയും അടച്ചുറപ്പിച്ചതിന്നുള്ളില്‍ ചുറ്റിത്തിരിയുന്ന ശൈത്യവാതവും പിന്നെ മദ്യശാലയിലേതു പോലെ അശ്ലീലമായ ഒരുതരം അരണ്ട വെളിച്ചവുമാണെന്നത്‌ ക്യാമ്പിലെ ആഞ്ഞിലി മരത്തണലിലിട്ട തുരുമ്പിച്ച ഇരുമ്പു കസേരയിലിരുന്നുകൊണ്ട്‌ വാഹനങ്ങളുടെയും പാത്രം കഴുകുന്നതിന്റേയും ഒച്ചക്കു മുകളിലൂടെ ട്രെയിനര്‍ നാടാര്‍ വിളിച്ചു കൂക്കുക്കുന്ന ആജ്ഞാരൂപമാര്‍ന്ന ഔദ്യോഗികനിര്‍ദ്ദേശങ്ങള്‍ കേട്ടു മാത്രം ശീലിച്ചതിനാലാവാം, കുമാറിനെ വല്ലാതെ അലോസരപ്പെടുത്തി.

ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച്‌ എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.

കോണ്‍സ്റ്റബിള്‍..
യെസ്‌ സര്?
‍ഹും. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ്‌ ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്‌, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത്‌ എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .

ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.

നീ കോടാലികൊണ്ട്‌ ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട്‌ ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്‌. ഒരു കോടതി വിധി വായനപോലെ അത്‌ സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ്‌ അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.

സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..

ഛുപ്പ്‌! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.

ആ മനുഷ്യനൊരു പേരുണ്ട്‌. അയാള്‍ക്ക്‌ ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്‌. എനിക്ക്‌ വെറുമൊരു നമ്പര്‍. അയാള്‍ക്ക്‌ സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്‌.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു.

പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്‌, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട്‌ റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത്‌ കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച്‌ പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ്‌ ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.

ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ്‌ കാപ്പ്‌ പേപ്പര്‍ ഇണ്ടാസ്‌ ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍.


ആരുത്തരവിട്ടിട്ടായിരുന്നു എസ്‌ ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.

ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്‌. ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.

അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ്‌ ഐ ഹക്കീമിനെ ജീപ്പിലിട്ട്‌ അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട്‌ ഉത്തരവിട്ടത്‌ അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.

ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത്‌ സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍.

എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത്‌ വയസ്സുകാലത്ത്‌ ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.

കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത്‌ പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത്‌ തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്‌. നീ പോയി കാരണം ചോദിക്ക്‌.

കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.

"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട്‌ ഉത്തരമറിയാത്തതുകൊണ്ട്‌ വെറുതേ തലയാട്ടി കാണിച്ചു.

"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ്‌ ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.

"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു.

"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത്‌ നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ്‌ കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.

posted by സ്വാര്‍ത്ഥന്‍ at 11:37 AM

0 Comments:

Post a Comment

<< Home