Monday, April 03, 2006

കൊടകര പുരാണം - സില്‍ക്ക്‌ ഒരു പാവമായിരുന്നു

ഈ സംഭവം നടക്കുന്നത്ത്‌ ഇരുപത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പാണ്‌. കഥയിലെ നായിക ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും നായകന്‍ ജീവനോടെയുണ്ട്‌, അത്‌ ഞാന്‍ തന്നെയാകുന്നു. വേദി, കൊടൈക്കനാല്‍ എന്നറിയപ്പെട്ടിരുന്ന കൊടകര പാടത്തെ ഒരു ചെറിയ കനാല്‍‍.

മുണ്ടാപ്പന്റെ എരുമയോളം ഗ്ലാമറ്‌ ഇല്ലായിരുന്നെങ്കിലും, റേയ്റ്റിങ്ങില്‍ താഴെയാണെങ്കിലും, അടക്കവും ഒതുക്കവും ശാലീനതയും സ്വഭാവമഹിമയുമുള്ള ഒരു ഒന്നാന്തരം നാടത്തിയായിരുന്നു, ഞങ്ങളുടെ സില്‍ക്കും.

കടുകെണ്ണ തേച്ച്‌ ഇടക്കിടെ മസാജും സണ്‍ ബാത്തുമൊക്കെ നടത്തി സദാ തിളങ്ങിവിളങ്ങിയിരുന്നതിനാലാണ്‌ സില്‍ക്ക്‌ എന്ന പേര്‍ എരുമക്ക്‌ കിട്ടാനുണ്ടായ കാരണം.

'മാട്‌ ഒരു ധനമല്ല' എന്നതാണ്‌ പൊതുവേ പറയുകയെങ്കിലും, ദിവസം രണ്ടുനേരം 'ലിക്വിഡ്‌' അസറ്റ്‌ ചുരത്തുന്ന സില്‍ക്കിനെ ഒരു ഫ്ലോട്ടിങ്ങ്‌ അസറ്റായിത്തന്നെ കരുതി അളവറ്റ ലവിങ്ങും കെയറിങ്ങും പ്രാദാനം ചെയ്തു പരിപാലിച്ചു പോന്നതിന്റെ ഒരു കാരണം, ബ്രൂണെ സുല്‍ത്താന്റേതുപോലെയുള്ള അന്നത്തെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയായിരുന്നു.

ആക്ച്വലി, 'മാട്‌ ധനമാണെന്നും, പക്ഷെ, ഞങ്ങള്‍, മക്കള്‍ ഒരു ധനമല്ലെന്നുമാണ്‌ പാരന്റ്‌സിന്റെ ആറ്റിറ്റൂഡെന്ന് എനിക്കും ചേട്ടായിക്കും തോന്നാനുള്ള കാരണങ്ങള്‍, വീട്ടില്‍ ഒരു എരുമക്ക്‌ കൊടുക്കുന്ന പരിഗണനയും സ്‌നേഹവും പോലും കിട്ടാതിരുന്നതും, പകരം രണ്ട്‌ എരുമയെ കിട്ടുകയാണെങ്കില്‍ ഇവരെ എക്‍ചേഞ്ച്‌ ചെയ്യാന്‍ ഒരുക്കമാണെന്ന് അച്ഛന്‍ തമാശ രൂപേണ അമ്മാവനോട്‌ കൂടെക്കൂടെ പറയുന്നതും കേട്ടിട്ടാണ്.

അന്നൊക്കെ സ്കൂള്‍ വിട്ട്‌ നാലുമണിക്ക്‌ വീട്ടില്‍ വന്നാലുടന്‍, തണുത്ത ചായയും ഉണക്കപ്പൂട്ടും വാര്‍ഫുട്ട്‌ ബേയ്സില്‍ കഴിച്ച്‌ എരുമയേയും കൊണ്ട്‌ പാടത്തേക്ക്‌ ഓടുമ്പോള്‍, ചായപ്പതയാലുണ്ടായ മീശ തുടക്കുന്നത്‌ പോലും വഴിക്ക്‌ വച്ചായിരുന്നു.

സില്‍ക്കിനെ എവിടെയെങ്കിലും കെട്ടിയിട്ട്‌, പിന്നെ കളി തുടങ്ങുകയായി. ഫുഡ്ബോളോ, ഏറുപന്തോ, കോട്ടയോ, അല്ലെങ്കില്‍ തോട്ടിലെ വെള്ളത്തില്‍ അമ്പസ്ഥാനിയോ, ക്രിക്കറ്റോ കളിച്ച്, ഇരുട്ടും വരെ പാടത്ത്.

നട്ടെല്ലിന്റെ ഇടതുവശത്ത്‌ ഇടുപ്പ്‌ ഭാഗത്തായി ട്രയാങ്കിള്‍ പോലെ കാണുന്ന ഭാഗം നോക്കിയാണ്, എരുമയുടെ വയര്‍ നിറഞ്ഞോ ഇല്ലയോ എന്ന് മനസിലാക്കുക. കുഴിഞ്ഞിരുന്നാല്‍ അതിനര്‍ത്ഥം തീറ്റല്‍ നടന്നില്ല, കളി മാത്രമേ നടന്നുള്ളൂ എന്നാകുന്നുന്നു.

ഒരിക്കല്‍ നേരാംവണ്ണം തീറ്റാതെ, എരുമയുടെ വയര്‍ ഫുള്‍ട്ടിഫുള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ എരുമയുടെ റിയര്‍ സൈഡില്‍, എക്‍സെപെല്ലറില്‍ നിന്ന് പിണ്ണാക്ക്‌ വരുമ്പോലെ, ചാണകം പുറം തള്ളപ്പെടുന്ന ഭാഗത്ത്‌ പുല്ല്ല് തിരുകി വക്കുകയും

'അമ്മേ... ദേ കണ്ടോ, എരുമയുടെ വയര്‍ നിറഞ്ഞ്‌ പൊട്ടാറായി, ചാണകത്തിന്‌ പകരം ഇപ്പോ പുല്ല്‌ തന്നെയാണ്‌ വരുന്നത്‌'

എന്ന് പറഞ്ഞ്‌ അതിബുദ്ധികാട്ടിയതിന് വേലിയില്‍ കിടന്ന അടി എടുത്ത്‌ അകം തുടയില്‍ വടുവാക്കി മാറ്റിയ ചേട്ടന്റെ പോലെ ഞാനൊരിക്കിലും ചെയ്തിട്ടില്ല. ഞാന്‍ കളിക്കിടയിലും എരുമയെ മാറ്റിക്കെട്ടാന്‍ വളരെ ശ്രദ്ധിച്ചിരുന്നു!

അക്കാലത്തൊക്കെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍, പെണ്‍കുട്ടികളുണ്ടെങ്കില്‍ വിശേഷിച്ചും, ഞാന്‍ അഭിമാനത്തോടെ അവര്‍ക്കുമുന്‍പില്‍ നിരത്താറുള്ള എന്റെ കുറെ നമ്പറുകള്‍ ഉണ്ട്‌.

തമിഴന്മാര്‍ തലച്ചുമടായി കൊണ്ടുനടന്ന് വില്‍ക്കുന്ന കളര്‍ മുക്കിയ വൈറ്റ്‌ ലഗോണ്‍ കോഴിക്കുട്ടികള്‍, തൃശ്ശൂര്‍ന്ന് ബ്രീഡായതു നോക്കി വാങ്ങി ടാങ്കിലിട്ട്‌ കുഞ്ഞുങ്ങളെയുണ്ടാക്കി കോഴിമുട്ടയുടെ ഉണ്ണിയിട്ട്‌ വളര്‍ത്തുന്ന അക്വേറിയം ഫിഷുകളായ മോളി, ഗപ്പി തുടങ്ങിയവയും, എവര്‍ ഗ്രീന്‍ ചെടി, ഞാന്‍ സ്വയം ബഡ്‌ ചെയ്തുണ്ടാക്കിയ മാവ്‌, തുടങ്ങിയവ ഞാന്‍ 'എന്റെ സ്വന്തം' എന്ന് പറഞ്ഞ്‌ കാണിച്ച്‌ കൊടുത്ത്‌ കയ്യടി വാങ്ങുന്നവയായിരുന്നു.

ഒരിക്കല്‍ ബോബെയില്‍ നിന്ന് കുറച്ച് വിരുന്നുകാര്‍ വന്നു. കൂട്ടത്തില്‍ മൂന്ന് കുട്ടികളും എന്റെ പ്രായക്കാരിയായി ഒരു മാന്മിഴിയാളും.

ബോബെവരെ എനിക്ക്‌ ഖ്യാതി കിട്ടുകയാണെങ്കില്‍...,
എനിക്കീ ചേട്ടനെ തന്നെ കെട്ടിയാമതിയെന്ന് അവള്‍ വാശിപിടിക്കുവാന്‍ ഇടയാകുമെങ്കില്‍...,

ആയിക്കോട്ടേ എന്ന് വിചാരിച്ച്, എന്റെ അന്നത്തെ ഷോ കുറച്ച്‌ കൊഴുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

കോഴിക്കൂട്ടിന്റെ ഡോര്‍ സൈഡില്‍ എഴുതി വച്ചിരിക്കുന്ന,
'ക്യൂ പാലിക്കുക' 'കൂട്ടില്‍ പരമാവധി തൂറാതെ നോക്കുക‘ 'ഗീവര്‍‌‍ഗ്ഗീസ്‌ പുണ്ണ്യാളന്‍ ഈ ഭവനത്തിന്റെ നാഥന്‍'
എന്നിവ കാണിച്ചുകൊടുത്തതിന്‌ ശേഷം, എരുമയെയും ഉള്‍പെടുത്തിക്കൊണ്ട്‌ കുറച്ച്‌ നമ്പറുകള്‍ കാണിക്കാന്‍ അവരെ താഴെ പാടത്തേക്ക്‌ ക്ഷണിച്ചു.

എരുമയുടെ പുറത്തിരുന്ന് പോകുന്ന നമ്പറായിരുന്നു എന്റെ ലക്ഷ്യം.
ഞങ്ങളുടെ പറമ്പിനോട് ചേറ്‌ന്നുള്ള പാടത്തുള്ള ചെറിയ തോട്ടില്‍, നിറച്ചും വെള്ളവുമുണ്ടായിരുന്ന സമയം. ഡെയിലി പ്രാക്ടീസുള്ള ഞാന്‍ എരുമയുടെ പുറത്ത്‌ കയറിയിരുന്നു.

എരുമയുടെ പുറത്ത്‌ ഒരു കൈ കൊണ്ട്‌ കയറ്‌ പിടിച്ച്‌, മറ്റേ കൈ പിറകിലേക്ക്‌ നീട്ടി പിടിച്ച്‌, ഏറെക്കുറെ തച്ചോളി അമ്പുവില്‍ നസീര്‍ പോകുന്നപോലെ പോകുന്ന എന്നെ 'ആരാധനയോടെ' നോക്കി കുട്ടികളും കൂട്ടത്തിലെ സമപ്രായക്കാരിയും ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു.

ആത്മാഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ വിരാചിച്ചിരുന്ന എന്റെ ഇമേജ്‌ ഇടിഞ്ഞതും എരുമ ഇടഞ്ഞതും വളരെ പ്പെട്ടെന്നായിരുന്നു.

പരിചയമില്ലാത്ത ആള്‍ക്കാരെക്കണ്ടിട്ട്‌ സഭാകമ്പം മൂത്ത് എരുമ പരിഭ്രമിച്ചതാണോ എന്തോ, എരുമ ഗിയര്‍ ഡൌണ്‍ ചെയ്ത്‌ വയലന്റായി ഒരോട്ടമായിരുന്നു..

ആദ്യത്തെ കുതിക്കലില്‍ പിറകോട്ട്‌ പോയ ഞാന്‍, കയറിലെ പിടി വിടാഞ്ഞതുകൊണ്ട്‌ മുന്നോട്ടാഞ്ഞ്‌ എരുമയുടെ കഴുത്തിലേക്ക്‌ റിട്ടേണ്‍ അടിച്ചുവന്നിരുന്നു. എരുമ തോര്‍ത്തുമുണ്ട്‌ കഴുത്തിലിട്ടോണം എന്റെ കാലുകള്‍ കഴുത്തിലിട്ട്‌ എന്നേയും കൊണ്ട്‌ മുന്നോട്ട്‌ കുതിച്ചു.

എന്റെ ബോഡി വെയ്റ്റ്‌ താങ്ങാതെ തലയിളക്കി തറയിലിടുമ്പോഴേക്കും, മൂന്ന് കുതിക്കല്‍ എരുമ നടത്തിയിരുന്നു. ഓരോ കുതിപ്പിനും എന്റെ വളരെ സെന്‍സിറ്റീവായ എന്തൊക്കെയോ എരുമയുടെ കൊമ്പിന്റെയിടയില്‍ പെടുകയും, ചുറ്റുമുള്ള പ്രപഞ്ചവും ബോംബെക്കാരുള്‍പ്പെടെ സകല ചരാചരങ്ങളെയും ഞാന്‍ പിന്നെ കണ്ടത് ഫോട്ടോയുടെ നെഗറ്റീവിലെപ്പോലെയായിരുന്നു.

എന്റെ മരണവെപ്രാളം കണ്ട്‌ നിലവിളിച്ച്, ബോംബെക്കാര്‍ മുന്നിലും എരുമ പിന്നിലുമായി ഓടുന്നതുകണ്ടിട്ടും, 'സംഭവാമി യുഗേ യുഗേ' എന്ന നിസ്സംഗഭാവത്തില്‍ , ‘സംഭവിച്ചതെല്ലാം നല്ലതിന്’ എന്ന് സമാധാനിച്ച് കൈകള്‍ പിറകില്‍ തറയിലൂന്നി തല കുടഞ്ഞ്‌ ഞാന്‍ വാഴക്കുഴിയിലിരുന്നു. വീട്ടീന്ന് അച്ഛന്‍ വന്ന് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോകുവോളം!

posted by സ്വാര്‍ത്ഥന്‍ at 8:33 AM

0 Comments:

Post a Comment

<< Home