Tuesday, November 21, 2006

ചില നേരത്ത്. - അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം.

നായിക ഗര്‍ഭിണിയായപ്പോഴാണ് വാദ്യോപകരണങ്ങള്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങിയത്. മാനഭംഗത്തിന്റെ നായകനെ തിരഞ്ഞ് നാട്ടുകാര്‍ നിശ്ശബ്ദമായി , എങ്കിലുംഒരു മൂളിപ്പാട്ടിന്റെ താളത്തോടെ, മുറുമുറുപ്പോടെ അന്വേഷണം തുടങ്ങിയതപ്പോഴാണ്. ആ സംഗീതം സ്കൂളിന്റെ-സംഗീതവേദിയുടെ- പരിസരത്തെ ഹോട്ടലുകളിലും പെട്ടികടയിലും പലചരക്ക് പീടികകളിലും താളലയത്തോടെ, നേരിയ ശബ്ദവിതാനത്തോടെ മുഴങ്ങി കേട്ടു. സംശയത്തിന്റെ സംഗീതം കൂടുതല്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ നായകനെ പറ്റിയുള്ള ഊഹങ്ങള്‍ ശുദ്ധ സംഗീതത്തില്‍ കലര്‍ത്തിയ പോപ് സംഗീതം പോലെ പ്രചുരപ്രചാരം നേടി തുടങ്ങി. വിരസമായ ദിനങ്ങളില്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പക്കമേളവുമായി രംഗം കൊഴുപ്പിക്കാനെത്തി. അവര്‍ക്ക് പ്രതിഫലമുണ്ട് ഈ നാടകത്തില്‍, അവര്‍ക്ക് മാത്രം.

നായിക പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയായതിനാല്‍ സ്കൂളിലേക്ക് നാടക വേദി നീങ്ങി തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തവണ മുഴക്കിയ ചെണ്ടവാദ്യം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴേക്കും നായകന്‍ അലസമായി നീങ്ങിയ ദിനത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥലം വിടുമ്പോള്‍ പാടിയ പാട്ട് അജ്ഞാതഗീതമാണ്.

നായിക തനിക്ക് കിട്ടിയ താളപെരുക്കത്തിന്റെ കാഠിന്യത്തില്‍ നായകന്റെ പേര് വിളിച്ച് പറഞ്ഞപ്പോള്‍ സംഗീതത്തിന്റെ ശ്രുതി വിശ്വേത്തരചാതുരിയോടെ വ്യത്യസ്തമായി കമ്പനം തുടങ്ങി. ഒരിടത്ത് ശോകഗാനം ഇടയ്ക്കിടെയുള്ള നിലവിളികളോടെ ശ്രവ്യസുന്ദരമായി ഒഴുകാന്‍ ആരംഭിച്ചു. അത് നായകന്റെ ഭാര്യയും ഭാര്യമാതാവും ചേര്‍ന്നുള്ള ശുദ്ധസംഗീതമായി നാട്ടുകാര്‍ ആസ്വദിച്ചു. ആ ആസ്വാദനത്തിന്റെ അനന്തരഫലം പോലീസിന്റെ ഇടപെടലോടെ -നായകനെ കണ്ടെത്തുന്നു അറസ്റ്റ് ചെയ്യുന്നു-(അത്ഭുതത്താല്‍ കാഴ്ചക്കാരിലേക്ക് വീണ്ടും ശുദ്ധസംഗീതം.) കൂടുതല്‍ ശബ്ദാനമായി. തെളിവെടുപ്പിനായി നായകന്‍ താന്‍ പഠിപ്പിക്കുന്ന, നായിക പഠിച്ചിരുന്ന സ്കൂളിലെത്തിയപ്പോള്‍, നാട്ടുകാരുടെ ആസ്വാദനത്തിന്റെ നിലവാരമളക്കാന്‍ പോലീസുകാര്‍ ഒരുമ്പെട്ടപ്പോള്‍ പുറപ്പെട്ട തുകല്‍ വാ‍ദ്യം വര്‍ണ്ണശബളമായ രംഗാവിഷ്കാരമായി. നിറങ്ങള്‍ ചിതറിതെറിച്ചു. സോണിക് ലൈബ്രറികള്‍ക്കായി ,സൂക്ഷ്മമായി ശേഖരിക്കാവുന്ന നിരവധി ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ ചെറുപ്പക്കാര്‍ സൃഷ്ടിച്ചു. അദ്ധ്യാപകന് നഷ്ടപ്പെടാനിനി പല്ലില്ലെന്നാരോ വിളിച്ച് പറഞ്ഞപ്പോള്‍ സംഗീതാസ്വാദനത്തിന് ഉന്നതനിലവാരമാണെന്ന് രേഖപ്പെടുത്തി പോലീസുകാര്‍, വായിച്ച് തീര്‍ന്ന ‘നോട്സ് ‘എടുത്ത് തിരിച്ച് പോയി. സംഗീതം ആരോഹണാവരോഹണതാളത്തില്‍ അന്തരീക്ഷത്തില്‍ തുടര്‍ന്നു. നായകന്റെ ഭാര്യയെയും പിള്ളേരെയും കാണുമ്പോള്‍ ശുദ്ധസംഗീതം വിഷണ്ണമായി പരന്നു. ഭാര്യമാതാവിനെ കാണുമ്പോള്‍ കൂടുതല്‍ ദു:ഖാര്‍ദ്രമായ ഈണത്തില്‍ അലോസരമായി ഒഴുകി. ചെറുപ്പക്കാര്‍, പക്കമേളക്കാര്‍ പ്രതിഫലത്തിനായി സംഗീതം അവസാനിക്കാന്‍ കാത്തിരുന്നു.

പോലീസുകാര്‍ വീണ്ടും രംഗം കൊഴുപ്പിക്കാനെത്തി.നായകന്റെ പരാതി പ്രകാരം നാട്ടുകാരില്‍ നിന്ന് ഉന്നത നിലവാരം പുലര്‍ത്തിയ ആസ്വാദകരെ ആദരിക്കാന്‍ സ്വീകരിച്ചാനയിക്കാനെത്തിയപ്പോള്‍ ചടങ്ങില്‍ മുഴങ്ങിയേക്കാവുന്ന പാശ്ചാത്യ സംഗീതം ഭയന്ന് സ്വീകരണ വാഹനം തടഞ്ഞപ്പോള്‍ കൂടുതല്‍ വയലിന്‍ വാ‍ദകരെത്തി. ഗാനം രോദനങ്ങളുടെ ഹമ്മിംങ്ങോടെ ഒഴുകി തുടങ്ങി.
രാഷ്ട്രീയക്കാര്‍, കാലഹരണപ്പെട്ട് തുടങ്ങിയ സാന്ത്വനശ്രുതിയുമായി നാടകവേദിയിലേക്ക് ശുഭ്രവസ്ത്രരായെത്തി. ഖദറിന്റെ കഞ്ഞിപ്പശ സദസ്സില്‍ പരന്നപ്പോള്‍ മാത്രമാണ് നായകന്റെ സംഗീതത്തിന്റെ രാഷ്ട്രീയം സദസ്സിന് ആസ്വദിക്കാനായത്. രാഷ്ട്രീയസംഗീതവാദകരുടെ ഇത്ര മനോഹരമായ ഗാനം നിലച്ച് പോകാതിരുന്നെങ്കിലെന്ന് സദസ്യരോരുത്തരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. നായകന്റെ രാഷ്ട്രീയക്കാര്‍ വേദിയിലേക്കെത്തുമ്പോള്‍ സദസ്സില്‍ നിന്നും ഗാനാലാപനം ഒഴുകി തുടങ്ങി. എത്ര മനോഹരമായ നാടകം !!. നായകന്റെ അപദാനങ്ങള്‍ വാഴ്ത്തിപാടിയ വിപ്ലവ വരികളോരോന്നും ത്രസിപ്പിക്കുന്നതും വാദ്യമേളങ്ങളേക്കാള്‍ മനുഷ്യകണ്ഠങ്ങള്‍ക്ക് ശ്രവണസുഖിയായ ആവൃത്തി സൃഷ്ടിക്കാനാകുമെന്നും തെളിയിക്കുന്നതായിരുന്നു. രംഗം കൊഴുത്തപ്പോള്‍ സ്വയമേവ സംവിധായകന്‍ രംഗത്തെത്തി. നാടകം അവസാനത്തിലേക്കെത്തുന്നത് സംവിധായകന്റെ രംഗപ്രവേശത്തോടെയാണ്. സദസ്യര്‍ ആസ്വാദനത്തിന്റെ അത്യുന്നതിയില്‍ വിരാജിച്ചിരിക്കുമ്പോഴുണ്ടായ വ്യതിചലനം സരസമായ ശബ്ദവീചികളോടെയാണ് എതിരേറ്റത്. സംവിധായകന്‍ വിവാഹം കഴിക്കാന്‍ കരുതിയിരുന്ന നായികയെ , അവള്‍ക്ക് പതിനഞ്ച് വയസ്സേയുള്ളൂവെങ്കിലും അവളുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നതും മാതാവ് വേറെയൊരുത്തന്റെ കൂടെ പൊറുക്കുന്നതും അവഗണിക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലുയര്‍ന്നപ്പോള്‍ സദസ്സ്യരുടെ ഹൃദയത്തില്‍ നിന്നുയര്‍ന്ന സംഗീതം വര്‍ണ്ണനകള്‍ക്കതീതമായിരുന്നു.

ഇനി നാടകമവസാനിക്കുന്നു. നായകന്റെ ഭാര്യയും പിള്ളേരും ഭാര്യാമാതാവും സദസ്സിലേക്ക് നായകനെ താങ്ങിപിടിച്ച് കടന്നു വരുന്നു. ഗര്‍ഭം അലസിപ്പിച്ച നായികയുടെ പിന്നാലെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത പ്രതിഫലം വാങ്ങിക്കാനായി പക്കമേളക്കാര്‍ പോകുന്നു. സംവിധായകന്‍, സദസ്സില്‍ നിന്ന് , ഇനി ഞാന്‍ എന്തിന് കാത്തിരിക്കുന്നു ? എന്ന ചോദ്യം സദസ്യര്‍ക്കായി എറിഞ്ഞ് നായികയ്ക്ക് പിന്നാലെ വേദിയിലേക്കേറുന്നു. സംഗീതം ഉച്ഛാസ്തിയില്‍ മുഴങ്ങുന്നു. കര്‍ട്ടന്‍ താഴുന്നു. കുറേ നാള്‍ കൂടി കണ്ട സംഗീതനാടകം ആസ്വദിച്ച സംതൃപ്തിയോടെ സദസ്യര്‍ എഴുന്നേറ്റ് കയ്യടിക്കുന്നു.

-ശുഭം-

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 12:20 AM

0 Comments:

Post a Comment

<< Home