Sunday, November 19, 2006

അശ്വമേധം - സ്നേഹിതയേ സ്നേഹിതയേ

ഞങ്ങളുടെ സദസ്സുകളില്‍ നിന്നെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ കുതിര എന്ന വിളിപ്പേര് എന്റെ കൂട്ടുകാര്‍ ഉപയോഗിച്ചിരുന്ന കാര്യം നിനക്കറിയാമായിരുന്നോ? നിന്റെയാ ഉയര്‍ന്ന നാസികയും അല്‍പ്പം വിടര്‍ന്ന അധരങ്ങളുമാണ് ആ പേരു വീഴാന്‍ കാരണമെന്നാണെന്റെ ഊഹം. പിന്നെയെപ്പൊഴോ ആ അരക്കിറുക്കന്‍ ഇയാന്‍ കാസ്റ്റിലാ‍നോ ഇംഗ്ലീഷ് ക്ലാസ്സില്‍ കുതിര രതിയുടെ പ്രതീകമാണെന്നു വിശദീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാര്‍ നിന്നെ നോക്കി അടക്കിച്ചിരിക്കുന്നത് നീയും ശ്രദ്ധിച്ചിരുന്നെന്നാണെന്റെ ഓര്‍മ്മ.

നീ ഞങ്ങളുടെ ക്ലാസ്സില്‍ താമസിച്ചായിരുന്നല്ലോ എത്തിയത്. ഒന്നാം വര്‍ഷം കഴിയാറായപ്പോള്‍ മറ്റൊരു കോളേജില്‍ നിന്ന് മാറ്റം വാങ്ങിയെത്തിയ നിനക്കു മുന്നെ നിന്നെപ്പറ്റിയുള്ള കഥകള്‍ ഞങ്ങളുടെ ക്ലാസ്സില്‍ എത്തിയിരുന്നു. നീ പഴയ കോളേജില്‍ വിവാദമായൊരു ചുംബനരംഗത്തിലെ നായികയായതും, ആരോ അത് കണ്ടതും അങ്ങനെ നീ അവിടെ നിന്ന് പുറത്താക്കപ്പെട്ടതുമൊക്കെ ഞങ്ങളറിഞ്ഞിരുന്നു എന്നു നിനക്കറിയാമല്ലോ. അതെ, നിന്റെ ബാല്യകാല സുഹൃത്ത്‌ റോബിന്‍സണ്‍ തന്നെയായിരുന്നു നിന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞങ്ങളെ അറിയിച്ചിരുന്നത്. നിനക്കവനെ കണ്ടുകൂടായിരുന്നു എന്നെനിക്കു വളരെ പെട്ടന്നു തന്നെ മനസിലായി. അവനു‍ മാത്രമല്ല, നിന്റെ പുതിയ കൂട്ടുകാരനാവാന്‍ നിന്റെ പൂര്‍വ്വകഥകള്‍ ഞങ്ങളില്‍ മിക്കവര്‍ക്കും പ്രചോദനമായിരുന്നു.

നിങ്ങളൊക്കെ അന്ന്‌ കരുതിയിരുന്നതു പോലെ ഞാന്‍ ഒരു ലജ്ജാലുവും ശാന്തനുമൊന്നുമല്ല. (ഇത് നിനക്ക് പിന്നീട് മനസിലായെന്നെനിക്കറിയാം). മറുനാട്, വലിയ പരിചയമില്ലാത്ത സുഹൃത്തുക്കള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അധികം ബഹളമുണ്ടാക്കാതിരുന്നതു കൊണ്ടാണ്‌ എനിക്കങ്ങനെയൊരു പ്രതിച്ഛായ കിട്ടിയതെന്നു തോന്നുന്നു. ഞങ്ങള്‍ ഹോസ്റ്റലുകാര്‍ എപ്പൊഴും ഒന്നിച്ചായിരുന്നെങ്കിലും ആ കൂട്ടത്തിലെ ഒറ്റയാനായിരുന്നു ഞാന്‍ എന്ന് നിനക്കും എളുപ്പം മനസിലായിരുന്നല്ലോ. അവരുടെ കൂടെ എല്ലാത്തിനും ഞാന്‍ ഉണ്ടായിരുന്നെങ്കിലും നിങ്ങള്‍ പെണ്‍കുട്ടികളുടെ സംഘം എന്നെ ഒരു നിഷ്കളങ്കനായോ നിരപരാധിയായോ ഒക്കെയാണ് കണ്ടിരുന്നതെന്ന് എനിക്കറിയാം. അതു കൊണ്ടാണല്ലോ നിന്നെ ‘വളക്കാന്‍’ പരിശ്രമിച്ചിരുന്ന അവരെ ഒക്കെ അവഗണിച്ചു കൊണ്ട് നീ എന്നെ കൂടെ കൂട്ടിയിരുന്നത്. പതിനേഴാത്തെ പിറന്നാളിന്‌ ഹോണ്ട സിറ്റി അച്ചന്റെ സമ്മാനമായി കിട്ടിയ സ്ഥലത്തെ പ്രധാന പണക്കാരന്‍ ഐവന്റെ തുറന്ന പ്രണയാഭ്യര്‍ത്ഥന നീ നിരസിച്ചത് എന്നെ അല്‍പ്പമൊന്ന് അമ്പരപ്പിച്ചിരുന്നു. നമ്മുടെ ബാച്ചിലെ മറ്റ് സുന്ദരികള്‍ ഐവന്റെ കൂടെ കറങ്ങിനടക്കാന്‍ വേണ്ടി മത്സരിക്കുന്നത് നീയും കണ്ടിട്ടുണ്ടല്ലോ.

എന്നോടൊള്ള ഇഷ്ടത്തേക്കാള്‍ കൂടുതല്‍ നിന്നെ ഒളിഞ്ഞിരുന്നു കളിയാക്കുന്ന എന്റെ കൂട്ടുകാരെ അസൂയാലുക്കളാക്കാന്‍ വേണ്ടിയാണ് നീ എന്നോടടുത്തതെന്ന് ഞാന്‍ പറഞ്ഞാല്‍ നീ നിഷേധിക്കുമോ? മറുനാട്ടുകാരനായ ഞാന്‍‍ നിന്നെ കൊണ്ടുനടക്കുന്നതാണ് നിന്റെ പഴയ കൂട്ടുകാര്‍ക്കുള്ള മധുരപ്രതികാരം എന്ന് നീ കരുതിയല്ലേ? പക്ഷെ നീ ഒരു പകുതി മലയാളിയാണെന്ന് ഞാന്‍ അറിഞ്ഞത് ഒരുപാട് കഴിഞ്ഞായിരുന്നു. (ഇനി അതായിരുന്നോ നമ്മള്‍ തമ്മില്‍ അടുത്തതിനുള്ള നിന്റെ ന്യായം?) നീ ഒരിക്കലും നിന്റെ വീട്ടുകാരെക്കുറിച്ച് ഒന്നും പറയാറില്ലായിരുന്നല്ലോ. നീ ഒരു റെബല്‍ പ്രതിച്ഛായ സ്വയം വളര്‍ത്തിയെടുത്തതിനു കാരണക്കാര്‍ നിന്റെ വീട്ടുകാരായിരുന്നു എന്നായിരുന്നു എന്റെ ഊഹം. കോളേജ് സുന്ദരി ആവാന്‍ പറ്റുന്ന ഒരു റെബലിനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. നിന്റെ ആ നുണക്കുഴികള്‍ വിരിയുന്ന കവിളുകളും പിന്നെ ആ പോണിടെയിലും പലരുടെയും ഉറക്കം‍ കെടുത്തിയിരുന്നെന്നുറപ്പ്. ഓഹ് ആ പോണി ടെയില്‍, അതും കുതിര എന്ന പേരിനൊരു കാരണമാവാം.

നിന്റെ ഇഷ്ടങ്ങള്‍ എന്റെയും ഇഷ്ടങ്ങളായി മാറിയത് പെട്ടെന്നായിരുന്നു. ബോളിംഗ് ഞാന്‍ പഠിച്ചെടുത്തതും നിന്നെ തോല്‍പ്പിക്കാറായതും നിന്നില്‍ മതിപ്പുളവാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. നിന്നോടൊപ്പം കറങ്ങി നടക്കാന്‍ ഞാന്‍ എന്റെ ആഴ്ചയവസാനങ്ങളിലെ ഫുട്ബോള്‍ വരെ ഉപേക്ഷിച്ചു. വസ്ത്രങ്ങള്‍ വാങ്ങാനുള്ള നിന്റെ ഭ്രമം കാരണം ഞാന്‍ നിങ്ങളുടെ വസ്ത്രങ്ങളുടെ പുതിയ ഫാഷനുകള്‍ വരെ പഠിച്ചു തുടങ്ങി. എന്നാല്‍ നീ‍ എന്നെ അര്‍ത്ഥം പഠിപ്പിച്ച ആദ്യ വാക്ക് ‘ഷിവല്‍റി’ എന്നതായിരുന്നു. അന്ന് നീ വീട്ടില്‍ പോകാന്‍ വേണ്ടി ബാഗുമായി കോളേജില്‍ എത്തിയതും, നിന്നെ ട്രെയിന്‍ കയറ്റി വിടാന്‍ വന്ന ഞാന്‍ നിന്റെ ബാഗ് പിടിക്കാനേല്‍ക്കാത്തത് കണ്ട നീ എന്നോട് ഷിവല്‍റി എന്ന വാക്കിന്റെ അര്‍ത്ഥം വെബ്‌സ്റ്റേഴ്സില്‍ നോക്കാന്‍ പറഞ്ഞതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പിന്നെയും നീ ഒരുപാട് വാക്കുകളുടെ അര്‍ത്ഥം എന്നെ പഠിപ്പിച്ചു - ‘സുഹൃത്ത്’ എന്നതിന്റെ അടക്കം.

തെറിച്ച പെണ്ണ് എന്ന നിന്റെ പ്രതിച്ഛായ തകരാതിരിക്കാന്‍ നീ മനഃപൂര്‍വ്വം പ്രയത്നിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു. നമ്മളൊന്നിച്ചു പോയ ഫാഷന്‍ ഫെസ്റ്റുകളിലും പാര്‍ട്ടികളിലും മറ്റും സ്വയം ആസ്വദിക്കുന്നതിനോടൊപ്പം തന്നെ നിനക്ക് പ്രധാനമായിരുന്നല്ലോ നമ്മുടെ അടുപ്പം മറ്റുള്ളവരെ കാ‍ണിക്കുന്നതും (ഞാനത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു എന്നത് ഏറ്റുപറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാവും). ലോകം എന്തു വിചാരിക്കുന്നു എന്നതിനു തരിമ്പും പ്രാധാന്യം കൊടുക്കാറില്ലെന്ന് നീ ഇടക്കിടക്ക് പറയാറുണ്ടാ‍യിരുന്നെങ്കിലും നിനക്കിഷ്ടമുള്ളവരെ നീ ഭ്രാന്തമായി സ്നേഹിച്ചിരുന്നു, അവരുടെ കാര്യങ്ങളില്‍ അത്യന്തം ശ്രദ്ധിച്ചിരുന്നു എന്നെനിക്കറിയാം, സ്നേഹം എന്നതിന് സമൂഹം കൊടുത്തിരിക്കുന്ന അര്‍ത്ഥാന്തരങ്ങളെക്കുറിച്ച് നിനക്ക് പുച്ഛമായിരുന്നെങ്കിലും. ആഴ്ച തോറും കാമുകന്മാരെ മാറ്റുന്നവള്‍ എന്നതായിരുന്നു നീ എത്തുന്നതിനു മുന്‍പേ എത്തിയ നിന്റെ വിശേഷണങ്ങളില്‍ ഒന്ന്. എന്നാലും നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന ആ ഒരു വര്‍ഷം മുഴുവന്‍ കോളേജില്‍ എല്ലാവരുടെയും മുന്നില്‍ ഞാന്‍ തന്നെയായിരുന്നു നിന്റെ ‘കാമുകന്‍’ എന്നതും എന്നെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. പക്ഷെ നമ്മുടെതായ ലോകത്ത് കാമുകന്‍ എന്ന വാക്കിന് പ്രത്യേക അര്‍ത്ഥമൊന്നുമില്ല എന്നത് ഒരു പക്ഷെ നിന്നെക്കാള്‍ കൂടുതല്‍ എനിക്കറിയാമായിരുന്നു. നിന്നില്‍ ഒരു കാമുകിയെയോ ഭാവി ഭാര്യയെയോ കാണാന്‍ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല, നിനക്കും അതു തന്നെ തിരിച്ച് ചെയ്യാന്‍ കഴിയാതിരുന്ന പോലെ തന്നെ. ഒരു ആണിനും പെണ്ണിനും വളരെ അടുത്ത സുഹൃത്തുക്കളായി തന്നെ തുടരാന്‍ കഴിയും എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാമായിരുന്നു. അതിരുകളും നിയന്ത്രണങ്ങളും ഇല്ലാത്ത ഒരു സ്നേഹബന്ധം നീ ആസ്വദിച്ചതിനോടൊപ്പമോ അതില്‍ കൂടുതലോ ഞാനും ആസ്വദിച്ചിരുന്നു. കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യം.

നീ താമസിച്ചിരുന്ന നിന്റെ അമ്മായിയുടെ വീട്ടിലെ ഒന്നാം നിലയിലെ നിന്റെ മുറിയില്‍ നിന്റെ വയലിന്‍ വായന കേട്ടു കൊണ്ട് തറയില്‍ മലര്‍ന്നു കിടന്ന സായാഹ്നങ്ങള്‍ മനസില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു. നിന്റെ അമ്മായിയും എന്നെ ഭാവിയിലെ ഒരു കുടുംബാഗമായാണ് കണ്ടിരുന്നതല്ലേ? നമ്മുടെ തലമുറയുടെ രീതികളോടിണങ്ങിക്കഴിഞ്ഞു എന്നു കാണിക്കാന്‍ വേണ്ടി അവരത് മറച്ചുവെക്കാന്‍ വിദഗ്ദമായി പരിശ്രമിച്ചിരുന്നെങ്കിലും എനിക്കതു മനസിലാവുമായിരുന്നു. കോളേജില്‍ കാണിച്ചിരുന്ന റെബല്‍ സ്വഭാവം നീയൊരിക്കലും വീട്ടില്‍ കാണിച്ചിരുന്നില്ലെന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നു. നിന്റെ സ്വാഭാവികമായ വശ്യമായ പെരുമാറ്റമായിരുന്നു അവിടെയും.

അവസാനത്തെ പരീക്ഷയും എഴുതി പിരിയാന്‍ നേരം നീയെനിക്കു തന്ന കൊച്ചു കാര്‍ഡിലെ വരികള്‍ പ്രവചനസ്വഭാവമുള്ളവയായിരുന്നു - “നമ്മള്‍ തമ്മില്‍ ഇനി ഒരിക്കലും കാണാതിരിക്കാനുള്ള ഒരു ചെറിയ സാധ്യത ഞാന്‍ കാണുന്നു, അങ്ങനെയാണെങ്കില്‍ ഈ ഒരു ജന്മത്തേക്കുള്ള സൌഹൃദം നീയെനിക്കു പകര്‍ന്നു തന്നു കഴിഞ്ഞു എന്നു നീ അറിയണം”. നിനക്കറിയാമായിരുന്നോ നമ്മള്‍ അകലാന്‍ പോകുകയാണെന്ന്‌? നിനക്കറിയാമായിരുന്നോ നീ എനിക്ക് പിടിതരാതെ അകലങ്ങളിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നെന്ന്? എന്റെ വിളികള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ നീ പുതിയ സ്ഥലവുമായി പരിചയപ്പെടുന്നതിന്റെ തിരക്കിലാണെന്നു ഞാന്‍ കരുതി. ഫാഷന്‍ ഡിസൈനിംഗിനു ചേര്‍ന്ന നീ പിന്നീട്‌ അവിടെ നിന്ന് മാറിയത് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക്‌ കിട്ടാതായി. പിന്നെ എപ്പൊഴോ കേട്ടു നീ വീണ്ടും നിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെന്ന്, അമേരിക്കയില്‍ നിന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയെന്ന്. അതായിരുന്നു നിന്നെക്കുറിച്ച് ഞാന്‍ അവസാനമായി അറിഞ്ഞത്.

പത്ത് വര്‍ഷങ്ങള്‍! ഇന്നിതെല്ലാം ഞാന്‍ വീണ്ടും ഓര്‍ത്തു. എം ടി “ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ലീലയെപ്പറ്റി ഞാന്‍ വീണ്ടും ഓര്‍ത്തു” എന്നെഴുതിയതു പോലെ ഞാനും നിന്നെപ്പറ്റി ഓര്‍ത്തു. എങ്ങനെയെന്നറിയണ്ടേ? ഒരുപാട് നാളുകള്‍ക്കു ശേഷം ഞാന്‍ ഇന്ന് റോബിന്‍സണെ വിളിച്ചിരുന്നു. അവനാണ് പറഞ്ഞത് നീ ഇവിടെ അമേരിക്കയില്‍ എന്റെ നഗരത്തിലുണ്ടെന്ന്. എനിക്കു വേണമെങ്കില്‍ നിന്നെ തിരഞ്ഞു പിടിക്കാം. പക്ഷെ എനിക്കതിനാവുന്നില്ല, ആവുമെന്നു തോന്നുന്നില്ല. ഓര്‍മ്മകള്‍ - സുഖമുള്ള ദുഃഖം പകര്‍ന്നു തരുന്ന ഈ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ. ഭൂതകാലത്തിലെ ഈ സുന്ദരസ്വപ്നത്തെ എനിക്ക് വര്‍ത്തമാനകാലത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം. ഈ ഒരു ജന്മത്തേക്കുള്ള സൌഹൃദം നീയെനിക്കു പകര്‍ന്നു തന്നു കഴിഞ്ഞു.

അല്‍ വിദാ!

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 12:16 PM

0 Comments:

Post a Comment

<< Home