Sunday, November 19, 2006

തുളസി - ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ

ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ. ചൂടുചട്ടി വെള്ളത്തില്‍ മുക്കിയാലെന്ന പോലെ ശൂ..ശൂ..ന്നു ഭൂമിയും മനസ്സുകളും തണുക്കുന്നു. വണ്ടികള്‍ തെന്നിതെന്നി തട്ടിമുട്ടി ഓടുന്നു.

പാര്‍ലമെന്റു് ഇലക്ഷന്‍ നനഞ്ഞുകുതിര്‍ന്നു. ഒരു കാര്യവുമില്ലാത്ത എംപി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുകയാണു് പാവം സ്ഥാനാര്‍ത്ഥികള്‍. നാട്ടിലെപ്പോലെ കൈയിട്ടുവാരാന്‍ ഇവിടെയും ഉണ്ടാവോ ചക്കരക്കുടം! തിരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം ഇവിടെ വെറും കടലാസുപുലികളാണെന്നു് എല്ലാവര്‍ക്കും അറിയാം. ഈ തട്ടിപ്പു തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടു ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു ചെറുപ്പക്കാരെ പിടിച്ചകത്താക്കി കഴിഞ്ഞു സര്‍ക്കാരു്.

സുന്നികളും ഷിയാകളും തമ്മിലുള്ള വെറും ജാതിപ്പോരു മാത്രമാണു് അറിഞ്ഞിടത്തോളം ഇവിടത്തെ തിരഞ്ഞെടുപ്പു്. സുന്നികളെ പിന്തുണക്കുന്ന രാജകുടുംബം തിരഞ്ഞെടുപ്പു ഫലം അവര്‍ക്കനുകൂലമാക്കാന്‍ വേണ്ടി പല തരികിടകളും ഒപ്പിക്കുന്നുണ്ടെന്നാണു് മറുവിഭാഗം ആരോപിക്കുന്നതു്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഒരുകൂട്ടം വിദേശീയര്‍ക്കു നല്കിയ പൌരത്വമാണു് അതിലൊന്നു്. പിന്നൊന്നു് ഏതു നിയോജകമണ്ഡലത്തിലും പോയി വോട്ടുചെയ്യാന്‍ അവകാശമുള്ള 8000ത്തോളം പ്രത്യേക പൌരന്മാര് (ഇവര്‍ക്കു് ഏതു മണ്ഡലത്തിലെയും ഫലത്തെ ഇഷ്ടാനുസരണം ചെത്തിമിനുക്കാന്‍ കഴിയും). പിന്നൊന്നു് ജെറിമാന്‍ഡറിങ് (എന്നുവെച്ചാല്‍ ഒരു പ്രത്യേക പാര്‍ട്ടിക്കു ജയിക്കാന്‍ പാകത്തിനു് നിയോജകമണ്ഡലങ്ങളെ വിഭജിക്കല്‍ - വിക്കിയില്‍ നിന്നു കിട്ടിയ വിവരമാണു്).
എന്തായാലും വിദേശികളായ നമ്മളെ പോലുള്ളവര്‍ക്കു് സുന്നികള്‍ ജയിക്കുന്നതാണു് ഇഷ്ടം, കാരണം അധികാരം കിട്ടിയാല്‍ ഷിയാകള്‍ വിദേശികളെ എപ്പോ ചവിട്ടിപ്പുറത്താക്കി എന്നു നോക്കിയാല്‍ മതി.
(ഇവിടുത്തെ എംപി സ്ഥാനം വലിയ അധികാരങ്ങളൊന്നുമുള്ളതല്ലെങ്കിലും).

posted by സ്വാര്‍ത്ഥന്‍ at 12:17 PM

0 Comments:

Post a Comment

<< Home