കൂട് - സ്വപ്നങ്ങളില്‍ നിറയുന്ന വക്കാരി
URL:http://manjithkaini.wordpress....d-%e0%b4%a8%e0%b4%bf%e0%b4%b1% | Published: 9/13/2006 1:23 PM |
Author: മന്‍ജിത് കൈനിക്കര |
എല്ലാരും കാണുന്നതുപോലെ ഞാനും സ്വപ്നങ്ങള്‍ കാണാറുണ്ടെങ്കിലും( ഉണ്ടെന്നുതന്നെയാണെന്റെ വിശ്വാസം) അവയൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. ഉറക്കത്തില്‍ക്കണ്ട സ്വപ്നങ്ങള്‍ ഉണരുമ്പോള്‍ എന്നെവിട്ടു പറന്നുപോയിരിക്കും.
ആകെ ഒന്നോരണ്ടോ സ്വപ്നങ്ങളേ എനിക്കോര്‍ത്തെടുക്കാന്‍ പറ്റിയിട്ടുള്ളൂ. അതിലൊന്ന് പത്താം ക്ലാസ് പരീക്ഷയില്‍ എനിക്കു ഹിന്ദിക്ക് അന്‍പതില്‍ അന്‍പതും കിട്ടി എന്നതായിരുന്നു! ഈ സ്വപ്നങ്ങളുടെ അനന്തസാധ്യതകള്‍ അന്നേ മനസിലാക്കി പല സ്വപ്നങ്ങളും കണ്ടെങ്കിലും എല്ലാം കൊതിപ്പിച്ചു കടന്നുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഏതായാലും വിശാലന്റെ സ്ക്രാപ് സ്വപ്നങ്ങള്‍ വായിച്ചശേഷം എന്റെ സ്വപ്നലോകവും ഓര്‍മ്മയിതളുകളും കടുത്ത മത്സരത്തിലാണ്.
അങ്ങനെ വളരെക്കാലത്തിനുശേഷം ഇതളുകളില്‍ ഒരു സ്വപ്നം പറ്റിപ്പിടിച്ചിരുന്നു. അതിലെ നായകന്‍ വക്കാരിയാകുമ്പോള്‍ (വക്കാരിയുടെ രണ്ടാമത്തെ നായകവേഷം) പറയാതിരിക്കുന്നതു മോശമല്ലേ.
*** ***
ഒരു തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്നതും പത്രക്കാരന്റെ സൈക്കിള്‍ മണിയടിക്കുന്നു. ചേട്ടനെയും ചേച്ചിയെയും ഓട്ടത്തില്‍ തോല്‍പ്പിച്ച് പത്രം കൈക്കലാക്കി വിജയാഘോഷം പതിന്മടക്കാക്കാന്‍ ചരമ പേജ് അവര്‍ക്കു കൊടുത്തു ഞാന്‍ പാരായണത്തിനിരുന്നു. അപ്പോഴുണ്ട് വീട്ടുപടിക്കലുള്ള ബസ് സ്റ്റോപ്പില്‍ ആദ്യവണ്ടിയിറങ്ങി എന്റെ സുഹൃത്ത് ദീപു നടന്നുവരുന്നു.
“എന്നാടാ കൂവേ വെളുപ്പാം കാലത്ത് ഈ വഴിയൊക്കെ, നിന്നെ കണ്ടിട്ട് ഒരുപാടായല്ലോ”
“നീ വന്നകാര്യമറിഞ്ഞു. ഒന്നു കാണാന്‍ വന്നതാ”
“അല്ല, നീയിപ്പോഴെവിടെയാ?”
“ഞാന്‍ കാണ്‍പൂര്‍ ഐ ഐ റ്റിയില്‍ പഠിക്കുകയാ”
“വയസു പത്തുമുപ്പതായല്ലോടാ കൂവേ, ഇതു നിര്‍ത്താറായില്ലേ”
“വയസായാല്‍ പഠിക്കാന്‍ മേലെന്നുണ്ടോ. തലമൂത്തു നരച്ച വക്കാരി ഇപ്പോഴും വിദ്യാര്‍ത്ഥിയാണെന്നാണല്ലോ പത്രത്തില്‍ കണ്ടത്”
ങ്ഹേ, ഇവനെങ്ങനെ വക്കാരിയെ അറിയാം എന്നു ചോദിക്കാനൊരുങ്ങിയെങ്കിലും വേണ്ടെന്നുവച്ചു. പത്രത്തില്‍ വായിച്ച പരിചയമായിരിക്കും.
“ഏതായാലും നീ വാ, ഇന്നിവിടെ തങ്ങുകയല്ലേ? ഒന്നു കുളിച്ചു ഫ്രഷായിവാ. എന്നതാ നിനക്കു കഴിക്കാനെടുക്കേണ്ടത്?”
“എനിക്കു ചോറുമതി”
“ങ്ഹേ, ഈ കൊച്ചുവെളുപ്പാംകാലത്തു ചോറോ?” അമ്മയാണതു ചോദിച്ചത്.
“ഒന്നും പറയേണ്ടെന്റമ്മേ, ഇപ്പോ ഇതൊക്കെയാ ശീലം”
“അപ്പോ നിന്റെ പ്രിയപ്പെട്ട സാമ്പാറും പാവയ്ക്ക ഫ്രൈയും തന്നെ കറി, അല്ലേ?”
“അതെ, പക്ഷേ, ആ പാവയ്ക്കാ ഫ്രൈ നന്നായി കരിച്ചു വറുത്തോളൂ”
“ഇവനിതെന്നാ പറ്റി. പാവയ്ക്കാ കരിച്ചു വറുക്കുകയോ? ശരിക്കും നിന്റെ ഗവേഷണം എന്നതാടാ കൂവേ”
“ഗവേഷണം ഗവേഷണം തന്നെ. പക്ഷേ, പാവയ്ക്കാ കരിച്ചുവറുക്കുകയാ വക്കാരി സ്റ്റൈല്‍”
ശെടാ, പിന്നേം വക്കാരി. ഇവനിതെന്റെ വീക്നെസില്‍ തന്നെ കയറിപ്പിടിച്ചു കാര്യങ്ങള്‍ നേടുകയാണല്ലോ. ഇനി വക്കാരിയെങ്ങാനുമാണോ ഇവനെ പറഞ്ഞുവിട്ടത്.
ഏതായാലും അവന്‍ കുളിജപം കഴിഞ്ഞുവന്നു. ജീവിതത്തിലാദ്യമായി അമ്മ ചോറും കറിയും പ്രാതലായി വിളമ്പി മേശപ്പുറത്തുവച്ചിരുന്നു. അപ്പോഴുണ്ട് ദീപുവിന്റെ അടുത്ത നമ്പ്ര.
“എടാ കുറച്ചു പത്രമിങ്ങെടുത്തോണ്ടുവാ”
“ഇവിടെ കുറച്ചു പത്രമില്ല. ഒരു പത്രമേയുള്ളൂ. നീ വന്ന കാരണം അതെനിക്കു കൈമോശം വന്നു”
“എടാ പഴയകുറേ പത്രക്കടലാസെടുക്കാനാ പറഞ്ഞത്. അതു വിരിച്ചു നമുക്കു നിലത്തിരുന്നു കഴിക്കാം”
നിലത്തിരുന്നു കഴിക്കയോ എന്നു ചോദിച്ചില്ല. അതാണല്ലോ വക്കാരി സ്റ്റൈല്‍.
അങ്ങനെ തറയിലിരുന്നു പ്രാതല്‍ ചോറു കഴിച്ചു. പാവയ്ക്കാ ഫ്രൈ ആവുന്നത്ര കറുപ്പിച്ചെടുത്തിട്ടുണ്ട് അമ്മ. എന്നാലും അവനതു മതിയായോ എന്നൊരു തോന്നല്‍.
“ആട്ടെ എന്താ നിന്റെ പ്രോഗ്രാം?, കറക്കം വല്ലതുമുണ്ടോ?”
“കുറേയുണ്ട്. ഏതായാലും ആദ്യമേ വക്കാരിയെക്കാണാന്‍ പോകണം”
അപ്പൊഴേക്കും എന്റെ കണ്ട്രോള്‍ പൊയിരുന്നു.
“അല്ല നീ കുറേ നേരമായി വക്കാരി വക്കാരീന്നു പറയുന്നു. ശരിക്കും വക്കാരിയെ നിനക്കെങ്ങനാ പരിചയം?”
“പരിചയമോ? ഇതു നല്ല കാര്യം. എടാ വക്കാരി എന്റപ്പന്‍ ബേബിച്ചന്റെ പ്രിയശിഷ്യനല്ലയോ. ഞങ്ങള്‍ അന്നെ നല്ല ഫ്രണ്ട്സാ”
ഇവന്റപ്പന്‍ ബേബിച്ചനു പോസ്റ്റാപ്പീസിലല്ലാരുന്നോ പണിയെന്ന് അപ്പുറത്ത് അടുക്കളയില്‍ അപ്പനുമമ്മയും മെല്ലെച്ചോദിക്കുന്നതു ഞാനും കേട്ടു. ഏതായാലും ഇവനു വക്കാരിയേം വക്കാരിക്കിവനേം അറിയാമല്ലോ. രണ്ടു നല്ല വാക്കു പറഞ്ഞുകളയാം.
“വക്കാരി ശരിക്കും ഒരൊന്നൊന്നരയാളാ, കേട്ടോടാ കൂവേ. എന്തൊരറിവ്, എന്തൊരു ജ്ഞാനം”
“എടാ ബ്ലോഗില്‍ അതിന്റെ പകുതിയേയുള്ളൂ. വക്കാരിയെപ്പറ്റി എന്റപ്പന്‍ പറഞ്ഞിരിക്കുന്നതു കേക്കണം. നീ ഞെട്ടിപ്പോകും”
“ങ്ഹേ വക്കാരിക്കു ബ്ലോഗൊള്ള കാര്യവും നിനക്കറിയാമോ?”
“പിന്നെ, എനിക്കല്ലേ അവന്‍ ആദ്യമേ ലിങ്കയച്ചു തന്നത്”
“അല്ല നിന്റപ്പന്റെ അരുമശിഷ്യനായിരുന്നിട്ടും നിന്റെ പരിചയക്കാരനായിട്ടും വക്കാരീടെ ഒരു തരി ഗുണം പോലും നിനക്കു കിട്ടീല്ലല്ലോടാ കൂവേ”
“ശെടാ, ഇതു നല്ല കൂത്ത്. യേശുദാസ് എന്റപ്പന്റെ ശിഷ്യനായിരുന്നല്ലോ. എന്നുവച്ച് ഞാനും അതുപോലെ പാടണമെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും”
ങ്ഹേ, യേശുദാസിനെ ഇവന്റപ്പന്‍ പഠിപ്പിച്ചിട്ടുണ്ടെന്നോ? ശെടാ എന്തോ പന്തികേടുണ്ടല്ലോ.
പോയി എല്ലാം പോയി. ഇതു സ്വപ്നം തന്നെ. ഞാന്‍ മെല്ലെ കയ്യനക്കി. ഞാനിവിടെത്തന്നെയുണ്ട്. വീട്ടില്‍ തറയിലിരുന്ന് പ്രാതല്‍ച്ചോറുണ്ണകയൊന്നുമല്ല. സീമന്ത പുത്രി അടുത്തുകിടപ്പുണ്ട്. നല്ല പാതി രാവിലെ പുട്ടുകുടം നിറയ്ക്കുന്ന സ്വരവും കേള്‍ക്കാം.
ഓ അപ്പോ ഉറക്കമുണരാറായി. എന്നാല്‍ ശരിയങ്ങനെ. മുഖമൊന്നു കഴുകാം എന്നു കരുതിച്ചെന്നപ്പോഴുണ്ട് കണ്ണാടിയില്‍ എന്റെ പ്രതിബിംബം എന്നോടൊരു ചോദ്യം ചോദിക്കണു.
“അല്ലാ, വക്കാരിയേപ്പറ്റി കൂട്ടുകാരനോടു വാചകമടിക്കുന്നതു കേട്ടല്ലോ. ഈ വക്കാരി വക്കാരിയാണെന്നല്ലാതെ വക്കാരിയേപ്പറ്റി തനിക്കെന്തറിയാം ഹേ”
ഞാന്‍ കീഴടങ്ങി. ഓരോരോ സ്ക്രാപ്പ് സ്വപ്നങ്ങളേ!
കുറിപ്പ്: ഈ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക കാരണങ്ങളാല്‍ മാറ്റിയെഴുതിയിട്ടുണ്ട്. കാതലായി ഒന്നുമില്ലാത്തതിനാല്‍ കാതലായ ഒന്നും നഷ്ടപ്പെട്ടിട്ടില്ലതാനും.
Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!
($200 Value - Never Expires!)
0 Comments:
Post a Comment
<< Home