Sunday, October 22, 2006

നോട്ടങ്ങള്‍ - പൂച്ചയും ഒരു ചെറുമണിയും

URL:http://notangal.blogspot.com/2006/10/blog-post.htmlPublished: 10/22/2006 12:00 PM
 Author: മന്‍ജിത്‌ | Manjith
ഐക്യരാഷ്ട്ര സഭയും അതിന്റെ പൊതുവേദികളും ചത്തകുതിരകളാണെങ്കിലും അടുത്തകാലത്ത് അവിടെ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധേയമാണെന്നു പറയേണ്ടതില്ലല്ലോ. പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യത്തിനുള്ള പാതിഉത്തരം ഹ്യോഗോ ചാവെസിന്റെ രൂപത്തില്‍ യു.എന്‍. വേദികളില്‍ നിറഞ്ഞു നിന്നപ്പോള്‍ വിശേഷിച്ചും. ലോകപൊലീസുകാരന്റ കൈകളില്‍ അമ്മാനമാടാന്‍ മാത്രം വിധിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയില്‍ ചാവെസിനോ അദ്ദേഹത്തിന്റെ യു.എന്‍. പ്രതിനിധിക്കോ വലിയ മാറ്റമൊന്നുമുണ്ടാക്കാനാകില്ല എന്നതില്‍ തര്‍ക്കം വേണ്ട. എന്നിരുന്നാലും അമേരിക്കന്‍ സാമ്രാജ്യത്വം എന്നു ലോകമെമ്പാടും വിശേഷിക്കപ്പെടുന്ന പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടാന്‍ ചാവെസ് എന്ന ദാവീദ് നടത്തുന്ന ശ്രമങ്ങള്‍ യു.എന്‍. വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്കുള്ള വോട്ടെടുപ്പ് ചാവെസ്-അമേരിക്ക യുദ്ധത്തില്‍തട്ടി മുക്കാല്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായൊരു ചോദ്യമുയര്‍ത്താം. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന എത്ര രാജ്യങ്ങള്‍ ആഗോളതലത്തിലുണ്ട്? വ്യക്തമായ ഒരുത്തരമില്ലെങ്കിലും രക്ഷാസമിതിയിലെ ലാറ്റിനമേരിക്കന്‍-കരിബിയന്‍ പ്രാതിനിധ്യത്തിനായി 35 തവണ നടന്ന വോട്ടെടുപ്പില്‍ വെനെസ്വലയ്ക്കുകിട്ടിയ ശരാശരി വോട്ടുകള്‍ ഉത്തരത്തിലേക്കു വെളിച്ചം വീശുന്നുണ്ട്.

ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളുടെ പ്രതിനിധിയെയാണു തിരഞ്ഞെടുക്കേണ്ടതെങ്കിലും ഈ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തിനു വോട്ടെടുപ്പില്‍ പ്രസക്തിയില്ലാതെ വന്നതും ശ്രദ്ധേയമാണ്. വെനിസ്വെലയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് ഇതിനുകാരണം. മേഖലയില്‍ നിന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ മാത്രം പിന്തുണയുള്ള ഗോട്ടെമാലയാണ് 35 തവണയും വോട്ടെടുപ്പില്‍ മുന്നിട്ടു നിന്നത്. അമേരിക്കന്‍ പിന്തുണ ഒന്നുകൊണ്ടുമാത്രമാണിത്. 35 റൌണ്ടുകളിലുമായി വെനിസ്വെലയ്ക്കു കിട്ടിയ വോട്ടുകള്‍ അപ്പോള്‍ അമേരിക്കനിസത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുടേതാണെന്ന് അനുമാനിക്കം. എഴുപത്തേഴോളം രാജ്യങ്ങളാണ് എല്ലാ റൌണ്ടിലും വെനിസ്വെലയ്ക്കൊപ്പം ഉറച്ചു നിന്നത്.

ആരൊക്കെയാണ് ചാവെസിനെ പിന്തുണയ്ക്കുന്നത്? ചാവെസിന്റെ പിന്തുണയത്രയും അദ്ദേഹം പെട്രോഡോളര്‍ കൊണ്ടു നേടിയതാണെന്നാണ് അമേരിക്കന്‍ പക്ഷക്കാര്‍ പറയുന്നത്. ഈ ആരോപണം തന്നെ ഗോട്ടെമാലയ്ക്കു പിന്തുണയുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ഡോളര്‍ കച്ചവടത്തിലേക്കു വിരല്‍ചൂണ്ടുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ചാവെസിനെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതെ വോട്ടെടുപ്പില്‍ നിന്നും രണ്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ട്; ചിലിയും പെറുവും. ഇതില്‍ ചിലി അമേരിക്കന്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി മാറിനില്‍ക്കുന്നതാണെന്നു വേണം കരുതാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങള്‍ക്കു മുന്‍പേ പറഞ്ഞുറപ്പിച്ച എഫ്-16 വിമാനക്കച്ചവടം തന്നെ ഉദാഹരണം. ചിലിക്ക് വിമാനങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും ചിലിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കണമെങ്കില്‍ ഐക്യരാഷ്ട സഭയില്‍ ചാവെസിനെതിരെ വോട്ടുചെയ്യണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥ. പെട്രോഡോളര്‍കൊണ്ട് ചാവെസ് കളിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്തിനേറെ, ബുഷിന്റെ മൂക്കിനുതാഴെവരെ അദ്ദേഹം കളിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപരബന്ധങ്ങള്‍ എന്ന പ്രലോഭനം വച്ചുനീട്ടി ചാവെസിനെതിരെ വോട്ടുപിടിക്കാനിറങ്ങിയ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങാത്ത പത്തെണ്‍പതു രാജ്യങ്ങള്‍ ഭൂമിയിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ ചൈന വ്യക്തമായും റഷ്യ ഒളിഞ്ഞുംതെളിഞ്ഞും വെനിസ്വെലയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും വെനിസ്വെലന്‍ പ്രസിഡന്റ് ചാവെസും തമ്മിലുള്ള ധാരണ ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്ക വെനിസ്വെലയുടെ രക്ഷാസമിതി പ്രവേശനത്തെ എതിര്‍ക്കുന്നത്. വെനിസ്വെലവന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് അവരുടെ വാദം. വെനിസ്വെല എന്ന ചെറുരാഷ്ട്രത്തെയും ചാവെസിനെയും അമേരിക്ക എത്രത്തോളം ഭയക്കുന്നുണ്ട് എന്നതിനു തെളിവാണ് ഈ പ്രചാരണം.

ഐക്യരാഷ്ട്ര സഭയുടെ ഒരു പദ്ധതിയെയും അട്ടിമറിക്കാന്‍ ചാവെസിനാകില്ല എന്നു ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായറിയാം. 1990-91ല്‍ ഇറാഖ് ആക്രമിക്കാന്‍ രക്ഷാസമിതി അനുമതി നല്‍കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധ രാജ്യമായ ക്യൂബ സമിതിയില്‍ അംഗമായിരുന്നുവല്ലോ. വെനിസ്വെലയ്ക്ക് രക്ഷാസമിതിയില്‍ കാര്യമായൊന്നു ം ചെയ്യാനില്ലെങ്കിലും അവരുടെ സാന്നിധ്യം വഴി അമേരിക്കന്‍ അധീശത്വം യു.എന്‍. വേദികളില്‍ എതിര്‍ക്കപ്പെടുമെന്നതാണ് ചൈനയും റഷ്യയും വെനിസ്വലെയെ പിന്തുണയ്ക്കുന്ന ഇതര രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ജോര്‍ജ് ബുഷിനെ ചെകുത്താന്‍ എന്നു വിശേഷിപ്പിച്ച് ചോംസ്കിയുടെ പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ചാവെസ് പൊതുസഭയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. സമീപകാലത്ത് ഏറ്റവും ശ്രദ്ധനേടിയ യു.എന്‍. പ്രസംഗമായിരുന്നല്ലോ അത്. അമേരിക്കന്‍ താല്പര്യങ്ങളെ ചെറുത്തു നില്‍ക്കാനുള്ള പല രാജ്യങ്ങളുടെയും കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീ‍കരിക്കാനൊരു മിശിഹാ. വെനിസ്വെലയിലും ഹ്യൂഗോ ചാവെസിലും ലോകം ഉറ്റുനോക്കുന്നതും അതുതന്നെയാണ്. നികിതാ ക്രൂഷ്ചേവ് മുതല്‍ ഫിദല്‍ കാസ്ട്രോ വരെ അമേരിക്കന്‍ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ യു.എന്‍. പ്രസംഗപീഠം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കില്ലാതിരുന്ന എണ്ണപ്പണത്തിന്റെ കനം വെനിസ്വെലക്കാരന്‍ ചാവെസിന്റെ പോക്കറ്റിനുണ്ട് എന്നതും മറന്നുകൂടാ.

നമുക്ക് വോട്ടെടുപ്പിലേക്കു മടങ്ങിവരാം. 192 അംഗരാജ്യങ്ങള്‍ 35 തവണ വോട്ടുചെയ്തിട്ടും ഫലമില്ലാതിരുന്ന ഈ തിരഞ്ഞെടുപ്പു പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടും?
വോട്ടെടുപ്പ് ഒക്ടോബര്‍ 25വരെ നിറുത്തി വച്ചിരിക്കുകയാണ്. ഈ ഇടവേളയില്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ നടത്തുന്ന സമവായ ശ്രമങ്ങളാണ് ആദ്യ സാധ്യത. 1979-ല്‍ ക്യൂബയും അമേരിക്കന്‍ പിന്തുണയോടെ കൊളംബിയയും ഇങ്ങനെ പോരാടിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരു രാജ്യങ്ങളും പിന്‍‌മാറി ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി മെക്സിക്കോ വന്നിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സമവായവും സങ്കീര്‍ണ്ണമാണ്.

ശീതയുദ്ധ കാലത്ത് സോവ്യറ്റ് യൂണിയന്റെ പിന്തുണയുള്ള ക്യൂബയൊഴികെ ഏതു രാജ്യവും അമേരിക്കയ്ക്കു സ്വീകാര്യമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. വെനിസ്വെലയ്ക്കു പകരം ചാവെസിനു സ്വാധീനമുള്ള ലാറ്റിമേരിക്കന്‍ മേഖലയില്‍ നിന്നു വരുന്ന ഏതു പകരക്കാരനെയും അങ്കിള്‍ സാം ഭയക്കുന്നു. ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ വെനിസ്വെലയ്ക്കുള്ള പിന്തുണയും ഗോട്ടെമാലയോടുള്ള എതിര്‍പ്പുമാണ് പ്രശ്നം. സമവായ ശ്രമങ്ങള്‍ തങ്ങളുടെ താല്പര്യത്തിനെതിരായിരിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. അതിനാല്‍തന്നെ സമവായശ്രമങ്ങള്‍ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്.

രക്ഷാസമിതിയിലെ കാലാവധിയായ രണ്ടുവര്‍ഷം ഇരുകൂട്ടരും പങ്കിട്ടെടുക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ ചാവെസിന്റെ ചെകുത്താന്‍ പ്രസംഗത്തിനുശേഷം രക്ഷാസമിതിയില്‍ വെനിസ്വെല ഒരു ദിവസമെങ്കിലും അംഗമായിരിക്കുന്നത് അമേരിക്ക ഭയക്കുന്നു.

ഫലമെന്തുമായിക്കൊള്ളട്ടെ, നയതന്ത്ര ബന്ധങ്ങളില്‍ ഈ ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന്റെ അനുരണനങ്ങളുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

------------------
*റഫറന്‍‌സ്

#
2006 United Nations Security Council election , ഇംഗ്ലീഷ് വിക്കി ലേഖനം

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 11:23 AM

0 Comments:

Post a Comment

<< Home