Sunday, October 22, 2006

Gurukulam | ഗുരുകുലം - വെളുത്തു പോയ സമസ്യ

URL:http://malayalam.usvishakh.net/blog/archives/219Published: 10/22/2006 8:56 PM
 Author: ഉമേഷ് | Umesh

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യ ഗുരുകുലത്തില്‍ പ്രസിദ്ധീകരിച്ചതു് തമാശയ്ക്കാണു്. “ഒരു നാലോ അഞ്ചോ പൂരണത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ടാ” എന്നു പറഞ്ഞ രാജേഷ് വര്‍മ്മയുടെ വാക്കു് “ലോകത്തു നാലോ അഞ്ചോ കമ്പ്യൂട്ടറില്‍ കൂടുതല്‍ വേണ്ടി വരില്ല” എന്നു പണ്ടു ബില്‍ ഗേറ്റ്‌സോ മറ്റോ പ്രവചിച്ചതു പോലെയായി. രണ്ടു ദിവസത്തിനുള്ളില്‍ അമ്പതോളം പൂരണങ്ങള്‍ കിട്ടുകയും ജീ-മെയിലിലെ ഡിസ്ക് സ്പേസ് പോലെ അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ആശയങ്ങള്‍ പലതും അതിഗംഭീരമായിരുന്നെങ്കിലും പല ശ്ലോകങ്ങള്‍ക്കും വൃത്തം ശരിയായിരുന്നില്ല. ഒന്നോ അതിലധികമോ ആളുകളുടെ ശ്രമഫലമായി പലതും നേരെയായി.

സമസ്യ:

- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
വെളുത്തുപോമെന്നിഹ തോന്നിടുന്നു

വൃത്തം:

ഉപേന്ദ്രവജ്ര (ജ ത ജ ഗ ഗ : v - v - - v v - v - -). മുമ്പുള്ള മൂന്നു വരി ഇതോ ഇന്ദ്രവജ്രയോ (ത ത ജ ഗ ഗ : - - v - - v v - v - -) ആകാം.



പഴയ പൂരണങ്ങള്‍:

  1. വെണ്‍‌മണി അച്ഛന്‍ നമ്പൂതിരി (19-ാ‍ം നൂറ്റാണ്ടു്‌):
    കുളുര്‍ത്ത ചെന്താമര തന്നകത്തെ-
    ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്‍
    തളത്തില്‍ നിന്നിങ്ങനെ തന്നെ നേരം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (നേരം വെളുത്തു പോം)

  2. കൊച്ചുനമ്പൂതിരി (19-ാ‍ം നൂറ്റാണ്ടു്‌):
    ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
    കറുത്തിരു, ന്നായതിലതിലര്‍ദ്ധമിപ്പോള്‍
    വെളുത്തതോര്‍ത്താലിനി മേലിതെല്ലാം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (രോമം വെളുത്തു പോം)

  3. ഉമേഷ് (1980):
    കുളിച്ചിടുമ്പോളയി സുന്ദരീ, സോ-
    പ്പളിച്ചു തേക്കായ്ക നിറം വരുത്താന്‍
    കിളുര്‍ത്തു നില്‍ക്കും മുടി പോലുമിന്നു
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (മുടി വെളുത്തു പോം)


ഈ സമസ്യ പ്രസിദ്ധീകരിച്ചിട്ടു് 24 മണിക്കൂറിനുള്ളില്‍ 67 പൂരണങ്ങളും 122 കമന്റുകളുമാണു കിട്ടിയതു്. പലതിന്റെയും വൃത്തം ശരിയായിരുന്നില്ല. ചിലതിന്റെയൊക്കെ വൃത്തം ശരിയായി. മൊത്തം 45 പൂരണങ്ങള്‍ വൃത്തഭംഗമില്ലാതെ ഉള്ളതു താഴെച്ചേര്‍ക്കുന്നു.

“വെളുക്കുക” എന്നതിന്റെ പല അര്‍ത്ഥങ്ങളും പൂരണങ്ങളില്‍ കാണാം. ഇതു തന്നെയാണു് ഒരു സമസ്യയുടെ വിജയം. ഈ അര്‍ത്ഥവും ബ്രായ്ക്കറ്റില്‍ കൊടുത്തിട്ടുണ്ടു്.


സ്വന്തമായ പൂരണങ്ങള്‍ 17 എണ്ണം.

  1. രാജേഷ് വര്‍മ്മ:
    കൊടുത്തു നാമെത്ര പണം സുശീലേ
    വരുത്തുവാനായ്‌ പല ലേപനങ്ങള്‍
    വെളുത്തിടും മുമ്പുടലീക്കുടുംബം
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (വെളുത്തു് (നശിച്ചു) പോം)

  2. ജ്യോതിര്‍മയി:
    സമസ്യയും പൂരണവും മറക്കാം
    സമോസയും പൂരികളും പൊരിയ്ക്കാം
    ഉറക്കൊഴിച്ചും വിളയാടി, നേരം
    വെളുത്തുപോമെന്നിഹ തോന്നിടുന്നൂ

    (നേരം വെളുത്തു പോം)

  3. ജ്യോതിര്‍മയി:
    സമസ്യതന്‍ പൂരണപൂരമെല്ലാം
    മിഴിച്ചകണ്‍കൊണ്ടൊരു നോക്കുകാണ്‍കേ
    പകച്ചുപോയീ,യിരവായി, നേരം-
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (നേരം വെളുത്തു പോം)

  4. ജ്യോതിര്‍മയി:
    കറുത്തകോളാ വിഷമാണതുണ്ണീ
    കുടിച്ചിടൊല്ലേ; തെളിനീരു നല്‍കാം
    വിഷം കളഞ്ഞാലഥ പച്ചവെള്ളം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (പച്ചവെള്ളം വെളുത്തു പോം)

  5. സന്തോഷ്:
    കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
    കറുത്ത ശ്യാമയ്ക്കറിയാതെ ഗര്‍ഭം!
    കണക്കു നോക്കി, ശ്ശിശു വന്നുവെന്നാല്‍
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (കുഞ്ഞു വെളുത്തു പോം)

  6. സന്തോഷ്:
    നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
    കലര്‍ത്തി വീണ്ടും ക്ഷമ കെട്ടു മെല്ലേ!
    ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (ദ്രവങ്ങള്‍ വെളുത്തു പോം)

  7. പാപ്പാന്‍:
    കറുത്തകാലില്‍ ചൊറി വന്നുകൂടി
    ചൊറിഞ്ഞനേരം തൊലിയങ്ങുപോയി
    പടര്‍ന്നിതെന്നാല്‍ മമ ശ്യാമദേഹം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (ദേഹം വെളുത്തു പോം)

  8. ഉമേഷ്:
    പെറാനമേരിക്കലൊന്നു ചെന്നാല്‍
    നിറം വരാ കുഞ്ഞി, നതിന്നു മുന്‍‌പേ
    കുറച്ചു നാളങ്ങു വസിച്ചുവെന്നാല്‍
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (നിറം വെളുത്തു പോം)

  9. പാപ്പാന്‍:
    കൊഴുത്തപാല്‍ ചാലെയടുപ്പിലേറ്റി-
    ത്തിളച്ചനേരം മധുരം കലക്കി
    ഒരൊറ്റ ‘ടീ ബാഗി’ലടിച്ച ചായ
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (ചായ വെളുത്തു പോം)

  10. പാപ്പാന്‍:
    പിടിച്ചു ഡെന്റിസ്റ്റു ഗളത്തിലപ്പോള്‍
    ത്തുറന്ന വായയ്ക്കകമാകെയായാള്‍
    ഉരച്ചിടുന്നേരമിതെന്റെ നാവും
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (നാക്കു വെളുത്തു പോം)

  11. പണിക്കര്‍:
    നനച്ച മുണ്ടിന്റെയവസ്ഥയെന്താം?
    ഗൃഹത്തില്‍ വന്നിട്ടു വിരുന്നുകാരന്‍
    കുറച്ചിരുന്നീടുകിലെന്തു തോന്നും?
    വെളുത്തു, പോമെന്നിഹ തോന്നിടുന്നു

    (ക്രമാലങ്കാരം. രണ്ടു ചോദ്യം, രണ്ടുത്തരം.)

  12. പണിക്കര്‍:
    കുടിച്ചു കൂട്ടായി മദിച്ചിരുന്നാല്‍
    കറുത്തു കാണുന്നൊരു മീശപോലും
    വെളുത്തു വേണ്ടാത്തൊരു പഞ്ഞിപോലെ
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (മീശ വെളുത്തു പോം)

  13. പണിക്കര്‍:
    നിരീക്ഷണം ചെയ്തുകഴിഞ്ഞുവന്നാ
    ഭിഷഗ്വരന്നാതുരപുത്രനോടെ
    പറഞ്ഞുകണ്ണിന്റെ കറുത്ത ഭാഗം
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (കണ്ണിന്റെ കറുത്ത ഭാഗം വെളുത്തു പോം)

  14. പണിക്കര്‍:
    സിഗര്‍ട്ടുധൂമത്തിനടിപ്പെടുന്നോര്‍
    ക്കുടന്‍ ലഭിക്കുന്നൊരു സത്യമോതാം
    കറുത്തിരുണ്ടുള്ളോരു മീശപോലും
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (മീശ പോലും വെളുത്തു പോം)

  15. സിദ്ധാര്‍ത്ഥന്‍:
    ദിനേന ടെസ്റ്റിംഗ്‌ ഗുളികാസവങ്ങള്‍
    മുറയ്ക്കു സ്കാനിംഗ്‌ ചെലവി,ക്കുടുംബം
    അടുത്തയാളിങ്ങണയുമ്പൊഴേക്കും
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (വെളുത്തു് (നശിച്ചു) പോം)

  16. സിദ്ധാര്‍ത്ഥന്‍:
    തണുത്തൊരീരാത്രി പുതച്ചുറങ്ങും
    പ്രിയംവദേ നിന്‍ മുഖകാന്തിയേറ്റീ
    കറുത്തമേലാടയി രാവുപോലും
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (രാത്രി വെളുത്തു പോം)

  17. സിദ്ധാര്‍ത്ഥന്‍:
    ഉമേഷുതന്‍ബ്ലോഗിനകത്തു വച്ച
    സമസ്യയൊപ്പിക്കുവതിന്നു മുമ്പേ
    വെളുത്തിരുന്നോരു ദിനം കറുത്തു
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (വെളുത്ത ദിവസം കറുത്തിട്ടു വീണ്ടും വെളുത്തു പോം)



കൂട്ടുപൂരണങ്ങള്‍ 20 എണ്ണം. ഒരാളെഴുതിയതിന്റെ വൃത്തവും ആശയവും മറ്റൊരാള്‍ തിരുത്തി ശരിയാക്കിയതു്.

  1. ശ്രീജിത്ത്/ഉമേഷ്:
    കമ്പ്യൂട്ടറും ക്യാമറയും മൊബൈലും
    തൊട്ടുള്ള കുന്തങ്ങളെ വാങ്ങി വാങ്ങി
    ഈ മട്ടിലായിട്ടു കുടുംബമാകെ
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (വെളുത്തു് (നശിച്ചു) പോം)

  2. ആദിത്യന്‍/പാപ്പാന്‍:
    സൂമയ്ക്കു ഹാരം, സുഹറയ്ക്കു കമ്മല്‍,
    സൂസിയ്ക്കരഞ്ഞാണമിതൊക്കെവേണം.
    ഇവറ്റയെക്കോന്തുമവന്റെ കീശ
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (വെളുത്തു് (നശിച്ചു) പോം)

  3. കാളിയമ്പി/ഉമേഷ്:
    വെളുപ്പിനും മുമ്പെഴുനേറ്റു ഞാനീ
    ക്കുളത്തില്‍ മുങ്ങിക്കുളിയും കഴിഞ്ഞു്
    വെളുത്ത ഭസ്മം,തൊഴുമെന്‍ മനസ്സും
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (മനസ്സു വെളുത്തു പോം)

  4. ശനിയന്‍/ഉമേഷ്:
    നനുത്ത മഞ്ഞിന്‍ കണമൊട്ടു മായ്ച്ചീ
    കടുത്തൊരാദിത്യനിതെങ്ങു പോയി?
    ഇരുട്ടില്‍ നിന്നിങ്ങനെ നോക്കി നേരം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (നേരം വെളുത്തു പോം)

  5. ദിവാസ്വപ്നം/ഉമേഷ്:
    എടുത്തവന്‍ ബാങ്കിലെ ലോണതൊന്നു്
    കൊടുത്തവന്‍ മുപ്പതിനായിരം ഹാ!
    കിതച്ചു പായും ശകടത്തിനാല്‍ താന്‍
    വെളുത്തുപോമെന്നിഹതോന്നിടുന്നു

    (വെളുത്തു് (നശിച്ചു) പോം)

  6. ദിവാസ്വപ്നം/ഉമേഷ്:
    സമസ്യ തന്‍ പൂരണമേറെയിന്നു
    മഹാരഥര്‍ നല്‍കുവതൊക്കെ നോക്കി
    അസൂയ കൊണ്ടെന്നുടെ കേശജാലം
    വെളുത്തുപോമെന്നിഹതോന്നിടുന്നു

    (തലമുടി വെളുത്തു പോം)

  7. ദിവാസ്വപ്നം/ഉമേഷ്:
    വെളുത്ത കേശം മഷിയാല്‍ കറുപ്പി-
    ച്ചിരുപ്പു ഞാ‍ന്‍; ദുഃഖമടക്കിടാതെ
    കറുത്ത മേഘം മിഴിനീരൊഴുക്കി
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (മേഘം വെളുത്തു പോം)

  8. ദിവാസ്വപ്നം/ഉമേഷ്:
    കളിക്കുവാനിന്നൊരു രക്ഷ നല്‍കാ-
    തടുത്തണഞ്ഞൂ ബത! ശൈത്യകാലം.
    കുടിയ്ക്കു ചുറ്റോടിടതൂര്‍ന്ന മഞ്ഞാല്‍
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (വീടു വെളുത്തു പോം)

  9. ദേവരാഗം/ഉമേഷ്:
    പുളിച്ച കള്ളിന്‍ കറിയായൊരല്‍പ്പം
    വളിച്ച വാളക്കറി തൊട്ടു കൂട്ടി
    വെളിക്കിരിക്കുന്നിട്ടു പുറത്തിറങ്ങേ
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (വെളുത്തു് (നശിച്ചു) പോം)

  10. ദേവരാഗം/ഉമേഷ്:
    വെറുപ്പു മുറ്റും നയനങ്ങളുള്ളോര്‍
    തുറുപ്പു കാട്ടാനിത ചൊല്ലിടുന്നു
    വെളുക്കുവോളം കളി വെന്ന കാശു
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (വെളുത്തു് (നശിച്ചു) പോം)

  11. അര/ഉമേഷ്:
    ഉമേഷുമാഷിന്റെ സമസ്യ ലോകര്‍
    തിരിച്ചു നല്‍കുന്നൊരു മട്ടുകണ്ട്
    കാരറ്റ് പോലുള്ള മുഖം വിളര്‍ത്തു
    വെളുത്തുപോമിന്നിഹ തോന്നിടുന്നു.

    (മുഖം വെളുത്തു പോം)

  12. കാളിയമ്പി/ഉമേഷ്:
    വെളുത്ത മുണ്ടുള്ളതുടുത്തിറങ്ങി,
    വളഞ്ഞ റോഡേ, മഴ, ചള്ളവെള്ളം
    തെറിച്ചൊരീ മുണ്ടൊരലക്കു ചെയ്താല്‍
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (മുണ്ടു വെളുത്തു പോം)

  13. ദില്‍ബാസുരന്‍/ഉമേഷ്:
    ഉത്സാഹമായ് പിന്മൊഴി കാണുവാനും
    കണ്ടാലതിന്‍ പിന്മൊഴിയിട്ടിടാനും
    ഈ വണ്ണമായാല്‍ പണി പോയ്‌ക്കുടുംബം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (വെളുത്തു് (നശിച്ചു) പോം)

  14. ഇഞ്ചിപ്പെണ്ണു്/ഉമേഷ്:
    കറുത്തതാം ചെമ്മരിയാടിനോടാ-
    യൊരിക്കല്‍ ഞാന്‍ രോമമിരന്നിടുമ്പോള്‍
    ഉരച്ചു പോല്‍: “ഞാനതു മൊത്തമേകില്‍
    ‍വെളുത്തു പോമെന്നിഹ തോന്നിടുന്നു”

    (ചെമ്മരിയാടിന്റെ ദേഹം വെളുത്തു പോം)

  15. ബിന്ദു/ഉമേഷ്:
    സമസ്യ തന്‍ പൂരണമേറെയായി
    മടുത്തുപോയ്‌പോലുമുമേഷുമാഷും
    ഇമ്മട്ടിലീരീതി തുടര്‍ന്നുപോയാല്‍
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (വെളുത്തു് (നശിച്ചു) പോം)

  16. വല്യമ്മായി/ഉമേഷ്:
    കാടായ കാടിന്‍ തടിയാകെ വെട്ടി-
    ക്കാണായ പാടങ്ങളില്‍ മണ്ണു മൂടി
    പച്ചപ്പു പോയോരു ധരിത്രി മൊത്തം
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (ഭൂമി വെളുത്തു പോം)

  17. ശനിയന്‍/ഉമേഷ്:
    പന്ഥാവിലെന്തെന്തു രവങ്ങള്‍, രാവില്‍
    മറഞ്ഞു നില്ക്കുന്നൊരു ചന്ദ്ര ബിംബം
    പറഞ്ഞു നില്ക്കാതിനിയാത്രയാകാല്‍
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    (വെളുത്തു് (നശിച്ചു) പോം)

  18. കൂമന്‍സ്/ഉമേഷ്:
    വെളുത്ത മുഗ്ദ്ധാംഗി മദാമ്മയെന്നോ-
    ടടുത്തിരുന്നൊന്നു ചിരിക്കയാലീ
    കറുത്ത മെയ്യോടെ ജനിച്ച ഞാനും
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (കറുത്ത ഞാന്‍ വെളുത്തു പോം)

  19. കൂമന്‍സ്/ഉമേഷ്:
    പുളിച്ച മോരിങ്കലളിച്ച ചോറു്
    വടിച്ചു നക്കുന്നൊരു നക്കു കണ്ടാല്‍
    അഴുക്കടിഞ്ഞുള്ളൊരു പാത്രമൊക്കെ
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (പാത്രം വെളുത്തു പോം)

  20. ശനിയന്‍/ഉമേഷ്:
    ശസ്ത്രാഭിഷേകത്തിനു ശേഷമിന്നു
    വരത്തിനായിട്ടിഹ കേണിടാമോ?
    ശപിച്ചുവെങ്കില്‍ തവ കീര്‍ത്തി പോലും
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (വെളുത്തു് (നശിച്ചു) പോം)



നല്ല സമസ്യാപൂരണങ്ങള്‍ എന്നു പറയാനില്ലെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ചൊറിയുന്നതും, താത്കാലികമായ സംവാദങ്ങളും മറ്റും ശ്ലോകരൂപത്തില്‍വന്നതു് 8 എണ്ണം.

  1. ഉമേഷ്:
    പച്ചാളമേ, നിന്‍ പ്രതിഭാവിലാസം
    ഇച്ചീളു കാര്യത്തില്‍ രമിച്ചിടേണ്ടാ
    കറുത്ത നീ ലക്ഷമവാര്‍ഡു കിട്ടി
    വെളുത്തു പോമെന്നിഹ തോന്നിടുന്നു…

    (പച്ചാളത്തിന്റെ വികടപൂരണത്തെപ്പറ്റി)

  2. ഉമേഷ്:
    പച്ചാളമേ, നിന്‍ ചരണാരവിന്ദം
    പാപ്പാന്‍ വരെത്താണു വണങ്ങിടുന്നു;
    വിചിത്രമീ ഭൂമി, കുളിച്ച കാക്ക
    വെളുത്തു പോമെന്നിഹ തോന്നിടുന്നു

    (പച്ചാളത്തിന്റെ വികടപൂരണത്തെപ്പറ്റി)

  3. ഉമേഷ്:
    കവിത്വമിഞ്ചിയ്ക്കു ഭവിക്കുമെങ്കില്‍
    തണുത്തു പോമഗ്നി; നടക്കുമദ്രി;
    മിടുക്കനാം ബാച്ചിലര്‍; ആന, ടാറും
    വെളുത്തു പോം-എന്നിഹ തോന്നിടുന്നു.

    (ഇഞ്ചിപ്പെണ്ണിന്റെ കവിത്വത്തെയും ബാച്ചിലേഴ്സിന്റെ മിടുക്കിനെയും പറ്റി. ഇഞ്ചിപ്പെണ്ണു പിന്നീടു് ഒരു കലക്കന്‍ പൂരണം അയച്ചു എന്നതു വേറേ കാര്യം.)

  4. പുലികേശി രണ്ടു്:
    ചരക്കുതാരങ്ങളുരിഞ്ഞുനില്‍‌ക്കും
    പടങ്ങള്‍ കണ്ടിട്ടഥ ബാച്ചിലന്‍‌മാര്‍
    തരിപ്പുതീരാതെയുരച്ചുചുറ്റും
    വെളുത്തുപോമെന്നിഹതോന്നിടുന്നു

    (ബാച്ചിലേഴ്സിനെപ്പറ്റി)

  5. സന്തോഷ്:
    കഴിഞ്ഞ കാര്യങ്ങളൊരിക്കലും നാം
    പറഞ്ഞു വീണ്ടും ഞെളിയാതിരിക്കൂ!
    കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
    വെളുത്തുപോമെന്നിഹ തോന്നിടുന്നു.

    (ഇഞ്ചിപ്പെണ്ണിന്റെ ഒരു ചോദ്യത്തിന്റെ മറുപടി.)

  6. ഉമേഷ്:
    നൂറായിടും നേരമടിക്കുവാനായ്
    ധാരാളമാളുണ്ടു തപസ്സിരുന്നു്;
    സമസ്യ വന്നാല്‍ മഷിയിന്നവര്‍ക്കു
    വെളുത്തുപോമെന്നിഹ തോന്നിടുന്നു

    (നൂറാമത്തെ കമന്റ്)

  7. കൂമന്‍സ്/ഉമേഷ്:
    തരുന്ന കാശിന്‍ പണി ചെയ്തിടാതെ
    കൂമന്‍സു ബ്ലോഗില്‍ കയറുന്ന കണ്ട
    ബോസിന്റെ കാല്‍കള്‍ കഴുകിത്തുടച്ചു
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (കൂമന്‍സ് എഴുതിയ ഒരു പൂരണത്തെ കൂമന്‍സിനെതിരായി തിരിച്ചു വിട്ടതു്)

  8. ഉമേഷ്:
    കലക്കിയിപ്പോസ്റ്റു, സമസ്യ വെച്ചി-
    ട്ടലക്കലക്കീ വടിവോടെ സന്തോഷ്!
    സമസ്യയാല്‍ ബ്ലോഗുനഭസ്സു മൊത്തം
    വെളുത്തു പോമെന്നിഹ തോന്നിടുന്നു.

    (ഈ സമസ്യയെപ്പറ്റിയുള്ള സന്തോഷിന്റെ പോസ്റ്റിലെ കമന്റ്)


സമസ്യ പ്രസിദ്ധീകരിച്ചിട്ടു രണ്ടു ദിവസത്തിനുള്ളില്‍ നാല്പത്തഞ്ചു പൂരണങ്ങള്‍ ഒരു പക്ഷേ ഒരു സര്‍വ്വകാലറിക്കാര്‍ഡായിരിക്കാം. ഇവ കൂടാതെ പല പൂരണങ്ങളുമുണ്ടായിരുന്നു. വൃത്തത്തിലോ ആശയത്തിലോ ഭംഗമുള്ളതുകൊണ്ടു് ഇവിടെ ചേര്‍ത്തിട്ടില്ല. അവയും മറ്റു കമന്റുകളും ഇവിടെ വായിക്കാം.

എല്ലാവര്‍ക്കും നന്ദി.


കൂടുതല്‍ പൂരണങ്ങള്‍ ദയവായി ഇവിടെ ഇടാതെ ഈ പോസ്റ്റില്‍ കമന്റായി ചേര്‍ക്കുക.

posted by സ്വാര്‍ത്ഥന്‍ at 9:54 AM

0 Comments:

Post a Comment

<< Home