Monday, October 23, 2006

കല്ലേച്ചി - നാലാം ലോകം, ആര്‍ക്കാണ്‌ പേടി?

മുതലാളിത്തത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്ക്‌ എത്തുന്നതിന്‌ എത്ര വഴികളുണ്ട്‌ എന്ന അന്വേഷണമാണ്‌ ശ്രീ. എം പി പരമേശ്വരനെ "നാലാം ലോക"സങ്കല്‍പത്തിലേക്ക്‌ നയിക്കുന്നത്‌. മുതലാളിത്തം അതിന്റെ ഏതാണ്ടെല്ലാ രൂപപരിണാമങ്ങളുമാര്‍ജ്ജിക്കുകയും വിപ്ലവം അനിവാര്യമാകുകയും അത്‌ സമൂഹത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ സോഷ്യലിസവും സോഷ്യലിസം ക്രമേണ വര്‍ഗരഹിത സമൂഹവുമായി രൂപം കൊള്ളുകയും ചെയ്യും എന്ന `മാര്‍ക്സിയന്‍ പരിണാമ ദിശകളില്‍` സാധ്യമായ മറ്റുപോംവഴികളിലൂടെ സ്ഥലകാലങ്ങള്‍ക്കനുസൃതമായി സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്‌ പരമേശ്വരന്‍.

പരമേശ്വരന്‍ തന്നെ പറയുന്നു ഈ പുതിയ ലോകക്രമം മുതലാളിത്തം തന്നെയാണ്‌. അത്‌ പക്ഷെ പോസ്റ്റ്‌ മുതലാളിത്തം അഥവാ പ്രീ സോഷ്യലിസം എന്ന്‌ വിളിക്കാനാണ്‌ അദ്ദേഹം താല്‍പര്യപ്പെടുന്നത്‌. "ഇല്ലത്ത്‌ നിന്ന്‌ വിട്ട അമ്മാത്ത്‌ എത്തിയിട്ടില്ലാത്ത" ഈ നാലാം ലോകത്തിന്‌ മുതലാളിത്തത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരിക്കും. എന്നാല്‍ അത്‌ തൊഴിലാളിവര്‍ഗത്തിന്‌ ഇന്നത്തേതിനേക്കാള്‍ പ്രാധാന്യം കൊടുക്കും. അത്‌ മുതലാളിത്തത്തെ ഇന്നത്തെപോലെ കയറൂരി വിടുകയില്ല. ഈ സങ്കല്‍പം കഴിഞ്ഞ നാല്‍പതുകൊല്ലമായത്രെ അദ്ദേഹം വികസിപ്പിച്ചെടുക്കാനും പാര്‍ട്ടിയുടെ പലവിധ സമ്മേളനങ്ങളിലും അവതരിപ്പിക്കാനും തുടങ്ങിയിട്ട്‌. ഒടുക്കം പരമേശ്വരന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിനെതിരായി നിരവധി ആളുകള്‍ തങ്ങളാലാവും വിധം പ്രചാരണങ്ങള്‍ നടത്താനും തുടങ്ങി. ഇത്‌ പക്ഷെ, ഇന്ത്യയിലായതിനാല്‍ കേവലം പ്രചാരങ്ങളിലൊതുങ്ങുന്നു. എന്നിട്ടും ലിഫ്റ്റില്‍ കണ്ടാല്‍ പോലും മിണ്ടാതിരിക്കലും ഊരുവിലക്കുപോലുള്ള സമര മുറകളും വളരെ ചുരുക്കം ചില അവസരങ്ങളില്‍ കൊലപാതകം വരേയും മാര്‍കിസ്റ്റുകാര്‍ പുറത്താക്കിയവര്‍ക്കെതിരെ പുറത്തെടുക്കാറുണ്ട്‌. തങ്ങള്‍ക്ക്‌ ശരിയെന്നുതോന്നിയത്‌ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ. (മനുഷ്യപക്ഷം, മാനവികത, ഫാഷിസ്റ്റ്‌ വിരുദ്ധം തുടങ്ങിയ പദങ്ങളുപയോഗിക്കുകയും ചെയ്യും)

പരമേശ്വരന്‍ ശാസ്ത്രജ്ഞനായതിനാല്‍ അദ്ദേഹം ഒരു പ്രശ്നത്തിന്റെ സാധ്യമായ സകല വഴികളും അന്വേഷിക്കുന്നു. മാര്‍ക്സിസം മതമെന്നപോലെ ശാസ്ത്രവുമാണെന്ന്‌ പരമേശ്വരന്‍ പറയുന്നു. "എനിക്ക്‌ മാര്‍ക്സിസം മതമല്ല, ശാസ്ത്രമാണെ"ന്ന്‌. ഇത്‌ വളരെ സത്യമായൊരു കാര്യമാണ്‌. ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ക്സിസം മതമാണ്‌. ഈ മതത്തിലെ ധാരാളം പുരോഹിതന്‍മാരേയും നമുക്ക്‌ കാണാവുന്നതാണ്‌. ഇവരുടെ വിശകലനരീതികള്‍ മാര്‍ക്സിയന്‍ വിശകലന രീതികളില്‍ നിന്നും ചിലപ്പോഴെങ്കിലും ഭിന്നമാണെന്നും കാണാവുന്നതാണ്‌. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നപ്പോള്‍ സ. ഈ. എം പറഞ്ഞ മറുപടികള്‍ അതിന്‌ ഉദാഹരണങ്ങളാണ്‌. തികച്ചും അങ്കലാപ്പായിരുന്നു അക്കാലത്ത്‌ ലോകത്തിന്‌. അത്‌ മുതലാളിത്തത്തിനായാലും മാര്‍ക്സിസത്തിനായാലും. എല്ലാവരും അത്ഭുതത്തോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ `സൂപ്പര്‍നോവ`നോക്കിക്കണ്ടത്‌. ഈ ഘട്ടത്തിലാണ്‌ സ. ഈ. എം. എസിനോട്‌ ഈ സംഭവങ്ങളുടെ വിശദീകരണം പത്രമാധ്യമങ്ങള്‍ ആരായുന്നത്‌. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ആദ്യആറുമാസക്കാലത്തെ ഉത്തരം. അതിനുശേഷം പറഞ്ഞ ഉത്തരം അമേരിക്കന്‍ മുലാളിത്ത, സാമ്രാജ്യത്വ പിന്തിരിപ്പന്‍മാര്‍ സി. െ‍എ. എയുടെ സഹായത്തോടെ തകര്‍ത്തുകളഞ്ഞതാണ്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളെ എന്നായിരുന്നു.

ഇത്തരം ഉത്തരങ്ങളാണ്‌ സഖാവിന്റെ മതപരമായ വീക്ഷണങ്ങളെ വെളിക്കു ചാടിക്കുന്നത്‌. കാരണം ഈ ഉത്തരം സാന്ദ്രീകരിക്കപ്പെട്ടതാണ്‌. തന്റെ ചിന്തയില്‍ നിന്ന്‌ ഒരു സംഭാവനയും ഇതിനു നല്‍കേണ്ടതില്ല. മാര്‍ക്സിസം നില നില്‍ക്കുന്നേടത്തോളം ഈ ഉത്തരം എന്തിനും ഉപയോഗിക്കുകയും ചെയ്യാം. ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ "പെനഡോള്‍" ഉത്തരത്തിനായി ആറുമാസം കാത്തിരിക്കേണ്ടതില്ല. (പെനഡോള്‍. സൌദിയില്‍ ജലദോഷം മുതല്‍ കേന്‍സര്‍വരെ, ഇപ്പോള്‍ എയിഡ്സിനും ചിക്കുന്‍ഗുനിയയ്ക്കും, ഡോക്ടറെ കാണാതെ ആര്‍ക്കും എപ്പോഴും കഴിക്കാവുന്ന ദിവ്യൌഷധം.)

കെ. വേണുവിനെപോലുള്ള "സ്വതന്ത്ര കമ്മ്യൂണിസ്റ്റ്‌"ചിന്തകര്‍ നേരത്തെ തന്നെ യാഥാര്‍ഥ്യ ബോധത്തോടെ റഷ്യയുടെ സംഭവവികാസങ്ങളെ നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ "ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം" ഒരു ഉദാഹരണം. അതിനു മുന്‍പുതന്നെ അതായത്‌ കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ പതനത്തിനുമുന്‍പ്‌ തന്നെ ഇത്തരം ചില ചലനങ്ങള്‍ ഉണ്ടാകും എന്ന്‌ വേണുവിനെ പോലുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഇത്തരക്കാര്‍ ചൈനയിലും റഷ്യയിലുമൊക്കെയുണ്ടായിരുന്നു. "മനുഷ്യന്‍ കുരങ്ങിലേക്കു തിരിച്ചുപോകില്ല" എന്നുപറഞ്ഞുകൊണ്ടായിരുന്നു സഖാവ്‌ ഈ എം അതിനെ പ്രതിരോധിച്ചിരുന്നത്‌. സംഭവങ്ങള്‍ "പോകും" എന്നു തന്നെയാണ്‌ കാണിക്കുന്നത്‌. വേണുവിന്റെ സമീപനത്തിലും ശാസ്ത്രീയത ദര്‍ശിക്കാവുന്നതാണ്‌. അദ്ദേഹവും ശാസ്ത്രവിദ്യാര്‍ഥിയായിരുന്നെല്ലോ. അതിനാല്‍ തന്നെ നിരീക്ഷണങ്ങളില്‍ ശാസ്ത്രീയത കലര്‍ത്താന്‍ അവര്‍ക്കൊക്കെ എളുപ്പവുമായിരുന്നു.

വേണു ഉന്നയിക്കുന്ന ധാരാളം ചോദ്യങ്ങളുണ്ട്‌. വൈരുധ്യാത്മക ഭൌതികരീതി എന്ന മാര്‍ക്സിയന്‍ വിശകലന രീതി അനുസരിച്ച്‌ ചരിത്രത്തിന്റെ ഗതി മുന്‍കൂട്ടി മനസ്സിലാക്കാനാവില്ലേ എന്നതാണ്‌ അവയിലൊന്ന്‌. ഇങ്ങനെ ഒന്ന്‌ അതായത്‌ "മുന്‍കൂട്ടിക്കാണല്‍" അഥവാ "പ്രഡിക്ഷന്‍" സാധ്യമാകുന്നില്ലെങ്കില്‍ "സൈന്റിഫിക്കല്‍ സോഷ്യലിസം" എന്ന്‌ മാര്‍ക്സിസത്തെ എന്തിനു വിളിക്കണം? പ്രഡിക്ഷന്‍ സാധ്യമാകും എന്നു തന്നെ വേണു സൂചിപ്പിച്ചു. കൂട്ടത്തില്‍ സ്വകാര്യ സ്വത്ത്‌ ഇല്ലായ്മചെയ്യുകയും അവ സ്റ്റേറ്റിന്റെ കീഴില്‍ വരികയും ചെയ്യുമ്പോള്‍ ഈ സ്വത്തില്‍ ജനങ്ങള്‍ക്കുള്ള പങ്കാളിത്തം കേന്ദ്രീകൃത ജനാധിപത്യം കൊണ്ട്‌ എങ്ങനെ ഉറപ്പിച്ചെടുക്കാം എന്നും വേണു സംശയിക്കുന്നു. തൊഴിലാളിക്ക്‌ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ആരാണ്‌ നല്‍കുന്നത്‌ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അദ്ദേഹം പിന്നീടുന്നയിക്കുന്നുണ്ട്‌.

ഇങ്ങനെ ധാരാളം ചോദ്യങ്ങളുന്നയിക്കുന്നതില്‍ മുഖ്യധാരാ മാര്‍ക്സിസം തികഞ്ഞ പരാജയമായിരുന്നു. അവരാകട്ടെ ധാരാളം പെനഡോള്‍ ഉത്തരങ്ങളില്‍ രമിക്കുകയും യാതാര്‍ഥ്യത്തെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നിരീക്ഷിക്കാതെ തങ്ങളുടെ തൃഷ്ണയെ തൃപ്തിപ്പെടുത്തുന്ന ചില ഉത്തരങ്ങള്‍ മാന്തിയെടുക്കുകയുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്‌. ഈ ഒരു ഘട്ടത്തിലാണ്‌ ചില ചിന്തകര്‍ക്ക്‌ ജനാധിപത്യത്തിന്റെ, മാര്‍കിസ്റ്റ്‌ ഭാഷയില്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ചൂരടിക്കുന്നതും അവര്‍ ഈ വട്ടത്തിന്‌ പുറത്തു ചാടുന്നതും. ഇങ്ങനെ ചാടിപ്പോയ ഒരാളാണ്‌ എം പി പരമേശ്വരന്‍. അദ്ദേഹം സ്വയം ഒരു മാര്‍കിസ്റ്റും ഇന്നത്തെ നിലയില്‍ മാര്‍ക്സിസത്തിന്റെ ഗതിയില്‍ ഒരു ബദലന്വേഷകനുമാണ്‌. ഓര്‍ക്കുക, അദ്ദേഹം അപ്പോഴും ഒരു മാര്‍ക്സിസ്റ്റാണ്‌.

നാലാം ലോകത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ധാരാളം പുസ്തകങ്ങളുണ്ട്‌ എന്റെ മുന്നില്‍. കൂട്ടത്തില്‍ പരമേശ്വരന്റെ "നാലാം ലോകം. ജനാധിപത്യത്തെ ആര്‍ക്കാണ്‌ പേടി" എന്ന പുതിയ പുസ്തകവുമുണ്ട്‌. വിമര്‍ശനങ്ങളില്‍ "നാലാം ലോകം സന്ദേഹിയുടെ പ്രതിവാദങ്ങള്‍"- തെക്കും ഭാഗം മോഹന്‍, "നാലാം ലോകവും അഞ്ചാം പത്തിയും"-കാവാലം കൃഷ്ണകുമാര്‍, "നാലാം ലോകവാദവും സാമ്രാജ്യത്വവാദവും"- എ. വി അനില്‍കുമാര്‍, "നാലാം ലോകം ഒരു വിചാരണ"-എ. എം നാരായണന്‍ തുടങ്ങിയവ വായിച്ചുകഴിഞ്ഞു.

ഇത്രയും വിമര്‍ശനങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പതിവു ശൈലികളല്ലാതെ ഒന്നുമില്ല. ഇത്തരം വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന്‌ പരമേശ്വരന്‍ തന്നെ സൂചിപ്പിച്ചത്‌ അതുകൊണ്ടാണ്‌. ഇനിയുള്ള വിമര്‍ശനങ്ങളെ, പണ്ട്‌ ആന്റിഡ്യൂറിങ്ങ്‌, ഡ്യൂറിങ്ങിനുള്ള മറുപടി എഴുതുമ്പോള്‍ ഏംഗല്‍സ്‌ പറഞ്ഞത്‌ പോലെ "വായിക്കാതെ മനസ്സിലാക്കാം". ഈ വിമര്‍ശനങ്ങളില്‍ ചിലകാര്യങ്ങള്‍ രസകരമായി തോന്നിയതിനാല്‍ സൂചിപ്പിക്കുന്നു.
സ്റ്റാലിന്‍ വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. (ദോഷങ്ങളുണ്ടെങ്കിലും.)
അത്‌ പതുക്കെയേ പറയൂ, അതാണ്‌ ബ്രായ്ക്കുള്ളിലാക്കിയത്‌. കാരണം, മുതലാളിത്തത്തിന്റെ ദോഷങ്ങളല്ല കമ്മ്യൂണിസത്തിന്റേത്‌. നമ്മുടെ വിശകലന രീതി തന്നെ തകര്‍ത്തു കളഞ്ഞാല്‍ കാര്യങ്ങളെളുപ്പമാവുന്നതിനാലാണ്‌ എല്ലാ മതങ്ങളും ഇത്തരം വാദഗതികള്‍ ഉന്നയിക്കുന്നത്‌. ഏകാധിപത്യത്തിന്റെ ഗുണമിതാണ്‌. ഏകാധിപതി നന്നായാല്‍ ഭരണം നന്നാവുന്നു. മോശമായാല്‍ മഹാമോശമാവുന്നു. കമ്മ്യൂണിസം പോലൊരു ഭരണ വ്യവസ്ഥയും പ്രത്യയശാസ്ത്രവും കേവലം ഒരു ഭരണാധികാരിക്കനുസരിച്ച്‌ വളയുകയും നിവരുകയും ചെയ്യുന്നതാവാമോ? കൂടാതെ എല്ലാ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്കും ഇതേ സമീപനമായിരുന്നോ സ്റ്റാലിനെ വിലയിരുത്തുന്നതില്‍? അങ്ങനെയല്ലെങ്കില്‍ ആരുടെ വിശകലന രീതികളിലാണ്‌ തകരാറ്‌ സംഭവിച്ചത്‌?

സോവിയറ്റ്‌ യൂണിയന്‍ അമേരിക്കയോട്‌ വെല്ലുവിളിയുയര്‍ത്താന്‍ തക്കവണ്ണം സജ്ജമാക്കിയത്‌ സ്റ്റാലിനാണ്‌.
കണക്കറ്റധനവും (ഒരു ഉദാഹരണം. ലോകത്ത്‌ എണ്ണ ഉത്‌പാദനത്തില്‍ മൂന്നാം സ്ഥാനം, വേണമെങ്കില്‍ ഒന്നാക്കാം) റഷ്യയെപോലൊരു രാജ്യവും (ലോകത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ ആറിലൊന്ന്. 20 മില്ല്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍) കുറഞ്ഞനിരക്കില്‍ വര്‍ദ്ധിക്കുന്ന അല്ലെങ്കില്‍ വര്‍ദ്ധമാനനിരക്ക്‌ കുറവായ ജനസംഖ്യയും ഉള്ള ഒരു രാജ്യം അമേരിക്കയോടു വെല്ലുവിളിക്കാന്‍ വിപ്ലവം സൃഷ്ടിച്ച്‌ ആളുകളെ കൊന്നൊടുക്കിക്കൊണ്ടുവേണമായിരുന്നോ? ഒരു മതവും ആ മതവിശ്വാസിയായ ഒരു ഏകാധിപതിയും ഉണ്ടായാല്‍ പോരെ.

ഇന്നും ചൈന, വിയറ്റ്‌നാം, നോര്‍ത്ത്‌ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ്‌ പാതയിലാണ്‌.
ഇന്ന്‌ ചൈന, ക്യൂബ, നോര്‍ത്ത്‌ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളേ പരിമിതമായതോതിലെങ്കിലും സോഷ്യലിസം നിലനില്‍ക്കുന്നുള്ളൂ. അതില്‍ തന്നെ പ്രധാനി ചൈനയാണ്‌. ചൈനയില്‍ സോഷ്യലിസമാണെന്ന്‌ കമ്മ്യൂണിസ്റ്റുകളില്‍ പോലും വളരെ ചുരുക്കം ചിലരേ അവകാശപ്പെടുന്നുള്ളൂ. കൂടാതെ ഇത്ര കുറഞ്ഞ വിലയ്ക്ക്‌ ലോക മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ പിന്നില്‍ ഒരു ചെറിയ സോഷ്യലിസ്റ്റ്‌ അടിമത്വം മണക്കുന്നുമുണ്ട്‌. സോഷ്യലിസം തകര്‍ന്നുപോയ രാജ്യങ്ങളില്‍ സോവിയറ്റ്‌ യൂണിയനുപുറമേ കിഴക്കന്‍ ജര്‍മനി, പോളണ്ട്‌, ഹംഗറി, ചെക്കോസ്ലോവാക്ക്യ, ബള്‍ഗേറിയ, റൊമേനിയ, യൂഗോസ്ലാവ്യ, ആല്‍ബേനിയ തുടങ്ങി ധാരാളം രാജ്യങ്ങളുണ്ട്‌. സോവിയറ്റ്‌ യൂണിയന്‍ എന്നത്‌ തന്നെ നിരവധി രാജ്യങ്ങളുടങ്ങിയതായിരുന്നു. അതു കേവലം ഒരു രാജ്യത്തുള്ള തകര്‍ച്ചയായിരുന്നില്ല. മറിച്ച്‌ ഒരു സന്ദര്‍ഭം കിട്ടാന്‍ കാത്തു നിന്നതുപോലെ എല്ലാരാജ്യങ്ങളും ഒന്നിച്ചുസോഷ്യലിസ്റ്റ്‌ കുപ്പായം ഊരിയെറിഞ്ഞു.

റഷ്യയില്‍ ഇന്നും തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസറ്റ്‌ കക്ഷികള്‍ രണ്ടാം സ്ഥാനത്താണ്‌.
-ഇത്രയും സ്വര്‍ഗതുല്ല്യമായ ഒരു ഭരണം കാഴ്ച്ചവെച്ചു എന്നു നിങ്ങള്‍ അഭിമാനിക്കുന്ന കമ്മ്യൂണിസറ്റ്‌ പാര്‍ടി അതിന്റെ ഈറ്റില്ലത്തില്‍ രണ്ടാം സ്ഥാനത്താണ്‌. എന്തൊരു അഭിമാനം. ഇത്‌ ഗുണമല്ല സഖാവേ ദോഷമാണ്‌. മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ ജനാധിപത്യം പോലൊന്നായിരുന്നു അവിടെ പിന്നീട്‌ വന്നതെങ്കില്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പൊടിപോലുമുണ്ടാകുമായിരുന്നില്ല കണ്ടുപിടിക്കാന്‍. പല ജനാധിപത്യരാജ്യങ്ങളിലും നാല്‍പതുകൊല്ലവും അറുപതുകൊല്ലവുമൊക്കെയായി പലഭരണാധികാരികളും 90 ശതമാനം വോട്ടോടെ വിജയിക്കുന്നതിന്റെ ഗുട്ടന്‍സ്‌ കമ്മ്യൂണിസ്റ്റുകാര്‍ പരിഹസിക്കുമെങ്കിലും `ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍` നിന്നു നോക്കുമ്പോള്‍ വ്യക്തമായിക്കാണാം.

സ്റ്റാലിന്‍ ഏകാധിപതിയും ക്രൂരനുമായിരുന്നെങ്കില്‍, 1934-ല്‍ "ശുദ്ധീകരണപ്രക്രിയ" ആരംഭിച്ചതുമുതല്‍ 1937 വരെ ബുക്കാറിനെ പോലെ ഒരു പ്രതിവിപ്ലവകാരി എങ്ങനെ ജീവിച്ചു എന്നതാണ്‌ ശ്രീകാവാലം ശ്രീകുമാര്‍ ചോദിക്കുന്ന ചോദ്യം.
ഈ ചോദ്യം എവിടെയും ചോദിക്കാവുന്നതേയുള്ളൂ. -കുവൈത്ത്‌ ആക്രമിക്കാന്‍ സദ്ദാം എന്തിന്‌ തൊണ്ണൂറുവരെ കാത്തിരുന്നു? അതിനുശേഷം ഇറാക്ക്‌ ആക്രമിക്കാന്‍ അമേരിക്ക എന്തിനു കാത്തു നിന്നു? ക്യാന്‍സര്‍ പിടിപെട്ട ഒരാള്‍ മരിക്കാന്‍ എന്തിന്‌ നാലുവര്‍ഷം കാത്തു നിന്നു? ഈ സമയത്തിന്റെ കാത്തിരിപ്പാണ്‌ ഒരു കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള ന്യായമായുന്നയിക്കുന്നതെങ്കില്‍ അതെത്രമാത്രം ബാലിശമായിരിക്കും? കമ്മ്യൂണിസത്തില്‍ മറ്റു ചിന്തകളുടേയും പ്രവര്‍ത്തനങ്ങളുടേയും സ്വാതന്ത്ര്യത്തിമന്റേയും അവസ്ഥയാണീക്കാണുന്നത്‌. പതിനഞ്ച്‌ ലക്ഷത്തിനും എഴുപതു ലക്ഷത്തിനും ഇടക്ക്‌ ആളുകളെ `മഹാശുദ്ധീകരണ`ത്തിന്റെ പേരില്‍ കൊന്നിട്ടുണ്ട്‌. (കൃത്യമായ കണക്കുപോലുമില്ല. 'ഇരുമ്പു മറ'യ്ക്കുള്ളിലായിരുന്നല്ലൊ ഈ പരിപാടികള്‍) നിരവധിയാളുകളെ സൈബീരിയ തുടങ്ങിയ വിദൂരസ്ഥലങ്ങളിലേക്ക്‌ നാടു കടത്തിയിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ നോബല്‍പ്രൈസ്‌ ജേതാക്കള്‍ വരേയുണ്ട്‌. നൂറുകണക്കിനു ചിന്തകന്‍മാരെ പേരെടുത്ത്‌ ചൂണ്ടിക്കാട്ടാനാവും. എന്തിന്‌? ജനാധിപത്യ ഇന്ത്യയില്‍, കേരളത്തില്‍ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്യട്ടെ. അപ്പോള്‍ കാണാം പാര്‍ട്ടിയുടെ സംഘടിത ജനാധിപത്യ ശക്തി എങ്ങനെ പെരുമാറുമെന്ന്? ചിന്തിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയോ കൊല്ലുകയോ ചെയ്യുന്ന ഒരു രാജ്യത്തിന്റെ ബൌദ്ധിക ശേഷിയെന്തായിരിക്കും? ഇങ്ങനെ സകല സ്ഥലത്തു നിന്നും ആട്ടിപ്പായിക്കുന്നവരെ സംരക്ഷിച്ചു നിര്‍ത്തി എന്നതു തന്നെയായിരുന്നു അമേരിക്കയുടെ ഇക്കാലയളവിന്റെ വളര്‍ച്ചയ്ക്ക്‌ കാരണം. ജര്‍മനിയില്‍ നിന്ന്‌ ആല്‍ബര്‍ട്‌ െ‍എന്‍സ്റ്റീന്‍ ഓടിപ്പോന്നപ്പോള്‍ അമേരിക്ക അഭയം നല്‍കി. തിരിച്ച്‌ ഹിറ്റ്‌ലര്‍ തന്റെ ജ്യൂത വിരോധം തല്‍ക്കാലത്തേക്ക്‌ മാറ്റിവെച്ച്‌ െ‍എന്‍സ്റ്റീനെ ഉപയോഗിച്ചിരുന്നെങ്കിലോ? ഇന്നത്തെ ലോകത്തിന്റെ മേല്‍ അമേരിക്കയ്ക്കുള്ള സ്വാധീനം ഇപ്പറയുന്നവരുടെ കയ്യിലായിരുന്നെങ്കിലോ എന്ന പോലെ ഭീതിതമായ ഒരു ചോദ്യമാണത്‌.

പരമേശ്വരന്‍ തന്നെ പറഞ്ഞു ഭൂമിയിലെ സ്വര്‍ഗമായിരുന്നു സോവിയറ്റ്‌ യൂണിയന്‍.
ഞാന്‍ പറഞ്ഞുവല്ലോ അദ്ദേഹം ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്‌ എന്ന്‌. മൂന്നു വര്‍ഷം അവിടെ ചിലവഴിച്ചതില്‍ നിന്നുള്ള അനുഭവാമണത്രെ. അദ്ദേഹം പറയുന്നത്‌ ജീവിതാവശ്യങ്ങളെന്ന്‌ കമ്മ്യൂണിസ്റ്റുകാരന്‍ വിലയിരുത്തുന്ന പ്രാഥമികാവശ്യങ്ങള്‍ മുഴുക്കെ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഒരു മനുഷ്യന്റെ മാനസികജീവിതത്തിന്റെ പ്രാഥമികമായ മുഴുവന്‍ ആവശ്യങ്ങളും തടയുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരുന്നു എന്നത്‌ കാണാതെ പോവുകയാണ്‌. മനുഷ്യന്‌ രണ്ട്‌ പ്രധാനലോകങ്ങളുണ്ട്‌ ഒന്ന്‌ അവന്റെ ശരീരം സഞ്ചരിക്കുന്ന ലോകമാണ്‌. ഇവിടെയാണ്‌ മുതലാളിത്തത്തിന്റെ ചൂഷണമുറകള്‍ ഇടപെടുന്നത്‌ എങ്കില്‍ വളരെ പ്രധാനപ്പെട്ട മനസ്സിന്റെ ലോകത്തിലാണ്‌ കമ്മ്യൂണിസം ഇടപെടുന്നത്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ ഈ ശ്വാസം മുട്ടലിന്റെ വളരെ പരിമിതമായൊരു കാലം അനുഭവിച്ചവരാണ്‌ നാം. അടിയന്തിരാവസ്ഥയെ "സകല ജനാധിപത്യമുറകളും കാറ്റില്‍ പറത്തിക്കൊണ്ട്‌ ഇന്ദിരാഗാന്ധി എന്ന യക്ഷിയുടെ ഏകാധിപത്യപരമായ കുതിര കയറ്റം" എന്നൊക്കെ പ്രസംഗിച്ച്‌ 'കമ്മ്യൂണിസ്റ്റുകാരന്‍' എതിര്‍ക്കുകയും ചെയ്യും. ഒരാള്‍ക്ക്‌ പ്രാഥമികമായിവേണ്ടത്‌ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവുമല്ല, സ്വാതന്ത്ര്യമാണ്‌. അതിനാലാണ്‌ ഇന്ത്യന്‍ പട്ടിണി റഷ്യന്‍ സമൃദ്ധിയേക്കാള്‍ നല്ലതാണെന്ന്‌ പറയുന്നത്‌. ലോകത്തിലെ ഭൂവിസ്തൃതികൊണ്ട്‌ ഏറ്റവും വലിയ രാജ്യമായ സോവിയറ്റു യൂണിയനില്‍ 1989 ലെ കണക്കനുസരിച്ച്‌ 29 കോടി ജനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ അവഗണിച്ചാണ്‌ അവിടത്തെ സകല നന്‍മയുടേയും ഉത്തരവാദിത്ത്വം കമ്മ്യൂണിസം ഏറ്റെടുക്കുന്നത്‌.

ചിലചോദ്യങ്ങള്‍ക്ക്‌ ഇവര്‍ ഉത്തരം പറയേണ്ടതുണ്ട്‌. `ഭൂമിയിലെ സ്വര്‍ഗ'മായിരുന്ന സോവിയറ്റുയൂണിയനിലെ കമ്മ്യൂണിസ്റ്റ്‌ ഭരണം കെട്ടിപ്പടുത്തത്‌ രക്തരൂഷിത വിപ്ലവത്തിലൂടെയായിരുന്നു. കേവലം 74 വര്‍ഷത്തിനുശേഷം (ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ പരിമിതമായ ഒരു കാലമാണ്‌) വെറും രണ്ടു മാന്ത്രിക വാക്കുകള്‍ "പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ്‌" രക്താഭിഷേകമില്ലാതെ മൃദുലമായി ഉച്ഛരിച്ചപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയി എങ്കില്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? പുറത്ത്‌ നിന്ന്‌ കുത്തക ബൂര്‍ഷ്വാസി മാധ്യമങ്ങള്‍ പറയുന്നത്‌ പോകട്ടെ ഈ സ്വര്‍ഗത്തിലെ ജനങ്ങളെന്തിന്‌ അതിന്‌ അനുകൂലമായി നിന്നു? ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തി എന്ന്‌ നിങ്ങള്‍ പറയുന്നല്ലോ? ജനങ്ങള്‍ക്ക്‌ ഇത്രപെട്ടെന്ന്‌ ഇതെങ്ങനെ മടുത്തു? കേവലം സോവിയറ്റുയൂണിയനില്‍ മാത്രമല്ല. മുഴുവന്‍ കമ്മ്യൂണിസ്റ്റു ചേരിയേയും അതു ബാധിച്ചു. ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌. ഇതെങ്ങനെ സംഭവിച്ചു? സ്വകാര്യസമ്പാദ്യവും മൂലധനവും അനുവദിക്കാതിരുന്ന റഷ്യയില്‍ കമ്മ്യൂണിസത്തിന്റെ പതനത്തിന്റെ ആദ്യ ദശയില്‍ തന്നെ തകര്‍ന്നുകൊണ്ടിരുന്ന ഒരു ഫുഡ്ബോള്‍ ക്ലബ്‌, വെറുമൊരു കളിസഥലം- യൂറോപ്പിലെ ചെല്‍സി, 700 കോടി ഡോളര്‍മുടക്കി വിലയ്ക്കുവാങ്ങാന്‍ മാത്രം കെല്‍പുള്ള പണക്കാരനെ എങ്ങനെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു? പരമേശ്വരന്റെ നാലാം ലോകവും ഈ സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു. ആ അര്‍ഥത്തില്‍ അത്‌ നിങ്ങള്‍ തന്നെ തുരങ്കം വെച്ചത്‌ നന്നായി. "കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷപതിപ്പെ"ന്ന നിലയ്ക്ക്‌ (കോണ്‍ഗ്രസ്‌ പാര്‍ടി ഓഫ്‌ ഇന്ത്യാ മാര്‍കിസ്റ്റ്‌- സി. പി. െ‍എ. എം) ഇന്ത്യന്‍ കമ്മ്യൂണിസത്തിന്‌ ഒരു സുഖമുണ്ട്‌. മറിച്ച്‌ നിങ്ങളുടെ യഥാര്‍ഥ ഉത്‌പന്നം വരുമ്പോഴേക്കും ഇങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌.

ഫലിതം.
സ്റ്റാലിന്‍ കാലം കഴിഞ്ഞ്‌ ക്രൂഷ്ചേവ്‌ അധികാരത്തില്‍ വന്നു. സ്റ്റാലിന്റെ ഒരു വിമര്‍ശകനായിരുന്നല്ലോ ക്രൂഷ്ചേവ്‌. സ്റ്റാലിന്‍ന്റെ മരണത്തോടെ തന്റെ വിമര്‍ശനം കൂടുതല്‍ ശക്തമാക്കാന്‍ തുടങ്ങി. ഒരു യോഗത്തില്‍ ക്രൂഷ്ചേവ്‌ ഇങ്ങനെ വിമര്‍ശനങ്ങളഴിച്ചു വിടവേ ഒരു സഖാവ്‌ എഴുന്നേറ്റ്‌ നിന്നു ചോദിച്ചു.
"സഖാവേ, ഇത്തരം വിമര്‍ശനങ്ങള്‍ സ്റ്റാലിന്‍ ജീവിച്ചിരിക്കുമ്പോള്‍ അങ്ങ്‌ എന്തുകൊണ്ട്‌ ഉന്നയിച്ചില്ല?"
ക്രൂഷ്ചേവ്‌ തിരിച്ചു ചോദിച്ചു ചോദിച്ചു.
"ആരാണീ ചോദ്യം ഉന്നയിച്ചത്‌?"
ആരും ഒന്നും മിണ്ടിയില്ല. കുറേക്കൂടി കഠിനമായി ചോദ്യം ആവര്‍ത്തിച്ചു.
"ആരെടാ ഈ ചോദ്യം ചോദിച്ചതെന്ന്‌"
സൂചി വീണാല്‍ കേള്‍ക്കാവുന്ന ശബ്ദരാഹിത്യം.
"എന്താ നാവെറങ്ങിപ്പോയോ. ഇപ്പോള്‍ മനസ്സിലായല്ലോ ഞാനന്ന്‌ വിമര്‍ശനങ്ങള്‍ ഉന്നയിക്കാതിരുന്നതിന്‌ കാരണമെന്തെന്ന്‌. "
അടുത്ത ലക്കത്തില്‍ "മുതലാളിത്തത്തിന്റെ ഒളി അജണ്ടകള്‍ക്കപ്പുറം വ്യക്തി ചിന്ത"

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 12:13 PM

0 Comments:

Post a Comment

<< Home