Monday, October 23, 2006

കല്ലേച്ചി - മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും

ഈ അടുത്ത കാലത്ത്‌ "മാര്‍ക്സിസറ്റ്‌ കേരളത്തില്‍" ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌ എം. പി പരമേശ്വരന്റെ നാലാം ലോകം. അതുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ അതേകുറിച്ച്‌ എഴുതിയാല്‍ കൊള്ളാമെന്നുതോന്നി. അതിനുമുന്‍പ്‌ മാര്‍ക്സിസം നമ്മുടെ അനുഭവത്തിലെന്തായിരുന്നെന്നും നാലാം ലോകം എന്തിനാണ്‌ ശ്രമിക്കുന്നതെന്നുമൊക്കെ പറയേണ്ടതുണ്ട്‌. കാരണം വിമര്‍ശനങ്ങളധികവും പരമേശ്വരന്‍ മുതലാളിത്തത്തിന്റെ മോഹവലയത്തില്‍ പെട്ട്‌ വിപ്ലവവും വര്‍ഗസമരവും കയ്യൊഴിയുന്നു എന്നും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ സ്വര്‍ഗതുല്ല്യമായിരുന്നെന്നും സ്ഥാപിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. എം പി പരമേശ്വരന്‍ മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികരില്‍ അഗ്രഗണനീയനാണ്‌. വൈരുദ്ധ്യാത്മക ഭൌതികവാദം തുടങ്ങി ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും റഷ്യയില്‍ താമസിക്കുകയും മറ്റനവധി സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത ആളാണ്‌. റഷ്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. എം പി പരമേശ്വരന്‍ ചെയ്യുന്നത്‌ ലോകത്തിലെ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ഇതുവരേയുള്ള ഗതികള്‍ നിരീക്ഷിക്കുകയും അവയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുകയും അവയില്‍ നിന്ന്‌ മാര്‍ക്സിസവുമായി ഏറ്റവും അടുത്തതെന്ന്‌ തോന്നുന്നവ സ്വീകരിക്കുകയും അല്ലാത്തവനിരാകരിക്കുകയും അവകളില്‍ തന്നെ ഇന്ത്യന്‍ സാഹചര്യവുമായി പൊരുത്തപ്പെടാത്തവ എത്രയുണ്ടെന്നും അങ്ങനെയെങ്കില്‍ അവയ്ക്ക്‌ ബദല്‍ അന്വേഷിക്കുകയുമാണ്‌. ചുരുക്കത്തില്‍ താന്‍പഠിച്ച ശാസ്ത്രീയമായ പ്രായോഗിക രീതി സോഷ്യലിസം നടപ്പിലാക്കാന്‍ ഉപയോഗിക്കുകയാണ്‌. ഇങ്ങനെ സകല സാമദാനദണ്‍ഡങ്ങളുമപയോളിച്ച്‌ നടപ്പിലാക്കാനുദ്ദേശിക്കുന്ന സോഷ്യലിസം നമ്മുടെ സ്വാതന്ത്ര്യത്തെ എങ്ങനെ പരിമിതപ്പെടുത്തും എന്ന ഭീതിയാണ്‌ ഇങ്ങനെയൊന്ന്‌ "വിചാരിപ്പാന്‍"എനിക്ക്‌ കാരണമായിട്ടുള്ളത്‌. പരമേശ്വരന്‍ തലോടിക്കൊണ്ടുവന്നാലും വേറെ ആരെങ്കിലും തല്ലിക്കൊണ്ടുവന്നാലും ഈ സാധനം എങ്ങനെപെരുമാറും എന്നതാണ്‌ നമ്മുടെ പ്രശ്നം. സോഷ്യലിസത്തിന്റെ തേന്‍ നമുക്ക്‌ വേണം അതിന്റെ കുത്ത്‌ സഹിക്കാനാവില്ല. പാരമ്പര്യരീതിതന്നെയാണ്‌ ശരിയായതെന്നും അതില്‍ നിന്നുള്ള പരമേശ്വരന്റെ പോലുള്ള വ്യതിചലനങ്ങള്‍ (എനിക്കുതോന്നുന്നത്‌ ഏതു വ്യതിചലനങ്ങളും) മുതലാളിത്തത്തിലേയ്ക്കാണെന്നുള്ളതുമാണ്‌ വിമര്‍ശനങ്ങള്‍.

മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും
വര്‍ഗീകരണവും വര്‍ഗസമരവും മാര്‍ക്സിയന്‍ പരികല്‍പനകളാണ്‌. ഈ പരികല്‍പനകളും നിര്‍ണയന രീതികളും നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതാണ്‌ പ്രധാനം. കാരണം, നാളെ ഒരു നവലോകം സ്വപ്നം കാണിച്ച്‌ ഇവര്‍ നടത്തുന്ന സമരങ്ങളധികവും ഇവര്‍ സംരക്ഷിക്കുന്നു എന്ന്‌ പറയുന്ന സാധാരണക്കാരന്റെ നെഞ്ചത്ത്‌ കയറി തന്നെയാണ്‌. ഈ സമരങ്ങളധികവും നഷ്ടമുണ്ടാക്കിയിട്ടുള്ളത്‌ അവര്‍ക്കാണ്‌. അവരുടെ വഴിയാണ്‌ എന്നും തടയപ്പെടുന്നതും. അപ്പോള്‍ ചുരുങ്ങിയത്‌ ഈ സാധാരണക്കാരനോട്‌ ഈ സമരങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഇവര്‍ക്ക്‌ ബാധ്യതയുണ്ട്‌. ഇത്രയും കാലം നടത്തിയ സമരങ്ങളും അവയുടെ ലാഭനഷ്ടങ്ങളും സര്‍വേനടത്തി, കണക്കെടുത്ത്‌ അവന്റെ മുന്‍പില്‍ സത്യസന്ധതയോടെ വിവരിക്കാന്‍ മാര്‍ക്സിസ്റ്റ്‌കാരന്‌ ബാധ്യതയുണ്ട്‌. ഇല്ലെങ്കില്‍ അത്‌ മറ്റാരെങ്കിലും ചെയ്യും. ഒരു മാര്‍കിസ്റ്റ്‌ സത്യസന്ധതകാണിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. എന്തൊക്കെപറഞ്ഞാലും ഒരു പൊതുകാര്യത്തിനാണല്ലോ അയാള്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളെ മാര്‍ക്സിസം നിരീക്ഷിച്ച രീതിതന്നെ അവരുടെ നിര്‍ണയന രീതികളുടെ പാളിച്ച തുറന്നു കാണിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഭൂര്‍ഷ്വാസിയിലേക്ക്‌ ബ്രിട്ടീഷ്‌ ബൂര്‍ഷ്വാസിയില്‍ നിന്ന്‌ അധികാരം കൈമാറ്റപ്പെടുകയാണെന്നു പറഞ്ഞായിരുന്നു ഈ വിയോജിപ്പ്‌. വെറും വിയോജിപ്പല്ല പലസ്ഥലത്തും അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതായത്‌ ബ്രിട്ടീഷുകാരെ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഉദാഹരണങ്ങള്‍ക്ക്‌ അന്തരിച്ച മൊയ്തുമൌലവിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുക. സത്യത്തില്‍ ബ്രിട്ടീഷുകാരുമായി റഷ്യ സഹകരിക്കുന്നു എന്നതിനാല്‍ ഇതൊരു വര്‍ഗ സഹകരണ ലൈനായിരുന്നു. എന്നാല്‍ ഇതിനു പറഞ്ഞ കാരണങ്ങള്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്തുക എന്നതിന്‌ അന്ന്‌ ബ്രിട്ടന്‌ ശക്തി പകരേണ്ടതാവശ്യമായിരുന്നു. അതിനാല്‍ ബ്രിട്ടന്‌ ക്ഷീണം പകരുന്നത്‌ പ്രവര്‍ത്തിച്ചുകൂട എന്നതായിരുന്നു. പില്‍കാലത്ത്‌ സ്വാതന്ത്ര്യദിനങ്ങളാഘോഷിക്കുകയും ആസ്വാതന്ത്ര്യത്തിന്റെ രുചി ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ഈ വാദങ്ങളെവിടെ പോയി? ആദ്യകാലത്ത്‌ മാര്‍കിസ്റ്റ്‌കാര്‍ക്ക്‌ ആഗസ്ത്‌ പതിനെഞ്ചെന്നാല്‍ ആപത്ത്‌ പതിനഞ്ചായിരുന്നു.

പുത്തന്‍ പരിഷ്കാരങ്ങളേയും യന്ത്രവല്‍കരണങ്ങളേയും എതിര്‍ക്കുക എന്നതാണ്‌ വേറൊരുതകരാറ്‌. മുതലാളിത്തത്തിന്‌ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന്‌ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ ഒരു തൊഴിലാളിവര്‍ഗപ്പാര്‍ട്ടിക്ക്‌ എടുത്തുചാടി പിന്തുണയ്ക്കാന്‍ പറ്റില്ല എന്നതാണ്‌ ന്യായീകരണം. യന്ത്രങ്ങള്‍ മുതലാളികളെപ്പോലെ തൊഴിലാളികളേയും സഹായിക്കുന്നില്ലേ? അത്‌ ഒരു തൊഴിലാളിയുടെ കാര്യക്ഷമതവര്‍ദ്ധിപ്പിക്കുകയും അവന്റെ അദ്ധ്വാനത്തെ ലഘൂകരിക്കുകയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നില്ലേ? ഈ വര്‍ദ്ധിത ഉത്പാദനം അവന്റെ കൂലിയേയും വര്‍ദ്ധിപ്പിക്കുന്നില്ലേ? യന്ത്രവത്‌കരണത്തിലൂടെ കരുത്തുനേടിയതൊഴിലാളിയാണോ പുരാതന രീതികളുപയോഗിക്കുന്ന തൊഴിലാളിയാണോ മുതലാളിത്തത്തിനോടെതിരിടാന്‍ കൂടുതല്‍ ശക്തന്‍? യഥാസമയം യന്ത്രവത്‌കരണം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ പരമ്പരാഗത വ്യവസായങ്ങളും കൃഷികളുമൊക്കെ കാലത്തിനനുസരിച്ച "അഡാപ്റ്റേഷന്‍" ആര്‍ജ്ജിച്ച്‌ അതിജീവിക്കുമായിരുന്നില്ലേ? യന്ത്രങ്ങളുടെ അതേപട്ടികയിലാണ്‌ കമ്പ്യൂട്ടറുകളേയും പെടുത്തിയത്‌. സത്യത്തില്‍ യന്ത്രങ്ങളേയും കമ്പ്യൂട്ടറുകളേയും ഒരേപട്ടികയില്‍ പെടുത്തുന്ന ഈ വര്‍ഗ്ഗീകരണം ശരിയാണോ? കമ്പ്യൂട്ടറുകളെ അന്നുവരേയുണ്ടായിരുന്ന യന്ത്രങ്ങളേപോലെ തന്നെ പരിഗണിക്കാമോ? യന്ത്രങ്ങളെ എതിര്‍ത്തിരുന്ന കാലത്ത്‌ പറഞ്ഞത്‌ അത്‌ തൊഴിലാളിയെ അവന്റെ തൊഴിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റും എന്നായിരുന്നു. ലോകത്തില്‍ കഴിഞ്ഞ നൂറുകൊല്ലം കൊണ്ട്‌ ജനസംഖ്യ പതിന്‍മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്‌. യന്ത്രങ്ങളാവട്ടെ നൂറുമടങ്ങായി വര്‍ദ്ധിക്കുകയും കാര്യക്ഷമമാവുകയും ചെയ്തിട്ടുണ്ട്‌. ഈ വീക്ഷണം ശരിയാണെങ്കില്‍ ഇന്ന്‌ തൊഴിലേ ഉണ്ടാകുമായിരുന്നില്ല. ഇന്നാവട്ടെ, യന്ത്രങ്ങളില്ലാത്ത തൊഴില്‍ മേഖലയില്ല. എന്നാല്‍ യന്ത്രവത്‌കരണം തൊഴില്‍ വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ എന്ന്‌ കാണാന്‍ കഴിയും. യന്ത്രങ്ങളെപ്പറ്റി മാര്‍ക്സ്‌ പറഞ്ഞത്‌ മൂലധനത്തില്‍ ഇങ്ങനെ വായിക്കാം. "പത്തൊമ്പതാം ശതകത്തിന്റെ ആദ്യത്തെ പതിനഞ്ചുകൊല്ലത്തില്‍ ഇംഗ്ലണ്ടിലെ വ്യവസായ ഡിസ്ട്രിക്ടുകളില്‍ വ്യാപകമായ ലഹളകള്‍ -യന്ത്രങ്ങള്‍ക്കെതിരായി- നടന്നിട്ടുണ്ട്‌. തൊഴിലാളികള്‍ യന്ത്രങ്ങള്‍ തച്ചുടച്ചു കളഞ്ഞിരുന്നു. യന്ത്രങ്ങളിലല്ല അതിനെ ഉപയോഗപ്പെടുത്തുന്ന സമ്പ്രദായത്തിലാണ്‌ തകരാറ്‌ എന്ന്‌ മനസ്സിലാക്കുവാന്‍ തൊഴിലാളികള്‍ക്ക്‌ കുറച്ചുകാലം വേണ്ടിവന്നു." പികേശവമേനോന്‍ വിവര്‍ത്തനം ചെയ്ത മൂലധനം സംഗ്രഹപതിപ്പ്‌.139ആം പേജ്‌. തൊഴിലാളികള്‍ക്ക്‌ മനസ്സിലായിട്ടില്ല എന്നാണ്‌ അനുഭവം സൂചിപ്പിക്കുന്നത്‌. അതിനാലാവണം "ഇതാണ്‌ മാര്‍ക്സിസമെങ്കില്‍ ഞാനൊരു മാര്‍കിസ്റ്റല്ല" എന്ന പ്രസിദ്ധമായ വാചകം അദ്ദേഹം പറഞ്ഞതും.

സ്വത്വരാഷ്ട്രീയത്തിന്റെ പേരുപറഞ്ഞുകൊണ്ടാണ്‌ രാജ്യത്തുയര്‍ന്നുവരുന്ന ആദിവാസി, ദളിത്‌, പരിസ്ഥിതി, സ്ത്രീ മുന്നേറ്റങ്ങളില്‍ നിന്ന്‌ പാര്‍ടി വിട്ടുനില്‍ക്കുന്നതും വിമര്‍ശിക്കുന്നതും നുഴഞ്ഞുകയറി കൈവശപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുകയോ തങ്ങളുടെ പോഷകസംഘടനയാക്കി ഒതുക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതും. (പ്രവസികളില്‍ നിന്നുയര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളെ ഇങ്ങനെ ഹൈജാക്‌ ചെയ്തുകഴിഞ്ഞു. ഇനി പാര്‍ട്ടിക്കുവേണ്ടി ആളെക്കൂട്ടുന്ന ഏജന്‍സികളായോ പര്‍ട്ടിയുടെ താളത്തിനു തുള്ളുന്ന കുഞ്ഞിരാമന്മാരായോ അവ മാറും) ഇങ്ങനെ ഓരോ വിഭാഗങ്ങളിലായി പ്രത്യേക ആവശ്യങ്ങള്‍ക്കായി ആളുകള്‍ സംഘടിക്കപ്പെടുമ്പോള്‍ വര്‍ഗസമരം അട്ടിമറിക്കപ്പെടും എന്ന ഭീതിയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌. അതായത്‌ എല്ലാ ഓരോ ജനകീയ മുന്നേറ്റങ്ങളും ചുളുവില്‍ എങ്ങനെ വര്‍ഗസമരത്തിലേക്ക്‌ അടുപ്പിക്കാനാവും എന്നാണ്‌ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ ഇത്തരം "സംഘടിപ്പിക്കലുകള്‍" ഉണ്ടാവുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ വീഴ്ച്ചകളില്‍ നിന്നാണെന്ന്‌ അവര്‍ കാണുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ പാര്‍ട്ടി മതിയാവുന്നില്ല എന്ന തോന്നലില്‍ നിന്നാണ്‌ ബദല്‍ പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുന്നത്‌. ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗം ദളിതരാണെന്നും അതിനാല്‍ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നില്‍ക്കേണ്ടത്‌ അവന്റെ കൂടെയാണെന്നും സംഘടിപ്പിക്കേണ്ടത്‌ അവന്റെ സമരമാണെന്നും വി.ടി രാജ്ശേഖര്‍ വിമര്‍ശിക്കുന്നത്‌ ഇതിനാലാണ്‌. കേരളത്തിലെ സാമൂഹ്യഭൂമികയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ മാറ്റം വരുത്തിയതായി ഊറ്റം കൊള്ളാറുണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍, കമ്മ്യൂണിസ്റ്റുകാരന്‌ തന്റെ പരിപാടികള്‍ നടപ്പിലാക്കാനാവശ്യമായ "വസ്തുനിഷ്ട ആത്മനിഷ്ട" സാഹചര്യങ്ങള്‍ മുന്‍കാല നവോത്ഥാന നായകന്‍മാര്‍ നിര്‍വഹിച്ചിരുന്നു എന്ന സത്യം മനപ്പൂര്‍വം മൂടിവെച്ചുകൊണ്ടാണ്‌ ഈ വീമ്പുപറച്ചില്‍. ഇന്നും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളരാനാവശ്യമായ ഫലഭൂയിഷ്ടമായ മണ്ണ്‌ നിലവിലുള്ള ബീഹാറിലെന്തേ ഇത്‌ സാധ്യമായില്ല? ഉത്തര്‍പ്രദേശില്‍, മഹാരാഷ്ട്രയില്‍ അങ്ങനെ തൊണ്ണൂറുശതമാനം വരുന്ന മറ്റ്‌ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ എന്തേ സാധ്യമായില്ല?

അരാഷ്ട്രീയവാദം എന്ന പ്രയോഗമാണ്‌ ഇന്ന്‌ മാര്‍കിസ്റ്റിതരര്‍ക്കെതിരായി പ്രയോഗിക്കുന്ന നവീന ആയുധം. അരാഷ്ട്രീയം എന്നു പറയണമെങ്കില്‍ ഇവര്‍ രാഷ്ട്രീയത്തെ നിര്‍വചിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയം ഇല്ലാത്ത എല്ലാവരേയും ഇങ്ങനെ മുദ്രകുത്തേണ്ടിവരും. രാഷ്ട്രീയമെന്നാല്‍ എന്റെ നിര്‍വചനത്തില്‍ `ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രതികരിക്കാനും ഉള്ള കഴിവ്‌` എന്നാണ്‌. ഈ നിര്‍വചനമനുസരിച്ച്‌ എന്തുവന്നാലും എനിക്കൊന്നുമില്ല എന്നുപറയുന്നവരാണ്‌ അരാഷ്ട്രീയക്കാര്‍. അല്ലാതെ കൊള്ളാവുന്നതിനെ കൊള്ളുകയും തള്ളാവുന്നതിനെ തള്ളുകയും ചെയ്യുന്നവരല്ല. ഒരു ജനത അരാഷ്ട്രീയവത്‌കരിക്കുന്നതില്‍ കക്ഷി രാഷ്ട്രീയക്കാരനുള്ള പങ്ക്‌ വളരെ സമര്‍ഥമായി മൂടിവെയ്ക്കാനാണ്‌ ഈ വാദഗതികള്‍ ഉന്നയിക്കുന്നത്‌. നല്ല രാഷ്ട്രീയബോധമുള്ള ഒരു ജനതയാണ്‌ ഇന്ത്യയിലേത്‌. കക്ഷിരാഷ്ട്രീയക്കാരുടെ പെരുമാറ്റത്തില്‍ മനം മടുത്ത്‌ സാധാരണക്കാരന്‍ രാഷ്ട്രീയക്കാരന്റെ വെറും ഉപകരണങ്ങളാവുന്നു എന്ന്‌ തിരിച്ചറിയുന്നതില്‍ നിന്നുമാണ്‌ സാധാരണക്കാരന്റെ ഈ ഉള്‍വലിച്ചില്‍. അതിന്‌ നമ്മുടെ രാഷ്ട്രീയവും ബ്യൂറോക്രസിയും ശുദ്ധീകരിച്ചാല്‍ മാത്രം മതി. ഇങ്ങനെ രാഷ്ട്രീയക്കാരന്‍ ഉഴുതുമറിച്ച്‌ പാകപ്പെടുത്തുന്ന അരാഷ്ട്രീയ ഭൂമികയിലാണ്‌ മുതലാളിത്തം അതിന്റെ ഉപഭോഗ സംസ്കാരമടക്കമുള്ള വിളകളിറക്കുന്നത്‌. അവര്‍ അവരുടെ സംഭാവനകള്‍ അതില്‍ അര്‍പ്പിച്ചിട്ടുണ്ടാവണം. അത്‌ സ്വാഭാവികം മാത്രവുമാണ്‌.

മേല്‍പറഞ്ഞവയില്‍ നിന്നും മാര്‍കിസ്റ്റ്‌ വിശകലനരീതിയുടെ കുഴപ്പങ്ങളാണ്‌ അവരുടെ തീരുമാനങ്ങളിലുള്ള കുഴപ്പങ്ങള്‍ക്കും പില്‍കാലത്ത്‌ മാപ്പുപറയേണ്ടതിലേക്ക്‌ അവരെ നയിക്കുന്നതും എന്നു കാണാം. ഒരു വിശകലന രീതി തെറ്റുന്നതിന്‌ പല കാരണങ്ങളുമുണ്ട്‌. അവയില്‍ നല്‍കപ്പെടുന്ന ഡാറ്റകളുടെ കുഴപ്പമാവാം. വഴികളുടെ കുഴപ്പമാവാം ഈ നിര്‍ണയന രീതിയുടെ തന്നെ കുഴപ്പമാവാം. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കാരണങ്ങളുടെ ഇടപെടലുകളാവാം. മാറിയ സാഹചര്യത്തിനനുസരിച്ച്‌ വരുത്തേണ്ട വ്യതിയാനങ്ങള്‍ മേല്‍പറഞ്ഞതിലെല്ലാം വരുത്തേണ്ടതില്‍ വന്ന വീഴ്ച്ചകളാവാം. തെറ്റായ ഡാറ്റകളുപയോഗിച്ച്‌ ശരിയായ നിഗമനങ്ങളിലെത്താനാവില്ല. അങ്ങനെയുള്ള വിശകലനരീതിയില്‍ നിന്നുയിര്‍കൊണ്ട പരിപാടികളും സമരരീതികളുമാണ്‌ അവര്‍ മുന്നോട്ടുവെയ്ക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ പേരു പറഞ്ഞ്‌ ഇത്തരം അയുക്തിക സമരങ്ങള്‍ക്കാണ്‌ സാധാരണക്കാരന്‍ ഇരയാവുന്നതും.

സാധാരണക്കാരന്‍ അഥവാ കോരന്‍ എന്നും കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കണം എന്നതാണ്‌ ഇവരുടെ വാദമെന്നുതോന്നും. ഒന്നുകില്‍ കഞ്ഞിയിലൊരുമാറ്റം അല്ലെങ്കില്‍ പാത്രത്തിലൊരുമാറ്റം അതുമല്ലെങ്കില്‍ കോരന്‌ ഒരു മാറ്റം ഇവര്‍ സമ്മതിക്കുകയില്ല. "ദാരിദ്ര്യത്തിന്റെ സോഷ്യലിസമാണത്‌."

വിപ്ലവത്തിലൂടെ നേടിയെടുത്ത സോഷ്യലിസം അതല്ലാതാവുകയോ അന്ന്‌ കണ്ടിരുന്ന സ്വപ്നങ്ങളെ അത്‌ സഫലീകരിക്കാതാവുകയോ ചെയ്തു. അത്‌ അനുഭവം. സങ്കടം അതല്ല. ഈ രാജ്യങ്ങളത്രയും മുതലാളിത്ത പാത പിന്‍തുടര്‍ന്നു അഥവാ "കുരങ്ങിലേക്ക്‌ തിരിച്ചുപോയി" എന്നതാണ്‌. ഇങ്ങനെയൊരു മാറ്റമായിരുന്നു ഇതിന്റെ അനന്തരഫലമെങ്കില്‍ ഇതിനുവേണ്ടി മരിച്ചു വീണ, മാര്‍ക്സിസ്റ്റ്‌ വിമതര്‍ എന്ന്‌ മുദ്രചാര്‍ത്തി കൊന്നൊടുക്കിയ, ത്യാഗമനുഷ്ടിച്ച ആയിരങ്ങളോട്‌ ഇന്നെന്തു സമാധാനം പറയും?

ഫലിതം.
റഷ്യയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തുന്ന ഒരു റഷ്യന്‍ പട്ടിയും അമേരിക്കന്‍ പട്ടിയും തമ്മിലള്ള സംഭാഷണം.
"എന്തിനാണ്‌ വര്‍ഷംതോറും അമേരിക്കയിലേക്ക്‌ സന്ദര്‍ശനം നടത്തുന്നത്‌? റഷ്യയില്‍ ഭക്ഷണമില്ലേ?"
"ധാരാളം"
"പാര്‍പിടം?"
"തീര്‍ച്ചയായും"
"വിദ്യാഭ്യാസം?"
"ആവശ്യത്തിനനുസരിച്ച്‌"
"പിന്നെ?"
"ഒന്ന്‌ കൊരയ്ക്കണ്ടേ?"
ഇത്‌ നേരത്തെ ചേര്‍ത്തിരുന്നു
അടുത്തതില്‍ "നാലാം ലോകം ആര്‍ക്കാണ്‌ പേടി" പരമേശ്വരന്റെ നാലാം ലോകവും അതിനു ലഭിച്ച വിമര്‍ശനങ്ങളും

posted by സ്വാര്‍ത്ഥന്‍ at 12:13 PM

0 Comments:

Post a Comment

<< Home