Wednesday, August 23, 2006

::വാക്ക്‌ | VAKKU:: - മുടി

URL:http://manjithkaini.blogspot.com/2006/08/blog-post.htmlPublished: 8/24/2006 10:07 AM
 Author: മന്‍ജിത്‌ | Manjith
സ്വതേ ശാന്തഗതിക്കാരനായ അച്ഛന്‍ കോപാകുലനാകുന്നതു വല്ലപ്പോഴുമേ കണ്ടിട്ടുള്ളു. മിക്കപ്പോഴും അതു മുടിയെച്ചൊല്ലിയാവും.

ഭക്ഷണത്തിനിരിക്കുമ്പോള്‍ ചോറിലോ കറിയിലോ തലമുടിനാരു കണ്ടാല്‍ പിന്നെയൊരു പൊട്ടിത്തെറിക്കലാണ്. മുടി എടുത്തുയര്‍ത്തി ഇനി കഴിക്കില്ലാ എന്ന പ്രഖ്യാപനത്തില്‍ അവസാനിക്കും ആ രോഷപ്രകടനം.

ഞങ്ങള്‍ മക്കള്‍ ആറുപേരില്‍ ചിലര്‍ ആ ബഹിഷ്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യും. എന്തായാലും മുടികണ്ടതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും അച്ഛന്റെ ബഹിഷ്ക്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നുമാത്രമല്ല, പലപ്പോഴും അമ്മയ്ക്കുവേണ്ടി വാദിച്ചിരുന്നതും ഞാനാണ്.

ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ അവരുടെ മുടി തെല്ലും വീഴാതെ എങ്ങനെ ഭക്ഷണം വിളമ്പുന്നു എന്നതായിരുന്നു ചെറുപ്പം മുതല്‍ എന്റെ അല്‍ഭുതം. അത്രമേല്‍ ശ്രദ്ധിച്ചുചെയ്യുന്ന പാചകവിധിക്കിടയില്‍ ആണ്ടിലൊരിക്കലെങ്ങാന്‍ ഒരു മുടിവീണാല്‍ അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ആ മുടി എടുത്തുകളഞ്ഞ് ആഹാരം കഴിച്ചുകൂടെ? ഇതൊക്കെയായിരുന്നു എന്റെ ന്യായങ്ങള്‍.

അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, വീടിനു പുറത്തുള്ള മുടിബഹിഷ്കരണ വിവാദങ്ങളിലും എന്റെ അഭിപ്രായം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരെന്നെ വൃത്തികെട്ടവന്‍ എന്നു വിളിക്കുന്നതു കേള്‍ക്കാനും മറ്റുചിലര്‍ ആ അര്‍ത്ഥം വച്ചു നോക്കുന്നതു കാണാനും കഴിഞ്ഞിട്ടുണ്ട്.

പിന്നൊരു മുടിവിരോധിയെക്കാണുന്നത് സാറാ ജോസഫിന്റെ മുടിത്തെയ്യമുറയുന്നു(അങ്ങനെതന്നല്ലേ?) എന്ന കഥയിലാണ്. ഭാര്യയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുടിയില്‍ അസ്വസ്ഥചിത്തനാകുന്ന ഭര്‍ത്താവാണാതിലെ കഥാപാത്രം. ആ കാര്‍കൂന്തല്‍ തന്റെ പുരുഷത്വത്തെ ചോദ്യംചെയ്യുന്നോ എന്ന സന്ദേഹമാണദ്ദേഹത്തിന്.

കഥ വായിച്ചശേഷം ഇനി അങ്ങനെ വല്ല സന്ദേഹങ്ങളുമുണ്ടോ ഈ മുടിവിരോധത്തിനു പിന്നിലെന്ന് അച്ഛനൊടു തമാശയ്ക്കു ചോദിച്ചിരുന്നു. അച്ഛന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു. തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരിയായിരുന്നിരിക്കാം അത്.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള സല്ലാപത്തിനിടയില്‍ സാന്ദര്‍ഭികമായി അദ്ദേഹം ഈ വിഷയമെടുത്തിട്ടു.

അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാര്യയുടെമേല്‍ അധികാരം സ്ഥാപിക്കാന്‍ പുരുഷന്‍ തേടുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു നമ്മുടെ മുടി തന്നെ. ചുറ്റുമുള്ള ജീവിതങ്ങള്‍ കാണുമ്പോള്‍ അതു ശരിയാണെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

മുടിമുറിച്ചിട്ടു കല്യാണപ്പന്തലിലെത്തിയാല്‍ മതി എന്നു പ്രതിശ്രുത വധുവിനോടാജ്ഞാപിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ അധികാര ചിഹ്നമാണെന്നെ ചിരിപ്പിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കീഴ്‌ശ്വാസമാണ് രണ്ടാമത്തെ അധികാര ദണ്ഡ്! കേട്ടപ്പോള്‍ ഞാനേറെ ചിരിച്ചു. പക്ഷേ പിന്നീടുള്ള നിരീക്ഷണത്തില്‍, കീഴ്‌ശ്വാസത്തിലൂടെ ഭാര്യയ്ക്കുമേല്‍ അധികാരം സ്ഥാപിക്കുന്ന( ഇതും നീ സഹിച്ചുകൊള്ളണം എന്ന വ്യംഗാര്‍ത്ഥത്തില്‍) പുരുഷ കേസരികളെയും കണ്ടെത്താനായി.

കുറേക്കാലം മുന്‍‌പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അരമന രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. അതിനിടയില്‍ ഇങ്ങനെ കീഴ്‌ശ്വാസാധികാരം പ്രയോഗിക്കുന്ന ഒരു പ്രസിഡന്റിനെയും കാണാനൊത്തു. അമേരിക്ക കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു ഈ കീഴ്‌ശ്വാസ വിദഗ്ദ്ധന്‍. തന്റെ അനുരചന്മാരിലാരോടെങ്കിലും ദേഷ്യപ്പെടേണ്ടതുണ്ടെങ്കില്‍ താന്റെ കീഴ്‌ശ്വാസങ്ങള്‍ അവന്റെ മേല്‍ കെട്ടിവച്ചാണ് ലിന്‍‌ഡന്‍ ദേഷ്യപ്പെടല്‍ നടത്തിയിരുന്നത്. ഓരോരോ അധികാര ചിഹ്നങ്ങളേ :)

മുടിയെപ്പറ്റി ഇപ്പോഴോര്‍ക്കാന്‍ കാരണമുണ്ട്. അതെന്റെ പൊന്നോമന മകളാണ്. മുടിക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ടാവാം, അനുദിനം മുടികള്‍ പൊഴിഞ്ഞു കിളിര്‍ക്കുന്ന തലയാണെന്റേതു്. ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കാന്‍ നല്ലപാതിയുമുണ്ട്. ആരാദ്യം മുടിപൊഴിക്കും എന്ന കാര്യത്തില്‍ ഞങ്ങളുടെ തലകള്‍ത്തമ്മില്‍ തര്‍ക്കത്തിലാണെന്നു തോന്നുന്നു.

മുടികൊഴിച്ചിലുകാരായ ഞങ്ങളുടെ പൊന്നോമന മകളോ. മുടിവിരോധിയായി വല്യപ്പന്റെ ജീനുകള്‍ അപ്പാടെ അവളിലേക്കു ആവേശിച്ചിരിക്കുകയാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്ന് “മുടി” എന്നതായിരുന്നു. ഇനി അപ്പനുമമ്മയ്ക്കും മലയാളം മനസിലായില്ലെങ്കിലോ എന്നു കരുതി “ഹെയറും” എളുപ്പത്തില്‍ പഠിച്ചു.

ഉറക്കമുണര്‍ന്നാല്പിന്നെ കക്ഷി മൈക്രോസ്കോപിക് കണ്ണുകളുമായി നടന്ന്, അപ്പനേയും അമ്മയേയും കൊഴിഞ്ഞു വീണുകിടക്കുന്ന മുടികള്‍ ചൂണ്ടിക്കാട്ടി വശംകെടുത്തും. കിടക്കയില്‍ത്തന്നെകാണും ഒരു ടണ്‍ മുടി. അതു മുഴുവന്‍ പെറുക്കിയെടുത്തുകളയാതെ അവിടെനിന്നിറങ്ങില്ല. വീടിന്റെ മുക്കിലും മൂലയിലുമുള്ള മുടിനാരുകള്‍ പെറുക്കിക്കളയുക തന്നെ അപ്പന്റെയും അമ്മയുടെയും പ്രധാനജോലി.

മുടിക്കാര്യത്തില്‍ എന്നെ എന്റെ അച്ഛന്റെ അച്ഛനാക്കുകയെങ്ങാനാണോ ഇനി അവളുടെ ലക്ഷ്യം? ആര്‍ക്കറിയാം? പിള്ളേര്‍ ദീര്‍ഘദര്‍ശികളാണല്ലോ.

posted by സ്വാര്‍ത്ഥന്‍ at 10:25 PM

0 Comments:

Post a Comment

<< Home