Tuesday, August 22, 2006

കളരി::Kalari - ഇളമൊഴി

URL:http://kilivatilkalari.blogspot.com/2006/08/blog-post.htmlPublished: 8/23/2006 12:44 AM
 Author: ഡെയ്‌ന്‍::Deign
യെന്തര് 'ഇളമൊഴി'?

ഇളമൊഴിയെന്നാല്‍ വരമൊഴിയുടെ ലളിത രൂപം, ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നത്. വിഡോസ് എക്സ്പ്ളോററില്‍ ഓണ്‍ലൈനിലും, ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്താല്‍ ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും. മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ വേണ്ട സെറ്റിംഗ് മാത്രം മതി ഇത് ഉപയോഗിക്കാന്‍.

'ഇളമൊഴി', വരമൊഴിയുടെ ആശാന്‍ സിബുവിന്റെ ഇളയ മകള്‍ ഇളയ്ക്ക് സമര്‍പ്പണം.

ഇളമൊഴി വന്ന വഴി:

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി കമ്പ്യൂട്ടര്‍ തൊടാന്‍ കിട്ടുന്നത്. അന്ന് മാഷോട് ഒന്നേ ചോദിച്ചുള്ളൂ, ഇതില്‍ മലയാളം ഉണ്ടോന്ന്. ഇല്ല എന്നായിരുന്നു മറുപടി. പിന്നെ ഇതുകൊണ്ടെന്തു കാര്യം എന്നാലോചിച്ചുവെങ്കിലും, ഫീസ് കൊടുത്തുപോയില്ലേ എന്നു കരുതി പഠനം തുടങ്ങി. കമ്പ്യൂട്ടര്‍ ഉപയോഗിക്കണമെങ്കില്‍ സാധാരണ ഭാഷയൊന്നും പോര, കമ്പ്യൂട്ടര്‍ ഭാഷ തന്നെ പഠിക്കണമത്രേ! അങ്ങനെ കയിലുകുത്തു തുടങ്ങി, 'ബേസിക് ' ഭാഷയില്‍. പഠിപ്പിച്ചതെല്ലാം തലയ്ക്ക് മുകളിലൂടെ എങ്ങോ പോയ് മറഞ്ഞെങ്കിലും, ആറുമാസത്തെ പഠനത്തിനൊടുവില്‍ ഒന്ന് ഞാന്‍ സാധിച്ചെടുത്തു: കമ്പ്യൂട്ടര്‍ സ്ക്രീനില്‍ 'അ' എന്ന അക്ഷരം തെളിഞ്ഞു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളില്‍ അന്ന് കോളിളക്കമൊന്നുമുണ്ടായില്ലെങ്കിലും എനിക്കത് വലിയൊരു സംഭവമായിരുന്നു. വീട്ടില്‍ ചെന്ന് പറഞ്ഞു, "ഞാന്‍ കമ്പ്യൂട്ടറില്‍ 'അ' ഉണ്ടാക്കീ.....".

"കമ്പ്യൂട്ടറ്‌ പഠിക്കാനുംന്ന് പറഞ്ഞ് കാശും കളഞ്ഞ് കളിച്ച് നടന്നോടാ"(ഒരു വലിയ ഫുള്‍ സ്റ്റോപ്)

കാലം കടന്നു പോയി. ഒരുപാട് ഡാറ്റ ഇന്റര്‍നെറ്റിലൂടെ ഒഴുകി. നേരാംവണ്ണം ഷുഗറിംഗും ലൈനിംഗുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന എന്നെ പിടിച്ച് കോളേജ് മാഗസിന്‍ എഡിറ്ററാക്കിയപ്പോഴാണ്‌ വീണ്ടുമൊരിക്കല്‍ കമ്പ്യൂട്ടറും മലയാളവുമായി മല്ലിടാന്‍ തുനിഞ്ഞത്. കോളേജിലെ 'അത്യദ്ധ്വാന'മെല്ലാം കഴിഞ്ഞ് കൊടുങ്ങല്ലൂര്‌ നിന്നും തൃശൂര്‌ പോയി ഡീടീപ്പിസെന്ററില്‍ ഉറക്കമിളച്ചിരുന്ന രാവുകളില്‍, ഞാനും കമ്പൂട്ടര്‍ പഠിച്ചിട്ടുണ്ട് - 'അ' എന്ന അക്ഷരം ഉണ്ടാക്കിയിട്ടുണ്ട്, എന്ന് പലതവണ പറയാന്‍ മുട്ടി. മുട്ടിയപ്പോഴൊക്കെ, കീബോഡില്‍ പറന്നടിക്കുന്ന ഡീടീപ്പീക്കാരന്റെ വിരലുകള്‍ നിവര്‍ന്ന് എന്റെ നേരെ നീണ്ടാലോ എന്നു കരുതി മാത്രം ഞാനെന്റെ ആശയടക്കി. അവസാന പ്രൂഫും തിരുത്തിയ ശേഷം മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരാഗ്രഹം ആ വിദ്ധ്വാനുമായി പങ്കുവച്ചു: "ഞാനുമൊന്ന് അടിച്ച് നോക്കട്ടെ ചേട്ടാ?".

"കമ്പ്യൂട്ടര്‍ അറിയോടാ?"

"പിന്നില്ലേ, ഞാന്‍ ഉസ്കൂളീ വച്ച് പഠിച്ചട്ട്ണ്ട്. 'അ' എന്ന അക്ഷരം...."(ബാക്കി ഞാന്‍ കണ്ട്രോള്‌ ചെയ്തു)

Q അടിക്കുമ്പോള്‍ 'ഔ', P അടിച്ചാല്‍ 'ജ', S അടിച്ചാല്‍ 'മ', A അടിച്ചാല്‍ 'ഓ', "ഇതെന്താ ചേട്ടാ ഇങ്ങനെ?"

"പിന്നെങ്ങനെ വേണം?"

"അല്ലാ, ഈ a അടിക്കുമ്പം 'അ', s അടിക്കുമ്പം 'സ'... ഇങ്ങനെയായാല്‍..."

"പിന്നെ നീയൊക്കെ എന്നെ അന്വേഷിച്ച് വര്വോടാ?"

ആ പാവത്തിന്റെ കഞ്ഞിയില്‍ ഡാറ്റയിടണ്ട എന്നു കരുതി വീണ്ടുമൊരു ആശയടക്കം.

പിന്നെയും ഡാറ്റാ ഒഴുക്കിന്റെ കാലം. തലയ്ക്കു മുകളിലെ ശൂന്യാകാശത്തെ ഉപഗ്രഹങ്ങള്‍ വഴിയും കടലിനടിയിലെ കേബിള്‍ വഴിയും ഒഴുക്കു തുടര്‍ന്ന ഡാറ്റ ഒരുനാള്‍ എന്റെ മേശപ്പുറത്തും അതിഥിയായെത്തി. കേട്ടറിവ് വച്ച് തിരച്ചിലോട് തിരച്ചിലായിരുന്നു, എളുപ്പം മലയാളം അടിക്കാനുള്ള കുന്ത്രാണ്ടത്തിനായി. ദാണ്ടെടാ കിടക്കുന്നു ഒരു സിബുവും 'വരമൊഴിയും'. ലോഡിറക്കി മേശപ്പുറത്തിട്ട് ഘടിപ്പിച്ചു. a അടിച്ചു, ദേ 'അ'. i അടിച്ചു, ഹായ് 'ഇ'. u അടിച്ചപോള്‍ 'ഉ'. പിന്നങ്ങട് ചറ പറാന്ന് അടിയായിരുന്നു, കൊതി തീരും വരെ.

വീണ്ടും ഡാറ്റ, ഒഴുക്ക്. ഓപ്പണ്‍ സോഫ്റ്റ്‌വെയറുകാരുടെ അധിനിവേശം. മുളയിലേ നുള്ളിക്കളയപ്പെട്ട എന്നിലെ പ്രോഗ്രാമര്‍ വീണ്ടും മുളപൊട്ടി. വളരെ വൈകിപ്പോയി എന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. കോടാനുകോടി കോഡന്മാരും കോഡികളും നിറഞ്ഞാടുന്ന അരങ്ങില്‍ ആസ്വാദകനാവുക എന്നതായി എന്റെ തീരുമാനം. ഈ ആസ്വാദനത്തിന്‌ മാറ്റ് കൂട്ടിയതാകട്ടെ 'ബൂലോഗ'വും.

യൂണീക്കോഡും അഞ്ജലിയും മൊഴിയും മറ്റുമായി നമ്മള്‍ ആഘോഷമായി മുന്നോട്ട് പോകുമ്പോള്‍ വഴിയരികില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന ചിലരെ കാണുവാനിടയായി. നെറ്റ് വര്‍ക്ക് അഡ്മിനിമാരുടെ കരാളഹസ്തത്തില്‍ പെട്ട് ഉഴലുന്ന, ഓഫീസിലെ മേശപ്പുറത്ത് വരമൊഴിക്കൂട്ടം ഘടിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ബൂലോഗത്ത് ആടിത്തിമിര്‍ക്കുവാന്‍ സാധിക്കാതെ വെമ്പല്‍ കൊള്ളുന്ന, ഒരുകൂട്ടം ഹതഭാഗ്യരെ. വരമൊഴിയുടെ ഓണ്‍ ലൈന്‍ പതിപ്പ് ലഭ്യമാണെങ്കിലും പലരും കടന്നുവരുവാന്‍ മടിച്ചു.

വിജയ് ലക്ഷ്മീനാരായണന്റെ ഭാരത ഭാഷകള്‍ക്കായുള്ള കണ്‍വേര്‍ട്ടറിനേക്കുറിച്ച് പെരിങ്ങോടനാണ്‌ സൂചിപ്പിച്ചത്, സമയവും സൌകര്യവുമുള്ള ആരെങ്കിലും അതില്‍ വരമൊഴിയുടെ ലിപിവിന്യാസം ഉള്‍പ്പെടുത്തും എന്ന ആഗ്രഹത്തോടെ. സ്ക്രിപ്റ്റ് സാഗരത്തിന്റെ തീരത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോള്‍ കാണുന്ന ഞണ്ടും കക്കയുമെല്ലാം പെറുക്കി നോക്കാറുണ്ടെന്നതൊഴിച്ചാല്‍ പ്രോഗ്രാമിംഗ് എനിക്കിന്നും അന്യം. 'ഹാപ്പി എക്സ്പെരിമെന്റിംഗ് ' എന്ന ലക്ഷ്മീനാരായണന്റെ ആശംസയാണ്‌ ഇതൊന്ന് നോക്കിക്കളയാം എന്നെന്നില്‍ തോന്നിച്ചത്. പിന്നെ പണ്ട് 'അ' ഉണ്ടാക്കിയതിന്റെ ആവേശവും. ബൂലോഗത്തെ പുലികളോട് പല മണ്ടത്തരവും ചോദിച്ച് ചോദിച്ച് ഒടുവില്‍ ഏതാണ്ട് ലക്ഷ്യം കണ്ടു.

പരിമിതികള്‍ പലതുമുണ്ടെങ്കിലും പലര്‍ക്കും ഇളമൊഴി പ്രയോജനപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും എഴുതിയാല്‍ ഇതെന്തോ വലിയ സംഭവമാണെന്ന് എനിക്ക് തോന്നും. ഇതുകൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ, ഈ പോസ്റ്റ് തയ്യാറാക്കിയത് (ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഒഴികെ) ഇളമൊഴി ഉപയോഗിച്ചാണ്‌.

posted by സ്വാര്‍ത്ഥന്‍ at 1:44 PM

0 Comments:

Post a Comment

<< Home