Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - ആഗ്രഹം

വിനുവിനു സന്തോഷം കൊണ്ടിരിക്കപ്പൊറുതിയില്ല. അവന്‍ ഏറെനാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹത്തിനുള്ള സുവര്‍ണ്ണാവസരമാണിത്. അത് ഇങ്ങിനെ ഇത്ര പെട്ടെന്ന് അടുത്തുവരുമെന്ന് അവന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് കേട്ടപ്പോള്‍ മുതല്‍ അവന് ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. മുറിയിലെ അടച്ചിട്ടിരുന്ന ജനല്‍ അവന്‍ പതിയെ തുറന്നു. ജനല്‍ കമ്പികളില്‍ പിടിച്ച് ശ്വാസം ഒന്നാഞ്ഞു വലിച്ചു. അറബിക്കടലിന്റെ നിറങ്ങളെ ഇത്രയും നന്നായി അടുത്തു കാണാന്‍ പറ്റുമൊ?

അവന്റെ മുറിയിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നു മുകളിലോട്ട് കണ്ണ് പായിച്ചാല്‍ പരന്നു കിടക്കുന്ന നീല അറബിക്കടല്‍ കാണാം. പക്ഷെ, അവന്‍ ഇതേവരെ രണ്ട് നിമിഷത്തില്‍കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിട്ടില്ല. അവളുടെ താളമുള്ള കാറ്റ് അവനെ അലസോരപ്പെടുത്തിയിരുന്നു. ജനല്‍പ്പാളികള്‍ കൊണ്ട് ഉടനെ തന്നെ അവളെ ബന്ധിച്ചു. ഫുജൈറയില്‍ നിന്ന് പാംസിലേക്ക് സ്ഥലം മാറിയപ്പോള്‍ ഡാഡിയാണ് ഏറ്റവും നന്നായി കടല്‍ കാണാവുന്ന ഈ മുറി തന്നെ അവന് കൊടുത്തത്. മാസ്റ്റര്‍ ബെഡ്രൂം ആണെങ്കില്‍പോലും ഈ മുറി ഇപ്പോള്‍ അവന്റേതായായി. എപ്പോഴും എല്ലാം അവന്റേതാവുകയാണ്, അവന്‍ പോലുമറിയാതെ.

ഡാഡിക്കും മമ്മിക്കും വിനുവിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ്. അവന്റെ ഓരോ കാര്യങ്ങള്‍ക്കും അവര്‍ ആളെ വെച്ചിട്ടുണ്ട്. അവനെ നോക്കാന്‍ വേണ്ടി മാത്രം ഒരു വേലക്കാരിയുണ്ട് വീട്ടില്‍. അവന്റെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും അവന്‍ മനസ്സില്‍ കാണുന്നതിനു മുമ്പു തന്നെ അവര്‍ ചെയ്തിരിക്കും. വിനു വളരെ കുറച്ച് മാത്രം സംസാരിക്കുന്നത് അവന് ബുദ്ധി കൂടിയിട്ടാണത്രെ. എല്ലാവരും അങ്ങിനെയാണ് പറയുന്നത്. ക്ലാസ്സിലെ ഉയര്‍ന്ന റാങ്കും അതു തന്നെ പറയുന്നു. പുസ്തകങ്ങളും വീഡിയോഗേമുകളും ചിതറിക്കിടക്കുന്ന അവന്റെ മുറിയില്‍ അവന്റെ അനുവാദമില്ലാതെ മമ്മി പോലും കയറാറില്ല.

എന്തായാലും ഇന്നിനി ഒന്നിനും നേരമില്ല. നാട്ടിലേക്ക് തിരിക്കുന്ന തിരക്കിലാണ് എല്ലാവരും. ഇത്ര പെട്ടെന്ന് പോവേണ്ടി വരുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

“ഗിഫ്റ്റ്സ് കൊണ്ടു പോണ്ടെ? ഇത്രയും നാള്‍ക്ക് ശേഷം ചെല്ലുന്നകൊണ്ട് എങ്ങിനെയാ വെറും കയ്യോടെ നിങ്ങടെ വീട്ടിലേക്ക്?”

“ഹും! അവിടെ നമ്മുടെ പെട്ടികളേയും കാത്ത് കിടപ്പുണ്ടാവും...എന്തെങ്കിലും നക്കാനുണ്ടോന്ന് നോക്കി. എല്ലിന്‍ കഷണങ്ങള്‍ കരുതണം!” ഡാഡിക്ക് പുച്ഛം അടക്കാനാവുന്നില്ല. എത്ര കൊടുത്താലും മതിവരാത്തവറ്റകള്‍. സഹോദരങ്ങളൊക്കെയാണെങ്കിലും കൈ നീട്ടാന്‍ ഇന്നേ വരെ, പ്രായഭേദമന്യേ ഒരുത്തനും നാണമില്ല. ഒരൊറ്റ പൈസ ആരൊടും ചോദിക്കാണ്ടാണ് ഇത്രയും കെട്ടിപ്പൊക്കിയത്. എല്ലാം വിനുവിന് പെട്ടെന്ന് തന്നെ എഴുതി വെക്കണം. അവന് പന്ത്രണ്ട് വയസ്സേ ആയിട്ടുള്ളൂവെങ്കിലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ ഒരു പട്ടിയും പിന്നെ അവനെ തിരിഞ്ഞു നോക്കില്ല.

“വിനൂ, നീ നിന്റെ സാധനങ്ങള്‍ ഒക്കെ ചൂസ് ചെയ്തൊ? ഇല്ലെങ്കില്‍ അവിടെ ചെന്നും വാങ്ങിക്കാം. ആവശ്യമുള്ള രണ്ടു ജോഡി ഡ്രസ്സ് വല്ലോം മതി ”

“നിങ്ങളെന്താ ഈ പറയണെ, രണ്ടു ജോഡിയോ, പത്തു ദിവസത്തിന് വേണ്ടി പോവുകയല്ലെ?”

“ബാ‍ക്കി അവിടെ ചെന്ന് മേടിച്ചൂടെ?”

“തിരക്കായിരിക്കില്ലെ? മാത്രമല്ല, പിന്നെ കൂടെ വരുന്ന അണ്ടനും അടകോടനും മേടിക്കണം.”

“ഹും...എന്നാല്‍ നീ മെയ്ഡിനോട് പറ അവന്റെ ലജേഗും ഒന്ന് പാക്ക് ചെയ്യാന്‍.”

വിനു കട്ടിലില്‍ മലര്‍ന്ന് കിടക്കുവാണ് ക്ലോസെറ്റില്‍ നിന്ന് അവന്റെ ഡ്രെസ്സ് എടുത്തു മമ്മി സുബൈദക്ക് കൊടുക്കുന്നതും നോക്കി. അവരത് പെട്ടിയില്‍ നന്നായി മടക്കി വെക്കുന്നു.

“ദേ ഇതും കൂടി” കയ്യിലിരുന്ന ഗേം സ്റ്റിക്സും സീഡികളും അവന്‍ പെട്ടി ലക്ഷ്യമാക്കി എറിഞ്ഞു. സുബൈദ പേടിച്ച് മാറിയതുകൊണ്ട് അത് പെട്ടിയിലെ തുണികളുടെ മുകളില്‍ തന്നെ ചെന്ന് വീണു.

“മോന്‍ വര്‍ഷങ്ങളായില്ലെ പോയിട്ട്. എല്ലാരേം ഓര്‍മ്മ കാണുവൊ ആവോ?” സുബൈദ പതിഞ്ഞ ശബ്ദത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു.

“ഒര്‍മ്മയുണ്ടായിട്ട് എന്തിനാണ്? അവന് നാട്ടില്‍ പോകാന്‍ ഒട്ടും താല്‍പ്പര്യമില്ല. പക്ഷെ ഇപ്രാവശ്യം മാത്രമാണ് അവന് ഇത്രേം താല്പര്യം കാണിക്കുന്നെ.” മമ്മി അവനെ നോക്കി പുഞ്ചിരിച്ചതും വിനു പെട്ടെന്ന് മുഖം വെട്ടിച്ചു. ആരുടെയും അധികം ചോദ്യങ്ങള്‍ അവന് ഇഷ്ടമല്ല. അധികം വാത്സല്യവും.

നാട്ടില്‍ പ്ലെയിന്‍ ഇറങ്ങി കാറില്‍ കയറിയതും വിനുവിന് വരണ്ടായിരുന്നുവെന്നു തോന്നിത്തുടങ്ങി. പിന്നീടെപ്പോഴെങ്കിലും ഇതുപൊലെ ഒരവസരം കിട്ടിയേനെ. ചുറ്റും കണ്ണോടിക്കുമ്പോള്‍ ഏതൊ ചീഞ്ഞഴിഞ്ഞ ചവറ്റുകുട്ടയില്‍ എത്തിയപോലെ. വന്നിറങ്ങിയതുമുതല്‍ ആളുകളുടെ കൈകള്‍ അവന്റെ ദേഹത്തെ തലോടിയും ഉഴിഞ്ഞും അവനെ ആകെ പരിഭ്രാന്തനാക്കിയിരിക്കുയാണ്. എല്ലാവരും അവനെ മാത്രം ശ്രദ്ധിക്കുന്നതുപോലെ. അവനെ അലസോരപ്പെടുത്തുന്ന കൈകള്‍ പതിയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അവനെ ശല്യപ്പെടുത്താതെ വിടുന്ന മട്ടില്ല. ഇത്രയധികം ആളുകളെ ഒരുമിച്ച് കാണുന്നതുപോലും അവനിഷ്ടമല്ല. എന്നിട്ടാണിനി അസഹ്യമായ സ്നേഹപ്രകടനങ്ങള്‍. ചോദ്യങ്ങള്‍ക്ക് അവജ്ഞയോടെ അവന്‍ മുഖം തിരിച്ചുവെച്ചു.

“ദേ വീടെത്തി!” എന്ന് ആരോ പറയുന്നത് കേട്ടപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് വേഗം വിനു വെളിയില്‍ കടന്നു. ഇനിയധികം നിമിഷങ്ങളില്ല. ആധി കാരണം അവന്റെ നെഞ്ചില്‍ മുഴങ്ങുന്ന പെരുമ്പറ വേദനിപ്പിക്കുന്നു. വിയര്‍ത്ത കൈകള്‍ അവന്‍ പാന്‍സിന്റെ പോക്കറ്റിലേക്ക് തിരുകി വെച്ചു.

വീടിന്റെ മുന്നില്‍ ചുവന്നയും നീലയും പ്രിന്റുള്ള പവിലിയണ്‍ നിറഞ്ഞു നിന്ന വലിയ ആള്‍‍ക്കൂട്ടം പതിയെ വിനുവിനെ തിരിഞ്ഞു നോക്കി എന്തൊക്കെയോ പിറുപിറുത്തു. അരങ്ങേറികൊണ്ടിരുന്ന കോലാഹലങ്ങള്‍ പെട്ടെന്ന് ഒരു നിമിഷം ശ്വാസം പിടിച്ചു നിന്ന പോലെ. അവനു വേണ്ടി തിരക്കില്‍ ആരോ ഒരു വഴി കീറി. തിരക്കിനിടയില്‍കൂടി ആരേയും തൊടാതെ വിനു വേഗം നടന്ന് ഉമ്മറത്തേക്ക് കയറി.

പെട്ടെന്ന് അവന്‍ അതു കണ്ടു. അവന്റെ മുഖം അല്‍ഭുതം കൊണ്ട് വികസിച്ചു. ഇവിടം വരെ വന്നത് വളരെ നന്നായിയെന്ന് ഉടനെ തന്നെ അവനു തോന്നി. അവന്‍ ആദ്യമായി കാണുകയാണ്. ചുക്കിച്ചുളിഞ്ഞ് കരുവാളിച്ച മുഖത്തെല്ലാം വെള്ള പൌഡറിട്ട, മൂക്കില്‍ പഞ്ഞിവെച്ച ഒരു ശവശരീരം.

“അച്ഛാ! ഞങ്ങളെയെല്ലാം വിട്ടേച്ച് പോയല്ലൊ!” അമ്മയുടെ പുറകില്‍ നിന്നുള്ള അലര്‍ച്ചയും പതംപറച്ചിലും ഒന്നും അവന്‍ കേട്ടില്ല. അവന്റെ ഏറെ നാളത്തെ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ സന്തോഷം അവന്‍ മനസ്സില്‍ കൊണ്ടാടുകയായിരുന്നു. ഇമവെട്ടാതെ കണ്ണുകള്‍ വിടര്‍ത്തി അവന്‍ അത് നോക്കിനിന്നു.

posted by സ്വാര്‍ത്ഥന്‍ at 10:12 PM

0 Comments:

Post a Comment

<< Home