Tuesday, July 18, 2006

എന്റെ ലോകം - ബാലചന്ദ്രനിതെന്തുപറ്റി?

ഇന്നൊരു പക്ഷെ മലയാളത്തിലെ സാഹിതീയ സംഘങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നതു്, “പി.കുഞ്ഞിരാമന്‍ നായര്‍” സവര്‍ണ്ണകവിയാണെന്നുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമര്‍ശത്തെ പറ്റിയാകും. കഴിഞ്ഞ ഏതാനും ലക്കങ്ങളായി മാതൃഭൂമിയില്‍ വാ‍യനക്കാരെഴുതുന്ന കത്തുകളുടെയും മുഖ്യവിഷയവും ഇതുതന്നെ. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണു്, “ബാലചന്ദ്രനിതെന്തു പറ്റി?” ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടുന്ന വിവാദങ്ങളൊക്കെയും മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അതെല്ലാം കവിയുടെ വര്‍ത്തമാനകാല ജീവിതവും പുരാവൃത്തങ്ങളും എണ്ണിപ്പറഞ്ഞു്, ലളിതവല്‍ക്കരിക്കപ്പെടാറാണുള്ളതു്. എന്തു തന്നെയായാലും വിവാദത്തിലേയ്ക്കു കടക്കാം. പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ “കവിയുടെ കാല്പാടുകള്‍” എന്ന ഗ്രന്ഥത്തെയും അദ്ദേഹത്തിന്റെ കവിതകളെയും ഉദ്ധരിച്ചു്, കവി സവര്‍ണ്ണഹൈന്ദവ കവിയാണെന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതാണു ജൂലൈ ആദ്യവാരത്തിലെ മാതൃഭൂമിയില്‍ കാണുന്ന സര്‍ക്കസ്സുകളിലൊന്നു്.

“മധ്യകേരളത്തിലെ സംസ്കാരത്തിന്റെ നാടന്‍‌പേരുകളെല്ലാം അന്വേഷിച്ചലഞ്ഞ കുഞ്ഞിരാമന്‍‌നായര്‍ പുരാവൃത്തങ്ങളൊന്നും രചനയിലേയ്ക്കു് ആവാഹിച്ചില്ല. അതൊരു വിസ്മയമായി തോന്നുന്നു.” - പൊട്ടന്‍ തെയ്യവും കുഞ്ഞിരാമന്‍‌നായരും. അംബികാസുതന്‍ മാങ്ങാടിന്റെ ഈ ലേഖനത്തിനു സമഭാവന പ്രഖ്യാപിച്ചുകൊണ്ടു ബാലചന്ദ്രന്‍ മാതൃഭൂമിക്കെഴുതിയ എഴുത്തിലാണു്, കുഞ്ഞിരാമന്‍‌നായര്‍ സവര്‍ണ്ണഹിന്ദുത്വത്തിന്റെ കവിയാണെന്ന കണ്ടുപിടുത്തം നടന്നതു്. ജൂലൈ 2 നു പുറത്തിറങ്ങിയ ലക്കത്തില്‍ ബാലചന്ദ്രന്‍ വിസ്തരിച്ചൊരു വിശദീകരണവും നല്‍കുന്നു.

കുഞ്ഞിരാമന്‍ നായരെ ദലിത്‌വാദിയും ഇടതുപക്ഷക്കാരനും പരിസ്ഥിതിവാദിയുമൊക്കെയാക്കുന്നതു ശ്രീശങ്കരനെ ഭൌതികവാദിയാക്കുന്നതുപോലെ, ഇ.എം.എസ്സിനെ ആത്മീയവാദിയാക്കുന്നതുപോലെ മറ്റൊരു കടുംകൈയാണു്. - ബാലചന്ദ്രന്‍ ചുള്ളിക്കാടു്.

ഹിന്ദുത്വം അവിശുദ്ധിയുടെ പര്യായമായിത്തീര്‍ന്നതു് എന്നാണു്? ബാലചന്ദ്രന്റെ തന്നെ അഭിപ്രായത്തില്‍ അദ്ദേഹത്തിനു് ഏറ്റവും ബോധിച്ച പദ്യകൃതി എഴുത്തച്ഛന്റെ ആദ്ധ്യാത്മിക രാമായണമായിരുന്നു കുറച്ചുകാലം മുമ്പുവരേയ്ക്കും. “ശ്രീറാം, ജയറാം, ജയജയറാം, ആ നാദധാര രാക്ഷസനെ മനുഷ്യനാക്കുന്നു. മനുഷ്യനെ ദേവനാക്കുന്നു. രാവണനെ രാമനാക്കുന്നു.” കവിയുടെ കാല്പാടുകള്‍ എന്ന ഗ്രന്ഥത്തിലെ വരികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു ബാലചന്ദ്രന്‍ ചോദിക്കുന്നു, ഇതല്ലേ സവര്‍ണ്ണഹിന്ദുത്വം? കവി സവര്‍ണ്ണഹിന്ദുത്വത്തിന്റെ വക്താവാണെന്നുള്ളതിനു് ഇതില്‍ കൂടുതല്‍ തെളിവെന്തുവേണം? ഇലിയഡും ഹോമറും വായിക്കുമ്പോള്‍ എന്തുകൊണ്ടു് നമുക്കാര്‍ക്കും ഹോമറില്‍ സവര്‍ണ്ണയവനത്വം തോന്നുന്നില്ല? അല്ലെങ്കില്‍ ഗ്രീക്കിലെ ദളിതരെയും അബലരെയും കുറിച്ചു കവി എഴുതാതിരുന്നതു്, എന്തുകൊണ്ടു് പരാമര്‍ശവിധേയമാകുന്നില്ല. സമസ്തവിഭാഗങ്ങളെയും കൂട്ടിയിണക്കിയൊരു ഖണ്ഡകാവ്യം രചിക്കുന്നതാണോ കവിത, അതോ ദളിത്‌പക്ഷത്തിനും, സ്ത്രീപക്ഷത്തിനും, ഇടതുപക്ഷത്തിനും സ്വാന്തനമാകുന്ന സാഹിത്യസൃഷ്ടികള്‍ രചിക്കുന്നതാണൊ കവിധര്‍മ്മം?

“തെയ്യം അങ്ങാടിയിലെത്തുന്നതിനു മുമ്പേ, സാഹിത്യവ്യവസായത്തിന്റെ ഉത്ഭവത്തിനും മുമ്പേ തെയ്യം കണ്ട ആളായതിനാല്‍ ആ ‘കീഴാളകല’ അദ്ദേഹത്തെ (കുഞ്ഞിരാമന്‍‌നായരെ) സ്വാധീനിച്ചിട്ടില്ല. സംസ്കൃതം പഠിച്ച മലയാള കവിക്കു് ‘വരേണ്യ’കലകളോടായിരുന്നു പഥ്യം. വള്ളത്തോളിനോടുള്ള ഭക്തിപോലെ.” വായനക്കാരിലൊരാള്‍ അംബികാസുതന്‍ മാങ്ങാടിനെ പരിഹസിക്കുന്നതും മാതൃഭൂമിക്കു വന്ന എഴുത്തുകളുടെ കൂട്ടത്തില്‍ വായിക്കാം. ‘കല’യെന്തെന്നു നിര്‍ണ്ണയിക്കുന്നതില്‍ പോലും‍ ജാതി/മത/വര്‍ഗ്ഗീയ ചിന്തകള്‍ വേരോടിയിരിക്കുന്ന കേരളത്തില്‍ അംബികാസുതന്‍ മാങ്ങാടിന്റെ ലേഖനം അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളൊന്നും നല്‍കുന്നില്ല. പുലിക്കളിയും പേട്ടതുള്ളലും കലയല്ലെന്നു പറഞ്ഞാല്‍, അതിനെ അവഗണിച്ചാല്‍ ഒരു പക്ഷെ നാളെ ഞാന്‍ ഒറ്റപ്പെട്ടേയ്ക്കും. അപ്രകാരം ചെയ്തതൊരു സവര്‍ണ്ണഹിന്ദുവായാല്‍ അതു തീര്‍ച്ചയായും അധഃകൃതരുടേയും ദളിതരുടേയും മുകളില്‍ നടത്തുന്ന കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടാം. സവര്‍ണ്ണ(തീവ്ര)ഹിന്ദുത്വവാദിയായി മുദ്രകുത്തപ്പെടാം.

കേരളത്തില്‍ കുറച്ചുകാലം മുമ്പുവരേയും ഒരു ശത്രുവിനെ തോല്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗം‍, അയാള്‍ മാരാമണ്‍ കണ്‍‌വെന്‍ഷനിലോ ആലുവാ മണപ്പുറത്തോ ചെന്നെത്തുന്ന നേരം, അവിടുത്തെ തിരക്കില്‍ അയാളൊരു പോക്കറ്റടിക്കാരനാണെന്നു പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു. ശത്രുവിനു കൊടുക്കേണ്ട മര്‍ദ്ദനവും പീഢനവുമെല്ലാം ജനം തിരഞ്ഞെടുക്കും. ഈയടുത്തു കാലത്തായി തനിക്കു വിരോധം തോന്നുന്നവര്‍ക്കെതിരെ കേരളത്തില്‍ ആര്‍ക്കും പ്രയോഗിക്കുവാന്‍ കഴിയുന്ന മാരണമാണു്, സവര്‍ണ്ണഹിന്ദുത്വവാദിയെന്ന ചുട്ടി. പ്രസ്തുതവ്യക്തി സവര്‍ണ്ണഹിന്ദു ആയാല്‍ അയാള്‍ ആ നിലയ്ക്കു തന്നെ നിന്ദ്യനും അപഹാസ്യനും സാമദ്രോഹിയുമാകുന്ന വ്യവസ്ഥിതിയാണുള്ളതു്. ഗുരുവായൂരപ്പനെ കുറിച്ചൊരു കവിതയെഴുതി, അതു ദേവസ്വം പ്രസിദ്ധീകരിച്ചു എന്നതും കുഞ്ഞിരാമന്‍‌നായരുടെ കുറ്റമത്രേ!

എവിടെയാണു നമുക്കു പിഴയ്ക്കുന്നതു്?

നീല വിണ്ടലമെന്നൊ-
രൊറ്റ മേല്പുരയുള്ള
വീടത്രെ ലോകം കെടാ-
വിളക്കോ വിശ്വപ്രേമം

എന്നെഴുതിയ കവി ഹിന്ദുവാണു്, ഒരു നായരായി ജനിക്കയാല്‍ സവര്‍ണ്ണനുമാണു്. അതുകൊണ്ടു തന്നെ കവിയും കവിതയും നിന്ദിക്കപ്പെടേണ്ടതു തന്നെ. സവര്‍ണ്ണഹിന്ദുത്വം പാപമാണു്, അശുദ്ധിയാണു്. ബാലചന്ദ്രനു വാഴ്‌വും വാഴ്‌ത്തും.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 10:38 AM

0 Comments:

Post a Comment

<< Home