Monday, July 17, 2006

Suryagayatri സൂര്യഗായത്രി - ആന!

URL:http://suryagayatri.blogspot.com/2006/07/blog-post_17.htmlPublished: 7/17/2006 9:09 PM
 Author: സു | Su
ഒരു ആനയെ വാങ്ങണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവനായതുകൊണ്ട്‌ വലിയൊരു സ്വപ്നം എന്ന് പറയാം. മുകളിലെ ആകാശവും താഴെയുള്ള ഭൂമിയും സ്വന്തമെന്ന് അഹങ്കരിച്ച്‌ നടക്കുന്ന കാലത്താണ് ആനക്കാര്യവും മനസ്സില്‍ വന്നത്‌. കൂട്ടുകാരനെക്കണ്ട്‌ അഭിപ്രായം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്‌ , ആനയ്ക്കൊക്കെ വല്യ വിലയാടാ. നിന്റെ കൈയില്‍ വല്ലതും ഉണ്ടോ അതിന്, എന്നാണ്. കൈയില്‍ കൈരേഖകള്‍ മാത്രം ഉണ്ടെന്ന് അറിയാവുന്ന ഞാന്‍ ഒന്നും മിണ്ടിയില്ല.

അങ്ങനെ വല്ലതും ഉണ്ടാക്കാന്‍ വേണ്ടി പണ്ട്‌ പഠിച്ചുപേക്ഷിച്ചിരുന്ന ഡ്രൈവിങ്ങ്‌ ജോലി പൊടി തട്ടിയെടുത്തു. മുതലാളിയുടെ വണ്ടിയില്‍ നാട്ടുകാര്‍ സഞ്ചരിച്ചിട്ട്‌ കിട്ടുന്ന കാശുകൊണ്ട്‌ ഒന്നും തികഞ്ഞില്ല. അങ്ങനെയാണ് അക്കരെയ്ക്ക്‌ കടക്കാന്‍ തീരുമാനിച്ചത്‌. കടല്‍ കടന്നു. സമ്പാദിച്ച്‌ തിരിച്ചെത്തിയപ്പോള്‍ കല്യാണത്തിനു നിര്‍ബന്ധം ആയി. ആന സ്വപ്നം മാത്രമായ പോലെ തോന്നി. ഭാര്യ, കുട്ടികള്‍. വീണ്ടും കടല്‍ കടന്നു. ഓരോ പ്രാവശ്യവും നാട്ടില്‍ വരുമ്പോള്‍ ആനസ്വപ്നം പൂവണിയുമെന്ന് വിചാരിക്കും. വീട്‌, കുട്ടികളുടെ പഠിപ്പ്‌, കല്യാണം, ജോലി... സ്വപ്നം മുഖം കറുപ്പിച്ച്‌ നിന്നു. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പോയി ആനകളെ കണ്ട്‌ സംതൃപ്തിയടഞ്ഞു.

ഒടുവില്‍ ഇന്നലെയാണ്‌‍ ആ സ്വപ്നം പൂവണിഞ്ഞത്‌. ആനയെ സ്വന്തമാക്കിയത്‌.

പേരക്കുട്ടിയുമായി വീടിന്റെ മുറ്റത്ത്‌ നേരം കളയുകയായിരുന്നു. “അപ്പൂപ്പാ ദാ പിടിച്ചോ” എന്നും പറഞ്ഞ്‌ അവന്‍ കൈയില്‍ വെച്ചു തന്നു. ഒരു കുഴിയാന! അതും ഒന്നും കൊടുക്കാതെ കിട്ടിയത്‌. ഇതായിരിക്കും വിധിച്ചത്‌. എന്നിട്ട്‌ എവിടെയൊക്കെ അലഞ്ഞു!

posted by സ്വാര്‍ത്ഥന്‍ at 11:23 AM

0 Comments:

Post a Comment

<< Home