Monday, May 15, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - മകള്‍

വാതില്‍ പൊളിഞ്ഞു വീഴുമെന്നു തോന്നുന്നു.അതു പോലെ ശക്തമായിട്ടാണു മുട്ടുന്നതു. ജീവനില്ലാത്ത ആ കതകിനു പൊലും ആ ആര്‍ത്തുവിളിക്കുന്ന ദീനരോദനം കേട്ടു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത പോലെ. വേഗം പോയി ഒരു വലിയ ഭാരമുള്ള കസേര ഞാനും പിള്ളേരുടെഅചഛനും കൂടി വലിച്ചു തള്ളി കതകിനടുത്തേക്കു നീക്കിയിട്ടു. ഉള്ളിലേക്കു ആരു കടക്കാന്‍ ശ്രമിച്ചാലും ഒരു വലിയ അലമാരിയും ഇനി ഇപ്പൊ ഈ കസേരയും താണ്ടണം. ഒരോ അഞ്ചു മിനിട്ടിലും ജനളുകളെല്ലാം ഭദ്രമല്ലേ എന്നു ഒന്നും കൂടെ ഭര്‍ത്താവു ഉറപ്പു വരുത്തുന്നുണ്ടു.വേറെ എന്തു ചെയ്യാന്‍ ഇന്നു ഇനി?

എന്നിരുന്നലും അടച്ചിട്ട ജനാലകള്‍ക്കൂടി പുറത്തെ കരിയുന്ന ഗന്ധം കൂടികൂടി വരുന്നേ ഉള്ളൂ.
അതെ,മനസ്സില്‍ എത്ര അല്ല എന്നു പറയാന്‍ ശ്രമിചിച്ചിട്ടും മാസം കരിയുന്ന ഗന്ധം തന്നെ അതു. എല്ലവരും ഈ മുറിയില്‍ തന്നെ ഉണ്ടെങ്കിലും ആരും ആരേയും മുഖത്തുനോക്കാന്‍ ധൈര്യപ്പെടുന്നില്ല. പുറത്തു നിന്നു തള്ളി വരുന്ന ആ ഗന്ധത്തിനു മുകളില്‍ ആര്‍ക്കും ആരേയും കാണാന്‍ കഴിയാത്ത പോലെ.

പുറത്തു നിന്നു ഒരു വലിയ ആരവം കേള്‍ക്കുന്നുണ്ടു. വാതിലിലെ മുട്ടു പൊടുന്നനെ നിന്നു.
“ഭഗവാനേ!“ , എന്റെ സപ്തനാടികലും തളരുന്നു. ഒന്നിനും കഴിയുന്നില്ല. കണ്ണുകള്‍ അടച്ചു ശ്വാസം പോലും വിടാതെ കിടന്നു. ആരെയോ ഞാന്‍ ഒളിക്കുന്ന പോലെ. ആ‍ ആരവം കടന്നുപോയി. ഒരു നൂറു മണിക്കൂര്‍ കഴിഞ്ഞ പോലെ അതൊന്നു കടന്നു പോവാന്‍. വാതില്‍ക്കലെ ആ ശക്തമാ‍യ മുട്ടിനും ആ നിലവിളിക്കും വേണ്ടി എന്റെ മനസ്സു തുടിച്ചു. എന്നെ എപ്പോഴും അമ്മാ എന്നേ അവള്‍ വിളിച്ചിട്ടുള്ളൂ. മകളെപ്പോലെ തന്നെ അവളെ ഞാന്‍ സ്നേഹിച്ചിരുന്നു. “ഈശ്വരാ!“ എന്താണു ഞാന്‍ സ്നേഹിച്ചിരുന്നു എന്നു പറയുന്നതു.

പുറത്തു നിന്നു ഒരു തളര്‍ന്ന സ്വരം എന്റെ മകളെ വിളിക്കുന്നു. ഹാവൂ! ആരും അവളെ ഇപ്പോഴും കണ്ടിട്ടില്ല. ആ ആരവത്തിനു മുന്നില്‍ നിന്നു അവള്‍ എവിടെ ഒളിച്ചു നിന്നു.? ഇനിയും അവള്‍ക്കു ജീവിക്കാന്‍ നിമിഷങ്ങള്‍ ബാക്കി വെച്ചിട്ടുണ്ടു അവര്‍.

“നിങ്ങള്‍ ആരെ എ‍ങ്കിലും സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ നിങ്ങളേയും അവരുടെ കൂട്ടത്തില്‍ തന്നെ കൂട്ടും. വഞ്ചകരെ ആണു ആദ്യം ഞങ്ങള്‍...” അതു മുഴുമിപ്പിക്കാതെ അവര്‍ എന്റെ മകളെ വൃത്തികെട്ട കണ്ണുകള്‍ കൊണ്ടു അടിമുടി നോക്കുന്നതു ഒരു തളര്‍ച്ചയോടെ നോക്കി നിക്കാനെ കഴിഞ്ഞുള്ളൂ ഇന്നലെ. “ഇല്ലാ! ആര്‍ക്കും ഇവിടെ ഞങ്ങള്‍ വാതില്‍ തുറക്കില്ല” ,എന്റെ ഭര്‍ത്താവും ആണയിട്ടു അവര്‍ക്കു ഉറപ്പു നല്‍കി. അദ്ദേഹത്തിന്റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.

പെട്ടന്നു പുറത്തു ന്നിന്നു ആരുടേയൊ ആട്ടഹാസം എന്റെ ചെവിയില്‍ വീണു. കൂടെ അവളുടെ ഭയാനകമായ അലര്‍ച്ചയും. അവന്റെ കൂട്ടുകാ‍രെ അവന്‍ സന്തോഷത്തോടെ വിളിക്കുന്നതു കേള്‍ക്കാം. അവളുടെ നിര്‍ത്താതെ ഉള്ള അപേക്ഷകളും.

ഞാന്‍ ചെവിപൊത്തി. എന്റെ മകളെ നോക്കുവാന്‍ എനിക്കു ധൈര്യമില്ല.അവളെ അചഛന്‍ ബന്ധനസ്ത ആക്കിയിരിക്കുകയാണു. കരഞ്ഞു കരഞ്ഞു അവള്‍ തളര്‍ന്നു കാണണം.ഈ ലോകത്തില്‍ ഇപ്പോള്‍ എന്റെ മകള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതു എന്നെ ആയിരിക്കും. പക്ഷെ അവള്‍ക്കു എന്തു അറിയാം?

ഒന്നും അറിയില്ല,സ്വന്തം മകള്‍ മുന്നില്‍ എരിഞ്ഞു തീരുന്നതു കാണുവാന്‍ ഒരു പെറ്റവയറിനും ഒരു അചഛനും ഒരു ജ്യേഷ്ട്നും കഴിയില്ല.

അവള്‍ക്കു അതു മനസ്സിലാവില്ല. കൂട്ടുകാരിയുടെ നെഞ്ചു വിങ്ങുന്ന രോദനം മാത്രമെ അവള്‍ക്കു ഈ പ്രായത്തില്‍ മനസ്സിലാവുള്ളൂ. ഈ പ്രായം. വെറും പതിമൂന്നു വയസ്സില്‍ വെളിയില്‍ എരിഞ്ഞടങ്ങുന്ന അവളുടെ കൂട്ടുകാരി ഈ വീടിനെ നോക്കി ശാപവാകുകള്‍ ഉരുവിട്ടുവോ? അറിയില്ല. ഞാന്‍ ചെവി പൊത്തിയിരുന്നുവല്ലോ?

posted by സ്വാര്‍ത്ഥന്‍ at 12:35 PM

0 Comments:

Post a Comment

<< Home