Monday, May 01, 2006

ചിതറിയ ചിന്തകള്‍ - മഴയിലേക്ക്‌ ഒരു ജാലകം

(ഏപ്രില്‍ മാസത്തിലെ ഒരു നനുത്ത പ്രഭാതത്തില്‍ ഡെല്‍ഹി വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ഒന്‍പതാം നിലയില്‍ നിന്നു പറക്കാന്‍ ശ്രമിച്ച എന്റെ പ്രിയ സുഹൃത്തിനും അവന്‍ സഞ്ചരിച്ച ഊടു വഴിയിലെ യാത്രികര്‍ക്കും.)

അടച്ചിട്ട മുറികളില്‍
പുതുമഴയുടെ കുളിരും
സുഗന്ധവും എത്തുന്നില്ല...

അവിടെ തളം കെട്ടി നില്‍ക്കുന്ന ശൈത്യം
ഉഷ്ണത്തിന്റെ ബീജങ്ങള്‍ കലര്‍ന്നതാണ്‌..

അടച്ചിട്ട മുറികള്‍ക്ക്‌
മഴയുടെ സംഗീതവും അന്യമാകുന്നു..
പഴകിയ പിരിയന്‍ ഗോവണി കയറിയെത്തുന്ന
ഒറ്റപ്പെട്ട താളങ്ങളില്‍ പോലും
അമര്‍ത്തിയ നിലവിളിയുടെ ശീലുകള്‍...


അടച്ചിട്ട മുറികള്‍ക്ക്‌
കുന്തിരിക്കത്തിന്റെ ഗന്ധമാണ്‌.
വിഴുപ്പിനും, പുതു വസ്ത്രത്തിനും
നാഫ്തലീന്‍ ഗോളങ്ങള്‍ക്കുമിടക്ക്‌
എരിയാതെ പുകയുന്ന കുന്തിരിക്കം..


അടച്ചിട്ട മുറികളില്‍...
വിളറിയ ചുമരുകളിലെ വിരലടയാളങ്ങള്‍
രക്തക്കറയെ ഓര്‍മിപ്പിക്കുന്നു...
ഉയരം കുറഞ്ഞ മച്ചുകളില്‍ ഞായുന്നത്‌
പാഴ്ക്കിനാവുകളുടെ ജഡങ്ങളാവാം..

ഈ ജാലകം.....

തുരുമ്പിച്ച വിജാഗിരിയും
പൊളിഞ്ഞ കതകുകളുമുള്ള
ഈ ജാലകം..
നീ ചേര്‍ത്തടച്ചിരിക്കുന്നത്‌ എന്തിനായാണ്‌?

കിഴക്കന്‍ കാറ്റില്‍ പാറിയെതുന്ന തൂവാനത്തിനായി..
ഹോളിയുടെ നിറങ്ങള്‍ക്കും ദീവാലിയുടെ പ്രകാശത്തിനുമായി....

ഒരു മാത്ര...
ഒരേയൊരു മാത്ര....

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:33 AM

0 Comments:

Post a Comment

<< Home