Sunday, April 30, 2006

കൊടകര പുരാണം - വിക്രം

http://kodakarapuranams.blogsp....com/2006/04/blog-post_30.htmlDate: 5/1/2006 10:17 AM
 Author: വിശാല മനസ്കൻ
യാത്രകള്‍ മറക്കാനാകാത്ത അനുഭവങ്ങളാകണമെങ്കില്‍ പോണവഴിക്ക്‌ വണ്ടി ആക്സിഡന്റായി മിനിമം കയ്യോ കാലോ ഒടിയണം എന്നൊന്നുമില്ല എന്നെനിക്കന്ന് മനസ്സിലായി.

തൊണ്ണൂറുകളുടെ ആദ്യം. കൊടകരയിലെ വിദ്യാഭ്യാസമുള്ള ഭൂരിപക്ഷം യുവാക്കളും തെണ്ടിത്തിരിഞ്ഞ്‌ ഒരു ഗതിയും പരഗതിയുമില്ലാതെ നടക്കുന്ന കാലം.

പാവറട്ടിയടുത്തുള്ള പറപ്പൂര്‍ എന്ന ദേശത്തേക്ക്‌ കെട്ടിച്ചുവിട്ട എന്റെ ഏകോദരസഹോദരിയുടെ വീടുപണി ത്വരിതഗതിയില്‍ നടക്കുന്നു. സണ്‍ഷെയ്ഡും കാര്‍പോര്‍ച്ചിനും മോടി കൂട്ടാനായി, കുഞ്ഞോട്‌ പതിപ്പിക്കണമെന്നും, അതെത്തിക്കാമെന്നും ഞാനേറ്റത്‌, ആ വകയില്‍ എന്തെങ്കിലും തടയും എന്ന ഗൂഢലക്ഷ്യത്തോടെയൊന്നുമല്ലായിരുന്നു. വെറും സഹോദരീസ്‌നേഹം.

കൊടകരയില്‍ നിന്ന് കൃത്യം 36 കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇപ്പറഞ്ഞ സ്ഥലത്തേക്ക്‌. ടെമ്പോയില്‍ പോവുകായാണെങ്കില്‍ ഒന്നിച്ചില്ലാനം മണിക്കൂറ്കൊണ്ട് താണ്ടാവുന്ന ദൂരം. പോകുംവഴിക്ക്‌ പുഴക്കല്‍ പാടത്ത്‌ നിര്‍ത്തി ഒരു കരിക്ക്‌ വാങ്ങി കുടിച്ച്‌ അതിന്റെ ഈറ്റബിള്‍ ചിരണ്ടിത്തിന്ന് ഒരു വില്‍സും വലിച്ചങ്ങിനെ റിലാക്സായി നീങ്ങിയാല്‍ തന്നെ, കാര്യം സാധിച്ച്‌ തിരിച്ചെത്താന്‍ 4 മണിക്കൂറില്‍ തന്നെ ധാരാളം.

എന്നുവച്ചാല്‍ ഉച്ചക്ക്‌ തുമ്പപ്പൂ പോലുള്ള ചോറും, സാമ്പാറും തൈരും കൈപ്പക്കാ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും കൂടി ഒരു പൂശുപൂശി ഒരു ഒരുമണിയോടെ വീട്ടില്‍ നിന്നും തെറിച്ചാല്‍, ഒന്നാമത്താഴത്തിന്‌ ടൈമാവുമ്പോഴേക്കും ബാക്ക്‌ റ്റു പവലിയന്‍.

ടെമ്പോ വിളിക്കാന്‍ പേട്ടയില്‍ കറങ്ങുകയായിരുന്ന ഞാന്‍ ശബരിമലക്ക്‌ പോകാന്‍ മേയ്ക്കപ്പിട്ട്‌ നില്‍ക്കുന്നപോലെ, പൂമാലയും ചന്തനക്കുറിയുമായി നില്‍ക്കുന്ന, ഇതുവരെ കാണാത്ത തരം ഒരു വണ്ടി ഒരറ്റത്ത്‌ കിടക്കുന്നത്‌ ശ്രദ്ധിച്ചു. അവിടെയാണ്‌ എനിക്കാദ്യം പിഴച്ചത്‌!

കുതിരയുമല്ല, എന്നാല്‍ കഴുതയുമല്ല എന്ന രൂപമുള്ള കോവര്‍ കഴുതയെപ്പോലെ, പെട്ടി ഓട്ടോയുമല്ല ടെമ്പോയുമല്ലാത്ത ഒരു വിചിത്ര വാഹനം.

ആനയുടെ കൊമ്പില്‍ പിടിച്ച്‌ 'ഞങ്ങളോട്‌ മുട്ടാന്‍ണ്ട്രാ..' എന്ന റോളില്‍ നില്‍ക്കുന്ന ഒന്നാം പാപ്പാനെപ്പോലെ റോഡിലൂടെ പോകുന്നവരെ തുറിച്ചുനോക്കി നില്‍ക്കുന്ന, ഡ്രൈവറെ എനിക്ക്‌ പെട്ടെന്ന് തന്നെ മനസ്സിലായി. എന്റെ ക്ലാസ്‌ മേയ്റ്റ്‌ കടു എന്ന് വിളിക്കുന്ന പാപ്പച്ചന്‍.

ഇതേത്‌ ജന്മം?

എന്ന എന്റെ ചോദ്യത്തിന്‌ എന്നെ തുറിച്ചുനോക്കിക്കൊണ്ട്‌ പാപ്പച്ചന്‍ മറുപടി പറഞ്ഞു.

ഇതാണ്‌ വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ്‌ മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത്‌ നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത്‌ അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!

കടു പാപ്പച്ചന്‍ എന്നെ തുറിച്ച്‌ നോക്കിയത്‌ എന്റെ ചോദ്യം ഇഷ്ടപ്പെടാണ്ടല്ല, ഭാവം വിനയമായാലും ഭക്തിയായാലും ഇനി ശൃംഗാരമായാലും അവനും അവന്റെ അപ്പനും എളേപ്പന്മാരും അങ്ങിനെയേ നോക്കൂ, ജനിതകവൈകല്യം.

ടെമ്പോയേക്കാള്‍ 2 രൂപ കിലോമീറ്ററിന്‌ കുറവില്‍ സമ്മതം എന്ന് കേട്ടപ്പോള്‍, കണക്കില്‍ പെടാത്ത കാശ്‌ കമ്പനിക്കടിക്കുമല്ലോെയ്ന്നോര്‍ത്ത ആവേശത്തില്‍ ഞാന്‍ ആ ലൈലാന്റ്‌ തന്നെ ബുക്ക്‌ ചെയ്തു. എന്റെ രണ്ടാമത്തെ പിഴവ്‌!

ഓട്ടുകമ്പനിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം ഒന്നര. ഓട്ടുകമ്പനി വിടുമ്പോള്‍ തന്നെ എനിക്കൊരു കാര്യം മനസ്സിലായി..

'ലോഡ്‌ കയറ്റാന്‍ വന്ന ഉത്സാഹമൊന്നും, ലോഡ്‌ കയറ്റിയപ്പോള്‍ വിക്രത്തിനില്ല, ഒരു വേണ്ടായ്ക!'

ഇത്‌ മനസ്സിലാക്കി പാപ്പച്ചന്‍ പറഞ്ഞു:

ഒരു ടണ്ണാണ്‌ കയറ്റാവുന്ന ലോഡ്‌. ഇത്‌ വിചാരിച്ചേലും കുറച്ച്‌ കൂടുതലുണ്ടെന്നാ തോന്നുന്നത്‌, എന്തായാലും നമുക്ക്‌ കുറച്ച്‌ പതുക്കെ പോകാം. പുത്തന്‍ വണ്ടിയല്ലേ? നിനക്ക്‌ പെട്ടെന്ന് തിരിച്ചെത്തിയിട്ട്‌ പ്രത്യേകിച്ച്‌ അത്യാവശ്യമൊന്നും ഇല്ലല്ലോ!

ഉം. ജോലിയില്ലാത്ത എന്നെയൊന്നാക്കിയെന്ന തോന്നലില്‍ ഞാന്‍ മൂളുകമാത്രം ചെയ്തു.

തൃശ്ശൂരെത്തുമ്പോള്‍, മൂന്നരയായിരുന്നു! ഇനി ഏറേക്കുറെ പകുതി വഴി കൂടെ പിന്നിടാന്‍ ബാക്കിയുണ്ട്‌. രാത്രി ഏഴുമണിക്ക്‌ കുടുമത്ത്‌ തിരിച്ചെത്തിയാല്‍ ഭാഗ്യം. ഞാന്‍ സമയം മനസ്സില്‍ കാല്‍ക്കുലേറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

അമല ഹോസ്പിറ്റല്‍ കഴിഞ്ഞാലുള്ള ലെഫ്റ്റ്‌ എടുത്താല്‍, ചിറ്റലപ്പിള്ളിയാണ്‌, അതുകഴിഞ്ഞാല്‍ പിന്നെ മുള്ളൂര്‍ക്കായലായി, മുള്ളൂര്‍ കായല്‍ കയറ്റം കയറിയാല്‍ പറപ്പൂര്‍.

അമല കഴിഞ്ഞ്‌ ലെഫ്റ്റ് ടേണ്‍ എടുക്കാനാഞ്ഞ ഞങ്ങള്‍

'പാലം പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു'

എന്ന ടാറും പാട്ടയുടെ മുകളില്‍ വച്ചിരിക്കുന്ന ബോഡ്‌ കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ 'പുഴയില്‍ വീണവനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി കാറ്‌ തോട്ടിലേക്ക്‌ മറിഞ്ഞു' എന്ന അവസ്ഥയിലായി.

മുള്ളൂര്‍ കായല്‍ റോഡ്‌ ബ്ലോക്കായാല്‍ അടുത്ത ഓപ്ഷന്‍ ഉള്ളത്‌ കൈപ്പറമ്പ്‌ കൂടിയാണ്‌. അതായത്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ കിലോമീറ്റര്‍ എക്ട്രാ ചുറ്റണം. അതും എണ്ണമ്പറഞ്ഞ അഞ്ച്‌ കയറ്റവും ഇഷ്ടമ്പോലെ വളവുകളും ഉള്ള എമിറേറ്റ്‌സ്‌ റോഡ്‌ പോലുള്ള റോഡ്‌. നല്ല നിരപ്പായ റോഡിലൂടെ ബാറ്ററി തീരാറായ ടോയ്‌ കാറ്‌ പോണ പോലെ പോകുന്ന ഈ മൊതല്‍, ആ കയറ്റമൊക്കെ എങ്ങിനെ കയറുമെന്നാലോചിച്ചപ്പോള്‍ എനിക്കാകെ ഭ്രാന്തും അപസ്മാരവും ഒരുമിച്ച്‌ വന്നപോലെ തോന്നി.

കൈപ്പറമ്പ്‌ ജങ്ക്ഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അതേ വരെ എന്നെ അലട്ടാതിരുന്ന മറ്റൊരു പ്രശ്നമായിരുന്നു പിന്നെ എനിക്ക്‌ നേരിടേണ്ടി വന്നത്‌.

സ്റ്റീയറിങ്ങ്‌ വച്ച പെട്ടി ഓട്ടോ റിക്ഷ ആദ്യമായി കാണുന്ന അന്നാട്ടാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ റോഡിനിരുവശവുമായി ഈ വിക്രമിനെക്കാണാന്‍ അണി നിരക്കുന്നു!

മനുഷ്യന്റെ മുഖവുമായി പിറന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്ന പോലെ അന്നാട്ടിലെ കുട്ടികളും കുട്ടികളെ ഒക്കത്തെടുത്ത ചേച്ചിമാരുമടങ്ങുന്ന നാട്ടുകാര്‍ വിക്രത്തിനേയും അതിന്റെ അമരത്തിരിക്കുന്ന ഞങ്ങളെയും കൌതുകത്തോടെ നോക്കി ചിരിക്കുന്നു.

നാണക്കേടുകൊണ്ട്‌ മനുഷ്യന്റെ തൊലിയുരിഞ്ഞുപോകുന്നു... സൈക്കിളുകള്‍ പോലും ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ പോകുന്നത്ര സ്പീഡിലാണ്‌ യാത്രയും. ഞാനും പാപ്പച്ചനും പരസ്പരം തുറിച്ചുനോക്കി.

താരതമ്യേന വലിയ ഒരു കയറ്റത്ത്‌ വച്ച്‌ പേടിച്ചത്‌ സംഭവിച്ചു. വണ്ടി വലിക്കുന്നില്ല! ലൈലാന്റ്‌, മലവേണമെങ്കില്‍ വലിച്ചുകേറ്റുന്ന അതേ ലൈലാന്റ്‌ എഞ്ജിന്‍ വലി നിര്‍ത്തി. പാപ്പച്ചന്‍ ദയനീയമായി എന്നെ തുറിച്ചു നോക്കി.

'ഒന്ന് കൈ വക്കണം' അതായിരുന്നു അപ്പോഴത്തെ ആവശ്യം എന്ന് പറയാതെ തന്നെ എനിക്ക്‌ മനസ്സിലായി.

വേറെ മാര്‍ഗ്ഗമൊന്നുമില്ല, ജീന്‍സും ടീഷര്‍ട്ടുമിട്ട ഞാന്‍ തള്ളുതുടങ്ങി. കാണികള്‍ കൂടുതല്‍ ആവേശമുള്ളവരായി. അങ്ങിനെ മൂന്ന് കയറ്റങ്ങള്‍ എനിക്ക്‌ തള്ളാന്‍ ഭാഗ്യം കിട്ടി, എനിക്കിത്തിരി കവറേജും.

അങ്ങിനെ വഴി നീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറപ്പൂര്‍ എത്തിയപ്പോള്‍ രാത്രി ഒമ്പത്‌ മണി. ലോഡ്‌ ഇറക്കാന്‍ ആ സമത്ത്‌ ആരെയും കിട്ടാത്തതിനാല്‍ ആ കര്‍മ്മവും ഞാനും പാപ്പച്ചനും കൂടി തന്നെ നിര്‍വ്വഹിക്കേണ്ടി വന്നു, പരസ്പരം തുറിച്ചുനോക്കിക്കൊണ്ട്‌!

പുതുതായി പണിയുന്ന വീടിന്റെ കുറച്ചകലെയായാണ്‌ താമസിക്കുന്നതിനാലും, രാത്രി ഒരുപാട്‌ വൈകിയതിനാലും ചേച്ചിയെ കാണാതെ ഞാന്‍ തിരിച്ചുപോന്നു.

എല്ലാം കഴിഞ്ഞ്‌, പടിഞ്ഞാറേ കോട്ടേമെന്ന് പുതിയ വീട്ടിലേക്കായി ഒരു അമ്മിയും കുഴയുമെല്ലാം വാങ്ങി രാത്രി പന്ത്രണ്ടരയോടടുത്ത്‌ വീട്ടിലെത്തുമ്പോള്‍ അവിടെ മറ്റൊരു പ്രശനം.

വീട്ടിലെ എല്ലാ ബള്‍ബുകളും കത്തിച്ചിരിക്കുന്നു, അയല്‍പക്കക്കാരെല്ലാം എന്റെ വീട്ടില്‍ ഹാജര്‍. രണ്ടുപേര്‍ ബൈക്കില്‍ ആക്സിഡന്റില്‍ തകര്‍ന്ന ഓട്‌ കയറ്റിയ ടെമ്പോ അന്വേഷിച്ച്‌ പോയിരിക്കുന്നു. ടാര്‍പോളിന്‍ പന്തല്‍ ഇടാനും എക്ട്രാ റ്റ്യൂബ്‌ ലൈറ്റുകള്‍ ഏര്‍പ്പാട്‌ ചെയ്യാനും ചര്‍ച്ചകള്‍ ഒരു ഭാഗത്ത്‌ നടക്കുന്നു.

'ഒരു കിണ്ണം ചോറുണ്ട്‌ ഇവിടന്ന് പോയപ്പോ...അമ്മേ അത്താഴത്തിന്‌ ഒണക്കമീന്‍ വറത്തോളോന്ന് പറഞ്ഞ്‌ പോയതല്ലേ എന്റെ മോന്‍..'

എന്ന എന്റെ അമ്മയുടെ നെഞ്ഞത്തടിച്ചുള്ള എണ്ണിപ്പെറുക്കി കരച്ചിലില്‌ ബാക്ഗ്രണ്ട്‌ മ്യൂസിക്ക്‌ പോലെ അലയടിച്ചു.

ഗേയ്റ്റ്‌ കടന്ന് വരുന്ന എന്നെകണ്ട്‌, പാപ്പച്ചന്റെ പോലെ തുറിച്ചുനോക്കിയ എല്ലാവരോടുമായി എന്തുകാരണം പറയുമെന്നാലോചിച്ച് ഞാന്‍ ഒരു ഇളിഞ്ഞ ചിരിയുമായി നിന്നു...

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:14 PM

0 Comments:

Post a Comment

<< Home