നക്സലിസം ബൂലോകത്തില്‍ - ഒളിവിലെ ഓര്‍മ്മകള്‍!
http://naxalvasu.blogspot.com/2006/05/blog-post.html | Date: 5/2/2006 12:12 PM |
Author: വാസു |
ചെറുപ്പത്തില്‍ കുസൃതി കളിക്കാത്തവരായി ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ഞാനും ഒരു മോശമല്ലാത്ത കുസൃതിക്കാരനായിരുന്നു. എനിക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോഴേക്കും എന്റെ സഹോദരന്‍ ജനിച്ചതു കാരണം എന്നെ വല്ലാതെ ലാളിച്ചായിരുന്നു എന്റെ അച്ഛനുമമ്മയും കൊണ്ടു നടന്നിരുന്നത് അല്ലാതെ ഞാനൊരു കടിഞ്ഞൂല്‍പ്പൊട്ടനായതു കൊണ്ട് മാത്രമായിരുന്നില്ല. വെറുമൊരു കടിഞ്ഞൂല്‍പ്പൊട്ടനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ഏതെങ്കിലുമൊരച്ഛനുമമ്മയും തങ്ങളുടെ 'ഫസ്റ്റ് ബോണിനെ' സ്നേഹിച്ചു കൊള്ളണമെന്ന് ഒരു റേഷന്‍ കാര്‍ഡിലും എഴുതി വച്ചിട്ടില്ലല്ലോ.
അങ്ങനെ 'നിലത്തുവെച്ചാല്‍ പേനരിക്കും തലയില്‍ വെച്ചാല്‍ ഉറുമ്പരിക്കും' എന്ന് പറഞ്ഞപോലെ വളര്‍ത്തിയതിനാല്‍, ആയതിന്റെ റിസള്‍ട്ട് അവര്‍ അനുഭവിച്ചിരുന്നെന്നും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇനിയും അനുഭവിക്കാനിരിക്കുന്നതെയുള്ളുവെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളട്ടെ!!
കല്യാണം നിശ്ചയിച്ചതറിയുന്നതു മുതല്‍ ചില ചേച്ചിമാരുടെ പക്വത കൂടിവരുന്നതു പോലെ എന്റെ വില്ലത്തരങ്ങള്‍ ഓരോ വര്‍ഷവും കൂടി വന്നു.
അങ്ങനെ അഞ്ച് വയസ്സായപ്പോള്‍ ഞാന്‍ സെണ്ട്രല്‍ ജയിലില്‍ ( സ്കൂള്‍ ) അടയ്ക്കപ്പെട്ടു. എന്നെപ്പോലൊരു തെറിച്ച കൊള്ളിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് നാലുവരെ അടങ്ങിയൊതുങ്ങി ഇരിക്കുകാന്നു വച്ചാല്‍! എത്രയെത്ര നഷ്ടങ്ങളാണ് ഈ സ്കൂളില്‍പ്പോക്ക് കൊണ്ട് ഉണ്ടായത്. മണ്ണിരകളെ അവയുടെ നാച്വറല്‍ ഹാബിറ്റാറ്റില്‍ നിന്നും തോണ്ടിയെടുത്ത് ചൂണ്ടയില്‍ക്കോര്‍ത്ത് വെള്ളത്തിലിട്ട് കുളിപ്പിക്കുമ്പോള്‍ മണ്ണിരയുടെ ഗ്ലാമറു കണ്ട് പിന്നാലെക്കൂടുന്ന പരലു മീനുകളെ അതിക്രൂരമായി കുല ചെയ്ത്. രണ്ടും മൂന്നും ദിവസം പൊതുപ്രദര്‍ശനത്തിന് വെച്ച് ദുഃഖപൂര്‍വ്വം കബറടക്കുന്ന കലാ പരിപാടി ഇനിമുതല്‍ നടപ്പില്ലെന്ന ദുഃഖ സത്യം! ഹോ! അതു കൊണ്ട് രണ്ടാം ക്ലാസില്‍ പഠികുന്ന കാലത്ത് പെട്ടെന്നൊരു ദിവസം ഞാന്‍ പ്രഖ്യാപിച്ചു.
'അമ്മാ ഇനിമുതല്‍ ഞാന്‍ അമ്മയും അച്ചനും പറയുന്നതെല്ലാം അനുസരിച്ചു കൊള്ളാം!!'
ഇതു കേട്ട അമ്മ ഞെട്ടിത്തരിച്ച് കുറച്ച് നേരം എന്നെത്തന്നെ നോക്കിയിരുന്നു. ഒരിക്കലും കേള്‍ക്കില്ലാന്നു കരുതിയതാണല്ലോ എന്റെ വായീന്നു പോന്നത്. പിന്നെ എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട്
'മോന്‍ നല്ല കുട്ടിയാന്ന് അമ്മയ്ക്കറിയാരുന്നു കുട്ടാ!'
അപ്പോഴതാ വരുന്നു എന്റെ രണ്ടാമത്തെ പ്രഖ്യാപനം, കണ്ണില്‍ വെള്ളമൊക്കെ നിറച്ചു കൊണ്ടാണ് ഇത്തവണ.
'എനിക്ക് ഇനി സ്കൂളീപ്പൂവാന്‍ വയ്യമ്മെ!'
കാമുകന്‍ ചുംബിച്ച് നിറച്ച് ബ്ലൌസിനുള്ളില്‍ വെയ്ക്കാന്‍ കൊടുത്ത റോസാപ്പൂവില്‍ പുഴുവിനെക്കണ്ട് കാമുകി റോസാപ്പൂ വലിച്ചൊരേറെറിയുമ്പോലെ ഞാന്‍, അമ്മയുടെ ആദ്യ ജാതന്‍, നിഷ്ക്കരുണം വലിച്ചെറിയപ്പെട്ടു!! അങ്ങനെ എന്റെ ആദ്യ സംരംഭം തന്നെ നിശ്ശേഷം പരാജയപ്പെട്ടു.
സ്കൂളില്‍ ടീച്ചര്‍മാരുടെ എല്ലാ വിധ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ പാത്രീഭൂതമായിട്ടുണ്ട്. എന്നെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് 'നീയൊന്നും നന്നാവാന്‍ പോണില്ലടാ!' എന്ന ലോകത്തിലെ ബെസ്റ്റ് അനുഗ്രഹം എല്ലാ ടീച്ചര്‍മാരില്‍ നിന്നും പലപ്പോഴായി ഒരു പാടു തവണ ഞാന്‍ കേട്ടിട്ടുണ്ട്. മൂന്ന്, നാല് എന്നീ അക്കങ്ങള്‍ അക്കാലത്ത് എന്റെ പേടി സ്വപ്നമായിരുന്നു. ടി അക്കങ്ങള്‍ എപ്പോഴും തിരിച്ചിട്ടിരുന്നതിനാല്‍ കണക്കു പഠിപ്പിച്ചിരുന്ന, എപ്പോഴും വെട്ടു പോത്തിന്റെ മുഖഭാവവുമായി നടന്നിരുന്ന, ഹെഡ് മിസ്ടസ് തന്റെ നഖം ഒടിയുവോളം എന്നെ നുള്ളി പണിയാക്കുന്നതും അതിന്റെ പരമാനന്ദ സുഖം കൊണ്ട് ഞാന്‍ ഒന്നും രണ്ടും അവിടെ വച്ച് നടത്തുന്നതും, ഒരു പതിവു സംഗതിയായിത്തീര്‍ന്നു. ഇങ്ങനെ നുള്ള് കിട്ടിപ്പോന്ന കാര്യം ഞാന്‍ 'വിക്ടോറിയാസ് സീക്രട്ടായി' സൂക്ഷിച്ചിരുന്നു! പക്ഷെ ആഴ്ചയിലൊരിക്കല്‍ എണ്ണ തേച്ച് കുളിപ്പിക്കുമ്പോള്‍ പ്രസ്തുത 'ട്രേഡ് മാര്‍ക്ക്' എന്റെ പിതാശ്രീയുടെ കണ്ണില്‍പ്പെടുകയും സംഗതി ഹെഡിനോട് ഒരു വാണിങ്ങില്‍ ഒതുക്കുകയും ചെയ്തു. പിന്നീട് ഈ മിസ്സ് 'കഴിഞ്ഞ തവണ നുള്ള് കിട്ടിയ സ്ഥലമല്ലല്ലോടാ!' എന്ന് ചോദിച്ചുറപ്പ് വരുത്തിയതിനു ശേഷം മാത്രമെ എന്റെ പൂ പോലുള്ള തുടയില്‍ ഒപ്പിട്ടു തന്നിരുന്നുള്ളു!!
ആ ടീച്ചര്‍മാരുടെ അനുഗ്രഹത്താലാകാം പലപ്പോഴും എനിക്ക് പോത്ത് പേത്തും തൊണ്ടി തെണ്ടിയുമായിമാറിയിരുന്നത്. ഇന്നും എനിക്ക് പല പ്രധാന വാക്കുകളുടെയും സ്പൊല്ലിംഗ് തൊട്ടിപ്പേകുന്നു!!
അക്കാലത്താണ് ഞാന്‍ നാടു കടത്തപ്പെട്ട ഒരു സംഭവമുണ്ടായത്. കാര്യം നിസ്സാരം പക്ഷെ പ്രശ്നം അതി ഗുരുതരമായിരുന്നു. ആറിലോ ഏഴിലോ മറ്റോ പഠിച്ചിരുന്ന കാലത്താണത്. അന്ന് ബാക്ക് ബഞ്ചില്‍ ഇരിക്കുകയെന്ന് പറഞ്ഞാല്‍ വല്ലാത്തൊരു ആദരണീയമായ സംഗതിയായിരുന്നു. ഒരു പാട് ടെസ്റ്റുകള്‍ പാസായാലേ അവിടേക്കൊരു സീറ്റൊപ്പിക്കാനാകൂ. അവയില്‍ ഒന്നൊഴികെ എല്ലാം പാസ്സായിട്ടും എനിക്കു മാത്രം ഒരു സീറ്റൊപ്പിക്കാന്‍ കഴിഞ്ഞില്ല. എന്തൊരനീതി! എന്തൊരു കാടത്തം! അതിനാല്‍ അവസാന ടെസ്റ്റ് കൂടി പാസായേ തീരൂ എന്ന് ഞാന്‍ തീരുമാനിച്ചു. ഒരു പാട് സൂപ്പര്‍ പടങ്ങള്‍ അവയ്‌ലബിളായിട്ടുള്ള ബാക്ക് ബഞ്ച്. ഏതൊരു ആമ്പെറന്നോന്റെയും സ്വപനമായിരുന്നല്ലൊ!
ക്ലാസെടുക്കുന്നതിനിടയില്‍ ടീച്ചര്‍മാര്‍ പലതവണ ക്ലാസിലാകമാനം റൌണ്ട്‌സ് അടിച്ചിരുന്നു. അത്തരം ഭ്രമണം നടത്തുന്നതിനിടയില്‍ ടീച്ചര്‍ നമ്മുടെ തൊട്ടടുത്തുകൂടെ പുറം തിരിഞ്ഞു നടക്കുന്ന ഒരു അതിപ്രധാന നിമിഷമുണ്ട്. അന്നേരം ടീച്ചറുടെ പിറകിലേക്ക് ഞാന്നു കിടക്കുന്ന സാരിയുടെ തുമ്പ് നമ്മള്‍ പിടിച്ച് കൊണ്ട് നില്‍ക്കണം. എത്ര നേരം പിടിക്കുന്നു എന്നത് അതി പ്രധാനമാണ്. ടീച്ചര്‍ നടക്കുന്നതിനനുസരിച്ച് മുമ്പിലേക്ക് അല്‍പ്പാല്‍പ്പം ആഞ്ഞ് കൊണ്ട് വേണം ഈ സാഹസം. എനിക്കോ ടീച്ചര്‍ക്കോ കണ്ടക ശനിയായിരുന്നതിനാലും ഒരു വിദ്യാര്‍ഥിയുടെ കയ്യാല്‍ മാനനഷ്ടം സംഭവിക്കുമെന്ന് ടീച്ചറുടെ ജാതകത്തില്‍ ഉള്ളതിനാലോ സംഭവിക്കാനുള്ളത് സംഭവിച്ചല്ലെ തീരൂ!
എന്റെ പിഴ! എന്റെ പിഴ! എന്റെ വലിയ പിഴ!
സാരിത്തുമ്പ് പിടിച്ച് കൊണ്ട് പിന്നിലെ ബഞ്ചില്‍ എന്നെ പുച്ഛിച്ചു തള്ളിയിരുന്ന അവമ്മാരെ നോക്കിയ നിമിഷങ്ങള്‍, ഇത്തരം കുരുത്തക്കേടുകള്‍ ചെയ്യുമ്പോളുണ്ടാകാറുള്ള എന്റെ അപാര ടൈമിംഗ് കണ്ണൂര്‍ വഴി കൊയ്‌ലാണ്ടി കടന്നപ്പോള്‍. എല്ലാം പെട്ടെന്നായിരുന്നു. ഒരു അലര്‍ച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയ ഞാന്‍ കാണുന്നത്. രണ്ടു കൈകളും വിലങ്ങനെ മാറത്ത് വച്ച് നിസ്സഹായയായി തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സുന്ദരിയായ എന്റെ സാമൂഹ്യ പാഠം ടീച്ചര്‍. വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലി ചേച്ചി അന്നിതു പോലെത്തന്നെയായിരിക്കും നിന്നിട്ടുണ്ടാവുക. ഏതായാലും ക്ലാസിലെ, താനൊരാണാണെന്ന് സ്വയം ബോധമുള്ള ഒറ്റയൊരുത്തനും ആ അപൂര്‍വ്വ നിമിഷങ്ങള്‍ പാഴാക്കിയില്ല. തീരെ മനക്കട്ടിയില്ലാത്തവന്മാര്‍ സമീപത്തു കണ്ട ബാഗുകളെല്ലാം മടിയില്‍ അട്ടിയിട്ട് പ്രശ്നം സോള്‍വാക്കി!!
അലര്‍ച്ചയും പിന്നിടുള്ള എരു വലികളും കേട്ട് ഹെഡ്മാസ്റ്റര്‍ ക്ലാസിലെത്തിയിരുന്നു. തേങ്ങിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ടീച്ചറില്‍ നിന്നും സംഭവത്തിനു ദൃക്‌സാക്ഷികളായവരില്‍ നിന്നും മൊഴിയെടുത്ത ശേഷം ഹെഡ്മാസ്റ്റര്‍ എന്നെ, വാസു എന്ന ഈ സിനിമയിലെ വില്ലന്‍ ബാലന്‍.കെ.നായരെ തൂക്കിയെടുത്ത് ഓഫീസ് റൂമിലിട്ട് അലക്കി.
സംഭവമറിഞ്ഞ് വീട്ടില്‍നിന്നും ഓടിയെത്തിയ എന്റെ അച്ഛന്‍ ഹെഡിന്റെ വിവരണങ്ങള്‍ കേട്ട് 'ഇവനിത്രയല്ലെ ചെയ്തുള്ളു' എന്ന മട്ടിലിരുന്നു, സുനാമിവരുന്നതിന് മുമ്പ് ശാന്തമായിരിക്കുന്ന കടല്‍ പോലെ!
ഹെഡില്‍ നിന്നും ഒരുപാട് പ്രൈസുകള്‍ കിട്ടിയിരിക്കുന്ന എന്നെ തൂക്കിയെടുത്ത് വീട്ടിലെ ഒരു മുറിയിലിട്ട് പൂട്ടി.
'ഇവനിനി പച്ച വെള്ളം കൊടുക്കരുത്' എന്ന് ആജ്ഞാപിച്ചു.
അമ്മ അത് അക്ഷരം പ്രതി അനുസരിച്ചു എനിക്ക് ചായ മാത്രമെ തന്നുള്ളൂ! സത്യം! അച്ഛന്‍ മുഖം കഴുകി ചായകുടിച്ച് റിഫ്രഷ് ആയ ശേഷം പുറത്ത് പോയി പുളിവടിയെടുത്ത് മൂന്നാമത്തെയൊ നാലാമത്തെയൊ മുറ തുടങ്ങി. മൂന്നും നാലും പണ്ടേ എനിക്ക് പേടി സ്വപ്നമായിരുന്നതിനാല്‍ കൃത്യമായി ഓര്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല.
ആ ഒളിമ്പിക് ഇനത്തിന് ദൃക്‌സാക്ഷിയായിരുന്ന അമ്മ പിന്നീട് പറഞ്ഞു ഞാനറിഞ്ഞത് എന്തെന്നാല്‍ അന്നേരം എന്നെക്കണ്ടാല്‍ 'അല്ലെങ്കിലെ അബല ഇപ്പോള്‍ തബല' എന്ന മട്ടിലായിരുന്നു എന്നതാണ്.
പിറ്റേന്നു തന്നെ മലപ്പുറത്ത് ടീച്ചര്‍പ്പണി ചെയ്തു കൊണ്ടിരുന്ന എന്റെ ചെറിയമ്മയുടെ അടുത്തേക്ക് എന്നെ പാര്‍സലാക്കി അയച്ചു കൊടുത്തു. അന്നതിനുള്ള കാരണം ചെറിയമ്മയോട് ഒരിക്കലും പറഞ്ഞില്ലെന്നത് പ്രത്യേകം പറയണ്ടല്ലോ! പിന്നീട് കോളേജ് പഠനം വരെ ഞാന്‍ മലപ്പുറത്ത് ഒരു തരം ഒളിവിലായിരുന്നു!!
0 Comments:
Post a Comment
<< Home