Wednesday, April 05, 2006

::വാക്ക്‌ | VAKKU:: - കഥാപാത്രങ്ങള്‍ - ചില ഓര്‍മ്മകള്‍

വളരെ വൈകി വായനയുടെ ലോകത്തെത്താനായിരുന്നു എന്റെ വിധി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളാണ് ഈ വിധിയുടെ സ്രഷ്ടാക്കാളെന്നു മനസിലാകുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് പണ്ട് ഒരു പുസ്തകമേ ഉണ്ടായിരുന്നുള്ളു. ദ് ബുക്ക് ബൈബിള്‍. സാമാന്യജനം വിവരമുള്ളവരായിപ്പോകുമോ എന്ന ഭയത്താല്‍ അതിന്റെ വായാനവകാശം പുരോഹിത വര്‍ഗ്ഗം ഏറെ നാള്‍ കയ്യടക്കിവച്ചിരുന്നു. കൊതിച്ചതു കയ്യിലെത്തിയപ്പോള്‍ പിന്നെ ബൈബിള്‍ മാത്രം പാവനം എന്ന ചിന്തയായിലാണ് ലേമെന്‍ നയിക്കപ്പെട്ടത്.

ബൈബിളൊഴികെ അച്ചടിച്ചതെല്ലാം നികൃഷ്ടമെന്നു ചിന്തിച്ചിരുന്ന ഒരു തലമുറയുടെ പിന്‍‌തുടര്‍ച്ചയാണ് എന്റെ നാട്ടിലധികവും. അവിടെ ചെറുപ്പകാലത്തു തന്നെ പത്രം വരുത്തു വായിക്കാന്‍ ധൈര്യം കാണിച്ച എന്റെ അപ്പനു നന്ദി പറയട്ടെ. പത്രം ദീപികയായിരുന്നെങ്കിലും അതെന്റെ ഉപബോധ മനസില്‍ പുസ്തകങ്ങളോടുള്ള പ്രണയം വളര്‍ത്തിയിരിക്കണം. ബൈബിളും ദീപികയും പൂമ്പാറ്റയും ബാലരമയും വല്ലപ്പോഴും ബാലമംഗളവും. പത്താം ക്ലാസിനു മുന്‍‌പുള്ള വായനാലോകം ഇവിടെ ഒതുങ്ങി നിന്നു. സ്ക്കൂളില്‍ വിശാലമായൊരു വായനശാലയുണ്ടായിരുന്നു. പക്ഷേ അവിടെ പ്രവേശനം ലൈബ്രേറിയന്‍ മാഷ്ക്കും പുസ്തകം തിരിഞ്ഞു നോക്കാത്ത അദ്ദേഹത്തിന്റെ മകനും മാത്രം.

ബൈബിളില്‍ എന്നെ അലട്ടിയിരുന്ന ചില കഥാ പാത്രങ്ങളുണ്ട്. അവരിലൊന്നാമനാണു ബറാബസ്. യേശുവിനെയും ബറാബാസിനെയും മുന്നില്‍ നിര്‍ത്തി ആരെ വിട്ടയക്കണം എന്നു പീലാത്തോസ് ജനക്കൂട്ടത്തോടു ചോദിക്കുന്നതും അവര്‍ ഉറക്കെ ബറാബാസ് എന്നു വിളിച്ചു പറയുന്നതും ഒരു സജീവ ചിത്രമായി എന്റെ മനസിലുണ്ട്. ബറാബാസ് ക്രൈസ്തവ കാഴ്ചപ്പാടില്‍ കള്ളനാണ്. എന്നാല്‍ അതിനു പുറത്ത് വിപ്ലവകാരിയും. വിപ്ലവം പാപമല്ലാത്തതിനാല്‍ ബറാബസിനോട് എനിക്കല്‍‌പം ആരാധനയുണ്ടായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ എന്റെ ഈ ആരാധനയ്ക്ക് പാര്‍ ലാഗക്വിസ്റ്റിന്റെ ബറാബസ് എന്ന നോവലില്‍ ഞാന്‍ ന്യായീകരണം കണ്ടെത്തി. ഫ്രാങ്കോ സഫറെല്ലിയുടെ ജീസസ് ഓഫ് നസ്രത്ത് എന്ന സിനിമയിലാണ് ഞാന്‍ വീണ്ടും ബറാബസിനെ കണ്ടത്. ഒരൊറ്റ രംഗം കൊണ്ട് ബറാബസ് ഈ സിനിമയില്‍ ശ്രദ്ധേയനാകുന്നുണ്ട്. തന്റെ കൂടെ നടന്ന ശിഷ്യന്മാരെല്ലാവരെയും യേശു ഒരു തവണയേ വിളിക്കുന്നുള്ളൂ. എന്നെ അനുഗമിക്കുക എന്ന വിളിയില്‍ അവര്‍ അവന്റെ പുറകേ പോയി. എന്നാല്‍ കൂടെ വരാതിരുന്ന ബറാബസിനെ യേശു മൂന്നു പ്രാവശ്യം വിളിക്കുന്നുണ്ട് ഈ സിനിമയില്‍. കുടെപ്പോയവരേക്കാള്‍ യേശുവിന്റെ ആത്മീയ പ്രതാപം ബറാബസ് മനസിലാക്കിയിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. ആത്മീയ വിമോചനത്തേക്കാള്‍ യഹൂദരുടെ രാഷ്ട്രീയ വിമോചനമായിരുന്നു ബറാബസിനു മുഖ്യം. അതു കൊണ്ട് അവന്‍ യേശുവിന്റെ പുറകേ പോയില്ല. ഇങ്ങനെയുള്ള ബറാബസിനെ വെറുമൊരു കള്ളനായി ചിത്രീകരിക്കുന്നത് അന്യായമെന്നല്ലാതെ എന്തു പറയാന്‍.

ബൈബിളിലെ കഥാപാത്രങ്ങളുടെ മറ്റൊരു വശം മലയാളി എഴുത്തുകാര്‍ അധികം ചിന്തിച്ചിട്ടില്ല. ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലം എന്ന കഥാകാരന്റെ ഇത്തരം ചില മൂന്നാം വായനകളാല്‍ സമ്പന്നമായിരുന്നു. ഹൃദ്യവുമായിരുന്നു ആ കഥകള്‍ . പിന്നെ ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലത്തിന്റെ കഥകളില്ലാതായി. (കാലംകുറെക്കഴിഞ്ഞ് ഈ വട്ടപ്പലത്തെ ദീപികയുടെ ഓഫിസില്‍ നേരിട്ടു കാണുമ്പോള്‍ അദ്ദേഹം പ്രാദേശിക വാര്‍ത്തകളെഴുതി നിര്‍വൃതിയടയുന്ന ഒരു സാധാരണ പത്രക്കാരനായി ചുരുക്കപ്പെട്ടിരിക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. പാറമേല്‍ വീണ വിത്ത്!). ആനന്ദിന്റെ നാലാമത്തെ ആണി എന്ന ചെറുകഥ ഇത്തരമൊരു മൂന്നാം വായനയാല്‍ സമ്പുഷ്ടമാണ്. പുസ്തകം തൊട്ടുനോക്കാത്ത ചില പുരോഹിത പ്രമാണിമാര്‍ അതിനെ എതിര്‍ത്തുവെങ്കിലും.

സുവിശേഷങ്ങളിലെ യേശുവിനേക്കാള്‍ എനിക്കിഷ്ടം നിക്കോസ് കസാന്‍‌ദ്സാക്കിസിന്റെ യേശുവിനെയാണ്. ചെറുപ്പത്തില്‍ ബൈബിള്‍ വായിക്കുമ്പോള്‍ മനസിലുയര്‍ന്ന അനേകായിരം ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹത്തിന്റെ ദ് ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് നല്‍കുന്നുണ്ട്. ദൈവമാവുക എളുപ്പമാണ്. നമ്മുടെ നാട്ടില്‍ കൂണുപോലെ വരുന്ന മനുഷ്യ ദൈവങ്ങള്‍ ഉദാഹരണം. മറിച്ച് നല്ലൊരു മനുഷ്യനാവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സമ്പൂര്‍ണ്ണ മനുഷ്യനാണ് കസാന്‍‌ദ്സാക്കിസിന്റെ യേശു. ഭയം, സംശയം, നിരാശ, കാമം എന്നിങ്ങനെയുള്ള സ്വാഭാവിക മാനുഷിക അവസ്ഥകളോട് ക്രിസ്തു നടത്തുന്ന പ്രതികരണമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവല്‍ പ്രകാരം ക്രിസ്തുവിന്റെ ത്യാഗമോ സഹനമോ കേവലം ക്രൂശിക്കപ്പെടലില്‍ ഒതുങ്ങുന്നതല്ല. മനസിലുയരുന്ന മാനിഷികവികാരങ്ങളോട് അദ്ദേഹം നടത്തിയ ചെറുത്തു നില്‍‌പ്പാണ് അല്‍‌ഭുതവര്‍ണ്ണനകളില്ലാത്ത കുരിശൂമരണം. സമ്പൂര്‍ണ്ണനായ മനുഷ്യനാണ് യഥാര്‍ഥ ദൈവം എന്ന ചിന്തയെ വളര്‍ത്താന്‍ കസാന്‍‌ദ്സാക്കിസ് തെല്ലൊന്നുമല്ല സഹായിച്ചത്.

ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിനെ സഭ എതിര്‍ത്തതിന്റെ ലോജിക്ക് എനിക്കു പലപ്പോഴും പിടികിട്ടിയില്ല. വിവരമുള്ള വൈദികര്‍ പലരും അതിനെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം. ഉദാഹരണത്തിന് എറണാകുളത്തെ ഫാ. പോള്‍ തേലക്കാട്ട്. സഭാസ്നേഹികളുടെ എതിര്‍പ്പ് ഭയന്നാകാം ഈ നോവലിന്റെ ഒരു നല്ല മലയാള പരിഭാഷയ്ക്ക് പ്രസാധകര്‍ ശ്രമിക്കുന്നില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

സ്വപ്നാടന സാഹിത്യം എന്നു വിളിക്കാമെങ്കിലും മരിയ വാള്‍തോര്‍ത്തയുടെ ദ് പോം ഓഫ് മാന്‍‌ഗോഡ് ബൈബിളിന്റെ മൂന്നാം വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ വായിച്ചിരിക്കേണ്ട കൃതിയാണ്. രചനയ്ക്കു പിന്നിലുള്ള അല്‍‌ഭുത കഥകളാണെന്നു തോന്നുന്നു ഈ കൃതിയെ സീരിയസ് വായനക്കാര്‍ ശ്രദ്ധിക്കാത്തതിനു കാരണം. വിശാലാ‍മായ ഈ പുസ്തകത്തില്‍ ഒറ്റിക്കൊടുത്ത യൂദാസിനെ വര്‍ണ്ണിക്കുന്ന ഭാഗവും അതുപോലെ മറ്റനേകം വിവരണങ്ങളും മനസില്‍നിന്നു മായില്ല. ദൈവമനുഷ്യ സ്നേഹ ഗീത എന്ന പേരില്‍ ഈ പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പത്തിരുപതു വാല്യങ്ങളായി ഇറങ്ങിയിട്ടുണ്ട്.

ബാല്യകാല വായനയിലേക്കു തിരിച്ചു പോകുമ്പോള്‍ എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രമാണു ഫാന്റം. ഫാന്റം കഥകള്‍ മലയാളികള്‍ക്കു മുന്നിലവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ പത്രാധിപന്മാര്‍ക്കു നന്ദി. ആരെയും കൊല്ലാതെ തിന്മകളെ ജയിക്കുക എന്നതാണു ഫാന്റത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. കൊടിയ കൊള്ളക്കാരെ നേരിടുമ്പോഴും ഫാന്റത്തിന്റെ തിരിച്ചടി അവരുടെ താടിയില്‍ പതിക്കുന്ന മരണമുദ്ര(തലയോട്ടി)യില്‍ ഒതുങ്ങി എന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആരെയും കൊല്ലാത്തതിനാലാവാം ഫാന്റത്തിന് ഇക്കാലത്ത് ആരാധകര്‍ അധികമില്ലാത്തത്. മലയാളം പത്രങ്ങളൊന്നുമിപ്പോള്‍ ഫാന്റത്തെയോ അതുപോലുള്ള കഥകളെയോ സീരിയലൈസ് ചെയ്യുന്നുമില്ല.

(ഈ കാടുകയറല്‍ തുടരും...)

posted by സ്വാര്‍ത്ഥന്‍ at 11:53 AM

0 Comments:

Post a Comment

<< Home