Wednesday, April 05, 2006

Blogging A Story - സംഭാഷണ കുതുകിയായ പാവ സഖി

കൈയിലൊരു സ്ഫടികചഷകവുമേന്തി ഇന്നു സായാഹ്നത്തില്‍ ബാല്‍ക്കണിയിലേക്കു ചേക്കേറിയപ്പോള്‍ എന്റെ മനസ്സിലൊരു കഥയുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കള്‍ പൊതുവായി പറയുന്നതുപോലെ, ഈ കഥയ്ക്കും നാടകീയമായ ഒരു പേരാണു് ഞാന്‍ ഉദ്ദേശിച്ചു പോന്നിരുന്നതു്.

സ്റ്റെല്ല എന്ന പെണ്‍‌കുട്ടിയില്‍ നിന്നാണു കഥ തുടങ്ങിയതു്. ഉല്ലാസവതിയായി കാണപ്പെട്ടിരുന്ന ആ പെണ്‍കുട്ടി തന്റെ കൈവശം ഒരു പാവയെ സൂക്ഷിച്ചിരുന്നു. ഒരു ദിവസം സ്വന്തം മുറി ഒരുക്കുന്നതിനിടയില്‍ ആ പാവയെ കൈയിലെടുത്തു ക്ഷണികമായുണ്ടായ കുതൂഹലങ്ങളോടെ അതിനെ വാത്സല്യപൂര്‍വ്വം നോക്കുകയുണ്ടായി. പിന്നെ ആ മുറിയ്ക്കകത്തുനിന്നു് ഒഴിവാക്കപ്പെടേണ്ട പഴയസാമഗ്രഹികളുടെ കൂട്ടത്തില്‍ ഇതിനേയും ചേര്‍ത്തു.

പാവ ദുഃഖിച്ചിരിക്കണം. ഒരു കാലത്തു് ആ പാവ സ്റ്റെല്ലയുടെ ഏറ്റവും അടുത്ത സ്നേഹിതയായിരുന്നു. എത്രയോ രാത്രികളില്‍ സ്റ്റെല്ല ഉറങ്ങിപ്പോകുമ്പോള്‍ ആ പാവ അവളുടെ തുടകള്‍ക്കിടയില്‍ അറിയാതെ പെട്ടുപോയിരിക്കുന്നു. അവളുടെ യൌവനത്തിന്റെ തീഷ്ണത ആ പാവ അറിഞ്ഞിട്ടുണ്ടു്. ഒരുനാള്‍ സ്റ്റെല്ല ആ പാവയെ കൈയിലെടുത്തിരുന്നു്, കരയുകയുണ്ടായിട്ടുണ്ടു്. ആ കൌമാര്യക്കാരിയുടെ കണ്ണുനീരിന്റെ പരിശുദ്ധത, ആ പാവയെ അതിശയിപ്പിച്ചിട്ടുണ്ടു്. അങ്ങിനെയൊക്കെയാണു പാവ അബലകളാകുന്ന കുമാരിമാര്‍ക്കു സഖിയാകുന്നതു്.

സ്റ്റെല്ലയുടെ വീട്ടിലെ പഴയസാമാനങ്ങളില്‍ നിന്നാണു് ആ പാവയെ അവള്‍ക്കു കിട്ടിയതു്. അവളെയും ഞാന്‍ സൌകര്യാര്‍ഥം സ്റ്റെല്ലയെന്നു വിളിക്കുന്നു. ആദ്യത്തെ ഒന്നുരണ്ടു ദിവസം പാവയ്ക്കു് അനാഥയായി, ഇരുണ്ട ഒരു കോണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നെയാണു കളഞ്ഞുപോയൊരു കളിപ്പാട്ടം തിരികെ കിട്ടിയാലുണ്ടാവുന്ന സ്വസ്ഥതയോടെ ആ പാവയെ സ്റ്റെല്ല അടുക്കളയിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നതു്. നനഞ്ഞ വിറകിന്റെ പുകയിലും, തീയിന്റെ ചൂടിലും പാവയ്ക്കു ശ്വാസം മുട്ടിത്തുടങ്ങിയപ്പോഴാണു സ്റ്റെല്ല കരയുന്നതു പാവ ആദ്യമായി കാണുന്നതു്; അതു പുകയേറ്റതിനാലായിരുന്നില്ല.

ഒരു ദിവസം ഒരു പുരുഷന്‍ സ്റ്റെല്ലയുടെ അടുക്കളയിലേയ്ക്കു കയറി വന്നു. അയാളുടെ കണ്ണുകള്‍ ആ പാവയിലാണു പതിഞ്ഞതു്. പാവ ഒളിക്കുവാന്‍ ശ്രമിച്ചതായിരുന്നു, കഴിഞ്ഞില്ല. സ്റ്റെല്ല പാവയ്ക്കു ചെറിയൊരു ഉടുപ്പു തുന്നിക്കൊടുത്തിരുന്നു.

സ്റ്റെല്ലയുടെ അടുക്കളയിലെ പുകകൊണ്ടിട്ടാണോ ആ പുരുഷന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതു്? എങ്കില്‍ സ്റ്റെല്ലയുടെയും പാവയുടെയും കണ്ണുകള്‍ എന്തുകൊണ്ടു ചുവക്കുന്നില്ല, ആര്‍ദ്രതയ്ക്കു ചുവപ്പല്ല നിറം. അയാള്‍ സ്റ്റെല്ലയുടെ പാവയെ കൈയിലെടുത്തു. സ്റ്റെല്ല ഒരു മൂലയിലേയ്ക്കൊതുങ്ങിപ്പോയി.

“സുന്ദരിയായ പാവ”, അയാള്‍ പറഞ്ഞു. അതു പാവയ്ക്കു ഒട്ടും ഇഷ്ടമായില്ല. അയാള്‍ പാവയുടെ പ്ലാസ്റ്റിക് കൈകള്‍ തിരിക്കുവാന്‍ ശ്രമിച്ചു. പാവയ്ക്കു വേദനിച്ചു. അയാള്‍ പാവയുടെ മാറത്തെ മുഴുപ്പില്‍ വിരലോടിച്ചു. സ്റ്റെല്ല പുകയേറ്റു ചുമച്ചു. സ്റ്റെല്ലയുടെ പഴയ സ്കൂള്‍ യൂണിഫോം കീറിയെടുത്തു തുന്നിയിരിക്കുന്ന ഉടുപ്പ് ആ പാവയ്ക്കു നന്നായി ചേരുന്നുണ്ടു്. അയാള്‍ പാവയുടെ കാലുകള്‍ അകലുന്നതാണോ എന്നു പരിശോധിച്ചു. തുടകള്‍ക്കിടയിലേയ്ക്കു അയാളുടെ തടിച്ച വിരലുകള്‍ കയറി വരുമ്പോള്‍ പാവ ശബ്ദമില്ലാതെ കരഞ്ഞു. സ്റ്റെല്ല കണ്ണുകളടച്ചു ഇരുട്ടിലേയ്ക്കു കുനിഞ്ഞിരുന്നു.

ഓലമേഞ്ഞിരുന്ന അടുക്കളഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. എനിക്കു് ആ പാവയെ പുറത്തെ ഏതോ കോണില്‍ നിന്നാണു കളഞ്ഞുകിട്ടിയതു്. കളഞ്ഞുകിട്ടിയതെന്നു പറയുന്നതു വെറുതെയല്ല, ആ പാവയുടെ അപ്പോഴത്തെ മുഖഭാവം അതിനു തെല്ലുനേരം മുമ്പുവരേയ്ക്കും നാഥനുണ്ടായിരുന്നുവെന്നു് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. അതിന്റെ കവിളുകള്‍ കുറച്ചു കറുത്തിരുന്നു, ഒരു പക്ഷെ അടുക്കളയിലെ പുക തട്ടിയിട്ടാവും.

ഇത്രനേരവും ഈ പാവയെ കുറിച്ചു പറഞ്ഞിട്ടും അതൊട്ടും സംസാരിച്ചു കാണുന്നില്ലെന്ന വസ്തുത നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാകും.

എന്റെ മകളുടെ പേരാണു് സ്റ്റെല്ല. ഇന്നലെ വൈകുന്നേരം ഞാനവള്‍ക്കു് ഒരു പാവയെ സമ്മാനിച്ചിരുന്നു. എന്തുകൊണ്ടോ സ്റ്റെല്ല പതിവായി കൂട്ടുകിടക്കുന്ന ടെഡ്ഡിയെ ഉപേക്ഷിച്ചു ഞാന്‍ കൊടുത്ത പാവയെയും ചേര്‍ത്തുകൊണ്ടാണു് അന്നുറങ്ങുവാന്‍ കിടന്നതു്.

അന്നുരാത്രി ആ പാവ സ്റ്റെല്ലയോടു പറഞ്ഞ കഥകളാണിത്രയും.

ഇന്നു വൈകീട്ടു നവ്യമായൊരു ആത്മവിശ്വാസത്തോടെ സ്റ്റെല്ല എന്നോടു പറയുകയുണ്ടായി, അവള്‍ ഇനി എല്ലായ്‌പ്പോഴും തനിച്ചുറങ്ങിക്കൊള്ളാമെന്നു്. അവള്‍ക്കു കൂട്ടായി ആ പാവയുണ്ടല്ലോ. എന്നത്തേതില്‍ നിന്നും വ്യത്യസ്തമായി അന്നു സംസാരിക്കുമ്പോള്‍ എന്റെ മകള്‍ എന്റെ വിരലുകള്‍ കൂട്ടിപ്പിടിച്ചിരുന്നില്ല.

ബാല്‍ക്കണിയിലേക്കു കാലുകള്‍ നീട്ടി അന്നു രാത്രി തീരുവാന്‍ കാത്തിരിക്കവേ ഞാനോര്‍ത്തു, എന്റെ മകളോട് ആ പാവ എന്തു സംസാരിക്കുകയാവും ഇപ്പോള്‍? പിന്നെയോര്‍ത്തു ആ പാവ ഒന്നും തന്നെ ഇന്നുമുതല്‍ സംസാരിക്കുകയുണ്ടാവില്ല. പകരം എന്റെ മകള്‍ ആ പാവയോട് സംസാരിക്കും, അവളെ കുറിച്ചു സംസാരിക്കും. പിന്നെ ഒരു നാള്‍ ആ പാവ കൈമാറി മറ്റൊരു പെണ്‍‌കുട്ടിയുടെ കൈവശമെത്തും. അപ്പോള്‍ ആ പാവ ആദ്യമായും അവസാനമായും പുതിയ സഖിയോടു സംസാരിക്കും; സ്റ്റെല്ലയുടെ കഥ പറയും.

അന്നു പക്ഷെ മറ്റേതെങ്കിലും പിതാവ് ആ കഥ ഒളിച്ചുകേള്‍ക്കുകയാണെങ്കില്‍, അതു നിങ്ങള്‍ക്കു പറഞ്ഞുതന്നേയ്ക്കും. അപ്പോള്‍ ഒരു പക്ഷെ ആ പാവയെയും പെണ്‍‌കുട്ടിയെയും നിങ്ങള്‍ ഈ പേരിലാവില്ല അറിയുന്നതു്. എന്താവുമെന്നു് എനിക്കു നിശ്ചയമില്ല താനും!

സ്ഫടികചഷകത്തില്‍ നിന്നു അവസാന സിപ്പുമെടുത്തു ഞാന്‍ കസേരയിലേയ്ക്കു മലര്‍ന്നു വീണു. ഒരു സുഹൃത്തിന്റെ വരികള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു:

തെളിമയോലുമെന്‍ പളുങ്കുപാത്രത്തില്‍
പകര്‍ന്നു ഞാനീ ലഹരിതന്‍ ജലം
അതിന്റെയുള്ളില്‍ തെളിഞ്ഞു കാണും
ലോകമെല്ലാം തലതിരിഞ്ഞതെങ്കിലും
അതെന്റെയുള്ളില്‍ കൊളുത്തിവെയ്ക്കും
പ്രപഞ്ചമൊന്നതുവേറെതന്നെ! 1

നവയുവതിയായ എന്റെ മകളുടെ മുറിയില്‍ നിശാവിളക്കുകള്‍ തെളിഞ്ഞു. അവളുടെ പുതിയ സഖി, ആ പാവ, അവള്‍ക്കു കൂട്ടുകിടക്കുന്നു.

എന്റെ ആയുസ്സിന്റെ കണക്കു സൂക്ഷിക്കുന്ന വയസ്സന്‍ പുളിമരത്തില്‍ നിന്നു്, ഒരില കൂടി പൊഴിഞ്ഞുവീണു.
--
1. യാത്രാമൊഴി എന്ന ബ്ലോഗര്‍ ചിത്രജാലകം എന്ന ബ്ലോഗില്‍ എഴുതിയ കവിതാശകലം.

posted by സ്വാര്‍ത്ഥന്‍ at 2:34 PM

0 Comments:

Post a Comment

<< Home