Monday, April 24, 2006

കല്ലേച്ചി - ചാള്‍സ്‌ ഡാര്‍വിന്‍. 1809-ഫെ-12. 1882 ഏപ്രില്‍ 19.

അന്നുവരേയുണ്ടായിരുന്ന ധാരണകളെ അതിന്‌ തികച്ചും വിപരീതമായി വെല്ലുവിളിച്ചയാളായിരുന്നു ചാള്‍സ്‌ ഡാര്‍വിന്‍. ഏപ്രില്‍ 19. അദ്ദേഹത്തിന്റെ ചരമദിനം.
ജീവികള്‍ സ്വയം പരിണമിച്ചുണ്ടായതാണെന്ന അദ്ദേഹത്തിന്റെ വാദം ശാസ്ത്രത്തെ പോലും ഞെട്ടിച്ചു. ആല്‍ഫ്രഡ്‌ വാലേഴ്സും ഇതേപോലൊരു നിഗമനത്തിലെത്തുകയും രണ്ടുപേരുടേയും പേപ്പറുകള്‍ ഒരേ ദിവസം തന്നെ ലിന്ന്യന്‍ സൊസൈറ്റി ഓഫ്‌ ലണ്ടനില്‍ അവതരിപ്പിക്കപ്പെടുകയും കൂടുതല്‍ കണിശത അവകാശപ്പെടാവുന്ന ഡാര്‍വിന്റെ പേപ്പര്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

1859-ല്‍ "ജീവികളുടെ ഉത്ഭവവും വികാസവും" എന്ന ഗ്രന്ഥവും1871-ല്‍ മ"നുഷ്യന്റെ ഉത്ഭവവും ലൈംഗികതെരഞ്ഞെടുപ്പിലൂടെയുള്ള ബന്ധവും" എന്ന കൃതിയും 1872-ല്‍ "വൈകാരിക പ്രകടനം മനുഷ്യനിലും ജീവികളിലും" എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇതില്‍ മനുഷ്യന്റെ ഉത്ഭവം എന്ന ഗ്രന്ഥത്തില്‍ മനുഷ്യനും കുരങ്ങില്‍നിന്നുത്ഭവിച്ചതാകാനുള്ള സാധ്യത അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആഫ്രിക്കയിലെ ആള്‍കുരങ്ങുകളില്‍ കാണുന്ന വൈജാത്യങ്ങള്‍ നിരീക്ഷിച്ച്‌ മനുഷ്യന്‍ ആഫ്രിക്കയില്‍ നിന്നാവുമെന്ന്‌ മുന്‍കൂട്ടി പ്രവചിച്ചു. ഇന്ന്‌ കണ്ടെടുക്കപ്പെട്ട മനുഷ്യന്റെ ഏറ്റവും പഴക്കം ചെന്ന ഫോസില്‍, ലൂസി, ആഫ്രിക്കയിലെ എത്യോപ്യയിലെ ഹദ്ദര്‍ താഴ്‌വരക്കാരിയാണ്‌. ഇതൊരു അവസാന വാക്കല്ല എങ്കിലും.

ഡാര്‍വിന്റെ തലച്ചോറില്‍ പാഞ്ഞു കളിച്ചിരുന്ന ചിന്തയുടെ മിന്നലുകള്‍ അദ്ദേഹത്തെ തന്നെ കുഴക്കിക്കളഞ്ഞതായി തോന്നും അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസ്ഥാവനകളും കാണുമ്പോള്‍. അദ്ദേഹം തന്റെ ചില സുഹൃത്തുക്കള്‍ക്ക്‌ എഴുതിയ കത്തുകളില്‍ പലതിലും തന്റെ തന്നെ സിദ്ധാന്തങ്ങള്‍ തനിക്കു തന്നെ വൈരുദ്ധ്യമായി തോന്നുന്നതിന്റേയോ മനസ്സിലാകാതെ പോകുന്നതിന്റേയോ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. അപ്പോള്‍ പോലും തന്റെ സ്കൂള്‍ പിന്തുടര്‍ന്ന ഹക്സലിയെ പോലുള്ള പലരും അവ ഭംഗിയായി ജനങ്ങളുടെ സമക്ഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 'മയില്‍പീലി കാണുമ്പോള്‍ എനിക്ക്‌ പ്രയാസമുണ്ടാകുന്നു ഇതെങ്ങനെ എന്റെ സിദ്ധാന്തങ്ങളിലൂടെ വിശദീകരിക്കാനാവും എന്ന് മനസ്സിലാകുന്നില്ല' എന്ന്‌ ഹസാരേക്കെഴുതിയ കത്തില്‍ അദ്ദേഹം അത്ഭുതപ്പെടുന്നു.1861-ല്‍ "നിങ്ങളൊന്നും വിശ്വസിക്കുന്നപോലെ ഞാന്‍ പ്രകൃതി നിര്‍ദ്ധാരണം വിശ്വസിക്കുന്നില്ല. ഞാന്‍ പരിണാമ സിദ്ധാന്തം വിശ്വസിക്കുന്നില്ല. കാരണം എനിക്കതിനായി വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതെന്നെ ഭ്രൂണ ശാസ്ത്രവും ഘടനാശാസ്ത്രവും വേര്‍തിരിക്കുന്നതിന്‌ സഹായിച്ചെന്നേയുള്ളൂ" എന്ന്‌ തോമസ്‌ തോംപ്ടന്‌ കത്തെഴുതിയത്രെ. എന്നാല്‍ 1871-ല്‍ പ്രസിദ്ധീകരിച്ച "മനുഷ്യന്റെ ഉത്ഭവവും ലൈംഗികതെരഞ്ഞെടുപ്പിലൂടെയുള്ള ബന്ധവും" എന്ന കൃതിയില്‍ മനുഷ്യന്റെ മുന്‍ഗാമികള്‍ ആള്‍ക്കുരങ്ങുകളാകാമെന്ന്‌ സൂചിപ്പിക്കുകയും ചെയ്തു.

മനുഷ്യന്റെ ഉത്ഭവം എന്നത്‌ കുരങ്ങുകളില്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു വ്യാഖ്യാനം പലരും ഇതിനു നല്‍കിയിട്ടുണ്ട്‌. അത്‌ അതിനുമുന്‍പ്‌ ഏതെല്ലാം ജീവികളിലൂടെ കടന്നുപോയിട്ടുണ്ടാകണം. അതിനേക്കാള്‍ ലളിതമായ ജീവികളിലൂടെ അവസാനം ഏകകോശ ജീവികളിലൂടെ ജീവികളിലെ ജീവകണമായി മാറാവുന്ന അജീവ കണം വരേയും അത്‌ ചെന്നെത്തേണ്ടതുണ്ട്‌. കൂടാതെ ഉത്തരം കാണേണ്ട നിരവധി ചോദ്യങ്ങളുമുണ്ട്‌. അറ്റുപോയ ധാരാളം കണ്ണികളെ വിളക്കിച്ചേര്‍ക്കേണ്ടതുണ്ട്‌. ഒരു പാടു മുന്‍ധാരണകളെ ശക്തമായി നേരിടേണ്ടതുണ്ട്‌. അദ്ദേഹത്തിന്‌ ധാരാളം തിരുത്തലുകള്‍ ആവശ്യമാണ്‌. ഒരു ശാസ്ത്രീയ സത്യം തെളിയിക്കപ്പെടേണ്ടതിന്‌ അതോടൊപ്പം വികസിക്കേണ്ട മറ്റുധാരാളം മേഖലകളുണ്ട്‌. കാരണം ഓരോന്നും മറ്റു പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു. ജീനുകളിലെ പഠനത്തിലൂടെ ജീവികളുടെ തലയിലെഴുത്തിനെ ഏതാണ്ടെല്ലാം വായിക്കാന്‍ കഴിഞ്ഞ ഈ സഹസ്രാബ്ദത്തില്‍ ഡാര്‍വിന്‍ എന്ന താടിക്കാരന്‍ വീണ്ടും ശ്രദ്ധേയനാകുന്നു.

posted by സ്വാര്‍ത്ഥന്‍ at 1:40 PM

0 Comments:

Post a Comment

<< Home