Tuesday, March 28, 2006

മണ്ടത്തരങ്ങള്‍ - തോമ്മാസ്സുകുട്ടീ, വിട്ടോടാ V2.O

ഓട്ടോ ഡ്രൈവറുടെ മുന്നില്‍ കാണിച്ച മണ്ടത്തരത്തിന്റെ അമ്പരപ്പ് അയാള്‍ക്ക് മാറും‌മുന്നേ ഞങ്ങള്‍ ദൂരമേറെ താണ്ടിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിക്കാതെ പല്ലുപോലും തേയ്ക്കാതെ മീന്‍‌കാര്‍ക്കുള്ള ഐസ്സുംകൊണ്ടുപോകുകയായിരുന്നിരിക്കണം പാവം. അങ്ങേര്‍ കണ്ടതോ, രാവിലെ സിനിമാ സ്റ്റൈലില്‍ മുന്നില്‍ വന്നു രണ്ടു ചെറുപ്പക്കാര്‍ ബൈക്ക് ചവുട്ടി നില്‍ക്കുന്നതും, എന്തൊക്കെയോ വിളിച്ചു കൂവുന്നതും, തനിക്കു കാര്യം എന്തെങ്കിലും മനസ്സിലാകുന്നതിനു മുന്നേ പിടിവിട്ട പോലെ പോക്കുന്നതും. ധന്യമായിക്കാണണം ആ മഹാന്റെ അന്നത്തെ ദിവസം.

ഞങ്ങളുടെ അമ്പരപ്പും ചമ്മലും മാറാന്‍ അധികം നേരം വേണ്ടി വന്നില്ല. കാണിച്ച മണ്ടത്തരം ഓര്‍ത്തപ്പോള്‍ രണ്ടാള്‍ക്കും ചിരിക്കാതിരിക്കാനും‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു ഞാനും തോമസ്സും. കാണാന്‍ ഒരുപാട് മാറിപ്പോയിരുന്നെങ്കിലും കാണിക്കുന്ന മണ്ടത്തരത്തിന്റെ അളവിനു ഒരു കുറവും വന്നിട്ടില്ല എന്ന് രണ്ടാള്‍ക്കും മനസ്സിലായി. പഴയതും പുതിയതും ആയ കഥകളും വിശേഷങ്ങളും അയവിറക്കി ഞങ്ങള്‍ അങ്ങിനെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയേ ഉള്ള ഒരു സിഗ്നലില്‍ വീണ്ടും ഞാന്‍ വണ്ടി നിര്‍ത്തി.

നാട്ടില്‍ പണ്ടുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍‍ എവിടെ ആ‍ണെന്നും, പണ്ടു പിറകേ നടന്ന പെണ്‍പിള്ളേരില്‍ ഇപ്പോള്‍ ആരൊക്കെ വിവാഹിതരാണെന്നും, ഇനിയും പ്രതീക്ഷക്കു വക ഉള്ളവര്‍ എത്ര ഉണ്ടെന്നുമുള്ള ഗൌരവമുള്ള ചര്‍ച്കകള്‍ ഞങ്ങള്‍ ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിങ്കല്‍, പെട്ടെന്നൊരു ഭൂമികുലുക്കം. എന്താ പറ്റിയെ എന്ന് മനസ്സികാ‍ലാകുന്നതിനു മുന്നേ ഞങ്ങള്‍ ചെറുതായി വിഹഗസഞ്ചാരം ഒക്കെ നടത്തി വന്നു. ബൈക്ക് ആകെ ഒന്നു ആടി ഉലഞ്ഞു. ഭാഗ്യത്തിന് രണ്ടാളും വീണില്ല.

സ്ഥലകാലബോധം വന്നപ്പോഴാണ് മനസ്സിലാകുന്നത് പിറകെ വന്ന ഒരു മിനി ബസ്സ് ബൈക്കിന്റെ പിന്നിലിടിച്ചതായിരുന്നു അതു എന്ന്. എന്തു റോഡ് അപകടം നടന്നാലും മലയാളിയുടെ ആദ്യത്തെ പ്രതികരണം ആയ "എവിടെ നോക്കിയാടാ ഓടിക്കുന്നത്?” എന്നും ചോദിച്ച് ഞങ്ങള്‍ രണ്ടു പേരും ആ ബസ്സിന്റെ വാതിലിനടുത്തെത്തി. ഒന്നേ അകത്തു നോക്കിയുള്ളു, രണ്ടാളുടേയും മുട്ടിടിക്കാന്‍ തുടങ്ങി.

ബസ്സ് നിറയെ പോലീസുകാര്‍. പോലീസുകാര്‍ പോലീസ് ബസ്സില്‍ തന്നെ സഞ്ചരിക്കണം എന്നു നിയമമൊന്നുമില്ലല്ലോ. എന്തു ബസ്സിലും ആകാം. എന്നാല്‍ മറ്റു വണ്ടികളില്‍ ഇടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടോ? ഇല്ല. ഉണ്ടോ? ഉണ്ടാവില്ലായിരിക്കും. അല്ല ശരിക്കും ഉണ്ടോ? ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട് !!! ഇങ്ങനെ പോയി ഞങ്ങളുടെ രണ്ടാളുടേയും ടെലിപ്പതി സംഭാഷണം.

രണ്ടു ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നതു കേട്ട പോലീസുകാര്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക് ഞങ്ങളെ നോക്കിത്തുടങ്ങി. ഒരു അജാനബാഹു പുറത്തേക്ക് ഇറങ്ങി വരാനും തുടങ്ങി. തോമസ്സാണെങ്കില്‍ അന്ത്യകുര്‍ബാനയ്ക്ക് ഏത് അച്ചനെ വിളിക്കണം എന്ന ആലോചന വരെ തുടങ്ങി. ഞാന്‍ ഒന്നു തല ചെരിച്ച് ബസ്സിന്റെ ഡ്രൈവറെ നോക്കി. ആ കപടാമീശക്കാരന്‍ “ഒന്നു മുട്ടിയതിനാണോ നിനക്കു ഇത്ര ചൊറിച്ചില്‍. ഇനി നെഞ്ചത്തൂടെ കേറ്റും ഞാന്‍. നീയൊക്കെ എന്തു ചെയ്യുമെന്ന് കാണാണമല്ലോ” എന്ന മട്ടില്‍ കണ്ണും ഉരുട്ടി പേടിപ്പിക്കുന്നു. ഞാന്‍ അറസ്റ്റാണോ മരണമാണോ വരിക്കേണ്ടത് എന്ന ചിന്താക്കുഴപ്പത്തിലായി.

അറസ്റ്റ്, മരണം, അറസ്റ്റ്, മരണം, ... എന്റെ ചിന്തകല്‍ പെന്റുലം പോലെ ഒരു ബിന്ദുവിന്റെ ചുറ്റിപ്പറ്റി ആടിക്കൊണ്ടിരുന്നു. എന്റെ ചിന്തകളെ ഉണര്‍ത്തിയത് തോമസ്സാണ്. “അളിയാ, സിഗ്നല്‍ മാറി”, അവന്‍ ചുണ്ടനക്കാതെ പതിയെ പറഞ്ഞു. എന്റെ ശ്വാസം നേരെ വീണു. എന്റെ അബോധമനസ്സ് എന്റെ കണ്ട്രോള്‍ ഏറ്റെടുത്തു. അവശേഷിച്ച പ്രാണനും കൊണ്ട് പിന്നെ ഒരൊറ്റ അലര്‍ച്ച ആയിരുന്നു. തോമസ്സുകുട്ടീ, വിട്ടോടാ. അന്നു ഞാന്‍ ബൈക്ക് അവിടുന്നു പറത്തിയ വഴിക്ക് പിന്നെ പുല്ല് മുളച്ചിട്ടുണ്ടാവില്ല.

posted by സ്വാര്‍ത്ഥന്‍ at 11:36 AM

0 Comments:

Post a Comment

<< Home