Tuesday, March 28, 2006

കളരി::Kalari - കഥാഘടന

http://kilivatilkalari.blogspot.com/2006/03/blog-post.htmlDate: 3/28/2006 2:07 PM
 Author: ഡെയ്‌ന്‍::Deign
തുടക്കം > അടക്കം > ഒടുക്കം എന്നതാണ്‌ കഥയുടെ ഘടന.

തുടക്കം
ആദ്യ ഖണ്ഡികയില്‍ പശ്ചാത്തലവും കഥാപാത്രങ്ങളും കടന്നു വരട്ടെ. വായനക്കാരനില്‍ താല്‍പര്യം ജനിപ്പിക്കുന്നതാവണം അവതരണം. പണ്ട്‌ പണ്ടൊരു ഫോറസ്റ്റില്‍ ചിണ്ടനും മണ്ടനും (ശ്രീജിത്ത്‌ അല്ല) ഉണ്ടായിരുന്നു... രീതിയില്‍. അനായാസം മനസ്സിലാകുന്നതും കിറുകൃത്യവുമായ ശൈലിയാണ്‌ നന്ന്. ചിണ്ടന്‍ പുലിയും, മണ്ടന്‍ കഴുതപ്പുലിയും ആയിരുന്നു (പറഞ്ഞില്ലേ ശ്രീജിത്തല്ലെന്ന്!). ഓര്‍ക്കുക, തുടര്‍ന്നു വായിക്കാനുള്ള താല്‍പര്യം ജനിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും സംഭവ വികാസങ്ങളും അടുത്ത ഭാഗത്ത്‌ ഉള്‍പ്പെടുത്തിയാല്‍ മതി.

അടക്കം(ഉള്ളടക്കം)
ഇവിടെയാണ്‌ കഥ നടക്കുന്നത്‌. ചുരുക്കം ഖണ്ഡികകളില്‍ കഥ പറയുക. കഴിഞ്ഞ ലക്കത്തില്‍ നിന്നുള്ള ഉദാഹരണം എടുത്താല്‍, ഞങ്ങള്‍ ഹോട്ടലില്‍ കയറിയതും ചായ കുടിച്ചതും മറ്റും.

"ഒരുപാടങ്ങുലത്തല്ലേ..." എന്ന് കേട്ടിരിക്കുമല്ലോ. ഒരുപാടുലത്തിയാല്‍ തിന്നാന്‍ കൊള്ളുകേല. അതുപോലെ ഒരുപാടെഴുതിയാല്‍ വായിക്കാനും. കഥാഗതിയില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ 'ക്രിയേറ്റിവിറ്റി'ക്ക്‌ കടിഞ്ഞാണിടുക(ഹൊ! ഈ ക്രിയേറ്റിവിറ്റിയേക്കൊണ്ട്‌ തോറ്റു). കഥയുടെ ഒടുക്കത്തിലേക്ക്‌ കടക്കുന്നതിനു മുന്‍പായി ഇവിടെ വച്ച്‌ തന്നെ കട്ടയും പടവും മടക്കാന്‍ ഒരുങ്ങാം. 'വിഖ്യാതമാകാന്‍' പോകുന്ന ആ ക്ലൈമാക്സിലേക്ക്‌ ഇപ്പോഴേ ഒരുക്കുക! ചായ കുടി കഴിഞ്ഞ്‌ ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള മൂത്രപ്പുര അന്വേഷിച്ച്‌ പോകുന്നത്‌ ഉദാഃ.

ഒടുക്കം
എല്ലാം അവസാനിക്കുന്നത്‌ ഇവിടെയാണ്‌. വായനക്കാരന്‍ നിങ്ങളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കുന്നു, ഫോണില്‍ വിളിച്ച്‌ തെറി പറയുന്നു, രൂക്ഷമായി കമന്റുന്നു. അങ്ങിനെ നിങ്ങളുടെ കഥയെഴുത്ത്‌ അവസാനിക്കുന്നു!

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍, ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഒടുക്കം ഒതുക്കുക. ഉള്ളടക്കത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുക. ഉദാഃ "ഈ ചായയ്ക്ക്‌ എങ്ങിനെയാ ഇത്ര കൊഴുപ്പ്‌ കിട്ടുന്നത്‌?" അണ്ണാച്ചി കുളിച്ച പാലല്ലിയോ ഇത്‌!. ചോദ്യോം ഉത്തരോം നേരിട്ട്‌ നല്‍കണം എന്നല്ല, വാക്കുകളില്‍ അത്‌ ഉള്‍ക്കൊള്ളണം. കഥാന്ത്യം അല്‍പം സര്‍പ്രൈസോടെ ആവുന്നത്‌ നന്ന്. 'ഇനിയെന്താകും' എന്ന് വായനക്കാര്‍ക്ക്‌ ആലോചിക്കാന്‍ വിട്ട്‌ കൊടുക്കുന്നതും നല്ല ഐഡിയ ആണ്‌. എങ്ങിനെയായാലും വായിച്ചുകൊണ്ടിരുന്ന കഥ തീര്‍ന്നതായി വായനക്കാരന്‌ തോന്നണം.

(ടിപ്‌: സസ്പന്‍സിലോ സര്‍പ്രൈസിലോ കഥ അവസാനിപ്പിക്കുമ്പോള്‍ 'ടപ്പേ'ന്ന് ആയിരിക്കണം. അവസാനിച്ച നിമിഷത്തില്‍ നിന്ന് ഒരു അക്ഷരം പോലും തുടര്‍ന്ന് എഴുതരുത്‌)

എത്ര ശ്രദ്ധിച്ച്‌ എഴുതിയാലും, വീണ്ടും വായിക്കുമ്പോള്‍ തിരുത്താവുന്ന ഒരുപാട്‌ സംഗതികള്‍ ഉണ്ടാവും. അവയേക്കുറിച്ച്‌ അടുത്ത ലക്കത്തില്‍...

posted by സ്വാര്‍ത്ഥന്‍ at 12:48 AM

1 Comments:

Blogger Kalesh Kumar said...

ആര്‍ക്കും തോന്നാത്ത ഒരു യുണീക്ക് സംഭവമായിട്ടിത് എനിക്ക് തോന്നുന്നു! വളരെ ഉപകാരപ്രദമായും തോന്നുന്നു!
ടെസ്റ്റ് എന്നത് മാറ്റി റിലീസ് വെര്‍ഷനാക്കൂ ഡെയ്ന്‍!

ഭാവുകങ്ങള്‍

1:40 AM  

Post a Comment

<< Home